എനിക്ക് അഭിനയം വഴങ്ങുമോ എന്നതിന്റെ ഉത്തരമാണ് കണ്ണൻ കുറുപ്പ്: വിഷ്ണു വിനയ് അഭിമുഖം
Mail This Article
പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയം വിനയൻ എന്ന സംവിധായകന് അനിവാര്യമായ ഒന്നായിരുന്നു. തിരിച്ചുവരാൻ നടത്തുന്ന ആ വലിയ ശ്രമത്തിലും പുതിയ താരങ്ങളെ കൈപിടിച്ചുയർത്താൻ വിനയൻ നടത്തിയ ശ്രമം എടുത്തു പറയേണ്ടതാണ്. സിജു വിൽസൺ എന്ന താരത്തെ ഒരു ആക്‌ഷൻ ഹീറോയായി അവതരിപ്പിച്ചതിനോടൊപ്പം വിഷ്ണു വിനയ് എന്ന സ്വന്തം മകന് ഏറെ പ്രസക്തിയുള്ള കണ്ണൻ കുറുപ്പ് എന്ന കഥാപാത്രം കൊടുക്കുക എന്ന റിസ്കും വിനയൻ ഏറ്റെടുത്തു. തിരക്കഥാ രചന മുതൽ സിനിമയുടെ പിറവിയിൽ ഒപ്പമുണ്ടായിരുന്ന മകന്റെ കയ്യിൽ കണ്ണൻ കുറുപ്പ് എന്ന പ്രധാന കഥാപാത്രം ഭദ്രമായിരിക്കുമെന്ന് വിനയന് ബോധ്യമുണ്ടായിരുന്നു. അച്ഛന്റെ വിലയിരുത്തൽ തെറ്റിയില്ല എന്ന് മകൻ വിഷ്ണുവും തെളിയിച്ചു. വ്യത്യസ്തമായ മനസികാവസ്ഥയ്ക്ക് ഉടമയായ ഒരുപാട് ലയറുകളുള്ള കണ്ണൻ കുറുപ്പ് എന്ന കഥാപാത്രം പത്തൊൻപതാം നൂറ്റാണ്ടിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കാലം അടയാളപ്പെടുത്തും. അച്ഛൻ അനുഭവിച്ച അഗ്നിപരീക്ഷകൾ അടുത്തുനിന്ന് കണ്ടുവളർന്ന താൻ അച്ഛന് തുണയായി സിനിമയിൽ ഉണ്ടാകണമെന്ന് ഉറപ്പിച്ചിരുന്നു എന്ന് വിഷ്ണു പറയുന്നു. കണ്ണൻ കുറുപ്പിന്റെ വിജയം അഭിനയത്തിൽ പുതിയ സാധ്യത തേടാനുള്ള ആത്മവിശ്വാസം തരുന്നുണ്ടെന്നും മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ വിഷ്ണു കൂട്ടിച്ചേർത്തു.
