ADVERTISEMENT

‘ഡാർവിന്റെ പരിണാമം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഡോ. ഹന്ന റെജി കോശി. രക്ഷാധികാരി ബൈജു, എന്റെ മെഴുതിരി അത്താഴങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത ഹന്ന സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്ത് മിസ് ഇന്ത്യ സൗത്ത്, മിസ് യൂണിവേഴ്സ് ഇന്ത്യ 2018 തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ച് ആദ്യത്തെ മൂന്നും അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മിസ് ക്യാറ്റ് വോക്ക്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് കൺജീനിയാലിറ്റി തുടങ്ങി ഒട്ടേറെ ടൈറ്റിലുകൾ സ്വന്തമാക്കിയ താരം ഡെന്റിസ്ട്രിയിൽ ബിരുദം നേടിയതിനു ശേഷമാണ് കലയുടെ ലോകത്തേക്ക് ചുവടുമാറ്റിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച ‘തീർപ്പ്’ എന്ന ചിത്രത്തിലെ പ്രഭാ നായർ എന്ന വേഷം ചെയ്‌തുകൊണ്ട് ഹന്ന വീണ്ടും സിനിമാലോകത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. പേരിനൊരു സ്ത്രീകഥാപാത്രമായി ഒതുങ്ങിപ്പോകാതെ അഭിനയപ്രാധാന്യമുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് ഹന്ന പറയുന്നു. ഹന്നയുടെ ഈ മടങ്ങിവരവ് വെറുതെയല്ല. അഭിനയം മാത്രമല്ല സിനിമയുടെ മറ്റെല്ലാ മേഖലയിലും കൈവയ്ക്കണമെന്നു ഹന്ന പറയുമ്പോൾ മലയാള സിനിമയിൽ ശക്തമായ മറ്റൊരു സ്ത്രീസാന്നിധ്യത്തിന് വഴിയൊരുങ്ങുകയാണ്. തീർപ്പിലെ പ്രഭയുടെ വിശേഷങ്ങളുമായി ഡോ. ഹന്ന റെജി കോശി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

നിഗൂഢത പേറുന്ന തീർപ്പിലെ പ്രഭ നായർ

തീർപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെ നല്ല അനുഭവം ആയിരുന്നു. ഒരുപാട് പ്രഗത്ഭരായ കലാകാരന്മാർ ഉള്ള സെറ്റായിരുന്നു. പ്രഭ നായർ എന്ന കഥാപാത്രം എനിക്ക് തന്നതിന് സിനിമയുടെ മുഴുവൻ ടീമിനോടും നന്ദിയുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി സ്ക്രീൻ ടെസ്റ്റ് ഉണ്ടായിരുന്നു. ആദ്യം എന്നെ കണ്ടത് സംവിധായകൻ രതീഷ് അമ്പാട്ട് ആണ്. അതിനുശേഷം വിജയ് ബാബു സർ, മുരളി ഗോപി സർ എന്നിവരാണ് സ്ക്രീൻ ടെസ്റ്റിന് ഉണ്ടായിരുന്നത്. കുറേനാൾ കഴിഞ്ഞ് എന്നെ സെലക്ട് ചെയ്തുവെന്ന് അവർ അറിയിച്ചു. കോവിഡ് കാലത്തായിരുന്നു ഷൂട്ടിങ്. ആലപ്പുഴ, എറണാകുളം ഭാഗത്തായിരുന്നു ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ക്രൂവിൽ ആളുകൾ വളരെ കുറവായിരുന്നു. പ്രഭയുടെ ലുക്കിലേക്ക് എന്നെ എത്തിച്ചത് വസ്ത്രാലങ്കാരം ചെയ്ത സമീറ സനീഷും മേക്കപ്പ് ചെയ്ത ശ്രീജിത്ത് ഗുരുവായൂരും ആണ്. ചിത്രം റിലീസ് ചെയ്തപ്പോൾ എന്റെ കഥാപാത്രം ഇഷ്ടമായി എന്ന് ഒരുപാടുപേർ പറയുന്നുണ്ട്.

