ADVERTISEMENT

"സാർ എല്ലാ ക്ഷുദ്ര ജീവികളെയും നശിപ്പിക്കാൻ പറ്റിയ ഒരു ഒറ്റമൂലിയാണിത്. ഇതെങ്കിലുമെടുത്ത് സാർ സഹകരിക്കണം." പാറ്റാച്ചോക്കെന്നും പറഞ്ഞ് ഒരു സാധനം കാണിച്ച് സെയിൽസ്മാൻ കെഞ്ചുകയാണ്. പല ഐറ്റങ്ങൾ കാണിച്ച് ഒന്നിലും വീഴുന്നില്ലെന്ന് കണ്ടപ്പോൾ അവസാനമായി എടുത്തു കാണിച്ചതാണീ പാറ്റാച്ചോക്ക്. വീട്ടിൽ പാറ്റയുൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ശല്യമുള്ളതു കൊണ്ട് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ഭാര്യ എല്ലാ ദിവസവും ഓർമ്മിപ്പിക്കുന്നതാണ്. വൈകുന്നേരം വരുമ്പോൾ ഞാൻ പതിവു പോലെ അക്കാര്യം മറക്കുകയും ചെയ്യും. വീണ്ടും ഭാര്യയെയും പാറ്റയെയും കാണുമ്പോഴാണ് അക്കാര്യം ഓർമ്മിക്കുന്നത്. നാളെ വാങ്ങിച്ചിട്ട് ബാക്കി കാര്യമെന്ന് പറഞ്ഞ് ഭാര്യയെ സമാധാനിപ്പിക്കുകയും ചെയ്യും.

"ഒരു ഡസന്റെ പാക്കറ്റുണ്ട്, ഒന്നിച്ചെടുത്താൽ പത്തു രൂപാ കിഴിവുണ്ട്." സെയിൽസ്മാൻ വിടുന്ന മട്ടില്ല. "ഏതായാലും ഒരെണ്ണം വാങ്ങാം ചേട്ടാ.. കൊള്ളാമെങ്കിൽ പിന്നെ വാങ്ങിയാൽ മതിയല്ലോ." ഏതായാലും ഭാര്യയുടെ ഉപദേശം സ്വീകരിച്ച് ഒരു ചോക്കും വാങ്ങി പരാതിക്കാരനെ പറഞ്ഞു വിട്ടു. "ഇങ്ങനെയും പിശുക്കൻമാരുണ്ടല്ലോ ദൈവമേ, ഞാനിങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ ചോക്കും വാങ്ങാതെ അയാളെ പറഞ്ഞു വിട്ടേനെ, ചുമ്മാതല്ല പാറ്റകൾ പെരുകുന്നത്."

"നീ വിചാരിക്കും പോലെ അത്ര പിശുക്കനൊന്നുമല്ല ഞാൻ.. സംശയമുണ്ടെങ്കിൽ ഇന്നു നമ്മൾ സിനിമക്ക് പോകുന്നു.." "ദൈവമേ, ഇത് നേരാണോ, ഇന്നെന്തു പറ്റി? വെറുതെ കാശ് വല്ലതും എവിടുന്നെങ്കിലും കിട്ടിയോ" "എടീ, ഇന്നല്ലേ വാലന്റൈൻ ദിനം. ഇനി നമ്മൾ അതാഘോഷിച്ചില്ലെന്ന് വേണ്ട.." "പിള്ളേർ കല്യാണം കഴിക്കാറായപ്പോഴാണോ പ്രണയദിനം ആഘോഷിക്കാൻ പോകുന്നത്." "എടീ, പ്രായമായാലും മനസ്സ് എപ്പോഴും ചെറുപ്പമായിരിക്കണം. നമുക്ക് പാറ്റാച്ചോക്ക് വരച്ചിട്ട് സിനിമക്ക് പോകാം. തിരിച്ചു വരുമ്പോൾ പാറ്റകളൊക്കെ ചാകുകയും ചെയ്യും.." പ്രിയതമ പ്രധാന കേന്ദ്രങ്ങളിൽ ചോക്ക് വരച്ചിട്ടു.

വാലന്റൈൻ ദിനമായതു കൊണ്ട് തിയേറ്ററിൽ നല്ല തിരക്കുണ്ടായിരുന്നു, അതിനിടയിൽ ഇടിച്ചു കയറി പടമൊക്കെ കണ്ട് തിരിച്ചു വീട്ടിൽ വന്നയുടൻ പ്രിയതമ ആദ്യം പോയത് ചത്ത പാറ്റയെ എടുക്കാനാണ്. ചോക്ക് വരച്ച ഓരോ സ്ഥലത്തും അവൾ ടോർച്ചടിച്ചും ലൈറ്റിട്ടും നോക്കി. കട്ടിലിനും മേശയ്ക്കുമിടയിൽ കുട്ടികളെക്കൊണ്ടും പരിശോധിപ്പിച്ചു. ചോക്ക് വരച്ചതിന് മുകളിലൂടെ പതിവിലും സ്പീഡിൽ പാറ്റകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതല്ലാതെ ഒറ്റയെണ്ണം ചത്തിട്ടില്ല. പാവം പ്രിയതമ ഇടയ്ക്ക് തിയേറ്ററിലിരിക്കുമ്പോഴും അവൾ ചോദിച്ചിരുന്നു. "ഇപ്പോൾ പാറ്റകൾ ചത്തു കാണുമല്ലേ.." "ഇന്നു വരച്ചതല്ലേ, നാളെ കൂടി നോക്കാം." ഞാൻ അവളെ ആശ്വസിപ്പിച്ചു. 

പിറ്റേന്ന് നേരം വെളുത്തിട്ടും പാറ്റകളുടെ ഓട്ടത്തിന് യാതൊരു കുറവുമില്ല. "ഇതെന്താ, ചേട്ടാ, അപ്പുറത്തുകാരൊക്കെ ചോക്ക് വരച്ചിട്ട് എത്ര പാറ്റകൾ ചത്തു.." "അത് ഒറിജിനൽ ചോക്കായിരിക്കും. ഇത് സാധാരണ ചോക്ക് തന്ന് അയാൾ നമ്മളെപ്പറ്റിച്ചതായിരിക്കും…" അതെയെന്ന മട്ടിൽ അവളിരുന്നു. എല്ലാ അബദ്ധങ്ങളിലും ചെന്ന് ചാടുകയും ചെയ്യും.. ഒടുവിൽ അബദ്ധമാണെന്നറിയുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യും.. അതാണ് അവളുടെ ഗുണം. "ഏതായാലും ഒരു ഡസന്റെ പാക്കറ്റ് വാങ്ങാതിരുന്നത് ഏതായാലും നന്നായി.. ഒരെണ്ണത്തിന്റെ കാശല്ലേ പോയുള്ളൂ" ഭാര്യ സമാധാനിച്ചു. "അല്ല ചേട്ടാ, ഈ ബാക്കി ചോക്ക് എന്തു ചെയ്യും." അവൾ ചോദിച്ചു. "അത് മക്കൾക്ക് എഴുതാൻ കൊടുക്കാം.." പോയ കാശിന് എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെ എന്നു വിചാരിച്ച് ഞാൻ പറഞ്ഞു..

English Summary:

Malayalam Short Story ' Pranayadinavum Pattachokkum ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com