ADVERTISEMENT

'നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം, അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ ? 

 

ഊം...

 

അല്ലേ വേണ്ടാ...

 

പറയൂ....

 

പോയി ബൈബിൾ എടുത്തുവച്ചു നോക്ക്....

 

നായകന്റെ വാക്കുകൾ കേട്ടു ഓടിപ്പോയി ബൈബിൾ എടുത്തു വായിക്കുന്ന നായിക 'അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.' എന്നു വായിച്ചു പൂർത്തിയാക്കുന്ന സീൻ മലയാളക്കരയാകെ ഹൃദയത്തിലേറ്റു വാങ്ങിയ പ്രണയരംഗമായിരുന്നു. 1986 സെപ്റ്റംബർ 12നു  ചിത്രം തീയേറ്ററുകളിലെത്തിയതോടെ സീനും അതിലെ ഡയലോഗും സൂപ്പർ ഹിറ്റ് ആയി. വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ശലോമോന്റെ ഉത്തമഗീതം ഒരുതവണ പോലും വായിക്കാഞ്ഞ പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു. സിനിമാപ്രേമികളും പ്രണയിതാക്കളും ഏറ്റുപറഞ്ഞ ഡയലോഗ്. ഉത്തമഗീതത്തിലെ വരികൾ കാണാതെ പഠിച്ചു പ്രണയലേഖനങ്ങളും ഓട്ടോഗ്രാഫും എഴുതിയവരുടെ ചങ്കിൽ തറച്ച വാചകങ്ങൾക്കു ആദ്യം സാഹിത്യ ഭംഗി നൽകി നോവലെഴുതിയതു മാവേലിക്കരക്കാരനായ കെ.കെ.സുധാകരനാണ്. പത്മരാജന്റെ തിരക്കഥയും സംവിധാനവും ഒത്തു ചേർന്നതോടെ ചിത്രം ഹിറ്റായി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായി നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും മാറി. 

 

സിനിമ പിറന്ന വഴി 

mohanlal-padmarajan

 

ബൈബിളിലെ ഉത്തമഗീതത്തിലെ അധ്യായങ്ങൾ വായിച്ചപ്പോൾ 'പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക, നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും, മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം, അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും' എന്ന വാക്യങ്ങൾ സുധാകരന്റെ മനസ്സിൽ ഏറെ സ്വാധീനം ചെലുത്തി. പലതവണ മനസ്സിൽ നിറഞ്ഞ വാക്യങ്ങളിലൂടെ ജോണി എന്ന ടാങ്കർ ലോറി ഡ്രൈവർ, സോഫി എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു സുധാകരൻ എഴുതിയ പ്രണയ നോവലാണ് 'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം'. 1985ൽ ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവൽ വായിച്ച പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി നോവൽ പത്മരാജന്റെ ശ്രദ്ധയിൽപ്പെടുത്തി.

 

നോവൽ വായിച്ച ശേഷം പത്മരാജൻ ഒരു ടെലഗ്രാം അയച്ചു. 'മീറ്റ് മീ ഇമ്മീഡിയറ്റ്ലി' ആ ടെലഗ്രാമിൽ വീട്ടിലെ ഫോൺ നമ്പരും ഉണ്ടായിരുന്നു. ടെലഗ്രാം ലഭിച്ചയുടൻ സുധാകരൻ ലാൻഡ് ഫോണിലേക്കു വിളിച്ചു. ഫോൺ എടുത്തത് രാധാലക്ഷ്മി ആയിരുന്നു. പത്മരാജൻ കോവളം ഹോട്ടൽ സമുദ്രയിൽ ഉണ്ടെന്നും അവിടെ പോയി കാണണമെന്നും നിർദേശിച്ചു. കോവളത്തെത്തി പത്മരാജനെ കണ്ടു, കഥയെക്കുറിച്ചും അത് സിനിമയാക്കുന്നതിനും  മണിക്കൂറുകളോളം സംസാരിച്ചു. അങ്ങനെ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന നോവൽ പത്മരാജന്റെ തൂലികയിൽ വിടർന്ന തിരക്കഥയിലൂടെ നമുക്ക് പാർക്കാൻ മുന്തിത്തോപ്പുകൾ എന്ന പേരിൽ അഭ്രപാളിയിലെത്തി. നോവലിലെ ജോണി എന്ന നായക കഥാപാത്രത്തെ സോളമൻ എന്ന പേരിലേക്കു മാറ്റിയതൊഴിച്ചാൽ മൂലകഥയിലെ പേരുകളിൽ പോലും മാറ്റം വരുത്താതെയാണു പത്മരാജൻ ചലച്ചിത്രകാവ്യമെഴുതിയത്. 

 

 

സൗജന്യമായി കിട്ടിയ ബൈബിൾ

 

മാവേലിക്കര ബിഷപ് മൂർ കോളജിൽ പഠിക്കുമ്പോഴാണു സൗജന്യമായി ഒരു ബൈബിൾ കിട്ടുന്നത്. ബൈബിളിനെ സാഹിത്യഗ്രന്ഥം എന്ന രീതിയിലാണു സുധാകരൻ പഠിച്ചതും മനസിലാക്കിയതും. പഴയനിയമം കഥക്കൂട്ടുകളുടെ അക്ഷയഖനിയെന്നു മനസിലാക്കിയ സുധാകരൻ പഴയനിയമത്തിലെ ഉത്തമഗീതത്തിലെ 2 വാക്യങ്ങൾ അടർത്തിയെടുത്തു നോവലെഴുതുകയായിരുന്നു. 

 

ഉത്തമഗീതം വായിക്കാൻ പലർക്കും പ്രേരണയായി: കെ.കെ.സുധാകരൻ

 

സ്വന്തം വീട്ടിൽ ബൈബിൾ ഉണ്ടായിട്ടും ഉത്തമഗീതം വായിക്കാഞ്ഞ പലരും സിനിമ കണ്ടതിനു ശേഷം നായികയായ സോഫിയായെപ്പോലെ വീട്ടിലെത്തി ബൈബിൾ വായിച്ചു. സുഹൃത്തുക്കൾ പലരും, ഉത്തമഗീതം വായിച്ചു എങ്ങനെ ഇതെഴുതിയെന്നു ആശ്ചര്യപ്പെട്ടു. നോവലിനേക്കാളേറെ സിനിമ ചർച്ചയായപ്പോൾ പി.പത്മരാജനെന്ന ചലച്ചിത്രകാരന്റെ കഴിവും പ്രശംസിക്കപ്പെട്ടു. ഇന്ന് (12) ചിത്രം പുറത്തിറങ്ങിയിട്ടു 35 വർഷം ആകുകയാണ്. സൗജന്യമായി കിട്ടിയ ബൈബിൾ തുണയായി. 30–ാം വയസിൽ എഴുതിയ രണ്ടാമത്തെ നോവൽ അങ്ങനെ എന്റെ ആദ്യ സിനിമയായി.

 

അക്കാലത്ത് കലാലയങ്ങളിൽ ഉത്തമഗീതത്തിലെ അധ്യായങ്ങളുടെയും വാക്യങ്ങളുടെയും നമ്പരുകൾ പ്രണയ കോഡുകളായി. മൈസൂരിലെ മുന്തിരിത്തോപ്പുകളായിരുന്നു പ്രധാന ലൊക്കേഷൻ. മോഹൻലാൽ, ശാരി, തിലകൻ, വിനീത്, കവിയൂർ പൊന്നമ്മ തുടങ്ങിയവർ വേഷമിട്ട ചിത്രത്തിനു ജോൺസനാണ് സംഗീതം നൽകിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് വേണുവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ശാരിയും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com