hannah-reji

പ്രഭ നിഗൂഢത പേറുന്ന ഒരു കഥാപാത്രമാണെന്ന് ആദ്യം മുതൽ തന്നെ നമുക്ക് മനസിലാകും. ബിസിനസ് മൈൻഡ് ഉള്ള ഒരു സ്ത്രീയാണ് പ്രഭ. ആ കഥാപാത്രത്തിന് പല ലയറുകൾ ഉണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും സ്വഭാവത്തിന് പല ലയറുകളുണ്ട്. എല്ലാവർക്കും നെഗറ്റീവും പോസിറ്റീവും ഉണ്ട്. പക്ഷേ എല്ലാവരും ചെയ്യുന്ന കാര്യത്തിന് അവർക്കൊരു ന്യായമുണ്ട്. പ്രഭ എന്തിന് അങ്ങനെ ചെയ്യുന്നു എന്നതിന് അവൾക്ക് അവളുടേതായ ന്യായം പറയാനുണ്ട്. പ്രഭയുടെ കാഴ്ചപ്പാടിൽ അത് ശരിയാണ്. ആ സെറ്റിൽ ഞാൻ ഒരു ഫാൻ ഗേൾ ആയിരുന്നു ഞാൻ മനസ്സിൽ ആരാധിക്കുന്ന വ്യക്തികളാണ് എനിക്ക് ചുറ്റുമുള്ളത്. അവരോടെല്ലാം എനിക്ക് ആരാധനയാണ് ഓരോരുത്തരിലുംനിന്നു ഞാൻ പലതും പഠിക്കുകയാണ്.

സൗന്ദര്യ മത്സരങ്ങൾക്ക് അവധി, സിനിമയിൽ സജീവമാകണം

ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു തുടങ്ങിയവയാണ് എന്റെ ആദ്യകാല ചിത്രങ്ങൾ. പ്രായത്തിലും കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങൾ ആയിരുന്നു അതൊക്കെ. അത് കഴിഞ്ഞു മെഴുതിരി അത്താഴങ്ങൾ, പോക്കിരി സൈമണിലെ അതിഥി വേഷം ഒക്കെ ചെയ്തു. കിട്ടുന്നതെല്ലാം ഒരേതരത്തിലുള്ള കഥാപാത്രമായി തോന്നി. തിരക്കഥാകൃത്തുക്കളും സംവിധായകരും ഒരേതരം റോളിനു തന്നെ എന്നെ വിളിച്ചുകൊണ്ടിരുന്നു. ഒരു നായകന്റെ നായികയായി മാത്രം ഒതുങ്ങി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ അഭിനയപ്രാധാന്യമുള്ള കഥാപാതങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ ഞാൻ ബ്യൂട്ടി പേജെന്റുകൾക്ക് പോകുന്നുണ്ടായിരുന്നു. അതിനു വേണ്ടി ബോഡി ടോൺ ചെയ്യേണ്ടി വരും. സിനിമയും പേജെന്റുകളും കൂടി നടക്കില്ല. അങ്ങനെ സിനിമകൾക്കിടയിൽ ഇടവേള വന്നുകൊണ്ടിരുന്നു. വീണ്ടും സിനിമയിൽ സജീവമാകണം എന്ന് തോന്നിയപ്പോൾ ദൈവാനുഗ്രഹത്താൽ നല്ല പ്രോജക്ടുകൾ തന്നെയാണ് കിട്ടിയത്. തീർപ്പ്, കൂമൻ, എ രഞ്ജിത്ത് സിനിമ അങ്ങനെ കുറെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിൽ എന്റെ യഥാർഥ പ്രായത്തിലുള്ള കഥാപാത്രങ്ങൾ ആണ്. തീർപ്പിലെ കഥാപാത്രം പക്വത ഉള്ളതാണെങ്കിലും എനിക്ക് ആ കഥാപാത്രം ഒരുപാട് ഇഷ്ടമായി.

