ADVERTISEMENT

വേണു നായര്‍ സംവിധാനം ചെയ്ത ജലസമാധി എന്ന ചലച്ചിത്രം കൊല്‍ക്കത്തയിലെ കള്‍ട്ട് ക്രിട്ടിക്ക് മൂവി അവാർഡ്സ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തിരഞ്ഞടുക്കപ്പെട്ടു. രാജ്യാന്തരതലത്തില്‍ നേടുന്ന രണ്ടാമത്തെ പുരസ്കാരമാണ് ഇത്.  ഇതിനു മുന്‍പ് പത്തൊന്‍പതോളം രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ഔദ്യോഗിക വിഭാഗത്തില്‍ ജലസമാധി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

‘ജലസമാധി’യുടെ കഥ നടക്കുന്നത് മീനക്ഷിപ്പാളയം എന്ന തമിള്‍ സംസ്കാരം നിറഞ്ഞു നില്‍കുന്ന കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു സാങ്കല്പിക ഗ്രാമത്തിലാണ്. മനുഷ്യന്റെ ശരാശരി ആയുസിന്റെ നീളം കൂടി വരുന്ന ഇക്കാലത്ത് രോഗികളും അവശരും കുടുംബത്തിനു വലിയൊരു ഭാരമായി തീരുന്നു, ചികിത്സ ചിലവുകള്‍ താങ്ങാനാകാത്ത നിലയില്‍ കൂടിവരുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണെങ്കില്‍  ഒരു ജനത അതിനൊരു എളുപ്പ വഴി കണ്ടെത്തിയിരിക്കുന്നു. ഏക പക്ഷീയമായ ദയാവധം. വീട്ടുകാരും നാട്ടുകാരും ഭരണ സംവിധാനവും എല്ലാം അറിഞ്ഞു നടന്നിരുന്ന ഈ കൊടും ക്രൂരത ഇപ്പോള്‍ പല നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടിയും സംഭവിക്കുന്നു. 

 

‘ജലസമാധി’യുടെ കഥയും തിരക്കഥയും സുപ്രസിദ്ധ നോവലിസ്റ്റ്‌ ശ്രീ. സേതുവിന്‍റേതാണ്. പ്രശസ്ത തമിഴ് നടന്‍ എം.എസ്. ഭാസ്കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വിഷ്ണുപ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ്‌ കുറുപ്പ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍  തുടങ്ങിയവരെ കൂടാതെ പുതു മുഖങ്ങളായ ലിഖ രാജന്‍, ശ്യാം കൃഷ്ണന്‍, അഖില്‍ കൈമള്‍, സരിത, വര്‍ഷ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

 

വേണു നായര്‍ പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ വേണു നായര്‍ നിര്‍മിച്ച്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പ്രജിത്ത് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. മുപ്പതു വര്‍ഷങ്ങളായി സീരിയല്‍, ഡോകുമെന്ററി, പരസ്യ ചിത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണു നായര്‍ നിരവധി സംസ്ഥാന ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com