അശുഭജന്മം – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
കൊടുങ്കാറ്റിനെ ശാസിച്ച്
ശാന്തമാക്കാൻ
ഞാനൊരു ദിവ്യനൊന്നുമല്ല.
ഹൃദയത്തിലെ
ദമിതവികാരങ്ങളുടെ
കറുത്തപക്ഷികൾ
വിട്ടയക്കപ്പെട്ടപ്പോൾ
താനേ ശാന്തമായി
ഞാനും കൊടുങ്കാറ്റും!
2
ന്യായപ്രമാണമനുസരിച്ച്
ഞാൻ ജീവിക്കും
നീ എന്റെ അയൽക്കാരി
ഞാൻ നിന്നെ അളവറ്റു
സ്നേഹിക്കും
മറ്റൊരയൽക്കാരൻ
ഈർഷ്യയോടെ വെറുക്കും വരെ
നിന്നെ സ്നേഹിച്ചു
വീർപ്പു മുട്ടിക്കും
ഒരപേക്ഷയുണ്ട്
എന്റെ മുട്ട് കേട്ടാൽ
നീ ഹൃദയം തുറന്നു വെക്കാൻ
അമാന്തിക്കരുതേ!
3
പൊത്തിൽ കയ്യിട്ടു
തേളിന്റെ കുത്തേറ്റു
വീണ്ടും പൊത്തിൽ കയ്യിട്ടു
വീണ്ടും തേളിന്റെ കുത്ത് കിട്ടി
കുത്ത് ഒരു ലഹരിയായി
ലഹരി ഒരു ദിനചര്യയായി
മറ്റൊരു പൊത്തിൽ കയ്യിട്ടു
സർപ്പത്തിന്റെ കടി കിട്ടി
പറുദീസയിൽ നിന്നും ഞാൻ
എന്നന്നേക്കുമായി ബഹിഷ്കൃതനായി
വിരക്തിയുടെ കനി കക്കാൻ
പഠിക്കാത്തതാണ്
എന്റെ കുഴപ്പമെന്നു തോന്നുന്നു.
4
നിശ്ശബ്ദതയ്ക്ക്
ആരാണ് ഈണം പകരുന്നത്
ചോര കൊണ്ട്
ആരാണ് മുറിവ് കഴുകുന്നത്
ദു:ഖശമനത്തിനുള്ള രസായനം
ആരാണ് പ്രണയത്തിന്റെ
കരിഞ്ചന്തയിൽ വിൽക്കുന്നത്?
5
ഗൃഹം പോയി
ആതുരത്വം പോയി
ഇപ്പോഴും മടിക്കുത്തിലുണ്ട്
ഇത്തിരി ഗൃഹാതുരത്വം ബാക്കി!
6
ശുഭത്തിനു സ്തുതി
എനിക്കൊരു
അശുഭജന്മം തന്നതിന്!