എന്റെ കൂടപ്പിറപ്പായ മരണമേ – ശ്രീപദം എഴുതിയ കവിത
Mail This Article
എന്റെ കൂടപ്പിറപ്പായ മരണമേ,
നിൻ മുഖം ഞാൻ ദർശിച്ചിട്ടില്ലിതുവരെ.
നീയന്ധനും മൂകനുമാണെന്നു ചിലർ
ബധിരനുമായൊരു സഹചാരിയോ നീ.
അംഗവൈകല്യങ്ങളേറെയുണ്ടായിട്ടും
കർമ്മങ്ങൾ ചെയ്യുവാൻ മുമ്പൻ തന്നെ.
എന്നിലൂടെ പുറത്തേക്ക് നോക്കി
നീയെന്റെ കാഴ്ച്ചയെല്ലാം കവർന്നെടുക്കും.
എന്റെ കാതുരണ്ടുമടച്ചൊരു നാളെന്റെ
നാവും നീ പിഴുതെടുക്കും.
കണ്ഠനാളത്തിലഗ്നി കൊളുത്തിയെൻ
ശബ്ദവീചിയെ നിശ്ചലമാക്കും.
ഒന്നുറക്കെയൊന്നു കരയുവാനാവാതെ
കൈകാൽ പിടക്കുവാൻ നോക്കുന്ന നേരത്ത്
അറിഞ്ഞു ഞാൻ, നിൻ പാശത്താൽ
ബന്ധനസ്ഥയെന്നു.
മുഖാമുഖം നിന്ന് പൊരുതുവാൻ വയ്യാത്ത,
മരണമേ, ഹാ കഷ്ടം, നീയിത്ര ഭീരുവെന്നോ.
ഒരുനാൾ നീയെന്റെ നേർക്കുനേർ
വരുമെന്നോർത്ത്, ഏറേയിഷ്ടങ്ങൾ
കരുതിവച്ചിട്ടുണ്ട് നിന്നോട് ചൊല്ലുവാൻ.
അമ്മതൻ കറുപ്പാം ഓംകാരപ്പൊരുളിൽ
ഞാനെന്നെ കണ്ടെടുക്കുന്ന നേരം
എങ്ങുനിന്നു വന്നു നീയെന്നരികിൽ
അരൂപിയായ്, എന്നിലലിഞ്ഞു ചേരാൻ.
എന്റെ തലയിൽ വരകളും, കൈവെള്ളയിൽ
യോഗവും വരച്ച നീയൊരു കലാകാരനുമായ്,
എല്ലാമറിഞ്ഞിട്ടും മനസ്സിന്റെ മടിത്തട്ടിൽ
സ്വപ്നങ്ങളും ഇഷ്ടങ്ങളും നിറച്ചുവെച്ചു..
ഒന്നും നടക്കില്ലെന്നറിയാമെന്നിട്ടും
എന്തിനീ ചതിയെന്നോട് ചെയ്തു..
വിധിയും ഇഷ്ടങ്ങളും യോഗവും സ്വപ്നങ്ങളും
തമ്മിൽ കലഹിച്ചു കാഹളം മുഴക്കവെ,
ഒന്നുമറിയാത്ത പോൽ പുറം തിരിഞ്ഞു
ഉള്ളാൽ പുഞ്ചിരി തൂകിയോ നീ..
പറയൂ, മരണമേ, നിന്റെ പേരോ ജീവൻ
ആത്മാവും പരമാത്മാവും നീ തന്നെയോ..