മൽഹാർ – ടി. ഐശ്വര്യ എഴുതിയ കവിത
Mail This Article
×
ഒട്ടിയവയറിലൊരുലകം
കത്തിക്കുമാറുള്ള
വിശപ്പിൻ കനൽ
പേറിയൊരുടലവൾക്ക്,
മാംസം കാർന്നെല്ലു
മാത്രമായ് മാറിയ
യാചകകുമാരി തൻ
നിഴലവൾക്ക്,
ദീനതയൂറിയ
കൺപീലികൾ
മീട്ടിയാ മിഴികൾ
പാടുന്നുണ്ട് മൽഹാർ,
പൊള്ളിപൊളിഞ്ഞ
കൈകളിൽ കരുതിയ
പാത്രത്തിലോ
കിലുങ്ങുന്നുണ്ട്
ദുർഭിക്ഷം വിളമ്പിയ
നാലഞ്ച് നാണയങ്ങൾ,
ശ്വാനന്റെ തറവാട്ടു
മുന്നിലായ്
സൂര്യതാപമേറ്റവൾ
വാടിവീണിടുമ്പോൾ,
അങ്ങകലെയൊരു
ധർമ്മധ്വജം പാറുന്ന
കോവിലിൽ
പാലഭിഷേകമണിനാദം
മുഴങ്ങിടുന്നു,
മധുരനാദം കേട്ടവൾ
കണ്ണുച്ചിമ്മുമ്പോളാ -
നോട്ടത്തിൻ
തീച്ചൂളയിലവിടുത്തെ
ദൈവമപ്പൊഴേ
പൊരിഞ്ഞുപോയിടുന്നു.
മേഘം വെയ്തൊഴിയുന്നു.
English Summary: