ADVERTISEMENT

വർഷം 42 കഴിഞ്ഞിട്ടും മനസ്സിലെ മരവിപ്പ് മാറിയിട്ടില്ല, ഒരു നിമിഷം പോലും മറവിയിലേക്കു മാഞ്ഞിട്ടില്ല. എങ്ങിനെ മറക്കും? മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മനുഷ്യന്റെ ഹൃദയ സ്പന്ദനം നിലക്കുന്നതിനു സാക്ഷിയായുണ്ടായിരുന്നതു ഞാൻ മാത്രമാണ്. കോടിക്കണക്കിനു ആരാധകരുടെ ഹൃദയ രോമാഞ്ചമായിരുന്ന നടൻ മദിരാശി ജനറൽ ആശുപത്രിയിലെ ന്യൂറോ സർജറി വാർഡിൽ ഏകനായി, അബോധാവസ്ഥയിൽ കാൾ ഷീറ്റു വാങ്ങാത്ത മരണത്തിനൊപ്പം പോയി. പതിറ്റാണ്ടുകളായി ഞാൻ സിനിമയിലുണ്ട്. ജീവിതത്തോളം നാടകീയമായി ഒരു തിരക്കഥയുമില്ലെന്നു തിരിച്ചറിഞ്ഞതു അന്നാണ്.

രാവിലെ മഴയുടെ താണ്ഡവം ശമിച്ച് ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയാണു ഷോളാവരത്ത് ചിത്രീകരണം തുടങ്ങിയത്. ആകാശം തെളിഞ്ഞു ഇളം ചൂടുള്ള വെയിൽ പരന്നു തുടങ്ങി. റൺവേയിലെ സംഘട്ടന രംഗങ്ങളും ഹെലികോപ്റ്ററിനകത്തു ചില രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞു.

∙ബ്രേക്ക് പറയാതെ വിധി

ഹെലികോപ്റ്ററിൽ രക്ഷപ്പെടാനൊരുങ്ങുന്ന ബാലൻ കെ.നായരുമായി, കോപ്റ്ററിൽ തൂങ്ങി നിന്നു ജയൻ ഫൈറ്റ് ചെയ്യുന്ന രംഗമാണു ഇനിയെടുക്കാനുള്ളത്. സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽ നിന്നു ജയൻ ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലഗ്ഗിലേക്കു പിടിച്ചു കയറണം. മൂന്നു തവണ രംഗം ചിത്രീകരിച്ചു. സമയം ഉച്ചയ്ക്കു 2.20 ആയി. മൂന്നു ക്യാമറകളിലായി പകർത്തിയ രംഗങ്ങളിൽ ഛായാഗ്രഹകൻ കൂടിയായ സംവിധായകൻ പി.എൻ.സുന്ദരത്തിനു പൂർണ തൃപ്തി. ഉച്ച ഭക്ഷണത്തിനായി അദ്ദേഹം ബ്രേക്ക് പറഞ്ഞു. ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽ നിന്നിറങ്ങി ജയൻ അപ്പോഴേക്കും അടുത്തെത്തി. മുഖത്ത് പൂർണ തൃപ്തിയില്ല. ശരിയായില്ലെന്നും അവസാനമായി ഒരിക്കൽ കൂടി എടുക്കാമെന്നും സംവിധായകനോട് പറഞ്ഞു. തന്റെ മനസ്സിലുള്ളതു കിട്ടിയെന്നും ഇനി വേണ്ടെന്നും സംവിധായകൻ ആവർത്തിച്ചു പറഞ്ഞിട്ടും ജയൻ വഴങ്ങിയില്ല. ജയന്റെ നിർബന്ധത്തിനു വഴങ്ങി സംവിധായകൻ റീ ടേക്ക് പറഞ്ഞു. വിധിക്കു ബ്രേക്ക് പറയാൻ മനുഷ്യനാവില്ലല്ലോ?

