ADVERTISEMENT

ബലാൽസംഗ കേസിലെ പ്രതികളെ ചേർത്തുപിടിക്കുന്ന സംഘടനയാണ് ‘അമ്മ’യെന്നും അതിന്റെ നേതൃത്വത്തിലെ ചിലരുടെ ബുദ്ധിയില്ലായ്മയാണ് മറ്റുള്ളവർക്കു ബുദ്ധിമുട്ടാകുന്നതെന്നും നടൻ വിജയകുമാർ. പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസിൽ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ്, താരസംഘടനയായ അമ്മ കേസിന്റെ സമയത്ത് തന്നെ ഒറ്റപ്പെടുത്തിയെന്ന് വിജയകുമാർ ആരോപിച്ചത്. 

 

25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ, 2009 ഫെബ്രുവരി 11 ന് വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസിൽ ചോദ്യം ചെയ്യുന്നതിനിടെ കടലാസ് മുറിക്കുന്ന കത്തി കൊണ്ട് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നായിരുന്നു കേസ്. വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വിജയകുമാറിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ് ‘അമ്മയ്ക്കും അതിന്റെ മുൻ നേതൃത്വത്തിനുമെതിരെ വിജയകുമാർ ആരോപണങ്ങളുന്നയിച്ചത്.

 

വിജയകുമാറിന്റെ വാക്കുകൾ:

 

2008 ലേത് പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസ് റജിസ്റ്റർ ചെയ്യാതെ ഒരു ദിവസം കരുതൽ തടങ്കലിൽ നിർത്തി. ആലുവ സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു കേസ് അവർ പിന്നീട് പറവൂർ സ്റ്റേഷനിലേക്ക് മാറ്റുകയും എട്ടു വർഷം മുൻപ് ആ കേസ് ഇല്ലാതാകുകയും ചെയ്തു. എന്നാൽ അതിനോടനുബന്ധിച്ചുള്ള ഒരു കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേസിൽ പറഞ്ഞിരിക്കുന്നത് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ്. ലോകത്ത് മറ്റൊരു ഇടത്തും പോകാതെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഓടിച്ചെന്ന് ആത്മഹത്യയ്ക്കു ശ്രമിക്കേണ്ട ഗതികേട് ആർക്കാണ് ഉള്ളത്. അതുതന്നെ കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു കേസിനെ തൃക്കാക്കരയിലേക്ക് മാറ്റിയാണ് കേസെടുത്തത് എന്നും മനസ്സിലാക്കണം. അവിടെവച്ച് മുഹമ്മദ് റഫീഖ്, ബിജു അലക്സാണ്ടർ തുടങ്ങിയവരുടെ ഒരു ടീം എന്നെ ടോർച്ചർ ചെയ്തു. അതിന്റെ ഫലമായിട്ടാണ് സൺറൈസ് ഹോസ്പിറ്റലിൽ ഞാൻ അഡ്മിറ്റ് ആവുന്നത്. അതിനുശേഷം ജുഡീഷ്യറിയെ ഉപയോഗിച്ച് അവർ വീണ്ടും എന്നെ പിന്തുടരാൻ ശ്രമിച്ചപ്പോൾ ജസ്റ്റിസ് കമാൽ പാഷ സാറാണ് എനിക്ക് ജാമ്യം അനുവദിച്ചത്. 

 

ഇനി ചില മാനനഷ്ടക്കേസുകൾ കൊടുക്കണമെന്നുണ്ട്. അതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയവർക്കെതിരെയാണത്. കേരളത്തിലെ ഒരാൾക്ക് എതിരെയും ഇനിയെങ്കിലും ഇത്തരം കേസുകൾ ഉണ്ടാവരുത് എന്ന ആഗ്രഹം കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വർഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽനിന്ന് എനിക്ക് ഉണ്ടായത്. ഈയടുത്ത കാലത്ത് അവിടെ നടന്ന മറ്റൊരു കേസ് നമ്മൾ കണ്ടതാണ്‌. എന്നെപ്പോലെ ഇത്തരം ദുരനുഭവങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് ആളുകൾ ആ സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതെല്ലാം തൃക്കാക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വരുന്നവരുടെ വിധി എന്ന് മാത്രം കരുതിയാൽ മതി. അതിന്റെ ഒരു രക്തസാക്ഷിയാണ് ഞാനും. 