hanna-reji

പൃഥ്വിരാജിനെ കണ്ടുപഠിക്കാൻ ശ്രമിച്ചു, പക്ഷേ

പൃഥ്വിരാജിനോടൊപ്പം ഞാൻ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അധികം സംസാരിക്കാത്ത പ്രകൃതമാണ്. ഞാൻ ഒരുപാട് സംസാരിക്കുന്ന ആളും. ഞാൻ സെറ്റിൽ എല്ലാവരോടും സംസാരിക്കുമായിരുന്നു. പൃഥ്വിരാജ് സാറിന്റെ ഡയലോഗ് ഡെലിവറി കണ്ടിരിക്കാൻ നല്ല രസമാണ്. വലിയ വലിയ ഡയലോഗ് ഒക്കെ ഒരൊറ്റ ടേക്കിൽ ആണ് ചെയ്യുന്നത്. ഓരോ കഥാപാത്രത്തെ ഉള്ളിൽ ആവേശിക്കുന്നത്, അദ്ദേഹത്തിന്റെ മാനറിസം ഇതൊക്കെ കണ്ടുപഠിക്കണം എന്ന് ആഗ്രഹിച്ച് ഞാനിരുന്നു. പക്ഷേ അതൊന്നും കഴിയില്ല എന്നെനിക്കറിയാം. അവരൊക്കെ എത്രയോ വർഷത്തെ ആത്മസമർപ്പണം കൊണ്ട് നേടിയെടുത്ത കഴിവുകളാണ് അതെല്ലാം. വളരെ ചെറിയ മൂവ് പോലും എത്ര ശ്രദ്ധയോടെയാണ് ചെയ്യുന്നത്. സിനിമയെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള ആളാണ് അദ്ദേഹം.

മജെസ്റ്റിക് ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് സാറിനൊപ്പം ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന് ഒരു മജെസ്റ്റിക് അപ്പീൽ ആണ്. തീർപ്പിൽ വളരെ ഗൗരവമുള്ള പൊലീസ് കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ആ ഒരു ഗംഭീര ലുക്ക് അദ്ദേഹത്തിനുണ്ട്. അദ്ദേഹവും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. എല്ലാവരും എന്നെ ഒരു കുട്ടിയെപ്പോലെ ആണ് കണ്ടത്. വളരെ കുറച്ചു രംഗങ്ങള അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളെങ്കിലും ആ കഥാപാത്രം സിനിമയിൽ വളരെ പ്രാധാന്യമുള്ളതാണ്. അതിനോട് അദ്ദേഹം നൂറു ശതമാനം നീതി പുലർത്തുകയും ചെയ്തു.

കൃത്യനിഷ്ഠയുള്ള സൈജു കുറുപ്പ്

എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം അഭിനയിച്ചു. തീർപ്പ് അദ്ദേഹത്തോടൊപ്പം രണ്ടാമത്തെ ചിത്രമാണ്. അദേഹത്തിന്റെ ഭാര്യയുടെ വേഷമാണ് തീർപ്പിൽ ചെയ്തത്. വളരെ കൂളായി അഭിനയിക്കുന്ന ആളാണ് സൈജു കുറുപ്പ്. കൂടെ അഭിനയിക്കുന്നവർക്ക് നല്ല പിന്തുണ തരുന്ന വ്യക്തിയാണ്. എന്ത് സംശയം ചോദിച്ചാലും പറഞ്ഞു തരും. ഇത് എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ അതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. അദ്ദേഹത്തിൽ കണ്ട മറ്റൊരു പ്രത്യേകത കൃത്യനിഷ്ഠ പാലിക്കുന്ന വ്യക്തിയാണ് എന്നുള്ളതാണ്. കൃത്യനിഷ്ഠ പുലർത്തുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗമായതുകൊണ്ട് ഞാൻ അത് ശ്രദ്ധിച്ചിരുന്നു.

വിജയ് ബാബു എന്ന സഹൃദയൻ

hanna-renj

ഭയങ്കര ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ് വിജയ് സർ. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്‌ഷൻ പറയുമ്പോൾ ഞാൻ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീർന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്‌ഷൻ കേൾക്കുമ്പോൾത്തന്നെ കഥാപാത്രമായി മാറും. സൗഹൃദത്തോടെ പെരുമാറുന്ന, സഹൃദയനായ, നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സർ.

തട്ടത്തിൻ മറയത്തിലെ പെൺകുട്ടി

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഇഷയെ കണ്ട ഓർമയിലാണ് ഞാൻ സെറ്റിൽ ഇഷയോട് ഇടപെട്ടത്. സത്യം പറഞ്ഞാൽ ആ സിനിമയിൽ കണ്ട കുട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇഷയെ ആണ് ഞാൻ കണ്ടത്. ഒരുപാട് സംസാരിക്കുന്ന, ചിരിക്കുന്ന, സൗഹൃദത്തോടെ ഇടപെടുന്ന കലാകാരിയാണ് ഇഷ. സ്കൂൾ, കോളജ് കാലത്ത് ഞാൻ സിനിമയിൽ കണ്ട് ആരാധിച്ചിരുന്നവരാണ് ഇവരൊക്കെ. ഇവരുടെയൊക്കെ ഫാൻ ഗേൾ ആയി വളർന്നു വന്ന എനിക്ക് ഈ താരങ്ങളെ അടുത്ത് കണ്ടപ്പോൾ തോന്നിയത് ഒരു ജാഡയുമില്ലാത്ത കലയോട് കൂറുള്ള ഒരു വ്യക്തികളായിട്ടാണ്.