 

∙ഘടികാരങ്ങൾ നിലച്ച സമയം


ഷൂട്ടിങ്ങിനു ഹെലികോപ്റ്റർ പറത്തി പരിചയമുള്ളയാളാണു പൈലറ്റ് സമ്പത്ത്. രംഗം ചിത്രീകരിക്കുന്നതിനു മുൻപേ അദ്ദേഹം സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു. ‘ലാൻഡിങ് ലഗ്ഗിൽ തൂങ്ങിയ ഉടൻ മറ്റു അഭ്യാസങ്ങൾ കാണിക്കരുത്. മുകളിലേക്കു പറത്തി ബാലൻസ് ചെയ്ത ശേഷം 15 അടി ഉയരത്തിൽ 10 മിനിറ്റ് നേരം ഹെലികോപ്റ്റർ അനങ്ങാതെ നിർത്തിത്തരും. ആ സമയത്തു ഫൈറ്റ് നടത്താം’. ഹെലികോപ്റ്ററികത്തിരുന്ന ബാലൻ കെ.നായർക്കുമുണ്ടായിരുന്നു നിർദേശം. ‘ഫൈറ്റിനായി നിർത്തിത്തരുന്ന സമയംവരെ സീറ്റ് ബെൽറ്റ് അഴിക്കരുത്’.

ഹെലികോപ്റ്ററിൽ തൂങ്ങിയതിനു പിന്നാലെ ജയൻ കാൽ ലാൻഡിങ് ലഗ്ഗിലേക്കു കൊരുത്തു. ഫൈറ്റ് തുടങ്ങി. ബാലൻ കെ.നായരും സീറ്റ് ബെൽറ്റ് അഴിച്ചു. പെരുമഴയുടെ വരവറിയിച്ചു ആകാശം ഇരുണ്ടു. പെട്ടെന്നു അതു സംഭവിച്ചു. ചിറകറ്റ പക്ഷിയെപ്പോലെ ഹെലികോപ്റ്റർ താഴേക്ക്. മഴക്കോളുണ്ടായിരുന്നു. ഹെലികോപ്റ്ററിനെ അപകടത്തിൽ പെടുത്തുന്ന രീതിയിലുള്ള കാറ്റൊന്നുമില്ല. ഭാരം ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതാകണം.

 

∙മഴ നനഞ്ഞ്, ചോരയിൽ കുളിച്ചു അവസാന യാത്ര

 

ചുറ്റുപാടു നിന്നും ആർപ്പുവിളികളുയർന്നു. ജയനോട് പിടിവിട്ടു ചാടാൻ പലരും വിളിച്ചു പറയുന്നു. ഹെലികോപ്റ്ററിന്റെ ഘോര ശബ്ദത്തിൽ എല്ലാം അലിഞ്ഞു ചേർന്നു. ഒറ്റ നിമിഷാർദ്ധം. താഴേക്കു പതിച്ച ഹെലികോപ്റ്ററിന്റെ ലാൻഡിങ് ലഗ്ഗിൽ കോർത്ത ജയന്റെ കാലുകളാണു തറയിലിടിച്ചത്. അതിന്റെ ആഘാതത്തിൽ പിടിവിട്ടപ്പോൾ തലയുടെ പിൻഭാഗം ശക്തിയായി തറയിലിടിച്ചു. ഇടിച്ചു. ബാലൻ കെ.നായരും പൈലറ്റും രണ്ടു വശങ്ങളിലേക്കു തെറിച്ചു വീണു.

