ADVERTISEMENT

ഭാഷയുടെ അതിർവരമ്പുകളില്ലാതെ കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ഏതൊരു സംവിധായകനും ഓർത്തെടുക്കുന്ന മുഖം; തീവ്രവികാരങ്ങളും ആത്മസംഘർഷങ്ങളും മികച്ച അഭിനയമുഹൂർത്തങ്ങളാക്കി മാറ്റുന്ന കണ്ണുകൾ. കൊച്ചിയിലെ  ഹോട്ടലിൽ പാർവതിയെ കാണുമ്പോൾ ഒരു പാൻ ഇന്ത്യൻ അഭിനേതാവിന്റേതായ തിരക്കുകളിലായിരുന്നു താരം. കാത്തിരിപ്പിനൊടുവിൽ പേസ്റ്റൽ നിറത്തിലുള്ള കുർത്തയിൽ, അമിതാലങ്കാരങ്ങളില്ലാതെ താരമെത്തി. കഥാപാത്രങ്ങളുടെ കനമില്ലാതെയിരിക്കുമ്പോഴും പാർവതി സംസാരിക്കുമ്പോൾ തിളക്കം ആ കണ്ണുകളിലാണ്; പറയുന്ന വാക്കുകളുടെ ഉറപ്പും പൊരുളും കണ്ണിൽ കാണാം.

∙ കഴിഞ്ഞവർഷം പാർവതിയെ മലയാളികൾ കണ്ടത് രണ്ട് അന്യഭാഷ ചിത്രങ്ങളിലാണ്, ഒടിടിയിലാണ്. എന്തുകൊണ്ട് ഇവിടെ തിയറ്ററുകളിൽ കണ്ടില്ല ?

ഞാനെവിടെയും പോയിട്ടില്ല. നമ്മൾ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കാറെടുത്തു പോകുന്ന പോലെയല്ലല്ലോ. മാർക്കറ്റ് ഒരുപാട് മാറി, അതനുസരിച്ച് അവസരങ്ങളും മാറി. എവിടെയാണോ നല്ല അവസരമുള്ളത്, ഞാനവിടെ പോകും. അതെപ്പോഴും അങ്ങനെയായിരുന്നു. സിറ്റി ഓഫ് ഗോഡ് ചെയ്തു കഴിഞ്ഞ് ബാംഗ്ലൂർ ഡേയ്സ് ചെയ്യാൻ 4 വർഷം എടുത്തു. അന്നും തിരിച്ചു വരവ് എന്നൊക്കെ പറയുമ്പോൾ ഞാനെവിടെയും പോയില്ലല്ലോ എന്നേ തോന്നിയിട്ടുളളു. കഴിഞ്ഞവർഷം തെലുങ്ക് ചിത്രം ‘ദൂത്ത’യും ബോളിവുഡ് ചിത്രം ‘കഡക് സിങ്ങു’മാണ് ചെയ്തത്. ഇപ്പോൾ തിയറ്ററിൽ ചിത്രം റിലീസ് ചെയ്യുക വളരെയധികം സങ്കീർണമാണ്, നിർമാതാക്കൾക്ക് ഒരുപാട് ഘടകങ്ങൾ കൈകാര്യം ചെയ്യണം. ചില ചിത്രങ്ങൾ ‍തിയറ്റർ പ്ലാൻ ചെയ്താണ് തുടങ്ങിയതെങ്കിലും ഒടിടിയിലേ റിലീസ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ. മാത്രമല്ല ഒടിടി മോശം സ്ഥലവുമല്ല. അങ്ങനെ പറയേണ്ടകാര്യമില്ല. പടം പുറത്തുവരണം എന്നതാണ് ഏറ്റവും പ്രധാനം.

∙ പുതിയ സിനിമ ‘ഉള്ളൊഴുക്ക്’ തിയറ്ററിൽ വരുന്നു. എന്താണ് ഉള്ളൊഴുക്കിലെ രഹസ്യങ്ങൾ ?