വിനയന്റെ മകൻ സിനിമയിലേക്ക്
ചെറുപ്പത്തിൽ അച്ഛന്റെ സെറ്റിൽ പോകുമായിരുന്നു. രണ്ടു ചിത്രങ്ങളിൽ ദിലീപേട്ടന്റെ ചെറുപ്പകാലം ചെയ്തിട്ടുണ്ട്. ഒന്ന് കല്യാണ സൗഗന്ധികം ആണ്, അതിൽ രണ്ടു ഷോട്ട് മാത്രമേ ഉള്ളൂ. പിന്നെ ഒന്ന് അനുരാഗ കൊട്ടാരം അതിലും ദിലീപേട്ടന്റെ ചെറുപ്പകാലം ആണ് ചെയ്തത്. പഠനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ മുതൽ ഞാൻ അച്ഛന്റെ പ്രൊഡക്‌ഷൻ കമ്പനിയിലും ഡിസ്ട്രിബ്യൂഷൻ കമ്പനിയിലും പ്രവർത്തിക്കുന്നുണ്ട്. 2017-ൽ എന്റെ സുഹൃത്തിന്റെ 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന സിനിമയിൽ ആണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അച്ഛന്റെ ആകാശഗംഗ 2–ൽ ഞാൻ ഒരു കഥാപാത്രം ചെയ്തിട്ടുണ്ടായിരുന്നു. അതിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. സിനിമ ഷൂട്ടിങ് തുടങ്ങി ഞാൻ അഭിനയിക്കുന്നതിന് മൂന്നാഴ്‌ച മുൻപ് വരെ ഞാൻ അതിൽ ഉണ്ടാകും എന്ന് കരുതിയില്ല. എന്നെക്കൊണ്ട് പറ്റുമോ ഇല്ലേ എന്ന് അച്ഛന് സംശയം ഉണ്ടായിരുന്നിരിക്കാം. പ്രശസ്തരായ മറ്റു താരങ്ങളെ അച്ഛൻ തേടിക്കൊണ്ടിരുന്നു. പക്ഷേ ഒടുവിൽ അച്ഛൻ എന്നോട് പറഞ്ഞു, ‘നീ അത് ചെയ്യൂ’ എന്ന്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ സ്ക്രിപ്റ്റ് അച്ഛൻ എഴുതി തുടങ്ങുമ്പോൾ മുതൽ ഞാൻ കൂടെയുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും എനിക്ക് മനഃപാഠമാണ്. സ്ക്രിപ്റ്റ് എഴുതി ഒരു പോയിന്റ് എത്തിയപ്പോൾ അച്ഛൻ പറഞ്ഞു, ‘കണ്ണൻ കുറുപ്പ് നീ തന്നെ ചെയ്യൂ’ എന്ന്. മുൻപ് ചെയ്ത സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കഥാപാത്രങ്ങൾ കണ്ടപ്പോൾ ഞാൻ ശ്രമിച്ചാൽ അഭിനയിക്കാൻ കഴിയും എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകും. കണ്ണൻ കുറുപ്പ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാനും അച്ഛനും ഒരുപാട് സംസാരിച്ചിട്ടുണ്ട്. കഥാപാത്രം എന്റെ മനസ്സിൽ കയറികൂടിയിരുന്നു. പക്ഷേ ഇത്രയും വലിയൊരു സിനിമയിൽ ഒരു കഥാപാത്രം ചോദിക്കാനൊന്നും എനിക്ക് ഉദ്ദേശമില്ലായിരുന്നു. അച്ഛൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ചെയ്തത്. സിജു വിൽസൺ കഥാപാത്രത്തിന് വേണ്ടിയുള്ള പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം കളരിയും കുതിര സവാരിയും വെയ്റ്റ് ട്രെയിനിങ്ങും ഒക്കെ എനിക്കും ചെയ്യാൻ പറ്റി. കഥാപാത്രമാകാൻ സിജു തയാറെടുത്തതുപോലെ തന്നെ എനിക്കും ചെയ്യാൻ കഴിഞ്ഞു. അതൊക്കെ ഈ കഥാപാത്രം നന്നാകാൻ സഹായിച്ചു.
