കണ്ണുകളിൽ ഇരുട്ടു മൂടുന്നു, ഇന്നസന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല: ദിലീപ്
Mail This Article
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെപ്പോലെ സഹോദരനെപ്പോലെ ഒരു വഴികാട്ടിയെ പോലെ ജീവിതത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് വിടപറഞ്ഞുപോയതെന്നും ഓർമയുള്ള കാലം വരെ എന്നും അദ്ദേഹം തങ്ങൾക്കൊപ്പമുണ്ടാകുമെന്നും ദിലീപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും.’’-ദിലീപ് പറഞ്ഞു.
മിമിക്രി കാലഘട്ടം മുതൽ ദിലീപിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നടനാണ് ഇന്നസന്റ്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് ദിലീപും സംഘവും പുറത്തിറക്കിയ ‘ദേ മാവേലി കൊമ്പത്ത് ’ പോലുള്ള ഓഡിയോ കാസ്റ്റും ഒക്കെ വലിയ വിജയങ്ങളായിരുന്നു. പിന്നീട് സിനിമാ രംഗത്തുവന്നപ്പോഴും ദിലീപുമായി അടുത്തബന്ധം ഇന്നസന്റ് പുലർത്തിയിരുന്നു.