ADVERTISEMENT

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ എന്ന ക്രൈം ത്രില്ലറിൽ പൊലീസ് വേഷത്തിൽ തിളങ്ങുകയാണ് പദ്മരാജ് രതീഷ്.  വെള്ളാരം കണ്ണുകളുള്ള ഈ താരത്തെ കാണുമ്പോൾ തന്നെ പ്രേക്ഷകർ എൺപതുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കും. എൺപതുകളിൽ നായകനായും വില്ലാനായുമൊക്കെ പ്രേക്ഷകരുടെ മനസ്സിൽ കുടിയേറി അകാലത്തിൽ വിടപറഞ്ഞ നടൻ രതീഷിന്റെ മകനാണ് പദ്മരാജ്. അച്ഛന്റെ മരണശേഷം അദ്ദേഹം അനുജനെപ്പോലെ കണ്ടിരുന്ന സുരേഷ് ഗോപിയാണ് തങ്ങളെ ചേർത്ത് പിടിച്ചതെന്ന് പദ്മരാജ് പറയുന്നു. സുരേഷ് ഗോപിക്ക് ലഭിച്ചത് അർഹിക്കുന്ന വിജയമാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുമെന്നും പദ്മരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

കുടുംബം

തമിഴ്‌നാട്ടിൽ ആണ് ഞങ്ങൾ പഠിച്ചതും വളർന്നതും. ഞങ്ങൾ കേരളത്തിൽ വരുന്നത് വെക്കേഷന് മാത്രം ആയിരുന്നു. അച്ഛൻ ഉള്ളപ്പോൾ ഞങ്ങൾ കമ്പത്തായിരുന്നു താമസം.  2014 ൽ ആണ് ഞങ്ങൾ പൂർണമായും കേരളത്തിലേക്ക് മാറുന്നത്.  ഇപ്പോൾ തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ ആണ് താമസിക്കുന്നത്. ചേച്ചിയും അനുജത്തിയും വിവാഹം കഴിഞ്ഞു അവരുടെ കുടുംബവുമായി താമസിക്കുന്നു.  ഫ്‌ളാറ്റിൽ ഞാനും അനുജൻ പ്രണവുമുണ്ട്. അവൻ രണ്ടു സിനിമകളിൽ നായകനായി അഭിനയിച്ചു.  ഇപ്പോൾ സ്ക്രിപ്റ്റ് എഴുത്തു പരിപാടികൾ ആയി ഇരിക്കുന്നു. ചേച്ചി പാർവതി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു.  പിന്നെയും സിനിമ ഓഫറുകൾ വന്നിരുന്നു. വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ട്.  സിനിമ ചെയ്യേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ല മകൾ ഉള്ളതുകൊണ്ട് ജീവിതത്തിൽ തിരക്കുകൾ ആയി എന്ന് മാത്രം.   

വീണ്ടും പൊലീസ്

ഡിഎൻഎ എന്ന സിനിമ ഒരു നാല് വർഷമായി സുരേഷ് ബാബു സാർ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു.  പടം തുടങ്ങുന്നതിനു ഒരുവർഷം മുൻപ് അദ്ദേഹം എന്നെ വിളിച്ച് പടത്തിന്റെ കാര്യം പറഞ്ഞു.  ഒരു പൊലീസ് കഥാപാത്രം എന്നേ പറഞ്ഞിരുന്നുള്ളൂ.  അച്ഛന്റെ കുറെ പടങ്ങൾ ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അച്ഛനുമായി നല്ല അടുത്ത ബന്ധം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം വിളിച്ചപ്പോൾ എനിക്ക് മറിച്ചൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. ഞാൻ ഒരുപാട് സിനിമകളിൽ പൊലീസ് വേഷം ചെയ്തിട്ടുണ്ട്. നീ ഒരു പൊലീസ് യൂണിഫോം തയ്ച്ചു വക്കണം എന്ന് അടുപ്പക്കാർ പറയാറുണ്ട്.  അതുകൊണ്ടു തന്നെ എനിക്ക് പൊലീസ് ആകുക എന്നത് ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. പക്ഷെ ഡിഎൻഎയിലെ കഥാപാത്രം കുറച്ചു വ്യത്യസ്തമാണ്.  സിനിമയിൽ ഉടനീളം ഉള്ള  ഏറെ പ്രാധാന്യമുള്ള റോൾ ആണ് ഡിവൈഎസ്പി ആനന്ദ്, റായി ലക്ഷ്മി ചെയ്ത കമ്മിഷണർ കഥാപാത്രത്തിന്റെ വലംകൈ.  ഞാൻ ഇതിനു മുൻപ് മഹാവീര്യർ എന്ന ചിത്രം ചെയ്തപ്പോൽ സിഐ ഗോപൻ എന്ന സാറിനെ പോയി കണ്ട് സംസാരിച്ച് അദ്ദേഹത്തെ നിരീക്ഷിച്ച് പഠിച്ചിരുന്നു.  ഈ സിനിമ വന്നപ്പോൾ വീണ്ടും ഞാൻ അദ്ദേഹത്തെ വിളിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി.  പിന്നെ എന്റേതായ കുറച്ച് തയാറെടുപ്പുകളും ഉണ്ടായിരുന്നു.   

