ADVERTISEMENT

ആൾക്കൂട്ടം മുഖമില്ലാത്തവർ 

ഒളിപാർക്കുന്ന

ഒറ്റമുറി സത്രം..

വിഡ്ഢിയും വിപ്ലവകാരിയും

ഒറ്റപ്പായിൽ 

ഉണ്ടുറങ്ങുന്ന ഇടം.
 

ആൾക്കൂട്ടം

തുരുമ്പിച്ചതെങ്കിലും

കണ്ണികൾ ഉറച്ച ചങ്ങല.

വിപ്ലവകാരിയും

കലാപകാരിയും

കരൾ കടഞ്ഞെടുത്ത 

വിരുദ്ധ ചിന്തകളുടെ

ഉറഞ്ഞ കൊടിപാറിച്ചു
 

ആരോ ചൂണ്ടിയ പാതയിലേക്ക്

പാഞ്ഞോടുന്നു,

അവനവനെ മറന്ന്

ഇരുളിടങ്ങളിൽ ഇടറിത്തെറിച്ചു 

സ്വയം തിട്ടമില്ലാത്ത

അപായക്കോട്ടയിലേക്ക്!!
 

വിലങ്ങുകളും തടവറകളും

ചിതറിയ ചോരച്ചാലും 

പൂർവാശ്രമങ്ങളിൽ

കടം വീട്ടാൻ കാത്തിരുന്നത് 

ആൾക്കൂട്ടത്തിലേക്ക് 

സ്വത്വം വലിച്ചെറിഞ്ഞവൻ 

അറിഞ്ഞിരുന്നില്ല...
 

താനായിരിക്കാൻ

കെൽപ്പില്ലാത്ത അവൻ 

തത്രപ്പെട്ടു, ആർക്കോ

കോപ്പുകൂട്ടുവാൻ

കിണഞ്ഞു പാഞ്ഞു

പിണമായ് ഒടുങ്ങുന്നു....
 

യുക്തിയെ കൊന്നെറിഞ്ഞു

ബോധത്തെ കുഴിയിൽ മൂടി

ഉള്ളിലെരിയുന്ന 

ധിഷണയെ വെണ്ണീറാക്കി

ആത്മാവിനെ മുട്ടിൽനിർത്തി

എന്തിനോ അവൻ 

ആൾക്കൂട്ടമായ്തീരുന്നു...
 

അവിടെ 

അവരുടെ മുഖം

പേശികൾ അഴുകിയ

അസ്ഥിക്കൂട്ടങ്ങളായ്

ഒരേ താളത്തിൽ നീങ്ങുന്നു,

ആരോ ചുഴറ്റുന്ന 

മാന്ത്രിക വടിയുടെ

ചടുല താഡനത്തിൽ

ചുടലവനിയിലേക്ക്....

English Summary:

Malayalam Poem ' Aalkkoottam ' Written by Salomi John Valsan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com