ADVERTISEMENT

ഒരേ സമയം രണ്ടു വ്യത്യസ്ത ജോണറിൽപ്പെട്ട രണ്ടു സിനിമകൾ പ്രദർശനത്തിനെത്തുക, അവ രണ്ടും മികച്ച പ്രേക്ഷക പ്രതികരണം നേടുക; കരിയറിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അത്തരമൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് മലയാളത്തിലെ മുതിർന്ന കലാസംവിധായകരിൽ ഒരാളായ എം. ബാവ. തിയറ്ററുകളിൽ ഇപ്പോൾ പ്രദർശനം തുടരുന്ന ഉള്ളൊഴുക്ക്, ഗഗനചാരി എന്നീ സിനിമകളുടെ പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ബാവയാണ്. മഴയും പ്രളയവും പശ്ചാത്തലമാകുന്ന ‘ഉള്ളൊഴുക്ക്’ പ്രേക്ഷകരെ പിടിച്ചുലയ്ക്കുമ്പോൾ കാൽനൂറ്റാണ്ടിന് അപ്പുറമുള്ള കേരളവും അതിലെ കാഴ്ചകളും കാണിച്ച ഗഗനചാരി കാണികളെ മറ്റൊരു വിസ്മയ ലോകത്ത് എത്തിക്കുന്നു. രണ്ടു സിനിമകളുടെ വിശേഷങ്ങൾ പങ്കുവച്ച് പ്രൊഡക്‌ഷൻ ഡിസൈനർ എം. ബാവ മനോരമ ഓൺലൈനിൽ.

ഈ അനുഭവം ആദ്യമായി

കരിയറില്‍ ആദ്യമായാണ് രണ്ടു ജോണറില്‍പ്പെട്ട സിനിമകള്‍ ഒരേ സമയം തിയറ്ററിലെത്തുന്നത്. രണ്ടു സമയത്തു ചെയ്ത സിനിമകളാണ് ഉള്ളൊഴുക്കും ഗഗനചാരിയും. സിനിമ കണ്ട് പല സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. ഇതു രണ്ടും ഞാന്‍ തന്നെയാണോ ചെയ്തത് എന്നു ആശ്ചര്യത്തോടെ ചോദിച്ചവരുമുണ്ട്. എന്തായാലും വലിയ സന്തോഷം. എന്റെ കരിയറില്‍ എനിക്കു ആദ്യമായി സംസ്ഥാന പുരസ്കാരം നേടിത്തന്ന സിനിമ (മുല്ലവള്ളിയും തേന്മാവും) ചെയ്ത വി.കെ പ്രകാശ് ഈ സിനിമകള്‍ കണ്ടു വിളിച്ചിരുന്നു. അങ്ങനെ നിരവധി പേര്‍ വിളിക്കുന്നുണ്ട്.

അവിചാരിതമായി സംഭവിച്ച ഉള്ളൊഴുക്ക്

തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച പ്രോജക്ടാണ് ‘ഉള്ളൊഴുക്ക്’. ഞാന്‍ വേറൊരു സിനിമയുടെ വര്‍ക്കില്‍ നില്‍ക്കുമ്പോഴാണ് ഇതിലേക്ക് വിളി വരുന്നത്. ഒരു ചാലഞ്ചിങ് പ്രോജക്ടാണ് എന്നായിരുന്നു എന്നോടു പറഞ്ഞത്. പക്ഷേ, ബജറ്റ് കുറവാണെന്നും പറഞ്ഞു. ചാലഞ്ചുള്ള വര്‍ക്കുകള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അതില്‍ ബജറ്റ് നോക്കില്ല. സംവിധായകനെ നേരില്‍ കണ്ടു. പ്രളയമാണ് സംഭവമെന്നു മനസിലായി. നാല് ലെവല്‍ വരെ വെള്ളം കയറണം. സെറ്റ് ഇടേണ്ട സ്ഥലം സംവിധായകന്‍ തന്നെ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബ വീടാണ് സിനിമയില്‍ കാണുന്നത്. അത് ഏകദേശം രണ്ടര ഏക്കര്‍ വരുന്ന ഒരു പുരയിടമാണ്. കുട്ടനാട്ടില്‍ തന്നെയാണ് ആ വീട്. ആ പുരയിടത്തിനു ചുറ്റും ഒരു ടാങ്കു കെട്ടി അതിലേക്ക് വെള്ളം ക്രമീകരിച്ചു വിടാമെന്നു ധാരണയായി. വെള്ളം നാലു ലെവലുകളില്‍ ക്രമീകരിക്കാനുള്ള സംവിധാനം ഒരുക്കിയാണ് ഷൂട്ട് തുടങ്ങിയത്. പമ്പ് ഉപയോഗിച്ച് ആ പുരയിടത്തിലുള്ള കനാലിലേക്ക് വെള്ളം കയറ്റും. അതിലൂടെയാണ് വീട്ടിലേക്ക് വെള്ളം നിറയ്ക്കുന്നത്. പാര്‍വതി പോയി ഇരുന്നു സംസാരിക്കുന്ന ഏറുമാടത്തിന് അപ്പുറം വരെയാണ് സ്ഥലം. അവിടെ ടാങ്കിന്റെ ബോര്‍ഡര്‍ കെട്ടിയിട്ടുണ്ട്. സിമന്റ് ഷീറ്റ് വച്ചാണ് വെള്ളം ലോക്ക് ചെയ്തത്. എങ്ങനെ ഫ്രെയിം വച്ചാലും ഈ സിമന്റ് ഷീറ്റ് കാണാത്ത തരത്തിലാണ് സെറ്റ് ഇട്ടത്.