padmaraj-rathees1h

ഞാൻ പഴയതും പുതിയതുമായ ഒരുപാട് സംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. സുരേഷ് ബാബു സാറിന്റെ സിനിമയിൽ ജോയിൻ ചെയ്തപ്പോൾ ഞാൻ കരുതിയത് അദ്ദേഹം പഴയ ആൾക്കാരെപ്പോലെ സ്ട്രിക്റ്റ് ആയ ആൾ ആയിരിക്കും പഴയ രീതിയിലുള്ള സിനിമാ പ്രവർത്തനം ആയിരിക്കും എന്നൊക്കെയാണ്.  പക്ഷേ അദ്ദേഹം പുതു തലമുറ സംവിധായകരെപ്പോലെ തന്നെ സൗഹൃദവും സ്വാതന്ത്ര്യവും തരുന്ന ആളാണ്. അദ്ദേഹം എന്നും കാലത്തിനൊപ്പം സഞ്ചരിച്ച് അപ്ഡേറ്റഡ് ആയികൊണ്ടിരിക്കുന്ന ആളാണ്. ആർട്ടിസ്റ്റുകൾക്ക് ഒരിക്കലും സമ്മർദ്ദം തരില്ല.  ഞാൻ ചെയ്തത് ഓക്കേ ആണോ ഒന്നുകൂടി ചെയ്യണോ എന്ന് ചോദിച്ചാൽ അദ്ദേഹത്തിന് അതൊന്നും വേണ്ട നീ നന്നായി ചെയ്തു എന്ന് ഉറപ്പ് തരും. അദ്ദേഹം തന്ന ആത്മാവിശ്വാസം വളരെ വലുതാണ്.  സിനിമ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വിലയിരുത്തൽ എത്ര കൃത്യമായിരുന്നു എന്ന് മനസിലായി. സാങ്കേതികതയിൽ ആയാലും മേക്കിങ്ങിൽ ആയാലും പുതിയ കാലത്തെ ആളുകളെപോലെ തന്നെയാണ് അദ്ദേഹം. ഒരു ക്രൈം ത്രില്ലറിൽ ഏറ്റവും വേണ്ടത് ബോറടിക്കാതിരിക്കുക എന്നുള്ളതാണ്, സസ്പെൻസ് നിലനിർത്തിക്കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  ഏറ്റവും വിശ്വാസമുള്ള  ആർട്ടിസ്റ്റുകളെ കൊണ്ട് അദ്ദേഹം സിനിമ ചെയ്യിച്ചതും അതുകൊണ്ടാണ്. സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളും വളരെ നല്ലതാണ്.

എനിക്കു കിട്ടിയ ബ്രേക്ക്

എന്റെ ആദ്യ സിനിമയായ ഫയർമാനു ശേഷം എനിക്ക് ബ്രേക്ക് കിട്ടിയ ഒരു സിനിമയാണ് ഡിഎൻഎ.  ആദ്യ സിനിമക്ക് ശേഷം അധികം പ്രാധാന്യമുള്ള വേഷങ്ങൾ കിട്ടിയില്ല.  ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാനും പരിണമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയത് തന്നെ വില്ലൻ കഥാപാത്രങ്ങൾ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ്.  പിന്നെ പിന്നെയാണ് കാരക്ടർ റോൾ ചെയ്യണം എന്ന് തോന്നിയത്. സംവിധായകർ എന്ത് പറയുന്നു അത് മനസിലാക്കി ചെയ്യുന്ന ആളാണ് ഞാൻ.  സിനിമയിൽ വന്ന് പത്തു വർഷം കഴിഞ്ഞപ്പോൾ ഞാനും ഒരുപാട് വളർന്നിട്ടുണ്ട്.  ഒരു ആക്ടർ എന്ന നിലയിൽ എല്ലാത്തരം വേഷങ്ങളും ചെയ്തു നോക്കണം എന്നാണു ആഗ്രഹം. ഇനി ആയിരിക്കും എന്റെ നല്ല സമയം വരാൻ പോകുന്നത്. ഇനി വരാനുള്ളത് പുഷ്പകവിമാനം എന്ന സിനിമയാണ്, പിന്നെ ധ്യാൻ ശ്രീനിവാസനോടൊപ്പം ഒരു സിനിമയുണ്ട്.

