ADVERTISEMENT

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019–ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ഇൗ പുരസ്കാരം സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ്. ആറു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനുള്ള അംഗീകാരമായി ഹരിഹരന്റെ ഇൗ പുരസ്കാര നേട്ടം. 

 

കോഴിക്കോട് സ്വദേശിയായ ഹരിഹരൻ 1965–ലാണ് സിനിമാരംഗത്തെത്തുന്നത്. നടൻ ബഹദൂറുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നിൽ തുറന്നു കൊടുക്കുന്നത്. 1973–ൽ ലേഡീസ് ഹോസ്റ്റൽ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, സർഗം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി 52 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2013–ൽ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം മൂന്നു തവണ നേടിയിട്ടുള്ള അദ്ദേഹത്തെ തേടി മൂന്നു തവണ ദേശീയ പുരസ്കാരവുമെത്തിയിട്ടുണ്ട്. 

 

ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ സംവിധാനം ആരംഭിച്ച ഹരിഹരൻ പ്രേം നസീർ, മധു, ജയൻ തുടങ്ങിയ അന്നത്തെ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. 1976–ൽ പുറത്തിറങ്ങിയ പഞ്ചമി എന്ന ഹരിഹരൻ സിനിമയിലൂടെയാണ് ജയൻ എന്ന താരത്തിന്റെ പിറവി പോലും. മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരനാണ്. എംടി–ഹരിഹരൻ ടീം അന്നും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. ഇവർ രണ്ടും ചേർന്നൊരുക്കിയ സിനിമകൾ സാമ്പത്തിക വിജയം നേടിയതിനൊപ്പം മലയാള സിനിമയെ രാജ്യാന്തര തലത്തിൽ ശ്ര‌ദ്ധേയമാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com