മഴ പ്രതീക്ഷിച്ചു, പക്ഷേ...

മഴ വേണമെന്നുള്ളതുകൊണ്ട് മഴക്കാലത്താണ് ഷൂട്ട് പ്ലാന്‍ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ആ വര്‍ഷം മഴ കുറവായിരുന്നു. ഷൂട്ട് സമയത്ത് ആകെ രണ്ടോ മൂന്നോ ദിവസമെ മള പെയ്തുള്ളൂ. സിനിമയില്‍ കണ്ട മഴയെല്ലാം കൃത്രിമമായി പെയ്യിപ്പിച്ചതാണ്. അതുകൊണ്ട് ആദ്യം സാംപിള്‍ ചെയ്തു നോക്കി. കാരണം, ഭൂമിയൊക്കെ വരണ്ട് കിടക്കുകയാണ്. എത്രത്തോളം വെള്ളം ഭൂമി വലിച്ചെടുക്കും എന്നൊക്കെ അറിയണമല്ലോ. തൊട്ടടുത്ത് ആറുണ്ട്. അവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഞങ്ങള്‍ ലൊക്കേഷന്‍ കാണാന്‍ പോയ സമയത്ത് ആ ആറും അതിനടുത്ത റോഡും വീടു നില്‍ക്കുന്ന പറമ്പുമെല്ലാം ഒരേ ലെവല്‍ ആയിരുന്നു. പക്ഷേ, ഷൂട്ട് പ്ലാന്‍ ചെയ്തു ചെന്ന സമയത്ത് അവര്‍ ആ റോഡ് ഉയര്‍ത്തിയിരുന്നു. അതൊരു വെല്ലുവിളി ആയി. റോഡിന്റെ ലെവല്‍ വരെ വെള്ളം നിറുത്തിയാലെ പ്രളയത്തിന്റെ ഫീല്‍ കിട്ടുകയുള്ളൂ. അതിനുസരിച്ച് ബണ്ട് ശക്തിപ്പെടുത്തി. ക്ലൈമാക്സില്‍ മഴ ആവശ്യമായിരുന്നു. രണ്ട് മൂന്നു ദിവസം കാത്തിട്ടും മഴ പെയ്തില്ല. ഒടുവില്‍ കൃത്രിമമായി മഴ പെയ്യിപ്പിച്ചാണ് അതു ഷൂട്ട് ചെയ്തത്.

