ADVERTISEMENT

വെഡിങ് ടീസർ എഡിറ്റ് ചെയ്തു നൽകുന്ന തിരക്കഥാകൃത്ത്, സിനിമാ സെറ്റുകളിൽ സംവിധായകന്റെയും മോണിറ്ററിന്റെയും പിന്നിൽനിന്ന് ആക്‌ഷനും കട്ടും പായ്ക്കപ്പുമൊക്കെ എപ്പോൾ പറയണമെന്നു പഠിച്ചെടുത്ത സംവിധായകൻ, ഗ്രാഫിക് പഠന കാലത്ത് മൾട്ടി മീഡിയ വിദ്യാർഥികളുടെ ക്ലാസിൽ കയറി സിനിമയെന്തെന്നു മനസ്സിലാക്കിയ വിദ്യാർഥി, എല്ലാം ‘ഡിജിറ്റലായപ്പോൾ’ ജോലി നഷ്ടമായ അച്ഛന്റെ മകൻ... ദേ, ഇപ്പോഴിതാ തന്റെ ആദ്യ ചിത്രംതന്നെ ബോളിവുഡിൽ റീമേക് ചെയ്യാൻ അവസരം ലഭിച്ച ചെറുപ്പക്കാരൻ...! ഇന്ദിരാഗാന്ധി ദേശീയ പുരസ്കാര ജേതാവ്... നല്ലൊരു സർവൈവൽ ത്രില്ലറാണ് ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന്റെ ജീവിതം.

 

അത്യാവശ്യം ശമ്പളമുണ്ടായിരുന്ന ഗ്രാഫിക് ഡിസൈനർ ജോലി വേണ്ടെന്നുവച്ച് മാത്തുക്കുട്ടി സിനിമയിലേക്കു വരാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പു നേരിടേണ്ടി വന്നത് അച്ഛൻ സേവ്യറിൽ നിന്നായിരുന്നു. തിയറ്ററുകളിലെ പരസ്യ സ്ലൈഡ് നിർമാണമായിരുന്നു സേവ്യറിന്റെ ജോലി. സിനിമ ഡിജിറ്റലായതോടെ ജോലി പോയയാളാണ് അച്ഛൻ. അതായിരുന്നു എതിർപ്പിനു കാരണം. പക്ഷേ, ആ ഭയത്തിലും വലുതായിരുന്നു, സിനിമയോടുള്ള പ്രണയം. 

 

boney-janhvi

പ്ളസ് വൺ കൂവൽ,എൽപി കൈയടി

 

ജോലി രാജിവച്ചപ്പോൾ സാമ്പത്തികബുദ്ധിമുട്ടായി. അങ്ങനെയാണ് സുഹൃത്തിന്റെ സ്റ്റുഡിയോയിൽ വിവാഹ ടീസർ എഡിറ്റ് ചെയ്യാൻ മാത്തുക്കുട്ടി തീരുമാനിച്ചത്. എഡിറ്റിങ് പഠിച്ചതിനു പിന്നിലും രസകരമായൊരു കഥയുണ്ട് –‘പ്ലസ് വൺ സമയത്ത് ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. അത് എഡിറ്റ് ചെയ്തതും ഞാനായിരുന്നു. അന്ന് യുട്യൂബിൽ 5 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോകളേ ഉള്ളൂ. എഡിറ്റിങ് പഠിക്കുന്നത് ഇത്തരം വിഡിയോ കണ്ടിട്ടാണ്. ആ സിനിമ ആദ്യം പ്രദർശിപ്പിച്ചത് പ്ലസ്ടുക്കാർക്കു മുന്നിലാണ്. നല്ല കൂവലായിരുന്നു. പക്ഷേ, എൽപി ക്ലാസുകളിൽ വമ്പൻ കയ്യടി കിട്ടി. ആ കയ്യടിയുടെ കിക്കാണ് പിന്നീടുള്ള സിനിമാ യാത്രയെ സ്വാധീനിച്ചത്. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലായിരുന്നു അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് പഠനം.’.

janhvi

 

ആ ശബ്ദം എന്തുകൊണ്ട് അന്ന ബെൻ കേട്ടില്ല?

 

mathukutty-janhvi

ജോലിയും രാജിവച്ച് തൊടുപുഴയിലെ അമ്മവീട്ടിൽ പോയി നിന്ന സമയം. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുറ്റത്തുവച്ച് കണ്ടതാണ് ആൽഫ്രഡിനെ (ആൽഫ്രഡ് കുര്യൻ ജോസഫ്).സംസാരത്തിനിടെ സിനിമ കടന്നു വന്നു. മനസ്സിൽ തോന്നിയ ഒരു കഥ അവനോടു പറഞ്ഞു. ഞാൻ പറഞ്ഞ കഥയുടെ ഒരുഭാഗം സീനാക്കി അവൻ പിറ്റേന്ന് എഴുതിത്തന്നു. അന്നുമുതൽ അവനാണ് എന്റെ പാർട്നർ.