രതീഷ് അമ്പാട്ട് കൂൾ ആയ സംവിധായകൻ

തീർപ്പിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ആദ്യം പോയി കണ്ടത് രതീഷ് സാറിനെ ആണ്. സംവിധായകൻ ആണ്, സ്ട്രിക്ട് ആയിരിക്കുമോ എന്നൊക്കെ പേടിച്ചാണ് ഞാൻ അടുത്ത് ചെന്നത്. പക്ഷേ ഞാൻ പ്രതീക്ഷിച്ചതുപോലെയല്ല അദ്ദേഹം, വളരെ സൗഹൃദത്തോടെ ഇടപെടുന്ന ആളാണ്. ഇങ്ങനെ നിൽക്കണം, ഇങ്ങനെ നോക്കണം അങ്ങനെ ഓരോ ചെറിയ കാര്യം പോലും പറഞ്ഞു തരും. എല്ലാ സീനിനെക്കുറിച്ചും വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. ഛായാഗ്രാഹകൻ സുനിൽ ചേട്ടനും രതീഷ് സാറും ചേർന്ന് സൃഷ്ടിക്കുന്ന ഓരോ സീനും വളരെ റിച്ച് ആണ്. ഇവർ രണ്ടും ഒരുമിച്ച് ചെയ്ത സിനിമയാണല്ലോ കമ്മാര സംഭവം. അതിന് വേറൊരു റിച്ച്നെസ്സ് ആണ്. കഥാപാത്രം മെച്ചപ്പെടുത്താനായി എത്ര പ്രാവശ്യം പറഞ്ഞു തരാനും അദ്ദേഹം ഒരുക്കമാണ്. ഞാൻ ചോദിക്കുന്ന ഓരോ സംശയത്തിനും വളരെ ക്ഷമയോടെ ഉത്തരം തരും. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്.

മുരളി ഗോപി എന്ന ജീനിയസ്

മുരളി സർ മിക്കപ്പോഴും സെറ്റിൽ ഉണ്ടായിരുന്നു. എനിക്ക് എന്നെങ്കിലും ക്യാമറയ്ക്ക് പിന്നിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ട് ഒരു വലിയ തിരക്കഥാകൃത്തായ അദ്ദേഹത്തെ കണ്ടു സംസാരിക്കാൻ കഴിയുന്ന അവസരം ഞാൻ നഷ്ടപ്പെടുത്തിയില്ല. അദ്ദേഹം വരുമ്പോഴൊക്കെ ഞാൻ അടുത്ത് ചെന്ന് ശല്യപ്പെടുത്തും. വല്ലപ്പോഴുമാണ് അദ്ദേഹത്തെപ്പോലെയുള്ളവരെ അടുത്ത് കിട്ടുന്നത്. സർ എങ്ങനെയാണ് ഒരു കഥ മനസ്സിലിട്ട് വളർത്തുന്നത്, എങ്ങനെയാണ് പ്രചോദനമുണ്ടാകുന്നത് അങ്ങനെയൊക്കെ ചോദിക്കുമ്പോ വളരെ രസകരമായി എല്ലാം പറഞ്ഞുതരും. വലിയൊരു ജീനിയസായ എഴുത്തുകാരനായ അദ്ദേഹം ഒരു തുടക്കക്കാരിയായ എന്നോട് വളരെ സ്നേഹത്തോടും ക്ഷമയോടെയുമാണ് പെരുമാറിയത്. പ്രഭ ആയി മാറാൻ അദ്ദേഹത്തിന്റെ പിന്തുണ ഒരുപാട് സഹായിച്ചു. സിനിമ പഠിക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർഥി എന്ന നിലയിൽ തീർപ്പിന്റെ സെറ്റ് എനിക്കൊരു ക്രാഷ് കോഴ്സ് പോലെ ആയിരുന്നു. സുനിൽ ചേട്ടനോട് ക്യാമറയെപ്പറ്റിയും സംവിധായകനോട് ഡയറക്‌ഷനെപ്പറ്റിയും ചോദിച്ച് മനസ്സിലാക്കി, ഓരോ താരവും എങ്ങനെയാണ് കഥാപാത്രമായി മാറുന്നത് എന്ന് കണ്ടു പഠിക്കാൻ ശ്രമിച്ചു. തീർപ്പിൽ അഭിനയിച്ചതു കാരണം ഒരുപാട് പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.