സിനിമയിലെ രഹസ്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അതങ്ങനെ മുങ്ങിപ്പൊങ്ങി വരട്ടെ. നടൻ ആമിർഖാൻ ജൂറിയായിട്ടുള്ള സിനിസ്റ്റാൻ തിരക്കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  സ്ക്രിപ്റ്റാണിത്. അതിനൊക്കെ വളരെ മുൻപാണ് ക്രിസ്റ്റോ ഇതുമായി എന്നെ സമീപിച്ചത്. പക്ഷേ അന്നു ഞാനതു സ്വീകരിച്ചില്ല. കുറച്ചധികം സങ്കീർണമായ, സീരിയസായ കഥാപാത്രമായിരുന്നു. അത്തരം വേഷങ്ങൾ ഞാൻ ചെയ്തിട്ടുള്ളതു തന്നെയാണെങ്കിലും അന്ന് എന്തുകൊണ്ടോ ഞാൻ ചെയ്താൽ നന്നാകില്ല എന്നു തോന്നി.

∙ ഒരു തവണ വേണ്ടെന്നു വച്ചിട്ടും വീണ്ടും അതേ കഥാപാത്രം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്താണ് ?

2018ലാണ് ക്രിസ്റ്റോ തിരക്കഥയുമായി ആദ്യം സമീപിച്ചത്. ഉള്ളടക്കത്തിലെ ‘അഞ്ജു’ അഗാധതലങ്ങളുള്ള കഥാപാത്രമാണ്. എനിക്കതു പറ്റുമെന്ന് ക്രിസ്റ്റോക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഞാനായിരിക്കില്ല അതിനു വേണ്ടതെന്നു പറഞ്ഞ് അന്ന് ഒഴിവായി. രണ്ടു വർഷം കഴിഞ്ഞു 2020ൽ വീണ്ടും ക്രിസ്റ്റോ എന്നെ വിളിച്ചു. തിരക്കഥയിൽ ഏറെക്കുറച്ചു മാറ്റങ്ങളുണ്ട്, ഒന്നു കൂടി വായിച്ചുനോക്കുന്നോ എന്നു ചോദിച്ചു. അങ്ങനെയതു വായിച്ചു, ക്രിസ്റ്റോയെ വീണ്ടും കണ്ടു, യെസ് പറഞ്ഞു! ആ രണ്ടു വർഷങ്ങളിൽ എന്റെ കാഴ്ചപ്പാടുകൾ മാറിയതാകാം, കുറച്ചു പക്വത വന്നിട്ടുണ്ടാകാം, അറിയില്ല. വീണ്ടും രണ്ടു വർഷം കഴിഞ്ഞ് 2022ലാണ് പടം തുടങ്ങിയത്. ഇപ്പോഴിതാ റീലിസ് ചെയ്യുന്നത് 2024ൽ. അങ്ങനെ ഓരോരോ സ്റ്റേജ് ആയാണ് ഇതെല്ലാം സംഭവിച്ചത്.

∙ മികച്ച അഭിനേത്രികൾ ഒരുമിച്ച് സ്ക്രീൻ പങ്കിടുമ്പോഴുള്ള അനുഭവം എങ്ങനെയാണ്. ‘ഉള്ളൊഴുക്കി’ൽ ഉർവശിയുടെ സാന്നിധ്യമുണ്ടല്ലോ ?

ഈ സിനിമയിൽ എനിക്കേറ്റവും സന്തോഷമുള്ള കാര്യം ഉർവശിച്ചേച്ചിയുടെ സാന്നിധ്യമാണ്. ചേച്ചിയെ ‘സൂപ്പർസ്റ്റാർ’ എന്നു വിളിച്ചാൽ പോലും തികയില്ല എന്നാണ് എന്റെ അഭിപ്രായം. അത്രയും റേഞ്ചിൽ ചെയ്തിട്ടുള്ള മറ്റൊരു നടിയില്ല. അതു മാറ്റിനിർത്തിയാൽ വളരെ നല്ല വ്യക്തി കൂടിയാണ്. അത്ര ശുദ്ധമായ ചിന്തയുള്ളയാൾ, എനിക്കതിൽ ആരാധന തോന്നിയിട്ടുണ്ട്. ചേച്ചിയ്ക്കൊപ്പം സീനുകൾ ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാൻ നെർവസ് ആയി. പുതുതായി സിനിമയിലേക്കു വരുന്നതു പോലെ കൗതുകവും എക്സൈറ്റ്മെന്റും എല്ലാം തോന്നി. അതേസമയം ചിൽ ആയിരിക്കാനും റിലാക്സ് ആകാനും പഠിച്ചതും ചേച്ചിയെ കണ്ടാണ്. ഉർവശി ചേച്ചിയുള്ളപ്പോൾ സെറ്റിൽ ആകെ തമാശയാണ്. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ആഹാരം കഴിക്കുക, ഞൻ ഡയറ്റിലാണ് എന്നു പറഞ്ഞാൽ ‘ഒന്നു പോ കൊച്ചേ, കുറച്ചൂടെ കഴിക്ക് എന്നാകും’

