ADVERTISEMENT

സ്‌കൂളിൽ പോകുന്നതിന്റെ മുന്നോടിയായി വാങ്ങിയ ബാഗും കുടയും അച്ഛനെ വീഡിയോ കോളിൽ കാണിക്കുന്ന സമയത്ത് അച്ഛന്റെ ചോദ്യം .. "നീയെന്താ പെണ്ണെ മുടി ഇങ്ങനെ മഹർഷിമാരുടെ പോലെ കെട്ടിയിരിക്കുന്നെ.. അത് മര്യാദയ്ക്ക് ചീകി കെട്ടി വെക്ക് അല്ലെങ്കിൽ ആൺ പിള്ളേരെ പോലെ കഴുത്തറ്റം ആക്ക്…" കേട്ട ഉടനെ മുത്ത് : "അതെത്ര ചീകിയിട്ടും നേരെ ആവണ്ടേ? വെട്ടാനൊന്നും ഞാനില്ല.. ഇനി അച്ഛൻ വരുമ്പോഴേക്കും ഞാൻ മുടിയൊക്കെ ശരിയാക്കി കാണിച്ചു തരാം.. ബിജു നോക്കിക്കോ.." അവരുടെ സംഭാഷണം കേട്ട് നിന്ന അമ്മ ഉടനെ ഇടപെട്ടു "അച്ഛനെയാണോടി ബിജുവെന്ന് വിളിക്കുന്നത്?" എന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരമായി അച്ഛൻ "അവൾടെ അച്ഛനെയല്ലാതെ നാട്ടുകാരുടെ അച്ഛനെ പേര് വിളിക്കാൻ പറ്റുമോ.. നീ വിളിച്ചോടി മുത്തേ" അമ്മ പറയാൻ വന്ന മറുപടി ചെറുപുഞ്ചിരിയിൽ ഒതുക്കിയപ്പോൾ മുത്ത് മനസ്സ് നിറഞ്ഞു ചിരിച്ചു.. കുഞ്ഞാപ്പി ഉറങ്ങുന്നത് അവൾ അച്ഛന് കാണിച്ചു കൊടുത്തു.. കോൾ കട്ടാകും മുൻപ് അന്നും അവൾ ചോദിച്ചു "അച്ഛനെന്നാ വരാ?" 

ചെറിയൊരു ദീർഘശ്വാസമോടെ വരാം മോളെ ഉടനെ വരാം എന്നും പറഞ്ഞ് ബിജു ഫോൺ കട്ടാക്കി ഓർമ്മകളിലേക്ക് മടങ്ങി.. എത്ര നാളായി ഈ ചോദ്യം കേൾക്കുന്നു.. 18 വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പ്രവാസം ഇന്നും തുടരുന്നു.. വീട്ടുകാർ രക്ഷപ്പെട്ടതും വീട് പണിതതും എല്ലാം ഈ പ്രവാസത്തിന്റെ ബലം.. തിരികേ എന്ന് എന്ന് ഇപ്പോഴും അറിയില്ല... അതേ സമയം അച്ഛൻ വന്നാൽ പോകാനുള്ള സ്ഥലങ്ങളുടെയും വാങ്ങാനുള്ളതുമായ സാധനങ്ങളുടെയും ലിസ്റ്റ് അവൾ അവളുടെ കുഞ്ഞു ബുക്കിൽ എഴുതിയിട്ടുണ്ടാരുന്നു.. അവൾ ആ ബുക്ക് തുറന്ന് നോക്കി.. ഒപ്പം അടുത്ത കിടക്കുന്ന കുഞ്ഞാപ്പിയേയും.. രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ വീണ്ടും വിളിച്ചു സംസാരിച്ചു.. പുതിയ വിശേഷങ്ങൾ പറഞ്ഞു.. മുറ്റത്ത് അച്ഛനും മുത്തും കൂടി നട്ട റോസാ ചെടിയിൽ മഞ്ഞ പൂ മൊട്ട് വിരിഞ്ഞത്.. പുതിയ കൂട്ടുകാരെ പറ്റി... സ്‌കൂളിലെ വിശേഷങ്ങളും കുഞ്ഞാപ്പിയുടെ വിശേഷങ്ങളും എല്ലാം അവൾ അച്ഛനോട് പറഞ്ഞു. കുഞ്ഞാപ്പി അവളെ ചേച്ചിയെന്നു വിളിച്ചത്രേ.. അത് കേട്ട് അച്ഛൻ കളിയാക്കി "പിന്നെ 6 മാസം പോലും ആവാത്ത കുഞ്ഞേങ്ങനാഡീ ചേച്ചിയെന്നൊക്കെ വിളിക്കുന്നെ?" "സത്യവാ ബിജു അവൻ "തേ തീ" എന്ന് വിളിക്കുന്നത് ഞാൻ കേട്ടതാ.." അങ്ങനെ വിശേഷങ്ങൾ; നീണ്ടു പോയി ....അമ്മ ഫോൺ വാങ്ങി മാറിയിരുന്ന് സംസാരം തുടങ്ങിയപ്പോൾ അവൾ ഒരു ചെറുപുഞ്ചിരിയോടെ ഉറങ്ങുന്ന കുഞ്ഞാപ്പിയെ വേദനിപ്പിക്കാതെ കെട്ടി പിടിച്ച് കിടന്നുറങ്ങി..

