ADVERTISEMENT

നഗരത്തിന് അപ്പോഴും വെളിച്ചമാണ്

രാത്രിമുഴുവനും പൂവിരിഞ്ഞ പോലെ 

പാതയോരോന്നിലും വെളിച്ചത്തിന്റെ 

നടത്തങ്ങളെ പങ്കുവെക്കുന്നു
 

പരസ്പരം പ്രണയത്തിൽ അകപ്പെട്ട

രണ്ടു മനുഷ്യരെപ്പോലെ 

വെളിച്ചത്തിന്റെ കൈ മാറ്റങ്ങളെ 

മിണ്ടിപ്പറയുന്ന വഴികളോരോന്നും 

തിളക്കത്തിന്റെ അതിർപ്പൂക്കളെ

ഏൽപ്പിച്ചു പോകുന്നു
 

വെളിച്ചങ്ങളുടെ നഗരം

വെളിച്ചങ്ങളുടെ നഗരം

മഴയത്ത് നിവർത്തുന്ന 

കുടകളോരോന്നും

പെയ്യുന്ന തുള്ളിയിൽ നിന്ന്

നക്ഷത്രങ്ങളെ വേർതിരിച്ച് 

വിരൽത്തുമ്പിൽ ഏൽപ്പിക്കുന്നു
 

ചേർന്നിരിക്കുമ്പോൾ 

വിരൽത്തുമ്പ് ലോപിച്ച് നാം

വെളിച്ചത്തിന്റെ 

വിളക്കുകാലുകാൽ

ചെറുരൂപമാകുന്നു 
 

അകലെയൊരു പെൺകുട്ടി

മെഴുകുതിരി നാളങ്ങൾക്കുമേൽ

മഞ്ഞപ്പൂക്കളുടെ കഥ പറയുന്നു

വെളിച്ചത്തിന്റെ അല്ലികളോരോന്നിലും

നടത്തത്തിന്റെ നഗര വളവുകളെ

കൃത്യമായി ആലേഖനം ചെയ്തത് 

കണ്ടുപിടിക്കുന്നു 
 

II
 

മഴയത്ത് നഗരങ്ങളുടെ വെളിച്ചം 

ഒടിഞ്ഞ ചില്ലയ്ക്ക് ചുറ്റിലും

നക്ഷത്രങ്ങളെ തൂക്കിയിടുന്നു

മരം നഗരത്തിന്റെ കിഴക്കേ ഗല്ലി

ഒടിഞ്ഞ ചില്ലയ്ക്കു ചുറ്റിലും

ചെറു ജീവിതങ്ങൾ പോലെ

വെളിച്ചത്തിന്റെ പൊട്ടുകളിൽ

നിലാവ് നിറയുന്നു
 

കനത്ത മഴയിലും നിറയുന്ന

ജലത്തിൽ വെളിച്ചത്തിന്റെ

അവസാന കണിക

നാം കുട്ടികൾ ചെറുമീനിനെ

പിടിച്ചെന്നപോൽ ആഹ്ലാദിച്ച്

ഓരോ കുപ്പിയിലും നിറയ്ക്കുന്നു 
 

ജനൽപ്പടിയിൽ വെച്ച്

വെളിച്ചത്തിന്റെ വീടുണ്ടാക്കുന്നു

നഗരത്തിന്റെ കനത്ത മഴയിലും

വെളിച്ചത്തിന്റെ വീട് പ്രകാശിക്കുന്നു

ഓരോ ജനലിനും പേരിട്ട് വിളിച്ച്

കുട്ടികൾ പുസ്തകമെഴുതുന്നു

English Summary:

Malayalam Poem ' Velichangalude Nagaram ' Written by Sujesh P. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com