∙ ഉർവശി എന്ന പ്രചോദനം

സിനിമാരംഗത്തെ ചേച്ചിയുടെ സാന്നിധ്യമാണ് പ്രധാനം. വ്യക്തിപരമായി പറഞ്ഞാൽ ‘ഒറ്റപ്പെടൽ’ തോന്നില്ല എന്നതാണ്. ചേച്ചിയുടെ കുറെ കഥകൾ കേൾക്കുമ്പോൾ തോന്നും ഇതൊക്കെ കാലങ്ങളായി നടക്കുന്നതാണല്ലോ. എത്രപേർ എഴുതിത്തള്ളാൻ ശ്രമിച്ചിട്ടുണ്ട്, എന്നിട്ടും ഉർവശി എന്ന നടി എവിടെയും പോയിട്ടില്ല. ഷി ബിലോംഗ്സ് ഹിയർ. അതു ചേച്ചി തീരുമാനിച്ചതാണ്. മറ്റാരും തീരുമാനിച്ചതല്ല. അതാണ് വലിയ കാര്യം. ബഹളങ്ങളില്ലാതെ, ഒച്ചപ്പാടില്ലാതെ, നിശബ്ദമായി പക്ഷേ ഒഴിവാക്കാനാകാതെ ചേച്ചി ഇവിടെത്തന്നെയുണ്ട്. ഒരുപാട് ശക്തിപകരുന്ന ഒന്നാണത്.

∙ നായികാ വേഷങ്ങൾ ചെയ്യുന്നതിനിടെ ബോളിവുഡ് ചിത്രം ‘കഠക് സിങ്ങി’ൽ അത്ര പ്രാധാന്യമില്ലെന്നു തോന്നുന്ന മലയാളി നഴ്സിന്റെ വേഷം ചെയ്തല്ലോ. ആ തീരുമാനത്തിലെത്താൻ കാരണം?

കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രമാണത്. ഒരാളുടെ ജീവിതം സംഭവിക്കുന്നതിന് സാക്ഷിയായി നിൽക്കുന്ന, തിരക്കഥയെ സപ്പോർട്ട് ചെയ്യുന്ന റോളാണ് ആ മലയാളി നഴ്സ്. മികച്ചൊരു ടീമായിരുന്നു അതിൽ. ‘പിങ്ക്’ ചെയ്ത അനിരുദ്ധ റോയ് ചൗധരിയുടെ സിനിമ, ഒപ്പം പങ്കജ് ത്രിപാഠി. ഞാൻ എന്തിനു നോ പറയണം! 9 ദിവസത്തെ വർക്കായിരുന്നു. ആക്ടിങ് സ്കൂളിൽ പോകുന്ന പോലെയാണത് ചെയ്തു തീർത്തത്. ഞാൻ ഇവിടെ ചെയ്യാത്തവിധത്തിൽ അൽപം ഹ്യൂമർ ചെയ്യാനും സാധിച്ചു.

∙ മലയാളികൾക്ക് പാർവതിയോടൊരു ലൗ –ഹേറ്റ് റിലേഷൻഷിപ്പാണ്. അഭിനയം ഇഷ്ടമാണ്, പക്ഷേ അഭിപ്രായം പറയണ്ട എന്ന രീതിയിലുള്ള എതിർപ്പ്. അതൊരു ബാധ്യതയായി തോന്നിയിട്ടുണ്ടോ ?