 

സിനിമ ചെയ്യുന്നെങ്കിൽ സ്ത്രീയായിരിക്കണം മുഖ്യകഥാപാത്രമെന്ന് മാത്തുക്കുട്ടിയും ആൽഫ്രഡും ഉറപ്പിച്ചു. ഗൂഗിളിൽ ഗേൾ ട്രാപ്ഡ് ഇൻ എന്നു വെറുതെ ടൈപ്പ് ചെയ്തു കൊടുത്തപ്പോൾ വന്ന റിസൽറ്റായിരുന്നു ഗേൾ ട്രാപ്ഡ് ഇൻ ഫ്രീസർ എന്നത്. ഫ്രീസറിന്റെ വാതിൽ അടയുന്നത് അകത്തു കുടുങ്ങിപ്പോയ പെൺകുട്ടി എന്തുകൊണ്ടു കേട്ടില്ല എന്ന ചോദ്യത്തിന് ആദ്യമൊന്നും ഉത്തരം കിട്ടിയില്ല. സാധനങ്ങൾ വീഴുന്ന ഒച്ചയിൽ വാതിലടയുന്ന ശബ്ദം പെൺകുട്ടി കേട്ടിരിക്കില്ല എന്നതു പിന്നീടു കിട്ടിയ ഉത്തരമാണ്.

 

‘നടനും സംവിധായകനുമായ വിനീതേട്ടന്റെയടുത്ത് (വിനീത് ശ്രീനിവാസൻ) ഹെലൻ സിനിമയുടെ കഥ പറഞ്ഞു തീരുമ്പോൾ നിർമാതാവിന്റെ വേഷത്തിൽ അദ്ദേഹമെത്തുമെന്ന് ഒരിക്കൽപോലും കരുതിയതല്ല. സാധാരണ പൂർത്തിയായ തിരക്കഥകൾ വായിച്ചു കേൾ‍പ്പിക്കാൻ പോകാറുണ്ട്. തിരുത്തുകൾ അദ്ദേഹം പറ‍ഞ്ഞുതരികയും ചെയ്യും. അങ്ങനെയാണു ഹെലന്റെ തിരക്കഥയും കൊണ്ടുപോയത്. കഥ കേട്ടുകഴിഞ്ഞു പെട്ടെന്നായിരുന്നു ചോദ്യം– ഞാൻ നിർമിച്ചോട്ടേ എന്ന്. ആദ്യ ടേണിങ് പോയിന്റായിരുന്നു അത്,’–മാത്തുക്കുട്ടി പറയുന്നു.

 

ബോണി കപൂർ വിളിച്ചു, ജാൻവി മിലിയായി

 

ഹെലന്റെ ആദ്യ ഷോയ്ക്ക് അച്ഛനും അമ്മയും സഹോദരി സാന്ദ്രയും ഒക്കെ കൂടെയുണ്ടായിരുന്നു. നന്നായി വിമർശിക്കുന്ന ആളാണു സാന്ദ്ര. അച്ഛൻ അത്ര കാര്യമായ അഭിപ്രായ പ്രകടനങ്ങളൊന്നും നടത്തുന്ന ആളല്ല. വിമർശിക്കാത്ത ഏക പ്രേക്ഷക അമ്മ മാത്രമാണ്. ആദ്യ ഷോയ്ക്ക് കാണികളുടെ എണ്ണം പത്തിൽ താഴെ. എങ്കിലും അമ്മ ചിരിച്ചതേയുള്ളൂ. അന്നു വൈകിട്ടായപ്പോഴേക്കും ഹൗസ് ഫുൾ ആയി!

 

തമിഴിലും ഹിന്ദിയിലും ഹെലന്റെ നിർമാണ അവകാശം വിറ്റുപോയിരുന്നു. തമിഴിൽ ചിത്രം ചെയ്യാൻ ക്ഷണം ലഭിച്ചെങ്കിലും അവർക്കു വേണ്ട മാറ്റങ്ങൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നീടാണ് ബോളിവുഡിൽ നിന്നു വിളിയെത്തുന്നത്. രണ്ടുതവണ ഒഴിവായി. മൂന്നാംതവണ വിളിച്ചതു സാക്ഷാൽ ബോണി കപൂർ സാർ! 

 

മകൾ ജാൻവിയെ നായികയാക്കി സിനിമ ചെയ്യാമോ എന്നായിരുന്നു ചോദ്യം. അങ്ങനെയാണ് ഹെലൻ മിലിയായി ബോളിവുഡിലെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com