സാറ – സുജേഷ് പി. പി. എഴുതിയ കവിത
Mail This Article
പ്രണയത്തിന്റെ
മഞ്ഞു പുതപ്പ്
അണിയുമ്പോഴെല്ലാം സാറ,
പൂക്കളുടെ കൈ പിടിച്ച്
താഴ്‌വരയിറങ്ങി
നടക്കുന്നത് കാണാം
അപ്പോഴെല്ലാം
തലയിലെ സ്കാഫ്
മഞ്ഞിനോട് ചേർത്ത്
കെട്ടിയ പോലെ
കാറ്റിൽ ഇളകുന്നുണ്ടാവും
നടത്തത്തിനിടയിലവൾ
പൂക്കളോട്
അകിട് നഷ്ടമായ
ആട്ടിൻ കുട്ടികളുടെ
കഥ പറയും
മേഘങ്ങൾ കുന്നിനെ
തൊടുമ്പോഴൊക്കെ
പാൽപ്പതയെന്നോർത്ത്
ആട്ടിൻ കുട്ടികളെല്ലാം
കുന്നിന് മുകളിലേക്ക്
കയറിയെത്തും,
തലകുലുക്കി ചെവിയിളക്കി
മേഘങ്ങൾക്കിടയിൽ നിന്ന്
പാൽപ്പതനുകരുന്നത്
പൂക്കൾക്ക് കാണിച്ചു
കൊടുക്കുകയും ചെയ്യും
ചിലപ്പോഴൊക്കെ
ആട്ടിൻ കുട്ടികളിൽ ചിലത്
ശകാരം കിട്ടിയ മട്ടിൽ
വേഗത്തിൽ കുന്നിറങ്ങി
വരുന്നതും കാണാം,
അവയ്ക്ക് വേണ്ടി മാത്രം
സാറ പൂക്കളുടെ
മാന്ത്രികതയെ
ഉപദേശിക്കും
വെളുത്ത പൂക്കൾ
അകിട് ചോർന്ന പോലെ
ചില്ലകളിൽ മുളച്ച്
ആട്ടിൻ കുട്ടികൾക്ക്
നുണയാൻ പാകത്തിൽ
ഇളം മധുരമാകും
പാൽത്തുള്ളിയാവും