ഞാൻ പൂർണ ഹൃദയത്തോടെ, നിറഞ്ഞ മനസ്സോടെ, സ്നേഹത്തോടെ പറയട്ടേ; എന്നെ വെറുക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല. എല്ലാവരും ഇഷ്ടപ്പെടണം എന്നത് അനാവശ്യമായ പ്രതീക്ഷയാണ്. എല്ലാവർക്കും എല്ലാവരെയും ഇഷ്ടമായിരിക്കില്ലല്ലോ. എനിക്കുമതേ. രണ്ടാമതായി, എല്ലാവർക്കും എല്ലാക്കാര്യത്തിലും ഒരേ അഭിപ്രായമാണെങ്കിൽ ഈ ലോകം എന്തായി. ഞാനൊരു അഭിനേതാവാണ്. ഞാനിടപെട്ടിട്ടുള്ളത് എന്നെ ബാധിക്കും എന്നുറപ്പുള്ള കാര്യങ്ങളിലാണ്. ഇടപെട്ടില്ലെങ്കിൽ എന്റെ അവകാശങ്ങൾ ബാധിക്കപ്പെടുമെന്ന് ബോധ്യമുള്ളതുകൊണ്ടാണത്. അല്ലാതെ സെൽഫ്‌ലെസ് ആയിട്ടല്ല. സെൽഫിഷ് ആയി തിരഞ്ഞെടുക്കുന്ന നിലപാടുകളാണ്, അതിന്റെ മുഖ്യധാര പക്ഷേ മനുഷ്യത്വമാണ്. എന്നോടുള്ള ലൗ–ഹേറ്റ് റിലേഷൻഷിപ്പിൽ ഞാൻ ഓകെയാണ്. കാരണം ജോലി ചെയ്യുക എന്നതാണ് എനിക്കു പ്രധാനം. അക്കാര്യത്തിൽ ഞാൻ പ്രേക്ഷകരെ ബഹുമാനിക്കുന്നു. നല്ല സിനിമയാണെങ്കിൽ അവർ എപ്പോഴും സപ്പോർട്ട് ചെയ്യാറുണ്ട്, നല്ലതല്ലെങ്കിൽ ഇല്ല. ആ ഒരു കരാർ ഞങ്ങൾക്കിടയിൽ വളരെ വ്യക്തമാണ്.

∙ മലയാള സിനിമയിലെ സ്ത്രീകളെവിടെപ്പോയി എന്ന ചോദ്യം ഉയർന്നല്ലോ. പാർവതിയുടെ ഉത്തരമെന്താണ് ?

അതിനുള്ള എന്റെ ഉത്തരമാണല്ലോ റിലീസിനൊരുങ്ങുന്ന ‘ഉള്ളൊഴുക്ക്’. യഥാർഥത്തിൽ ഇതു ചോദിക്കേണ്ടത് എന്നോടല്ല; അഭിനേതാക്കളോടല്ല. സിനിമകൾ നിർമിക്കുന്നവരോടാണ്, സംവിധായകരോടാണ്, നിർമാതാക്കളോടാണ്, വിതരണക്കാരോടാണ്. അവർക്കു വേണ്ടതാണല്ലോ അവർ ചെയ്യുന്നത്. അതു ചെയ്യട്ടേ. അതിൽ ഒട്ടും തെറ്റില്ല. അതേസമയം സ്ത്രീകളുള്ള സിനിമകൾ ഉണ്ടാകാതിരിക്കരുത് എന്നേയുള്ളൂ.

ഇവിടെ എനിക്കേറ്റവും സന്തോഷം തോന്നിയ മറ്റൊരു കാര്യമുണ്ട്. സ്ത്രീകളെവിടെ എന്നു ചോദിച്ചത്, ‍ഞാനോ അല്ലെങ്കിൽ വിമൻ ഇൻ സിനിമാ കലക്ടീവിലെ ആരെങ്കിലുമോ അല്ല. ചോദ്യം ഇവിടത്തെ മാധ്യമങ്ങളുടേതായിരുന്നു. അതു തന്നെ ഒരു വിജയമാണ്. കാരണം ഏഴു വർഷം മുൻപ് ഈ ചോദ്യം ഉണ്ടാകില്ലായിരുന്നു. ആ രീതിയിൽ ആലോചിക്കുമ്പോൾ എനിക്കു രാത്രി സുഖമായിക്കിടന്ന് ഉറങ്ങാൻ പറ്റും. കാരണം ആ ചോദ്യം തന്നെ ഉത്തരമാണ്. സ്ത്രീകൾ എവിടെ, നോ വിമൻ എന്നാണ് നിങ്ങൾക്കു തോന്നുന്നതെങ്കിൽ അതൊരു സത്യമാണ്, ചിന്തയല്ല. ഭ്രമമല്ല, ഫാക്ട് ആണത്. പക്ഷേ സ്ത്രീകൾ ഇവിടെയുണ്ട്, അവർ കാനിൽ ഉണ്ട്. അവർ മറ്റൊരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവസരങ്ങൾ ഉള്ളയിടത്തൊക്കെ അവരുണ്ട്.

