ADVERTISEMENT

ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കണ്ണൂരിലേക്കുള്ള ട്രെയിൻ കാത്തിരിക്കുമ്പോഴായിരുന്നു ഖാദർ എന്ന കുറിയ മനുഷ്യനെ കാണുന്നത്. ധാരാളം പേർ മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ ഈ ഒരു മനുഷ്യനെ ഞാൻ ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്തെ പ്രസന്ന ഭാവം കാരണമാണ്. പൊതുവെ ഗൗരവഭാവത്തിലും അസ്വസ്ഥതയിലും കാണാറുള്ള മുഖങ്ങളിൽ നിന്ന് വേറിട്ടൊരു മുഖം. ആരുമായും സംസാരിക്കുവാൻ താൽപ്പര്യപ്പെടുന്ന ഒരാൾ. അതുകൊണ്ടു തന്നെ ഞാൻ പരിചയപ്പെട്ടു. 

മാഹിയിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോവുകയാണത്രെ. പച്ചക്കറികളും പലഹാരങ്ങളുമായി വലിയൊരു കവർ സമീപമുണ്ട്. മകളുടെ മകൾ കഴിഞ്ഞ ആഴ്ച്ച വാങ്ങി നൽകുവാൻ ഏൽപ്പിക്കപ്പെട്ട കളിപ്പാട്ടങ്ങൾ ഉൾപ്പെട്ട വലിയൊരു കവർ. മകളെ കാണണം. പേരമകളുടെ കൊഞ്ചലിൽ മുഴുകി ഉച്ചവരെ ആനന്ദിക്കണം. അവൾക്ക് ഭക്ഷണം വാരിനൽകണം. അവളുടെ പ്രായത്തിലേക്ക് ഇറങ്ങി കുസൃതികൾ കാണിക്കണം. കുട്ടിയായ് ജീവിക്കുന്ന നിമിഷങ്ങളാണ് തന്റെ മനോഹര നിമിഷങ്ങളെന്നാണയാൾ വിശ്വസിക്കുന്നത്. തന്റെ പ്രകൃതത്തെ പലരും പരിഹസിക്കുന്നതിൽ അയാൾ പരിഭവിക്കാറേയില്ല.

ജീവിതം ആസ്വാദ്യകരമാക്കണം. കാലം തരുന്ന മുറിവുകളെ, വേദനകളെ ചിരികൊണ്ട് ഉടച്ചിടണം. ഉപ്പയില്ലാതെ വളർന്നതിനാൽ കുടുംബത്തിൽ നിന്ന്, സൗഹൃദങ്ങളിൽ നിന്ന്, പ്രയാസവും നിന്ദ്യതയും വിവേചനവും ധാരാളം അനുഭവിച്ചിട്ടുണ്ടത്രെ. വിവിധ ജോലികൾ ചെയ്ത്, വിവിധ മനുഷ്യരെ കണ്ട്  വളർന്നതിനാൽ അയാളെ വാക്കുകൾ കൊണ്ട് തളർത്തുവാൻ ആർക്കും പറ്റില്ല. അനാഥനായ് വളർന്ന് ഒരു കുടുംബം നിർമ്മിച്ചവനായതിനാൽ ചില 'മര്യാദകൾ' അയാൾക്കപരിചിതമായിരുന്നു. അതിനാൽ അവിടെയും പരിഹാസങ്ങൾ പതിവായി. എങ്കിലും തന്നെ കേൾക്കുന്നവർക്ക്, ആവശ്യമുള്ളവർക്ക് അയാൾ പരിമിതികളില്ലാതെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നൻമകൾ ചൊരിഞ്ഞു.

താൻ സ്നേഹിക്കുന്നവരെല്ലാം തന്നെ സ്നേഹിക്കണമെന്ന് ഖാദറിന് നിർബന്ധമില്ല. സ്വാനുഭവങ്ങളിൽ നിന്ന് പഠിച്ച മനുഷ്യരിൽ നിന്ന് അയാളത് പ്രതീക്ഷിക്കുന്നുമില്ല. നിഷ്കളങ്കരായ കുഞ്ഞു ഹൃദയങ്ങളിൽ നിന്നു മാത്രമാണ് അയാൾ സന്തോഷം തേടുന്നത്. കുഞ്ഞു മനസ്സുകളോട് കൂട്ട് കൂടിയാൽ വിവേചനമില്ലാതെ തിരികെ മധുരമുള്ള പുഞ്ചിരി ലഭിക്കും. സമൂഹം നൽകുന്ന സ്ഥാനമാനങ്ങളെ കുറിച്ച് കുഞ്ഞുങ്ങൾക്ക് വലിയ ധാരണയില്ലാത്തതിനാൽ ആ ചിരി ആത്മാർഥമായിരിക്കും. നിഷ്കളങ്കമായിരിക്കും. അതിനാൽ ഖാദറെന്ന പച്ച മനുഷ്യൻ എന്നും കുഞ്ഞുങ്ങൾക്കിടയിൽ ഒരു കുഞ്ഞായി ജീവിക്കുകയാണ്. മുഖം നിറയെ പാൽപ്പുഞ്ചിരിയുമായി...

English Summary:

Malayalam Article Written by Anas V. Pengad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com