 

തൊണ്ണൂറ്റിരണ്ടിലാണ് ഞാൻ എന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കലാകാരന്മാർക്ക് സമൂഹം കൊടുക്കുന്ന ഒരു പ്രിവിലേജ് പോലും മറികടന്നിട്ടാണ് ഒരു കേസ് ഫാബ്രിക്കേറ്റ് ചെയ്യപ്പെട്ടത്. അപ്പോൾ അവിടെ കേസിനായി എത്തുന്ന സാധാരണക്കാരുടെ ഗതി എല്ലാവർക്കും ആലോചിക്കാവുന്നതേയുള്ളൂ. ചേംബറിൽ കയറി മുഹമ്മദ് റഫീഖ് എന്നയാൾ ജസ്റ്റിസ് കമാൽ സാറിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനെപ്പറ്റി അദ്ദേഹം റിട്ടയർ ചെയ്തതിനു ശേഷം എന്നോട് തുറന്നു പറയുകയും ചെയ്തു. ഇനിയെങ്കിലും തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ ക്രെഡിബിലിറ്റി ഒക്കെ സമൂഹം ചർച്ച ചെയ്യേണ്ടതാണ്.

 

അന്നുണ്ടായിരുന്ന മനോജ് ഏബ്രഹാം, ഐജി ശ്രീലേഖ ഐപിഎസ് തുടങ്ങിയവർ ചില പ്രസ്താവന ഇറക്കുന്നതും കണ്ടു. ഞാൻ ഈ കേസുമായി അവരെയൊക്കെ സമീപിച്ചിരുന്നു. എന്നാൽ അന്ന് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് നിസ്സഹായതയോടെ കൈമലർത്തിയതും ഞാൻ കണ്ടതാണ്. അന്ന് പല മാധ്യമങ്ങളും എന്നെ നന്നായി വേട്ടയാടിയിരുന്നു. ഈ കേസ് ഫ്രെയിം ചെയ്യുന്ന അന്നുവരെ ഇന്ത്യയിൽ ഒരിടത്തും എനിക്കെതിരെ ഒരു കേസ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. അതിനുശേഷം നാളിതുവരെയും ഒരു കേസും എനിക്കെതിരെ റജിസ്റ്റർ ചെയ്തിട്ടില്ല. അതിൽ നിന്നു തന്നെ വ്യക്തമാണ് ഇതൊരു ഫാബ്രിക്കേറ്റഡ് കേസ് ആണ് എന്നത്. അതുതന്നെയാണ് എനിക്ക് ജാമ്യത്തിന് അനുകൂലമായി കിട്ടിയ ഘടകവും. പിന്നെ അതെല്ലാം എന്റെ ഒരു സമയമോശം ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്. 

 

2008 ൽ അമ്മ സംഘടന ഇടപെട്ട് ‘സൗഹൃദത്തിന്റെ പേരിൽ ആരും വിജയകുമാറിനെ കാണാൻ പോകരുത്’എന്ന് വിലക്കിയിരുന്നു. അപ്പോൾ ഞാൻ ഇടവേള ബാബു ചേട്ടനെയും ഇന്നസെന്റ് ഏട്ടനെയും വിളിച്ചപ്പോൾ അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അന്നുണ്ടായിരുന്ന അമ്മ നേതൃത്വത്തിന്റെ അപക്വതയെക്കുറിച്ചും സംഘടനാ നേതൃത്വത്തിൽനിന്നു വന്ന നിരുത്തരവാദിത്തപരമായ ചില ജൽപനങ്ങൾ എന്നെ നന്നായി വേദനിപ്പിച്ചുവെന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അതിലൂടെ അമ്മ സംഘടനയെ ആക്ഷേപിക്കുകയല്ല, പകരം, അന്നുണ്ടായിരുന്ന ചിലർ അവരുടെ മുൻപരിചയം ഇല്ലായ്മ കൊണ്ട് പറഞ്ഞ ചില വാക്യങ്ങൾ നന്നായി വേദനിപ്പിച്ചു എന്നുമാത്രമാണ് പറയുന്നത്. 