∙ ബോളിവുഡിൽ ആലിയ ഭട്ടും ദീപിക പദുക്കോണും പോലെ മുൻനിര നടിമാർ വിവാഹം കഴിക്കുന്നു, അമ്മയാകുന്നു, പക്ഷേ മുഖ്യവേഷത്തി‍ൽ സിനിമകളും ചെയ്യുന്നു. എന്നാൽ വിവാഹം കഴി‍‍ഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യത്തെ പേടിക്കേണ്ട സാഹചര്യത്തിലാണോ ഇന്നും മലയാളി നടിമാർ ?

ഞാൻ വിവാഹിതയല്ല, മറ്റുള്ളവരുടെ കാര്യം എനിക്കു പറയാനുമാകില്ല. അതേസമയം സമൂഹത്തിൽ പൊതുവിൽ അങ്ങനെയൊരു ചിന്താഗതിയുണ്ട്, ഒരു  പുരുഷ കാഴ്ചപ്പാടാണത്. അതു ചിലപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടാകാം. പക്ഷേ ബോളിവുഡിലെ സാഹചര്യം വ്യത്യസമാണ്. അവരുടെ മാർക്കറ്റ് വളരെ വലുതാണ്. അവിടെ അവർ നായികമാർ മാത്രമല്ല നിർമാതാക്കൾ കൂടിയാണ്. സ്വന്തം സിനിമ ഒരുക്കുന്നത് പലപ്പോഴും അവർ തന്നെയാണ്, അല്ലെങ്കിൽ അവർ കൂടി ചേർന്നാണ്. സിനിമയിലെടുക്കരുതെന്ന് വേറെയാരും വന്നു പറയുന്ന സാഹചര്യമുണ്ടാകുന്നില്ല.  ഇവിടെ നായികമാർ നിർമാതാക്കൾ ആകുന്നില്ലല്ലോ!

∙ ബോളിവുഡിൽ മികച്ച വേതനം ലഭിക്കുന്നതുകൊണ്ടാണോ ഈ സാഹചര്യം വ്യത്യസ്തമാകുന്നത് ?

അവിടെയും തുല്യവേതനം ലഭിക്കുന്നുണ്ടെന്ന് എനിക്കു പറയാനാകില്ല. ഇൻഡസ്ട്രി മാറുന്നതുകൊണ്ട് സ്ത്രീകൾക്ക് തുല്യ വേതനമില്ല. അക്കാര്യങ്ങൾ അങ്ങനെ തന്നെ തുടരുന്നു. എനിക്കു തോന്നുന്നത് ഈ താരതമ്യം തന്നെ തെറ്റാണ്. താരതമ്യം ചെയ്യരുതെന്നതല്ല, അതിൽ കാര്യമില്ല എന്നാണ്. അതായത് ഇവിടെ കിട്ടുന്നത് ബ്രഡിന്റെ ഒരുതരി ആണെങ്കിൽ അവിടെ രണ്ടു തരിയാകും. പക്ഷേ ഈ തരികൾ തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല. രണ്ടും വയറു നിറയാൻ മതിയാകില്ല. കാരണം അപ്പോഴും അതൊരു ഊണായില്ല. ഞാനിപ്പോഴും കാത്തിരിക്കുന്നത് എന്റെ സദ്യയ്ക്കു വേണ്ടിയാണ്. ‌‌അവിടത്തെ രണ്ടു തരി ഇവിടെ വേണം എന്നല്ല, എന്തുകൊണ്ട് സദ്യ തന്നെ ആവശ്യപ്പെട്ടുകൂടാ! സ്ത്രീകൾ കൂടുതലായി ഈ രംഗത്തേക്കു വരണം, തീരുമാനമെടുക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ വരുമ്പോഴേ മാറ്റമുണ്ടാകൂ.

English Summary:

Chat with Parvathy Thiruvoth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com