അടുത്ത ദിവസം മുത്ത് സ്‌കൂളിൽ പോയി വരുമ്പോൾ വീട്ടിൽ ഒരു ആൾക്കൂട്ടം.. സ്‌കൂൾ ബസിൽ നിന്നിറങ്ങി.. വീട്ടിലേക്ക് നടക്കുമ്പോൾ അമ്മമ്മ വന്ന് (അമ്മയുടെ അമ്മ) കൈ പിടിച്ചു കൂട്ടികൊണ്ട് പോയി. ഇവരൊക്കെ എപ്പോ വന്നൂ എന്നായി അവളുടെ ചിന്ത. അകത്തും പുറത്തുമുള്ള ആളുകളുടെ കണ്ണുകളിൽ എല്ലാം ഒരു സഹതാപ ഭാവമായിരുന്നു അവളോടുള്ളത്, അകത്തെ മുറിയിൽ കുഞ്ഞാപ്പിയുടെ കരച്ചിൽ കേൾക്കാം.. അവനെ ചിറ്റ എടുത്ത് കരച്ചിൽ മാറ്റാനുള്ള ശ്രമത്തിലാണ്.. അല്ല അമ്മയെന്തേ അച്ചാമേ? ഒന്ന് രണ്ട് വട്ടം ചോദിച്ചിട്ടും അച്ചാമ്മ ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ച് അമ്മയുള്ള മുറിയിലേക്ക് കൊണ്ട് പോയി.. അമ്മ ഉറങ്ങുകയാണ്. അല്ല കിടക്കുകയാണ്. ചുറ്റും അയൽവക്കത്തെ ചേച്ചിമാരും ബന്ധുക്കളും എല്ലാം ഉണ്ട്.. അടുത്ത് ചെന്ന് അവൾ അമ്മയെ വിളിച്ചു. അവളുടെ വിളി കേട്ട ഉടനെ അമ്മ എഴുന്നേറ്റിരുന്ന് അവളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. കരച്ചിലിന്റെ കാരണം അവൾക്ക് മനസിലായില്ലെങ്കിലും ഇടയ്ക്ക് അമ്മ അച്ഛനെ വിളിക്കുന്നുണ്ടായിരുന്നു.. അച്ഛനെന്താ പറ്റിയത്? എന്താ സംഭവിക്കുന്നത്? അതൊന്നും അവൾക്ക് മനസ്സിലായില്ല. അമ്മയുടെ കരച്ചിൽ കണ്ട അവൾ കാരണമറിയാതെ അമ്മയെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി...