ullozhukku-332

വെള്ളം കണ്ട് ഉര്‍വശി പറ‌ഞ്ഞത്

രണ്ടു മൂന്നു മണിക്കൂര്‍ കൊണ്ടാണ് വെള്ളം ഇറങ്ങിപ്പോകുന്നത്. വെള്ളം നിറയ്ക്കാന്‍ അതിനെക്കാള്‍ സമയം വേണം. ആറേഴു മോട്ടോറുകള്‍ ഏഴെട്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാലാണ് വെള്ളം നിറയ്ക്കാന്‍ കഴിയുക. നല്ല ടെന്‍ഷനായിരുന്നു ഓരോ ദിവസവും. ആദ്യ ദിവസം ഉര്‍വശി ചേച്ചി വന്നപ്പോള്‍ വെള്ളം കണ്ട് ഞെട്ടി. ബാവേ, ഞാന്‍ ഇതിലൂടെ എങ്ങനെ നടന്നു പോകും, എന്നാണ് ചേച്ചി ആദ്യം ചോദിച്ചത്. ചേച്ചി പറഞ്ഞത് കൃത്യമായിരുന്നു. ഷൂട്ട് സമയത്തും അല്ലാത്തപ്പോഴും വെള്ളത്തില്‍ ചവുട്ടി നില്‍ക്കുന്നത് അസുഖങ്ങള്‍ വരുത്തി വയ്ക്കും. അങ്ങനെ ഞങ്ങള്‍ പ്ലാറ്റ്ഫോം അടിച്ചു. സെറ്റിലേക്ക് വരാനും പോകാനും ആ പ്ലാറ്റ്ഫോം ഉപയോഗിച്ചു. എടുത്തു മാറ്റാന്‍ കഴിയുന്ന തരത്തിലാണ് അതു ക്രമീകരിച്ചിരുന്നത്. പറയുമ്പോള്‍ ഈസിയാണ്. പക്ഷേ, ആര്‍ട് ഡിപ്പാര്‍ട്ട്മെന്റിനും ലൈറ്റ് ടീമിനും നല്ല പണിയായിരുന്നു. പക്ഷേ, എല്ലാവരും ഒരുപോലെ നിന്നാണ് അതു വിജയകരമായി പൂര്‍ത്തീകരിച്ചത്.

ullozhukku-32

ഗഗനചാരിയില്‍ സംഭവിച്ചത്

കാല്‍നൂറ്റാണ്ടിനു ശേഷമുള്ള കേരളം എങ്ങനെയാകുമെന്ന് ആര്‍ക്കും അറിയില്ല. ‍ഞങ്ങളുടെ മനസില്‍ ആലോചിച്ചുണ്ടാക്കിയ രീതിയില്‍ നിര്‍മിക്കുകയായിരുന്നു. സംവിധായകന്‍ അരുണ്‍ ചന്ദുവിന് ഇതിനക്കുറിച്ച്  നല്ല ധാരണ ഉണ്ടായിരുന്നു. ധാരാളം സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ അദ്ദേഹം റഫര്‍ ചെയ്തിരുന്നു. ചന്ദുവിന്റെ മുന്‍പത്തെ ചിത്രം സാജന്‍ ബേക്കറിയും ഞാനായിരുന്നു കലാസംവിധാനം ചെയ്തത്. അന്നേ അദ്ദേഹം ഈ പ്രൊജക്ടിനെക്കുറിച്ചു പറഞ്ഞിരുന്നു. നമ്മുടെ പരിമിതമായ ബജറ്റില്‍ നിന്നുകൊണ്ടാണ് ഇതു ചെയ്യുന്നത്. സിനിമയില്‍ കാണുന്ന കാഴ്ചകളുടെ പകുതി ക്രെഡിറ്റ് വിഎഫ്എക്സ് ടീമിനാണ്. അവര്‍ക്കു സഹായകരമാകുന്ന രീതിയിലാണ് സെറ്റ് ഒരുക്കിയത്. പാലാരിവട്ടത്തുള്ള മിറാക്കിള്‍ വിഎഫ്എക്സ് സ്റ്റുഡിയോയിലാണ് സിനിമ ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ വാം ടോണ്‍ ഒഴിവാക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. റിയല്‍ കാലത്തില്‍ നിന്ന് ഒരു മാറ്റം തോന്നിപ്പിക്കാന്‍ അതിലൂടെ സാധിച്ചു. സിനിമ ശ്രദ്ധിച്ചാല്‍ മനസിലാകും, എല്ലാം ഡാര്‍ക്ക് ഫ്ലൂറസെന്റ് ടോണിലാണ് ചെയ്തിരിക്കുന്നത്. ഗഗനചാരി ഒരിക്കലും ഒരു വണ്‍മാന്‍ഷോ അല്ല. സംവിധായകന്‍, ക്യാമറാമാന്‍, ആര്‍ട്, വിഎഫ്എക്സ് അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ആ കാഴ്ച സാധ്യമാക്കിയത്.  

