ADVERTISEMENT

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ സിബി മലയിൽ തിരിച്ചു വരികയാണ്. സൂപ്പർഹിറ്റുകളായ സിനിമകൾ ഈ സംവിധായകന്റെ ശിരസിലെ കിരീടങ്ങളായിരുന്നു. മണ്ണിൽ ചവിട്ടി നിൽക്കുന്ന കഥാപാത്രങ്ങൾ കൈകളിലെ ചെങ്കോലുകളായിരുന്നു. കാലത്തിനു മുൻപേ സഞ്ചരിച്ച ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനു നേരിടേണ്ടി വന്ന തടസങ്ങളെക്കുറിച്ച് സംവിധായകൻ തുറന്നു പറയുന്നു...

 

എന്തായിരുന്നു ദശരഥം രണ്ടാം ഭാഗത്തിനു തടസം ?

 

ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു. ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും വേണു പറഞ്ഞു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും. 

 

എന്താണ് മോഹൻലാൽ പറഞ്ഞത് ?

 

കഥയുടെ ചുരുക്കം ഞാൻ പറഞ്ഞു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല. ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്തെന്നു ഞാൻ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂർത്തിയാക്കി. എന്നാൽ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി. 

 

ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചോ ?

 

താൽപര്യമില്ല. ഇവരൊക്കെയാണോ എന്റെ സിനിമകളിൽ തീരുമാനമെടുക്കേണ്ടത്. എനിക്കു പോകാൻ പറ്റാത്ത ഇടമാണെങ്കിൽ പിന്നെ ഞാൻ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാൻ പോകാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം നഷ്ടങ്ങൾ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്.

 

ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. 

 

സമ്മർ ഇൻ ബത്‌‌ലഹേം രണ്ടാം ഭാഗം

 

വർഷങ്ങൾക്കു മുൻപ് രഞ്ജിത്ത് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മഞ്ജു വാരിയർ സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയമായിരുന്നു അത്. മഞ്ജു ഇല്ലാതെ തന്നെ ചെയ്യാമെന്നു രഞ്ജിത്ത് പറഞ്ഞു. എന്നാൽ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നു പിന്തുണ കിട്ടിയില്ല. രണ്ടാം ഭാഗത്തിനു സാധ്യത നിലനിൽക്കുന്നു എന്നു മാത്രമേ പറയാനാകൂ. 

 

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വച്ച് ഒരു സിനിമ ഇനി യാഥാർഥ്യമാകുമോ ?

 

എന്നെ ആവശ്യമാണെന്നു അവർക്കു കൂടി തോന്നണം. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ട്. മമ്മൂട്ടി തയ്യാറാണോ എന്നറിയില്ല. മോഹൻലാലിന്റെ കാര്യത്തിൽ കടമ്പകൾ കടക്കാനുള്ള മടി കാരണം ഞാനായിട്ട് ശ്രമം നടത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com