ഹെലികോപ്റ്ററിന്റെ പ്രൊപ്പലർ തറയിലുരഞ്ഞു തീപ്പൊരി ചിതറുമെന്നും അതു ടാങ്കിലേക്കു പടർന്നു പൊട്ടിത്തെറിക്കുമെന്നു ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ബഹളം, പരിഭ്രാന്തി. എന്റെ കണ്ണിലുണ്ടായിരുന്നതു വീണുകിടക്കുന്ന ജയൻ മാത്രം. ഓടിയെത്തി അദ്ദേഹത്തിന്റെ തല മടിയിലേക്കുവച്ചു. പൈപ്പ് തുറന്നിട്ടാലെന്ന പോലെ തലയുടെ പിൻ ഭാഗത്തു നിന്നു ചോര വാർന്നൊഴുകുന്നു. അബോധാവസ്ഥയിൽ ഞരക്കവും മൂളലും . എന്റെ വെപ്രാളം കണ്ട് ക്യാമറ അസിസ്റ്റന്റ് രംഗനാഥൻ ഓടിവന്നു. കുറച്ചകലെ നിൽക്കുകയായിരുന്ന ജയന്റെ ഡ്രൈവർ നടന്റെ തന്നെ ഫിയറ്റ് കാറുമായെത്തി. താങ്ങിയെടുത്തു ജയനെ പിൻ സീറ്റിലേക്കു കിടത്തി. അപ്പോഴും ബാലൻ കെ.നായരും പൈലറ്റും അവിടെ കിടക്കുന്നുണ്ടായിരുന്നു. അണിയറ പ്രവർത്തകർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. ആകാശം സങ്കടങ്ങളുടെ അണക്കെട്ടു തുറന്നതുപോലെ പെരുമഴ പെയ്തു തുടങ്ങി.

 

∙‘തലച്ചോറ് ചിതറി, രക്ഷയില്ല’

 

ഷോളാവരം എയർ സ്ട്രിപ്പിന്റെ പുറത്ത് ചെറിയൊരു ക്ലിനിക്കുണ്ട്. കാർ നിർത്തി ഡോക്റെ വിളിച്ചു. കണ്ട ഉടൻ അദ്ദേഹം പറഞ്ഞു. ‘ഉടൻ ജനറൽ ആശുപത്രിയിലേക്കു പോകൂ. നേരെ പോയാൽ അവിടെയെത്താം’. അടുത്തുള്ള വിജയ ഹോസ്പിറ്റലിൽ പോകാതെ എന്തു കൊണ്ടു രാജീവ് ഗാന്ധി ആശുപത്രിയിൽ പോയി എന്നു പിന്നീട് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികളെക്കുറിച്ച് അറിയില്ലായിരുന്നു. ഇന്നത്തേതു പോലെ വിളിച്ചു ചോദിക്കാൻ മൊബൈൽ ഫോണില്ല. ദുരന്തത്തിന്റെ ഞെട്ടലിൽ മനസ്സും ശരീരവും മരവിച്ച അവസ്ഥ. ക്ലിനിക്കിലെ ഡോക്ടറുടെ ഉപദേശമനുസരിച്ചു വാഹനം നേരെ വിട്ടു. രംഗനാഥനും കൂടെയുണ്ട്.

മഴ കോരിച്ചൊരിയുകയാണ്. പോകുന്ന വഴിയിലാകെ റോഡിലെ വെള്ളക്കെട്ട് യാത്ര ദുഷ്കരമാക്കി. തീവ്ര വേദനയാൽ അബോധാവസ്ഥയിലും ജയന്റെ ഞരക്കം കേൾക്കാം. വെള്ളക്കെട്ടുകൾ പിന്നിട്ട്, ഒരു മണിക്കൂറിലധികം കഴിഞ്ഞു നാലു മണിയോടെ ജനറൽ ആശുപത്രിയിലെത്തി. ഞായറാഴ്ചയായതിനാൽ വലിയ തിരക്കില്ല. സ്ട്രെച്ചറിലേക്കു കിടത്തി. കാലിന്റെ മുട്ടിൽ നിന്നു ചോരയൊഴുകി പാന്റ് ഒട്ടിപ്പിടിച്ചിട്ടുണ്ട്. ഞാൻ തന്നെ കത്രികയെടുത്തു പാന്റ് നീക്കി. ഞെട്ടിപ്പോയി. പാറക്കെട്ടിനുള്ളിൽ ഗുഹ തുരന്നതുപോലെ, രണ്ടു മുട്ടിലും ആഴത്തിലുള്ള മുറിവ്.

