ADVERTISEMENT

ഉളിയുടെ മൂർച്ചതലപ്പിൽ ശില പൂർണത 

തേടികൊണ്ടേയിരുന്നു

മുറിഞ്ഞു വേർപെട്ടുപോയ

ഇടങ്ങളിലെ അവ്യക്തതകളിൽ

മുഖം കൊത്താൻ പേടിച്ച് ശിൽപിയും

അറ്റുപോയ കൽച്ചീളുകളുടെ 

അയഥാർഥ വേദനകളിൽ നെഞ്ചുരുകിയിട്ടും

വേർപെട്ടുപോകുന്നവ ബാക്കിവയ്ക്കുന്ന 

പൂർണതകൾക്കായി ശില തന്റെ

കരച്ചിലുകൾ ഉളിയുടെ സംഗീതത്തിൽ ഒളിപ്പിച്ചു വെച്ചു
 

എന്നിട്ടുമെന്നിട്ടും 

മുഖമെന്ന യാഥാർഥ്യം പാതിമാത്രം ചീന്തിയിട്ട

ഉളിപ്പാടുകളായി വേർപെട്ടുനിന്നു

ഉടല്‍ മാത്രം ഉയിരായി നിവർന്നു..

ശിൽപിയുടെ മനസ്സിലെ പ്രതീക്ഷകളുടെ 

അടരുകളിൽ വീർപ്പുമുട്ടുമ്പോഴും

തന്നിൽ കൊത്തി വയ്ക്കാൻ പോകുന്ന 

മുഖത്തിന്റെ സൗന്ദര്യത്തെ ശില സ്വപ്നം കണ്ടു.
 

കല്ലില്‍ ഹൃദയം കൊണ്ട് ഉളിയിടുന്നവന്റെ പ്രതീക്ഷകൾ

ഭൂമിയിെല മുഴുവൻ സൗന്ദര്യവും തിരഞ്ഞു 

അപൂർണതയിൽ നിന്നും അപൂർണതകളിലേക്ക്

മൂർച്ചകൂട്ടികൊണ്ടേയിരുന്നു

തന്റെ പൂർണതയെ പ്രണയിച്ചു പോകാതിരിക്കാൻ..

ഒടുവില്‍ ഒരുനാൾ പകുതിയാക്കിയ മുഖത്തിൽ 

ചോരയുടെ നേർത്തചൂട് പടർന്നപ്പോൾ 

ശില മുൻപെന്നെത്തേക്കാളും തണുത്തുറഞ്ഞു..
 

മുഖമെന്ന സങ്കൽപത്തെ മനസ്സിൽ കൊത്തിയെടുത്ത്

വേർപെട്ടുപോകാത്ത ശിലാ തന്തുക്കളെ ശപിച്ചുകൊണ്ട്

ഇനിയൊരിക്കലും ഉളിപ്പാടുകൾ വീഴാൻ സാധ്യതയില്ലാത്ത 

തന്റെ മുഖത്തിന്റെ വൈകൃതങ്ങളിലൂടെ 

ഒലിച്ചിറങ്ങിയ ചോരപ്പാടുകളിൽ

ശില തന്റെ പാതിമാത്രം തീർന്ന മുഖം ഒളിപ്പിച്ചു വെച്ചു..

ഇനിയൊരിക്കലും കേൾക്കാൻ പറ്റാത്ത 

മൂർച്ച തലപ്പുകളുടെ പ്രതിധ്വനികളെ 

വെറുതെയെങ്കിലും കാതോര്‍ത്തു കൊണ്ട്..

English Summary:

Malayalam Poem ' Pigmaliyan ' Written by Arun Mangattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com