കണ്ണൻ കുറുപ്പ് വിജയിച്ചതിൽ സന്തോഷം
പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രത്തിൽ ഉള്ള കുറേ കഥാപാത്രങ്ങളുണ്ട്. പക്ഷേ ഒരു സിനിമയാകുമ്പോൾ സാങ്കൽപ്പിക കഥാപാത്രങ്ങളും കുറെ ഉണ്ടാകും. അങ്ങനെ അച്ഛൻ ഉണ്ടാക്കിയ ഒരു കഥാപാത്രമാണ് കണ്ണൻ കുറുപ്പ്. കണ്ണൻ കുറുപ്പിനെപ്പറ്റി എവിടെയും എഴുതി കണ്ടിട്ടില്ല. കണ്ണൻ കുറുപ്പും ആറാട്ടുപുഴ വേലായുധപ്പണിക്കരും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് സിനിമയുടെ അവസാനം മനസിലാകും. അങ്ങനെ നോക്കുമ്പോൾ അതിനൊരു ചരിത്ര പ്രസക്തിയുണ്ട്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും തുടക്കം മുതൽ ഒടുക്കം വരെ ഒരേ മാനസികാവസ്ഥയിൽ ആണ്, അവരെല്ലാം ഒരേ ഗ്രാഫിൽ പോകുന്നവരാണ്. കണ്ണൻ കുറുപ്പിന് മാത്രമാണ് ഒരു മാറ്റം സംഭവിക്കുന്നത്. ആ രീതിയിൽ വളരെ രസകരമായ കഥാപാത്രമാണ് അത്. ഇതൊരു നല്ല രസമുള്ള കഥാപാത്രമാണെന്ന് സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ക്യാമറാമാൻ ഷാജിഏട്ടനും മറ്റു പലരും പറയുമായിരുന്നു. അതുകൊണ്ടു തന്നെ അവരെല്ലാവരും ഈ കഥാപാത്രത്തെപ്പറ്റി എന്നോട് ഇടയ്ക്കിടെ സംസാരിക്കും.
ഞാൻ ആദ്യം അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌തെങ്കിലും ഷൂട്ടിങ് തുടങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു കഥാപാത്രത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന്. എല്ലാം കൂടി കൈകാര്യം ചെയ്യാനുള്ള എക്സ്പീരിയൻസ് എനിക്കായിട്ടില്ല എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകും. എനിക്ക് ആ കഥാപാത്രമായി മാറാൻ ഒരുപാടു സമയമുണ്ടായിരുന്നു. കൂടെ ഉള്ള എല്ലാവരും എനിക്ക് വളരെ നല്ല സപ്പോർട്ട് തന്നു. ഒരു ബിഗ് ബജറ്റ് സിനിമയിൽ ഞാൻ കാരണം ഒരു കുഴപ്പം ഉണ്ടാകാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കഥാപാത്രം നന്നായി എന്ന് എല്ലാവരും പറയുമ്പോൾ വലിയ സന്തോഷം.
സിജു വിൽസൺ ഒരു മാതൃക
അച്ഛൻ സിജുവിനെ വിളിച്ച് വരുത്തിയപ്പോൾ സംശയത്തോടെയാണ് അദ്ദേഹം വന്നത്. പക്ഷേ കഥ കേട്ടിട്ട് സിജു തിരിച്ചു പോകുമ്പോൾ വളരെ ചാർജ്ഡ് ആയിട്ടാണ് പോയത്. അച്ഛൻ സിജുവിനോട് ഈ കഥാപാത്രത്തെപ്പറ്റി അത്രത്തോളം സംസാരിച്ചിട്ടുണ്ട്. സിജു പോയിക്കഴിഞ്ഞ് ഇടയ്ക്കിടെ വിളിക്കും, "സാർ ഈ പ്രോജക്റ്റ് നടക്കുമല്ലോ അല്ലെ, എനിക്ക് ഈ കഥാപാത്രം ചെയ്യണം" എന്നൊക്കെ പറയും. ജൂണിൽ ആണ് ഈ സിനിമ കൺഫേം ആകുന്നത്. അതൊരു വലിയ സംഭവമായിരുന്നു. ഇത്രയും പണം മുടക്കി ഒരു സിനിമ എടുക്കുന്ന പ്രൊഡ്യൂസർ മുൻനിര താരം അല്ലാത്ത ഒരാളെ നായകനാക്കാൻ സമ്മതിക്കുക എന്ന് പറയുന്നത് അപ്രതീക്ഷിതമാണ്. ഗോകുലം ഗോപാലൻ സർ അതിനു സമ്മതിച്ചതുകൊണ്ടാണ് ഈ പടം നടന്നത്. പടം ഓൺ ആയത് മുതൽ ഷൂട്ടിങ് കഴിയുന്നത് വരെ ഈ സിനിമയ്ക്ക് വേണ്ടിയാണ് സിജു ജീവിച്ചത്. ആറുമാസം തുടർച്ചയായ പരിശീലനങ്ങൾ, അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി പോലും നന്നാക്കാൻ ഒരുപാട് ശ്രദ്ധിച്ചു. ഈ കഥാപാത്രത്തിന് വേണ്ടി മനസ്സർപ്പിച്ച് അത് വളരെ മനോഹരമായി ചെയ്ത സിജു ശരിക്കും പറഞ്ഞാൽ എല്ലാവർക്കും ഒരു പ്രചോദനമാണ്. ഇതുപോലെ ഓരോ താരങ്ങൾ ധൈര്യം കാണിച്ചാൽ അത് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. കാരണം സംവിധായകന്മാർക്ക് പുതിയ പുതിയ താരങ്ങളെ കിട്ടും. സിജു എല്ലാ താരങ്ങൾക്കും മാതൃകയാണ്.