അറിയപ്പെടുന്ന ന്യൂറോ സർജനായ മലയാളി ഡോ.നരേന്ദ്രനാണു പരിശോധിക്കേണ്ടത്. നഴ്സുമാർ അദ്ദേഹത്തെ വിളിച്ചു. അവർ എന്തെങ്കിലും പറയുന്നതിനു മുൻപേ വെപ്രാളത്തോടെ ഫോൺ വാങ്ങി ഞാൻ കാര്യം പറഞ്ഞു.സർജറി വാർഡിലേക്കു മാറ്റാൻ പറഞ്ഞു ഡോക്ടർ ഉടനെയെത്തി. രംഗനാഥൻ അപകട സ്ഥലത്തേക്കു തന്നെ മടങ്ങി . സകല ദൈവങ്ങളേയും വിളിച്ചു പ്രാർഥിച്ചു പുറത്ത് ഞാനും ഡ്രൈവറും മാത്രം. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തേക്കു വിളിച്ചു ഡോക്ടർ പറഞ്ഞു.‘രക്ഷയില്ല, തലച്ചോറ് ചിതറിത്തെറിച്ചിരിക്കുന്നു’.

എന്റെ തലയ്ക്കകത്തു ശൂന്യത. ആയിരത്തിലേറെ ഫോൺ നമ്പറുകൾ ഓർമയിലുണ്ടായിരുന്ന ആളാണു ഞാൻ. സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ഓർമയും മരവിച്ചു. ആദ്യം മനസ്സിൽ തെളിഞ്ഞത്, മലയാള സിനിമയുടെ റെക്കോർഡിങ്ങുകൾ നടക്കുന്ന എവിഎം സ്റ്റുഡിയോ തിയറ്ററിലെ നമ്പർ. ജനറൽ ആശുപത്രിയിലെ കോയിൻ ബോക്സ് ഫോൺ ബൂത്തിൽ നിന്ന്, മലയാള സിനിമ ഇതുവരെ കേട്ടതിൽ വച്ചേറ്റവും ദുഃഖകരമായ വാർത്ത വിളിച്ചു പറഞ്ഞു.വാർത്ത പരന്നു തുടങ്ങി. പലരും ആശുപത്രിയിലെത്തി. അഞ്ചരയോടെ ഓപ്പറേഷൻ തിയറ്ററിൽ നിന്നു ജയനെ ന്യൂറോ സർജറി വാർഡിലേക്കു മാറ്റി. പത്തോളം കിടക്കകളുള്ള മുറിയിൽ ഞങ്ങൾ 2 പേർ തനിച്ച്. ജയൻ ശ്വസിക്കുന്നതായി സമീപത്തെ ഉപകരണങ്ങളുടെ ചലനത്തിൽ നിന്നു കാണാം. അതു നേർത്തുവന്നു 6.35നു പൂർണമായി നിലച്ചു.

രാത്രിയോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ബെഞ്ചിലും തറയിലുമായി മുപ്പതോളം മൃതദേഹങ്ങളുണ്ട്. ബെഞ്ചില്ലാത്തതിനാൽ തറയിൽ കിടത്താൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരം ആ രാത്രി തറയിൽ കിടക്കുന്നതു ആലോചിക്കാൻ പോലുമാകില്ലായിരുന്നു.എന്റെ വാശിക്കു വഴങ്ങി ഒടുവിൽ ബെഞ്ചിൽ തന്നെ ഇടം കിട്ടി. രാത്രി പലരും വന്നു കൊണ്ടിരുന്നു. കരച്ചിലുകൾ, നിലവിളികൾ.

ജയനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പുറത്തുവന്ന ശേഷം സുഹൃത്തുക്കളിലൊരാളോട് പറഞ്ഞു‘ പെർഫെക്ട് ബോഡി. കത്തിവയ്ക്കാൻ മനസ്സു വന്നില്ല’. തിയറ്ററുകൾ കരുത്തിന്റെ പകർന്നാട്ടമായി മാറിയ ജയൻ കാലത്തിന്റെ ഓർമകൾക്കു കത്തിവയ്ക്കാൻ മലയാളിക്കുമാകില്ല....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com