ADVERTISEMENT

നിശ്ശബ്ദമായി വന്നു തിയറ്ററുകൾ നിറയ്ക്കുന്ന മഹാരാജ എന്ന തമിഴ് സിനിമയുടെ സംവിധായകൻ നിതിലൻ സ്വാമിനാഥൻ സംസാരിക്കുന്നു

സിനിമയാണ് യഥാർഥ രാജ. ഒപ്പം അരങ്ങേറിയ സംവിധായകരെല്ലാം മൂന്നും നാലും സിനിമകൾ ചെയ്ത് മുന്നേറിയപ്പോൾ തന്റെ രണ്ടാമത്തെ സിനിമയ്ക്കായി നിതിലൻ സ്വാമിനാഥനു കാത്തിരിക്കേണ്ടിവന്നത് 7 വർഷമാണ്. എന്നാൽ ഒരിക്കൽപോലും അതെക്കുറിച്ച് ആലോചിച്ച് നിതിലൻ ആശങ്കപ്പെട്ടിട്ടില്ല. എത്ര സമയമെടുത്താലും തന്റെ ഏറ്റവും മികച്ച സൃഷ്ടി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതു മാത്രമായിരുന്നു നിതിലന്റെ ആഗ്രഹം. 2017ൽ ‘കുരങ്ങുബൊമ്മൈ’ എന്ന ചിത്രത്തിലൂടെ തമിഴ് വരവറിയിച്ച നിതിലൻ, 7 വർഷത്തിനിപ്പുറം ‘മഹാരാജ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ഞെട്ടിച്ചു. നിറഞ്ഞ സദസ്സിൽ മുന്നേറുന്ന മഹാരാജയുടെ വിശേഷങ്ങളുമായി നിതിലൻ...

7 വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ചിത്രം

മനഃപൂർവം ഇടവേള എടുത്തതല്ല. മഹാരാജയുടെ ഫസ്റ്റ് ഡ്രാഫ്റ്റുമായി പല നിർമാതാക്കളെയും സമീപിച്ചിരുന്നു. കഥാതന്തു ഇഷ്ടപ്പെട്ടെങ്കിലും തിരക്കഥയിലെ ചില ഭാഗങ്ങൾ അംഗീകരിക്കാൻ പലർക്കും കഴിഞ്ഞില്ല. പിന്നീടു ചില തിരുത്തലുകൾ വരുത്തിയും പത്തിലധികം ഡ്രാഫ്റ്റുകൾ മാറ്റിയെഴുതിയുമാണു ഫൈനൽ സ്ക്രിപ്റ്റ് തയാറാക്കിയത്. ഷൂട്ടിങ്ങിനായി രണ്ടുവർഷത്തോളം എടുത്തു. കോവിഡ് പ്രശ്നങ്ങളും സിനിമ വൈകാൻ കാരണമായി.

 മഹാരാജയായി വിജയ് സേതുപതി

തിരക്കഥ എഴുതിത്തുടങ്ങിയപ്പോൾ പ്രധാന കഥാപാത്രം ആരു ചെയ്യണമെന്നു തീരുമാനിച്ചിരുന്നില്ല. ഒരു നടനെയോ നടിയെയോ മനസ്സിൽ കണ്ട് ഞാൻ എഴുതാറില്ല. തിരക്കഥ എഴുതി പൂർത്തിയായ ശേഷമാണ് വിജയ് സേതുപതിയെ സമീപിക്കുന്നത്. അദ്ദേഹം താൽപര്യമറിയിച്ചതോടെ തിരക്കഥയിൽ അദ്ദേഹത്തിനു യോജിച്ച രീതിയിലുള്ള ചില മാറ്റങ്ങൾ വരുത്തി.

മഹാരാജയും മറ്റു ചിത്രങ്ങളുടെ റഫറൻസും

മഹാരാജ ഇറങ്ങിയതിനു പിന്നാലെ ഒരു കൊറിയൻ സിനിമയുമായി ഇതിനു സാമ്യമുണ്ടെന്നു പലരും പറഞ്ഞു. സ്ക്രിപ്റ്റ് എഴുതുമ്പോൾ ആ കൊറിയൻ ചിത്രം എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. എന്നാൽ മറ്റു പല ചിത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ വിദേശ ചിത്രങ്ങളും തമിഴ്, മലയാള ചിത്രങ്ങളും ഉൾപ്പെടും. സിനിമകൾ കണ്ടാണു ഞാൻ സിനിമ പഠിച്ചത്. ഞാൻ കണ്ട സിനിമകളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. കഥയിലെ പുതുമയെക്കാൾ കഥ പറച്ചിലിൽ പുതുമ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്.