ullozhukku-3

ടെന്‍ഷന്‍ഫ്രീ ആക്കിയ അജു

അജുവാണ് ഗഗനചാരിയുടെ ഐശ്വര്യം. മുഴുവന്‍ സമയവും എന്തെങ്കിലും തമാശ പൊട്ടിച്ച് കക്ഷി ഉണ്ടാകും. അജുവും ഗോകുലും ചേര്‍ന്നാല്‍ പിന്നെ രസമാണ് സെറ്റ്. ചെറിയൊരു സ്റ്റുഡിയോയിലാണ് സെറ്റ് ഇടുന്നത്. രാവിലെ പോയി സെറ്റിടും. രാത്രി ഷൂട്ട് നടക്കും. ഒട്ടും ടെന്‍ഷന്‍ ഇല്ലാതെ ജോലി ചെയ്യാന്‍ കഴിഞ്ഞതിന്റെ മുഴുവന്‍ ക്രെഡിറ്റും അജുവിനാണ്.  

സിനിമയിലെ 28 വര്‍ഷങ്ങള്‍

മലയാളത്തില്‍ ഇപ്പോള്‍ നൂറിലധികം സിനിമകള്‍ ചെയ്തു. അഴകിയ രാവണന്‍ ആണ് ആദ്യ ചിത്രം. സാബു സിറിള്‍ സാറിന്റെ സഹായി ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയമാണ് ആ സിനിമയിലേക്ക് എന്നെ എത്തിച്ചത്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ സച്ചിയേട്ടനാണ് എന്നെ സ്വതന്ത്ര കലാസംവിധായകനാക്കിയത്. വളര്‍ന്നതെല്ലാം ചെന്നൈയില്‍ ആയതിനാല്‍ മലയാളത്തില്‍ അത്ര ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. സാബു സിറിള്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട് മമ്മൂക്കയെയും ലാല്‍ സാറിനെയും പ്രിയദര്‍ശന്‍ സാറിനെയുമൊക്കെ അറിയാം. അഴകിയ രാവണന്‍ ചെയ്യാന്‍ പോയപ്പോള്‍ സച്ചിയേട്ടന്‍ എന്നെയും കൊണ്ട് മമ്മൂക്കയുടെ അടുത്തു പോയി. പുതിയ പയ്യനാണ്, സപ്പോര്‍ട്ട് ഉണ്ടാകണം എന്നു പറഞ്ഞു. ആ പിന്തുണ എന്റെ കരിയറില്‍ ഉണ്ടായിരുന്നു. 

മമ്മൂക്കയ്ക്കൊപ്പം കുറെ സിനിമകള്‍ ചെയ്തു. ലാല്‍ സാറിനൊപ്പം വര്‍ണപ്പകിട്ട് പോലെ ധാരാളം സിനിമകള്‍. തുടക്കക്കാലത്ത് കുറെ സിനിമകള്‍ കമല്‍ സാറിനൊപ്പമാണ് ചെയ്തത്. കരിയറില്‍ വലിയ ബ്രേക്ക് തന്നത് വി.കെ പ്രകാശ് ആയിരുന്നു. മുല്ലവള്ളിയും തേന്മാവും ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുപോലെ ആമേന്‍ എന്ന സിനിമ. 28 വര്‍ഷമായി സിനിമയിലുണ്ടെങ്കിലും ഇപ്പോഴും ആദ്യ സിനിമ പോലെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്. കാരണം, ആ സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനും എന്താണോ ആവശ്യപ്പെടുന്നത് അത് ഒരുക്കുക എന്നതാണ് എന്റെ ജോലി. അതിന് എന്റെ അനുഭവപരിചയം തീര്‍ച്ചയായും സഹായിക്കും. ‘ഹെലന്‍’ ചെയ്യുന്ന സമയത്ത് അവര്‍ ആദ്യം ഒറിജിനല്‍ സ്ഥലത്ത് ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, അതു പ്രാക്ടിക്കല്‍ ആകില്ലെന്നു ബോധ്യപ്പെടുത്താന്‍ എനിക്കായി. അങ്ങനെയാണ് താപനില ക്രമീകരിക്കാന്‍ കഴിയുന്ന തരത്തില്‍ സെറ്റിടുന്നതും ഷൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയതും. ഇപ്പോഴും വെല്ലുവിളികളുള്ള പ്രോജക്ടുകളാണ് ആവേശത്തോടെ കാത്തിരിക്കുന്നത്. അതില്‍ ബജറ്റ് നോക്കില്ല.

English Summary:

Chat With Production Designer M Bawa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com