'പ്രവാസജീവിതം അവസാനിപ്പിച്ച് അവന് തിരികെയെത്തി', അവസാനമായൊരു നോക്ക് കാണുവാൻ എല്ലാവരും തിരക്ക് കൂട്ടി...
Mail This Article
ഇന്ന്... അവൻ നാട്ടിലേക്ക് വരുകയാണ്. പ്രവാസ ജീവിതം മതിയാക്കിയുള്ള അവന്റെ അവസാനത്തെ വരവ്. മുൻപൊക്കെ അവൻ നാട്ടിലേക്ക് വരുമ്പോൾ തറവാട്ടിലെ എല്ലാവരും കൂടി ഒരു ചെറിയ വണ്ടിയിൽ തിക്കി തിരക്കി പോകാറാണ് പതിവ്. ഇത്തവണ അവന്റെ അവസാനത്തെ വരവായത് കൊണ്ട് ഞാൻ വലിയ വണ്ടി തന്നെ വിളിച്ചു. ആരെങ്കിലും അവനെ വിളിക്കാൻ വരുന്നുണ്ടോന്ന് ഞാൻ ചോദിച്ചപ്പോൾ വണ്ടിയിൽ സ്ഥലം ഉണ്ടായിട്ടുപോലും ഇന്നാരും എന്റെ കൂടെ വന്നില്ല. പക്ഷേ എനിക്ക് പോകാതിരിക്കാൻ ആകില്ലല്ലോ ഞാനല്ലേ എപ്പോഴും അവനെ വിളിക്കാൻ പോകാറ്.
ആ വലിയ വണ്ടിയിൽ അവനെ വിളിക്കാനായി ഞാൻ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. എയർപോർട്ടിൽ എത്തിയപ്പോൾ സാധാരണ അവൻ നാട്ടിലേക്ക് വരുമ്പോഴൊക്കെ അവനെ കാത്തു നിൽക്കുന്ന ഭാഗത്തേക്ക് പോകാതെ വേറെ ഒരു ഭാഗത്ത് അവന്റെ വരവിനായി ഞാൻ കാത്തുനിന്നു. ആ ഭാഗത്ത് വലിയ തിരക്കൊന്നുമില്ലായിരുന്നു. ഉറ്റവരുടെ വരവും കാത്ത് സന്തോഷത്തോടെ കാത്തിരിക്കുന്നവരും അവിടെ കുറവായിരുന്നു. എങ്കിലും എന്നെ പോലെ ചിലരൊക്കെ അവിടേയും ഉണ്ടായിരുന്നു അത് വഴി വരുന്ന പ്രിയപ്പെട്ടവരേയും കാത്ത്. കാത്തിരിപ്പിനൊടുവിൽ അവൻ വന്നു.
ഓരോ വരവിലും ഒരുപാട് പെട്ടിയുമായി ലീവിന് വരുന്നവൻ തന്റെ അവസാനത്തെ വരവ് ഒരു വലിയ പെട്ടിയും കൊണ്ടായിരുന്നു വന്നത്. ആ പെട്ടി വണ്ടിയിലേക്ക് കേറ്റി അവന്റെ സ്വപ്നമായ പാതി പണി തീർന്നൊരാ വീട്ടിലേക്ക് ഞാൻ അവനേയും കൂട്ടി പുറപ്പെട്ടു. വീട്ടിലെത്തിയപ്പോൾ ആ വലിയ പെട്ടിയിറക്കാൻ രണ്ടു മൂന്നു പേർ എന്നെ സഹായിച്ചു. സാധാരണ അവൻ കൊണ്ടുവരാറുള്ള പെട്ടികൾ ഞങ്ങൾ രാത്രിയിലാണ് പൊട്ടിക്കാറുള്ളത്. ഇന്നാ പെട്ടി ഇറക്കിവച്ച ഉടനെ ആരുടേയും അനുവാദത്തിന് കാത്തു നിൽക്കാതെ ഞാൻ പൊളിക്കാൻ തുടങ്ങി. ഇത്തവണ അവൻ കൊണ്ടുവന്ന പെട്ടി ഞാൻ പൊളിച്ചപ്പോൾ അതിനുള്ളിൽ മനം മയക്കുന്ന അത്തറിന്റെ മണം ഇല്ലായിരുന്നു..
ഓരോ വരവിലും വീട്ടുകാർക്കും നാട്ടുകാർക്കും കുടുംബക്കാർക്കും ഒരുപാട് സാധനങ്ങളുമായി വരാറുള്ള അവൻ ഇത്തവണ വരുമ്പോൾ കൊണ്ടുവന്ന വലിയ പെട്ടിയിൽ ആരോടും മിണ്ടാതെ ആരെയും നോക്കാതെ കിടക്കുന്നു. പെട്ടെന്ന് അവന്റെ ചുറ്റിലും ആളുകൾ കൂടി. അവനെ അവസാനമായൊരു നോക്ക് കാണുവാൻ അവരെല്ലാം തിരക്ക് കൂട്ടി. ഒരിക്കലും മടക്കമില്ലാത്ത ഒരു പ്രവാസ ജീവിതത്തിലേക്ക് അവൻ പോകുകയാണ്. വന്നാൽ ഒന്നോ രണ്ടോ മാസം നാട്ടിൽ നിൽക്കുന്നവൻ പക്ഷേ ഇത്തവണ വന്നപ്പോൾ നിന്നത് ഒരു മണിക്കൂർ മാത്രം. അപ്പോഴേക്കും അവനെ യാത്രയാക്കുവാൻ എല്ലാവരും തിരക്ക് കൂട്ടി. വന്നവരെല്ലാം അവനോട് വിടപറഞ്ഞു പിരിഞ്ഞു. അവനേറെ പ്രിയപ്പെട്ട കുറച്ചുപേർ അവനെയും കൊണ്ട് പള്ളിപ്പറമ്പിലെ കബർസ്ഥാനിലേക്ക് യാത്ര തുടർന്നു. ഇന്നവൻ പള്ളിപ്പറമ്പിലെ ഖബർസ്ഥാനിൽ ആറടി മണ്ണിനടിയിൽ മടക്കമില്ലാത്ത തന്റെ പ്രവാസജീവിതം തുടർന്നുകൊണ്ടേയിരിക്കുന്നു.