ഇതേ സമയം മറ്റൊരിടത്ത്... അന്ന് രാവിലെ പെട്ടന്നുണ്ടായ തീ പിടുത്തത്തിൽ മരിച്ചതും പരിക്കേറ്റതുമായ തൊഴിലാളികളുടെ ലിസ്റ്റ് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു.. മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ വീടുകളിലേക്കും മറ്റും അറിയിപ്പുകൾ എത്തിച്ചു തുടങ്ങി.. ടിവിയിലും മറ്റു മാധ്യമങ്ങളിലും വാർത്തകളും പേരും എല്ലാം വന്നു കൊണ്ടേയിരുന്നു.. എത്രയും പെട്ടെന്ന് തന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പലരും ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസ്സമായി... സ്‌കൂളിലെ ടീച്ചർമാരും അടുത്ത അകന്ന ബന്ധത്തിലുള്ളവരും ആ വീട്ടിൽ വന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചു.. മുത്തിനെ ചേർത്ത് പിടിച്ചാണ് പലരും മടങ്ങിയത് ആ നിഷ്കളങ്ക മുഖത്ത് നോക്കി പലരും കരച്ചിലടക്കാൻ പാടു പെടുന്നതും കണ്ടു. മുത്തിന് ഇപ്പോൾ കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലായിട്ടുണ്ട് അപകട വാർത്ത എല്ലായിടത്തും സംസാര വിഷയമായിരുന്നല്ലോ..

അമ്മയുടെ കരച്ചിലാണ് അവളെ ഏറെ വിഷമിപ്പിച്ചത്.. അന്ന് വൈകീട്ടോടെ വീട്ടുമുറ്റത്തു പന്തൽ ഉയർന്നു.. പന്തലിടാനായി അവളുടെ പ്രിയപ്പെട്ട മഞ്ഞ റോസയും അവിടെ നിന്ന് ആരോ വെട്ടി മാറ്റി.. അതിൽ നിന്ന് പാതി വിടർന്ന ഒരു റോസാ പൂവെടുത്ത് അവൾ കൈയ്യിൽ കരുതി.. പിറ്റേന്ന് നേരം പുലർന്നതോടെ ജനപ്രളയമായി. നാട്ടിലെ പ്രമുഖരും പൊലീസും അങ്ങനെയങ്ങനെ നിറയെപേർ.. ആംബുലൻസും പൊലീസ് വാഹനവും വീട്ടിലേക്ക് എത്തിയ നേരം വീട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് നിൽക്കുന്നവരുടെ പോലും ഹൃദയം തകരുന്നതായിരുന്നു.. അച്ഛമ്മ വന്ന് "അച്ഛൻ വന്നു മോളെ" എന്നും പറഞ്ഞ് അവളുടെ കൈ പിടിച്ചു കൊണ്ട് മുൻവശത്തെ പന്തലിലേക്ക് കൊണ്ട് പോയി.. മുകൾഭാഗം മാത്രം തുറന്ന ആ പെട്ടിയിൽ വെള്ള, മഞ്ഞ, ചുവപ്പ് തുണികളിലായി പൊതിഞ്ഞ ഒരു രൂപം. കൂട്ട കരച്ചിലിനിടയിൽ അവളും അച്ഛനെ വിളിച്ചു "അച്ഛാ... അച്ഛാ...." അമ്മയുടെ നിലവിളിക്കിടയിൽ അവളുടെ ശബ്ദം കേൾക്കാതെയായി...