മോഡലിങ് സ്വപ്നം കണ്ട കൗമാരം

ചെറിയ കുട്ടി ആയിരുന്നപ്പോൾ മുതൽ ഒരു മോഡൽ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയത്താണ് ഞാൻ ബ്യൂട്ടി പേജെന്റുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അന്നുമുതൽ തുടങ്ങിയ ഇഷ്ടമാണ്. ഞാൻ ഇഷ്ടപ്പെട്ട മേഖലയിൽ തന്നെ എത്തിപ്പെടാൻ കഴിഞ്ഞു. 2015 ലെ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഞാൻ ടോപ് സിക്സിൽ എത്തി, മിസ് പഴ്സനാലിറ്റി എന്ന ടൈറ്റിലും ലഭിച്ചു. മിസ് ക്വീൻ ഇന്ത്യ 2016 എന്ന മത്സരത്തിൽ മിസ് ക്യാറ്റ് വാക്ക്, മിസ് ബ്യൂട്ടിഫുൾ സ്കിൻ എന്ന ടൈറ്റിലുകൾ നേടി. ആ മത്സരത്തിൽ ടോപ് ഫൈവിൽ എത്തിയിരുന്നു. ഫെമിന മിസ് ഇന്ത്യ കേരളം 2017 ൽ ടോപ് ത്രീ ആയിരുന്നു. മിസ് ഇന്ത്യ യൂണിവേഴ്‌സ് മിസ് ദിവ 2018 തുടങ്ങിയ പേജെന്റുകളിൽ മിസ് കോൺജീനിയാലിറ്റി എന്ന ടൈറ്റിലും തേഡ് റണ്ണർ അപ്പും ആയി. മോഡലിങ് ചെയ്തു തുടങ്ങിയതിനു ശേഷമാണു എനിക്ക് സിനിമയിൽ നിന്ന് ഓഫറുകൾ വന്നത്. മാക്‌സോ ഏജൻസി എന്ന ടീം ആണ് എന്നെ സിനിമയിൽ എത്താൻ സഹായിച്ചത്. അവരിലൂടെയാണ് ഞാൻ "ഡാർവിന്റെ പരിണാമം" എന്ന സിനിമയിലെത്തിയത്. 2018 ൽ ആണ് ഞാൻ അവസാനമായി ബ്യൂട്ടി പേജന്റിന് പോയത്. ഇപ്പോൾ നല്ല നല്ല സിനിമകളും വേഷങ്ങളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് സിനിമയിൽ തന്നെ കാലുറപ്പിക്കാൻ ആണ് തീരുമാനം. ഇപ്പോൾ അഭിനയമാണ് എന്റെ പാഷൻ. വളരെ വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്.