മോഹൻ തോമസ് ആണ് സിനിമയിലേക്ക് വരാനുള്ള പ്രചോദനം 

എന്നെ സിനിമയിലേക്ക് ആകർഷിച്ചത് മോഹൻ തോമസ് തന്നെയാണ്. ഞങ്ങളുടെ കുഞ്ഞുന്നാളിൽ അച്ഛൻ ഒരു സൂപ്പർ താരമായിരുന്നു.  പക്ഷേ അച്ഛന്റെ വലിപ്പവും താരപ്പൊലിമയുമൊന്നും ഞങ്ങൾ കണ്ടിട്ടില്ല.  അച്ഛൻ മരിക്കുമ്പോൾ എനിക്ക് 12 വയസ്സാണ്. ഞാൻ ആദ്യമായി കണ്ട അച്ഛന്റെ സിനിമ കമ്മിഷണർ ആണ്.  അച്ഛൻ 1988നു ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു. ഞാൻ ജനിച്ചത് 90ൽ ആണ്.  ആ സമയത്ത് അച്ഛൻ കമ്പത്ത്  കൃഷിയും ഫാമിങും ചെയ്യുകയാണ്. അച്ഛൻ നടൻ ആണെന്ന് അവിടെയുള്ളവർക്ക് അറിയാം പക്ഷേ ഞങ്ങൾക്ക് അതൊന്നും അറിയില്ല. പിന്നീട് അച്ഛൻ അഭിനയിച്ച കമ്മിഷണർ ആണ് ഞാൻ ആദ്യമായി കണ്ട സിനിമ. അതിലെ മോഹൻ തോമസിനെ കണ്ട ഞാൻ എനിക്കും അതുപോലെ ഒരു വില്ലൻ ആകണം എന്ന് ആഗ്രഹിച്ചു. ആ സിനിമയും കഥാപാത്രവും എന്നെ ഒരുപാട് ആകർഷിച്ചു. ആ കഥാപാത്രത്തിന്റെ പ്രാധാന്യം പിൽക്കാലത്ത് ആണ് മനസിലായത്. നിനക്ക് വേണമെങ്കിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അച്ഛൻ എന്നെ സമ്മർ ക്യാമ്പിൽ ആക്ടിങ് വർക്ഷോപ്പിൽ ഒക്കെ കൊണ്ടുപോകുമായിരുന്നു. 

അച്ഛൻ പോയിക്കഴിഞ്ഞാണ് അദ്ദേഹം എന്തുവലിയ താരമായിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കിയത്. ഞങ്ങൾ ലൊക്കേഷനിൽ ഒന്നും പോയിട്ടില്ല ഒരു താരപുത്രൻ എന്ന നിലയിലുള്ള ജീവിതമൊന്നും ഉണ്ടായിട്ടില്ല. അച്ഛൻ ഒരു ഹാപ്പി ജോളി മനുഷ്യൻ ആയിരുന്നു.  നാൽപത്തിയെട്ട് വയസ്സിൽ തീരെ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛൻ ഞങ്ങളെ വിട്ട് പോയത്. പിന്നീട് ഞങ്ങൾ അച്ഛന്റെ സിനിമകൾ കൂടുതൽ കണ്ടുതുടങ്ങി.  രാജാവിന്റെ മകനിലെ കഥാപാത്രവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അച്ഛന്റെ സിനിമകൾ ഇനിയും കണ്ടു തീർന്നിട്ടില്ല അത്രത്തോളം ഉണ്ട്.  ഇടയ്ക്കിടെ ഞാനും അനുജനും അച്ഛന്റെ സിനിമകൾ കാണും അവൻ കാണുന്നത് എന്നോട് പറയും ഞാൻ കണ്ടത് അവനോടും പറയും. സിനിമകൾ കാണുമ്പോൾ അച്ഛന്റെ മിസ് ചെയ്യും.  ഓരോ പടം കാണുമ്പോഴും ഞാൻ കരുതും  ഞാൻ ആദ്യം കണ്ടത് കമ്മിഷണർ ആയത് നന്നായി കാരണം അദ്ദേഹത്തിന്റെ നായകവേഷങ്ങൾ മുന്നേ കണ്ടിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒരിക്കലും അഭിനയിക്കില്ലായിരുന്നു അമ്മാതിരി പെർഫോമൻസ് ആണ്. ആ സിനിമകളൊക്കെ കാണുമ്പോ എനിക്ക് പേടിയാണ് കാരണം അച്ഛനെ വച്ച് ആളുകൾ എന്നെ താരതമ്യം ചെയ്യുമ്പോൾ എനിക്ക് അദ്ദേഹത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റില്ല. കണ്ണുകളിൽ കൂടിയുള്ള എക്സ്പ്രഷൻ ആണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ്. അച്ഛന്റെ അത്രയും എക്സ്പ്രസ്സിവ് ആയ കണ്ണുകൾ ഞങ്ങൾക്ക് ആർക്കും കിട്ടിയില്ല.

