ADVERTISEMENT

കടത്തനാടൻ കളരിയിലെയെൻ പ്രിയ

കള്ളിത്തത്തമ്മേ;- യെങ്ങുപ്പോയി നിൻ 

കളമൊഴി;- യെൻ കളഭാഷിണി, നിൻ 

കിളിമൊഴിയിന്നെങ്ങുപ്പോയി?
 

കളരിമുറ്റത്തെ കുത്തുവിളക്കിലെ 

കരിയെടുത്തു കണ്ണെഴുതുമെൻ  

കണ്ണഴകി; നിൻ കൺതടങ്ങളിലെ 

കണ്മഷിയാരു കവർന്നുപ്പോയി?
 

കദളിവനത്തിൽ കലാധരനെ കാൺകെ, 

കളരിയിൽനിന്നും ഞാനെത്തും നേരം

കന്മഷമകലുന്ന നാലുകെട്ടെന്തിനിന്നു

കനകചിലങ്കതൻ നാദം മറയ്ക്കുന്നു?
 

ഓമലാളേ;- യെൻ ചേലൊത്ത ചേകവത്തി,  

ഓതിരം പയറ്റുന്നതെന്തിനു നീ;

കടകം കാട്ടുന്നതെന്തിനു നീ;

കടകം കൊതിക്കുന്നുവോയെന്നു ചൊല്ലൂ;

കള്ളക്കോലെന്തിനെന്നെന്നോടു ചൊൽവൂ;

കാഞ്ചനമാല പണിയിച്ചു തന്നിടാം ഞാൻ!

English Summary:

Malayalam Poem ' Kadathanadan Thathamma ' Written by Sathish Kalathil