ADVERTISEMENT

നിങ്ങൾക്കുമാകാം കോടീശ്വരന്‍റെ ഏറ്റവും പുതിയ എപ്പിസോഡ് വേദിയായത് വൈകാരിക മുഹൂർത്തങ്ങൾക്കാണ്. മൽസരവേദിയിൽ അവതാരകന്‍ സുരേഷ് ഗോപി ജീവിതം പറഞ്ഞപ്പോൾ കേട്ടുനിന്നവരുടെയും നെ‍ഞ്ചുരുകി. ശ്രീധരൻ എന്ന മൽസരാർഥിയെ മുന്നിലിരുത്തിയാണ് സുരേഷ് ഗോപി നോവോർമ പങ്കുവെച്ചത്.

Suresh Gopi about his daughter

 

ശ്രീധരനെ കാണാൻ ഇന്ദ്രൻസിനെ പോലെയുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ജീവിതത്തോട് തുന്നിച്ചേർത്ത ഇന്ദ്രൻസ് ഓർമ താരം വിശദമായി തന്നെ പറഞ്ഞു. നർമസരസത്തോടെ പറഞ്ഞുതുടങ്ങിയ കഥ ചെന്നെത്തിയത് മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമകളിലേക്കാണ്. പിന്നീട് പറഞ്ഞതത്രയും തന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ലക്ഷ്മിയുടെ അന്ത്യദിനത്തെക്കുറിച്ചും ആ സംഭവത്തോടും തങ്ങളുടെ ജീവിതത്തോടും ഇന്ദ്രൻസ് എന്ന നടനുള്ള ബന്ധത്തെക്കുറിച്ചും... 

 

''സുരേഷ് ഗോപിയുടെ വാക്കുകൾ:

 

''ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മ‍ഞ്ഞയില്‍ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്.

 

ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു. 

 

1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല.. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് സ്നേഹം''.

 

നിങ്ങൾക്കുമാകാൻ കോടീശ്വരന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാന്‍:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com