 കുപ്പത്തൊട്ടിയും മഹാരാജയും

സമൂഹത്തിൽ ആളുകൾ അവജ്ഞയോടെ കാണുന്ന ആളുകളെ, തൊഴിൽ വിഭാഗങ്ങളെ, വസ്തുക്കളെ എല്ലാം അർഹിക്കുന്ന പ്രധാന്യത്തോടെ സിനിമയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചു. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ തൊഴിലിനെ വിലകുറച്ചുകാണുന്നവർ ഇപ്പോഴുമുണ്ട്. അതിനാലാണ് ആ കഥാപാത്രത്തിന് മഹാരാജ എന്ന പേരുനൽകാൻ തീരുമാനിച്ചത്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന വസ്തുവാണു കുപ്പത്തൊട്ടി. അതിനു പോലും ചിലപ്പോൾ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുമെന്നു കാണിക്കാനാണു ശ്രമിച്ചത്.

സിനിമയുടെ കഥ തീരുമാനിക്കുന്നത് കാഴ്ചക്കാരനാണ്. നമ്മൾ എല്ലാം ആദ്യമേ പറഞ്ഞുപഠിപ്പിച്ചാൽ അത് അവരുടെ ആസ്വാദനത്തെ ബാധിക്കും. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകൻ സ്വയം ചിന്തിച്ച് പലതും മനസ്സിലാക്കണമെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അതിനുവേണ്ടിയാണു നോൺലീനിയർ രീതി അവലംബിച്ചത്. അത്തരത്തിൽ പ്രേക്ഷകരെ അൽപം ആശയക്കുഴപ്പത്തിൽ ആക്കിയാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഇംപാക്ട് പല സീനുകൾക്കും ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ.

അനുരാഗ് കശ്യപിന്റെ വരവ്

എനിക്കു വളരെ ഇഷ്ടമുള്ള നടനും സംവിധായകനുമാണ് അദ്ദേഹം. സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാൽ അന്നു ചില കാരണങ്ങൾ മൂലം അത് നടന്നില്ല. പിന്നീടു പലരെയും സമീപിച്ചെങ്കിലും കഥാപാത്രം ഉൾക്കൊള്ളാൻ അവർക്കാർക്കും സാധിച്ചില്ല. അവസാനം അനുരാഗിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. കുരങ്ങുബൊമ്മയിൽ ഭാരതിരാജ സാർ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനുള്ള എന്റെ ആഗ്രഹമായിരുന്നു അതിനു കാരണം. അനുരാഗിന്റെ കാര്യത്തിലും ഇതേ ആഗ്രഹമുണ്ടായിരുന്നു.

സിനിമയിലെ വയലൻസ് രംഗങ്ങൾ

ഒരു സീൻ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അവിടെ വയലൻസ് കാണിക്കാൻ എനിക്കു മടിയില്ല. സംഘട്ടനമായാലും റൊമാൻസ് ആയാലും ആ കഥാപരിസരം ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ഞാൻ അവ ഉൾപ്പെടുത്താറുള്ളൂ. മഹാരാജ മറ്റൊരു സംവിധായകൻ എടുത്താൽ ചിലപ്പോൾ ഇതിനെക്കാളും ഇരട്ടി വയലൻസ് ചിത്രത്തിൽ ഉണ്ടാകും. ചിലപ്പോൾ വലയൻസ് രംഗങ്ങളേ ഇല്ലാതെ കഥപറയാൻ സാധിക്കും. ഇത് എന്റെ മാത്രം രീതിയാണ്.

എന്റെ കഥാപാത്രങ്ങളാരും പൂർണമായും നല്ലവരോ ചീത്തയോ അല്ല. എല്ലാവരിലും ഒരു നായകനും വില്ലനുമുണ്ടെന്നാണ് എന്റെ വിശ്വാസം. നമ്മുടെയെല്ലാം ജീവിതം തന്നെയാണ് അതിന് ഉദാഹരണം. ചിലർക്കു നമ്മൾ നല്ലവനായിരിക്കാം. പക്ഷേ, ചിലരുടെ ജീവിതത്തിൽ നമുക്ക് വില്ലന്റെ റോളാകും. അതേ രീതിയിലാണ് എന്റെ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. എത്ര ക്രൂരനായ വില്ലനാണെങ്കിലും അവനെ ഇഷ്ടപ്പെടുന്ന, അവനെ ഹീറോയായി കാണുന്നവരുണ്ടാകും; തിരിച്ചും.

പുതിയ സിനിമയുടെ വിശേഷങ്ങൾ

കുരങ്ങുബൊമ്മയിൽ നിന്നു മഹാരാജയിലേക്കുള്ള ദൂരം 7 വർഷമായിരുന്നു. അടുത്ത ചിത്രം എന്തായാലും അത്രയും വൈകില്ല. സ്ക്രിപ്റ്റ് ഏറക്കുറെ കഴിഞ്ഞു. ഇനി ബാക്കിയുള്ള പ്രീ പ്രൊഡക്‌ഷൻ വർക്കുകൾ തീർക്കണം. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചിത്രമാകും അടുത്തത്.

English Summary:

The break was not intentional. Many producers were approached with the first draft of Maharaja. Many liked the storyline but could not agree with some parts of the script.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com