സിനിമയുടെ വിജയം
കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷം അച്ഛൻ പലതും അനുഭവിച്ചു. ഒടുവിൽ ഒരു സിനിമ ചെയ്തു പ്രൂവ് ചെയ്തേ പറ്റൂ എന്ന അവസ്ഥയിൽ ആയിരുന്നു. ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത് മുതൽ അച്ഛൻ വളരെ എക്സ്സൈറ്റഡ് ആയിരുന്നു. അച്ഛൻ ഒരുപാടു വായിച്ചു, ഒരുപാടു സിനിമകൾ കണ്ടു. വേലായുധപ്പണിക്കരും നങ്ങേലിയും ഈ കഥയും ഒക്കെ അച്ഛന്റെ മനസ്സിൽ ഉറച്ചുപോയിരുന്നു. സ്ക്രിപ്റ്റ് എഴുതി ഒരുപാടുപ്രവശ്യം വായിച്ചും തിരുത്തിയും മറ്റു സാങ്കേതിക പ്രവർത്തകരോട് ചർച്ച ചെയ്തും ഇതുവരെ ഇല്ലാത്തപോലെയുള്ള അധ്വാനം ഈ സിനിമയ്ക്ക് വേണ്ടി ചെയ്തു. അതിന്റെ ഒരു റിസൾട്ടാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ മൂന്നുകൊല്ലം അച്ഛൻ നന്നായി കഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ സിനിമകളിൽ ഏറ്റവും ടെക്നിക്കൽ ആയി പെർഫെക്റ്റ് ആയ സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്നാണു കിട്ടുന്ന പ്രതികരണങ്ങൾ. അച്ഛൻ വളരെ സന്തോഷവാനാണ്.
അഗ്നിപരീക്ഷകൾ അതിജീവിച്ച്
മലയാള സിനിമയിൽ അച്ഛൻ വിലക്ക് നേരിട്ട സമയത്ത് ഞാൻ അമേരിക്കയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ ശരിക്കുള്ള അവസ്ഥ എന്തെന്ന് അറിയാതെ ഒറ്റയ്ക്ക് അവിടെ കഴിയുന്നത് ഒരു ശ്വാസം മുട്ടൽ തന്നെ ആയിരുന്നു. ഓൺലൈനിൽ ആണ് പലതും വായിക്കുന്നത്, പലരും അവരുടെ വേർഷൻ ആണ് എഴുതുന്നത്. ഓൺലൈൻ അറ്റാക്കുകൾ കണ്ടു ശരിക്കും വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ അച്ഛനെ വിളിക്കുമ്പോൾ അച്ഛൻ വളരെ കൂൾ ആണ്. പൊരുതി നിൽക്കുന്നതിന്റെ ഒരു സ്പിരിറ്റിൽ ആയിരുന്നു അച്ഛൻ. ഞാൻ വെക്കേഷന് വീട്ടിൽ വരുമ്പോഴും വളരെ ശാന്തനായി ആത്മനിയന്ത്രണത്തോടെ ഇരിക്കുന്ന അച്ഛനെയാണ് കണ്ടിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ സിനിമകൾ ചെയ്യുന്നുണ്ട്.