ആ തുണി കെട്ടിലെ അച്ഛന്റെ മുഖമൊന്ന് കാണാൻ അവൾ ഏറെ ആഗ്രഹിച്ചു പോയി... തുണി ഉയർത്തി നോക്കാൻ ശ്രമിച്ചപ്പോൾ ആരൊക്കെയോ അവളുടെ കൈ ബലമായി പിടിച്ചു മാറ്റി.. എന്നിട്ടും ആ കുഞ്ഞു കൈകൾ ആ തുണി കെട്ടിൽ പരതി. അച്ഛന്റെ കൈ അവളുടെ നെറ്റിയിൽ കൊണ്ടത് അവൾക്ക് മനസിലായി. ഒന്ന് കാണാൻ ആയില്ലെങ്കിലും ആ കൈയ്യിൽ തുണിയുടെ മുകളിലൂടെ അച്ഛന്റെ കൈക്ക് എത്തി പിടിച്ചു.. എന്നെ ഒരുപാട് ദൂരം താങ്ങേണ്ട കൈ.. എന്നെങ്കിലും ഒരിക്കൽ അച്ഛന് വയസാകുമ്പോൾ താൻ പിടിച്ചു നടത്തേണ്ട കൈ.. കുഞ്ഞാപ്പി ഈ കൈയ്യിൽ കാണുമ്പോഴേ ചാടി കേറി പോകേണ്ടതായിരുന്നു.. നിറഞ്ഞ കണ്ണുകളോടെ ആ കൈക്ക് മുകളിലായി അവൾ നേരത്തെ കരുതിയ മഞ്ഞ റോസാ പൂ വെച്ചു... ഒരു കൈ തലയ്ക്കു കൊടുത്തിട്ട് അവൾ ഉറക്കെ കരഞ്ഞു “ബിജൂ എന്നെ ഒന്ന് നോക്ക് ബിജൂ.." കണ്ട് നിന്നവരിലും അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു...

കണ്ണിൽ കണ്ണ് നീരിന്റെ അളവ് കൂടി വരുന്നതും ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാതാവുന്നതും അവൾ അറിഞ്ഞു.. ചടങ്ങുകൾക്കായി അച്ഛനെ എടുത്ത് കൊണ്ട് പോകുമ്പോൾ അമ്മയോട് അവൾ പറഞ്ഞു "അമ്മേ ഞാൻ ബിജുവിനെ കണ്ടില്ല.. എന്നെ ഒന്ന് കാണിക്കമ്മേ.. അയ്യോ... അച്ഛാ.. ബിജൂ..." അവൾ ആവുന്നതും ഉച്ചത്തിൽ വിളിച്ചൂ... "അമ്മേ ഞാൻ ഇനി ബിജുവെന്ന് വിളിക്കില്ല.. അച്ഛാ എന്ന് വിളിച്ചോളാം എനിക്കൊന്ന് കാണിച്ചു താ അമ്മേ.." അവൾ അവളെ പിടിച്ച കൈകളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു. അവൾ ചങ്ക് തകർന്നു വിളിച്ചു. ആ വിളിക്ക് ഒരുത്തരം നൽകാൻ അച്ഛൻ മാത്രമല്ല ആരുമില്ല.. അത്രയും നേരം അടക്കി വെച്ച സങ്കടവും വിഷമവും എല്ലാം അവളുടെ കൈവിട്ടു പോയ നിമിഷം..

കുറച്ച് കഴിഞ്ഞ് പറമ്പിൽ നിന്ന് ഉയർന്ന പുകയിൽ തന്റെ പ്രിയപ്പെട്ട അച്ഛൻ ഇല്ലാതാവുന്നതും.. ആ പുക വീടിന്റെ മുകളിലേക്ക് പറന്നുയരുന്നതും അവൾ ജനലിലൂടെ നോക്കി കണ്ടു.. കുഞ്ഞാപ്പി അപ്പോഴും തളർന്ന് ഉറങ്ങുകയായിരുന്നു. ആ അമ്മയ്ക്കും മക്കൾക്കും ഇനിയങ്ങോട്ട് ഇരുട്ടാണ്.. പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് അസ്തമിച്ച അവസ്ഥ.. എങ്ങോട്ട് പോകണമെന്നോ.. എന്ത്‌ ചെയ്യണമെന്നോ അറിയാതെ നടുകടലിൽ കോരിച്ചൊരിയുന്ന മഴയിൽ തുഴ നഷ്ട്ടപെട്ട തോണിയിൽ ഇരിക്കുന്ന അവസ്ഥ.. നമ്മുടെ നാട്ടിൽ നടക്കുന്ന അപകടങ്ങളിൽ ഇവരെ പോലെ എത്രയോ കുടുംബങ്ങൾ.. ഈശ്വരാ ഓർക്കുമ്പോഴേ മനസ്സ് വിങ്ങുന്നു..

English Summary:

Malayalam Short Story Written by Shinto Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com