റഫ് ആൻഡ് ടഫ് ആയ കഥാപാത്രങ്ങൾ ചെയ്യണം

എനിക്ക് ചെയ്യാൻ ആഗ്രഹം ഹോളിവുഡ് ചിത്രങ്ങളിൽ ഒക്കെ കാണുന്നപോലെയുള്ള ബോൾഡ് കഥാപാത്രങ്ങളാണ്. സ്ത്രീത്വം തുളുമ്പുന്ന സുന്ദരികളായി ഒരുക്കി നിർത്തുന്ന കഥാപാത്രങ്ങൾ അല്ല എനിക്കിഷ്ടം. ഫെമിനിറ്റി ഒട്ടുമില്ലാത്ത റഫ് ആൻഡ് ടഫ് ആയ കഥാപാത്രങ്ങൾ, തലമുടി ഒക്കെ ഷേവ് ചെയ്യുന്നത്രയും എക്സ്ട്രീം ആയ കഥാപാത്രത്തിലേക്ക് പകർന്നാടാൻ കഴിയുന്ന വേഷങ്ങൾ ചെയ്യണം. ഹന്ന എന്ന പെൺകുട്ടി ആണ് അത് ചെയ്തത് എന്ന് തോന്നരുത്. ഓഫ് ബീറ്റ് ആയ, കൊമേർഷ്യൽ അല്ലാത്ത, ഗ്ലാമർ ഒട്ടുമില്ലാത്ത കഥാപാത്രങ്ങളും ചെയ്യാൻ ഇഷ്ടമാണ്. ഒരു നായികയ്ക്ക് വേണ്ടി മാത്രമുള്ള ഒരു വേഷം. പ്രണയവും പാട്ടും അത്തരത്തിലുള്ള കഥാപാത്രം ചെയ്യുന്നത് മടുപ്പാണ്. ഹോളിവുഡിൽ എന്തെല്ലാം വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് സ്ത്രീകൾക്ക് കിട്ടുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കൊതിയാണ്. മലയാളത്തിൽ ഫഹദ് ഫാസിൽ സർ ചെയ്യുന്ന കഥാപാത്രങ്ങൾ ഓരോന്നും ഏറെ വ്യത്യസ്തമാണ്. സിനിമയിൽ നമുക്ക് ഫഹദ് സാറിനെ കാണാനേ കഴിയില്ല. അതുപോലെ നല്ല വേഷങ്ങൾ ചെയ്യാൻ കഴിയണം. എന്നെങ്കിലും ഒരു തിരക്കഥാകൃത്തോ സംവിധായികയോ ആകണമെന്ന് ആഗ്രഹമുണ്ട്. അന്ന് ഞാൻ കഥ എഴുതുകയാണെങ്കിൽ ഞാൻ ഈ പറഞ്ഞതുപോലെയുള്ള കഥാപാത്രങ്ങൾ ആയിരിക്കും എഴുതുക. എനിക്കും അത്തരത്തിലുള്ള സ്ക്രിപ്റ്റുകൾ വരണം എന്ന് ആഗ്രഹിക്കുന്നു.

കുടുംബം തരുന്ന പിന്തുണ

ഞാൻ എറണാകുളത്ത് ജനിച്ചു വളർന്നതാണ്. പപ്പ, മമ്മ, ഗ്രാൻഡ് മദർ, എന്റെ പൂച്ചക്കുട്ടികൾ ഇതാണ് എന്റെ കുടുംബം. ഞാൻ ഒറ്റക്കുട്ടി ആണ്. എന്റെ കുടുംബത്തിൽ സിനിമയിൽ എത്തിയ ആരുമില്ല. തുടക്കത്തിൽ ഞാൻ മോഡലിങ്ങിലേക്കും സിനിമയിലേക്കുമൊക്കെ തിരിയുന്നത് വീട്ടുകാർക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഒരു പ്രഫഷനൽ കോഴ്സ് കഴിഞ്ഞു മാത്രമേ മറ്റെന്തെങ്കിലും ശ്രമിക്കാവൂ എന്ന് പപ്പാ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഡെന്റിസ്ട്രി പഠിച്ച് ഡെന്റിസ്റ്റ് ആയതിനു ശേഷമാണ് ഞാൻ മോഡലിങ്ങിലേക്ക് തിരിഞ്ഞത്. മോഡലിങ്, സിനിമ ഒന്നും വിജയിച്ചില്ലെങ്കിൽ കയ്യിൽ ഒരു തൊഴിൽ ഉണ്ടാകണം. അതാണ് എനിക്ക് എല്ലാ കുട്ടികളോടും പറയാനുള്ളത്. കുടുംബത്തിന് എന്നെ ഇപ്പോൾ വിശ്വാസമായി എന്ന് തോന്നുന്നു.

പുതിയ ചിത്രങ്ങൾ

ജീത്തു ജോസഫ് സാറിന്റെ ആസിഫ് അലി ചിത്രമായ കൂമനിൽ നായിക ആയി അഭിനയിച്ചു. അത് റിലീസിന് തയാറെടുക്കുന്നു. നിഷാന്ത് സാട്ടു സംവിധാനം ചെയ്ത 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'ഒരു റൊണാൾഡോ ചിത്ര'ത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. റിനോയ് കല്ലൂർ ആണ് സംവിധാനം. ഒരു ഹിന്ദി വെബ് സീരീസ് ചെയ്യുന്നുണ്ട്. മറ്റു ചില പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com