ADVERTISEMENT

ആത്മഹത്യ ചെയ്തവർ

എന്നും വൈകുന്നേരം

പുസ്തകം വായിക്കാനെത്തുന്ന

ഒരു വായനശാലയുണ്ട് നാട്ടിൽ.

ചവിട്ടിക്കയറിയാൽ

ഞരങ്ങുന്ന 

മരഗോവണിക്ക് മുകളിൽ.
 

താഴത്തെ നിലയിൽ

മൂവായിരം കൊടുക്കാനില്ലാതെ

തട്ടിൽമുകളിലെ എണ്ണൂറ് 

രൂപ മുറിയിലേക്ക്

വായനശാല വളർന്നതാണ്.

"ജനമൈത്രി വായനശാല"

എന്നെഴുതിയ ബോർഡ് മാത്രം

വളരാതെ, താഴെ ഭിത്തിയിൽ

പടരാൻ കാത്തുകിടന്നു.
 

പുസ്തകം വായിക്കാൻ നിർബന്ധമില്ലാത്ത

സന്തുഷ്ടരായ സാധാരണക്കാർ

പരിസരത്തെല്ലാം 

തിളച്ചു മറിഞ്ഞെങ്കിലും

അവരാരും തട്ടിൽമുകളിലേക്ക് 

പതഞ്ഞു പൊങ്ങിയില്ല.
 

അത് തുറക്കുന്നതും അടയ്ക്കുന്നതും

ആരാണെന്നു പോലും

നാട്ടുകാർക്കറിയില്ല.

ആക്രമിക്കപ്പെടാൻ

സാധ്യതയില്ലാത്ത

കോട്ടയായതിനാലാവാം

അതിന് കാവൽക്കാരും

താഴും ഉണ്ടായിരുന്നില്ല.
 

എന്നിട്ടും എല്ലാ ദിവസവും

ഹൃദയചിഹ്നത്തിൽ  

പേരും അസ്ത്രവും വരച്ച

തടിമേശയിൽ

പുസ്തകങ്ങൾ ചിതറിക്കിടന്നു.
 

കരയുന്ന ഗോവണി ചവിട്ടി

മുകളിലേക്കാരും

കയറാഞ്ഞിട്ടും

അപ്പൂപ്പൻ താടി

അടയാളം വെച്ചും

അരികുകൾ മടക്കിയും

പാതിതിന്ന പുസ്തകങ്ങൾ

അട്ടം നോക്കി കിടന്നു.
 

"ദി ചെന്നൈ സ്നാക്സ്"

ചായക്കടയിലെ

അവസാന ഗ്ലാസും

കഴുകി കമഴ്ത്തി

ഹെർക്കുലീസ് സൈക്കിളിൽ

മന്ദമൈതാനി

ചുറ്റിവരുന്ന തമിഴൻ മാത്രം 

തട്ടിൻ മുകളിൽ കയറും.

തടിമേശയുടെയോരത്ത്

പാതി കീറിയ പുൽപ്പായ 

നിവർത്തി കിടക്കും.
 

പകലന്തിയോളം 

നിർത്തി വേദനിപ്പിച്ചതിന്

കാലിലെ മസിലുകൾ

പക വീട്ടുമ്പോൾ

ഉറക്കത്തിൽ 'കടവുളേ'

എന്ന് കരഞ്ഞ് തമിഴൻ

പിടഞ്ഞെഴുന്നേൽക്കും.
 

പുസ്തകം കണ്ടാൽ

എണ്ണക്കടികൾ പൊതിയാനുള്ള

കടലാസായി മാത്രം

കാഴ്ച തെളിയുന്ന തമിഴൻ

പുസ്തകം വായിക്കാറില്ല.

എന്നിട്ടും എന്നും 

തുറന്നു വയ്ക്കുന്നത്

അപസർപ്പക കഥകളുടെ

പുസ്തകമാണെന്ന്

തമിഴനാണ് കണ്ടെത്തിയത്.
 

പിന്നെ രാത്രിയിലെപ്പോഴും

പതിഞ്ഞ താളത്തിൽ

കഥകൾ വായിക്കുന്നത്

കേൾക്കാൻ മരപ്പട്ടിയും

കടവാവലും എത്തും.
 

മരപ്പട്ടിയെ ഓടിക്കാൻ നോക്കി

പലക തകർന്ന് താഴെവീണ തമിഴൻ

ആശുപത്രിയിൽ നാലാം നാൾ മരിച്ചു.

മരിക്കും മുമ്പ് ഒരു വരി വിടാതെ

'രഘുവംശം' ചൊല്ലിയെന്ന്

നാട്ടുകാർ പറയുന്നു.
 

അരൂപികളാൽ 

വായിക്കപ്പെടുന്ന

പുസ്തകങ്ങളുള്ള 

വിലക്കപ്പെട്ട ഇടത്തിലേക്ക്

പിന്നീട് ആരും കയറിയിട്ടില്ല.
 

വായിക്കാനാളില്ലാതെ

ചിതറിക്കിടക്കുന്ന പരശ്ശതം

ജീവിതങ്ങളെ തേടി

ആത്മഹത്യ ചെയ്തവരുടെ

ആത്മാക്കളാണ്

എത്തുന്നത് എന്ന് പറഞ്ഞത്

മിന്നാമിനുങ്ങുകളാണ്.
 

പോയ ജന്മത്തിൽ 

പെടുമരണപ്പെട്ട

സ്വപ്നങ്ങൾക്കെല്ലാം

മുൻപിൽ 

വഴികാട്ടിയായി പറക്കുമ്പോൾ

അവർ ചൊല്ലിയ കവിതകളെല്ലാം

ഇവിടെനിന്ന് കിട്ടിയതാണത്രേ!

English Summary:

Malayalam Poem ' Vayanasala ' Written by K. R. Rahul