പല സിനിമകളും വർക്ക്ഔട്ട് ആകാത്തത് കാരണം അച്ഛനെതിരെയുള്ള അറ്റാക്ക് കൂടി കൂടി വന്നു. വിദേശ രാജ്യത്ത് താമസിക്കുന്ന ഞാൻ അച്ഛനെക്കുറിച്ച് ചിന്തിച്ച് ടെൻഷൻ അടിച്ചുകൊണ്ടാണ് കഴിഞ്ഞിരുന്നത്. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഇവിടെ വന്നു അച്ഛനൊപ്പം വർക്ക് ചെയ്യണം എന്ന് തോന്നി. അച്ഛന്റെ കൂടെ നിൽക്കണം എന്ന ആത്മാർഥമായ ആഗ്രഹം കാരണമാണ് സിനിമയിൽ തന്നെ നിൽക്കാൻ തീരുമാനിച്ചത്. പഠനം കഴിഞ്ഞു വന്നപ്പോൾ അച്ഛന്റെ 'ലിറ്റിൽ സൂപ്പർ മാൻ' എന്ന ചിത്രത്തിന്റെ വർക്ക് നടക്കുകയാണ്. അന്ന് മുതൽ ഞാൻ അച്ഛനോടൊപ്പം ഉണ്ട്. വിലക്കുകളോ സോഷ്യൽ മീഡിയ അറ്റാക്കോ അച്ഛനെ ഒട്ടും ഉലച്ചില്ല. സത്യം തന്റെ ഭാഗത്താണ് എന്നായാലും അത് വെളിപ്പെടും ഈ അഗ്നിപരീക്ഷകളെല്ലാം അതിജീവിക്കും എന്ന ഉത്തമബോധ്യം അച്ഛനുണ്ടായിരുന്നു. അച്ഛന് ആവശ്യമായിരുന്ന ഒരു വിജയമാണ് പത്തൊൻപതാം നൂറ്റാണ്ടിന്റേത്. അങ്ങനെ തന്നെ സംഭവിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.
അഭിനയം തുടരും
പത്തൊൻപതാം നൂറ്റാണ്ടിന് വേണ്ടി വേണ്ടി പ്രീ പോസ്റ്റ് പ്രൊഡക്‌ഷനിൽ മുഴുവൻ ഞാൻ പങ്കാളിയായിരുന്നു. ഒരു സംവിധായകൻ ആവുക എന്നുള്ളത് എന്റെ ലക്‌ഷ്യം തന്നെയാണ് എങ്കിലും ഈ സിനിമയുടെയും കണ്ണൻ കുറുപ്പിന്റെയും വിജയം എനിക്ക് പ്രചോദനമാണ്. എനിക്ക് അഭിനയം വഴങ്ങുമോ എന്നുള്ളതിന്റെ ഉത്തരമാണ് കണ്ണൻ കുറുപ്പ്. ഒരുപാടുപേർ എന്നെ വിളിച്ച് കഥാപാത്രം നന്നായി എന്ന് പറയുന്നുണ്ട് അതെനിക്ക് ആത്മവിശ്വാസം തരുന്നുണ്ട്. അഭിനയത്തിൽ അവസരങ്ങൾ വന്നാൽ ഞാൻ ഉറപ്പായും സ്വീകരിക്കും. നല്ലൊരു നടനാകാൻ ഇനിയും ഒരുപാട് സമയമെടുക്കും എങ്കിലും ഇതൊരു തുടക്കമാണ്. മറ്റൊരാൾക്ക് കാണിച്ചു കൊടുക്കാൻ കഴിയുന്ന ഒരു കഥാപാത്രം കയ്യിൽ ഉണ്ടെന്നത് വിശ്വാസം തരുന്നുണ്ട്.