 

വിധി വന്നതിനുശേഷം അമ്മയിൽനിന്ന് ആരും വിളിച്ചിട്ടില്ല. എനിക്കെതിരെ കേസുകൾ വന്നപ്പോഴും അന്നും ഇന്നും ഒരിക്കലും ഞാൻ അമ്മയിൽ നിന്നും ആരെയും എനിക്ക് വേണ്ടി സംസാരിക്കണം എന്ന് പറഞ്ഞ് സമീപിച്ചിട്ടുമില്ല. അമ്മയിലെ 75 ശതമാനം ആളുകൾക്കും കേസുകൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിൽ ഭൂരിഭാഗവും ബലാത്സംഗ കേസുകളാണ്. അവർക്ക് അതുതന്നെ നോക്കാൻ ഇപ്പോൾ സമയമില്ല. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് പോലെ അവയെല്ലാം കെട്ടിക്കിടക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. അതെല്ലാം തീർത്തതിനു ശേഷം അവർ നിലപാടുകൾ തിരുത്താൻ തയാറാകുമായിരിക്കും എന്ന് ഞാൻ കരുതുന്നത്. ദൈവം സഹായിച്ച് സിനിമയിൽനിന്ന് ഇന്നുവരെ ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല. കഴിഞ്ഞ 13 വർഷമായി ഞാൻ സിനിമ ചെയ്യുന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്. 

 

അമ്മ നേതൃത്വം എന്നു പറയുന്നത് കാലാകാലങ്ങളായി മാറി വരുന്നതാണ്. അതിൽ ചിലർ കാണിക്കുന്ന ബുദ്ധി ഇല്ലായ്മയും മണ്ടത്തരവുമാണ് മറ്റു ചിലർക്ക് ബുദ്ധിമുട്ടായി മാറുന്നത്. അന്ന് ഇന്നസെന്റ് ഏട്ടനും ഇടവേള ബാബു ചേട്ടനും ആയിരുന്നു നേതൃ സ്ഥാനത്തുണ്ടായിരുന്നത്. അവരുടെ നേതൃത്വത്തിന് എന്തു സംഭവിച്ചു എന്നതും മലയാളികൾ നേരിൽ കണ്ടതാണ്. ഇന്നസെന്റ് ഏട്ടനല്ല പകരം ആര് ആ നേതൃത്വത്തിൽ ഇരുന്നാലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. പെണ്ണുപിടിയന്മാരെയും ബലാൽസംഗ കേസിലെ പ്രതികളെയും ചേർത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറാതെ കുറച്ചുകൂടി ദീർഘവീക്ഷണത്തിലൂടെ സംഘടന മുന്നോട്ടുപോവുകയാണെങ്കിൽ സംഘടനയ്ക്ക് നല്ലത് എന്ന് ഒരു ചെറിയ ഉപദേശം കൂടി നൽകണമെന്ന് ആഗ്രഹമുണ്ട്. അവർക്കിത് വേണമെങ്കിൽ എടുക്കാം, അല്ലെങ്കിൽ എടുക്കാതിരിക്കാം.

 

പിന്നെ ഒരുപാട് പൈസ മുടക്കി ഈ കേസിന് പിന്നാലെ പോയത് മറ്റൊന്നിനുമല്ല. എന്റെ മനസ്സാക്ഷിക്കും സമൂഹത്തിനും കുടുംബത്തിനും അറിയാം ഞാൻ തെറ്റുകാരനല്ല എന്ന്. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധി, അതിൽ ഒരുപാട് സന്തോഷമുണ്ട്. അന്നൊരുപക്ഷേ ആ വിധി ഒന്ന് തിരുത്തി എഴുതിയിരുന്നെങ്കിലും ഇന്ന് ഒരു നടൻ നിലയിൽ എനിക്ക് നിങ്ങളുടെ മുന്നിൽ ഇങ്ങനെ ഇരിക്കാനും പറ്റുമായിരുന്നില്ല. ഇത്ര ആത്മധൈര്യത്തോടുകൂടി ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ എന്റെ യേശു എന്നെ സഹായിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com