സുരേഷ് ഗോപി എന്ന ഗോഡ്ഫാദർ 

അച്ഛൻ പോയതിനു ശേഷം അമ്മയെയും ഞങ്ങളേയും താങ്ങി നിർത്തിയത് സുരേഷ് ഗോപി അങ്കിളും നിർമാതാവ് സുരേഷ് കുമാർ അങ്കിളും അവരുടെ കുടുംബവുമാണ്. സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയും മക്കളും എനിക്ക് എന്റെ കുടുംബമാണ്. അവരുടെ മക്കളും ഞങ്ങളും സഹോദരങ്ങളെപ്പോലെ ആണ്.  അച്ഛനും സുരേഷ് ഗോപി അങ്കിളും തമ്മിലുള്ള ബന്ധം ഞങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ടുപോവുകയാണ്. സുരേഷ് ഗോപി അങ്കിൾ എന്നോട് പറഞ്ഞത് രാജാവിന്റെ മകൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അച്ഛൻ അച്ഛന്റെ കാറ് സുരേഷ് ഗോപി അങ്കിളിന് ഓടിക്കാൻ കൊടുത്തിരുന്നു, അന്നത്തെ കാലത്ത് അങ്ങനെ ആരും ചെയ്യില്ല. അദ്ദേഹം സുരേഷങ്കിളിനെ ഒരു അനുജനെപ്പോലെ കൊണ്ട് നടക്കുമായിരുന്നു.  ശരിക്കും പറഞ്ഞാൽ അവർ ഒരുമിച്ച് അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഒരുമിച്ചുള്ളപ്പോൾ വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിൽ ആയിരുന്നു.  ഞങ്ങൾ നാട്ടിൽ വരുമ്പോൾ സുരേഷ് കുമാർ അങ്കിൾ, സുരേഷ് ഗോപി അങ്കിൾ എന്നിവരുടെ വീട്ടിൽ പോകുമായിരുന്നു.  അച്ഛൻ പോയതിന് ശേഷം ഞങ്ങളെ താങ്ങി നിർത്തിയത് അവരാണ്.  ഞങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലും അവരാണ് ഞങ്ങൾക്ക് അച്ഛനമ്മമാർ. ഞങ്ങളുടെ ഗോഡ്ഫാദേഴ്സ്‌ ആണ് അവർ എന്നാണു ഞാൻ പറയാറ്.  സിനിമയ്ക്ക് അപ്പുറം അവർ ഞങ്ങളുടെ കുടുംബമാണ്. 

സുരേഷ് ഗോപിക്ക് കിട്ടിയത് അർഹതയ്ക്കുള്ള അംഗീകാരം 

സുരേഷ് ഗോപി അങ്കിൾ അർഹിച്ച വിജയം നേടി ഇപ്പോൾ ലോകസഭയിൽ എത്തി മന്ത്രി സ്ഥാനം നേടിയിരിക്കുകയാണ്. അദ്ദേഹം കഴിഞ്ഞ പ്രാവശ്യമേ വിജയിക്കാൻ ഉള്ളതാണ്.  കുറച്ചു വൈകിപ്പോയി എന്നേ ഉള്ളൂ. നല്ല കാര്യങ്ങൾ എല്ലാം എപ്പോഴും താമസിച്ചേ വരൂ.  ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.  ഇത്രയും നിഷ്കളങ്കനും ആത്മാർഥതയുള്ളതുമായ ആളെ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.  അദ്ദേഹത്തെ വിജയിപ്പിച്ചതിലൂടെ തൃശൂരിലെ ജനങ്ങൾ ഏറ്റവും നല്ല കാര്യമാണ് ചെയ്തത് ഇനി അവർക്ക് വേണ്ടത് അവർക്ക് കിട്ടിയിരിക്കും.  ഒരു പരിശുദ്ധനായ ആത്മാവാണ് അദ്ദേഹം.  തുറന്ന ഹൃദയമാണ് അദ്ദേഹത്തിന്റേത് അതാണ് എല്ലാം തുറന്നു പറയുന്നത്.  അദ്ദേഹം പറയുന്ന കാര്യങ്ങൾ ചെയ്തിരിക്കും ഏറ്റെടുത്ത കാര്യങ്ങളെല്ലാം നടപ്പാക്കിയിരിക്കും. കേരളത്തിലെ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അദ്ദേഹം നടപ്പാക്കി കൊടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ കടമകൾ നിർവഹിക്കാനാണ് ഇപ്പോൾ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്, ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം നൂറുശതമാനം നടപ്പാക്കിയിരിക്കും.

English Summary:

Chat With Padmaraj Ratheesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com