‘ഇന്നച്ചൻ ചേട്ടൻ; സ്വർഗത്തിലും തുടരുന്ന ചിരി’
Mail This Article
‘‘ഇന്നസന്റ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’’. ഞാൻ പ്രതീക്ഷിച്ച മറുപടി ഇതായിരുന്നു- ‘‘കണ്ടിട്ട്ണ്ട്, കണ്ടിട്ട്ണ്ട്, കൊറേ കണ്ടിട്ട്ണ്ട്’’. പക്ഷേ അദ്ദേഹം പറഞ്ഞതിങ്ങനെയും- ‘‘പിന്നേ, വരുന്നോരേം പോണോരേം നോക്കിയിരിക്കലല്ലേ എന്റെ പണി!’’. ‘‘ഇദ്ദേഹം മഹാരാജാസിലെ പ്രഫസറാണ്, മ്യൂസിക്കിനെപ്പറ്റിയൊക്കെ എഴുതും’’. ആരെ പരിചയപ്പെടുത്തുമ്പോഴും മോഹൻലാൽ നൽകുന്ന ഉദാരതയുടെ ഓഹരിവീതം ഒരൽപം എനിക്കും ലഭിച്ചു. ‘‘ഇതാണോ പ്രഫസർ. ഇതേതാണ്ട്...’’ മണിച്ചിത്രത്താഴിൽ ദാസപ്പൻ പാതാളക്കരണ്ടി ചോദിച്ചനേരം ഉണ്ണിത്താനിൽ പ്രത്യക്ഷപ്പെട്ട അപൂർവഭാവം ഞാൻ നേരിൽ കണ്ടു. അടുത്തനിമിഷം ഞങ്ങൾ രണ്ടുപേരും ചിരിച്ചതിനോടു ചേർന്നുകൊണ്ട് ഇന്നസന്റ് ചോദിച്ചു- ‘‘ലാലേ ഇയാക്ക് ഫീലിങ്‌സൊന്നും ഇണ്ടായിട്ടില്ലല്ലോ, ല്ലേ?’’ ‘‘ഇദ്ദേഹം ഫീലിങ്‌സുള്ള ആളല്ല’’. ലാൽ കുസൃതിയോടെ എന്നെ നോക്കി. ‘‘അപ്പോ, നമ്മടെ കൂട്ടത്തിൽ ചേരില്ല, ല്ലേ ?’’. ‘‘അതൊക്കെ ചേരും. അതിനുള്ള അത്യാവശ്യം ഫീലിങ്‌സൊക്കെയുണ്ട്’’. ‘‘അപ്പൊ പിന്നെ ഒക്കെ’’. ഇന്നസന്റ് സൗഹാർദത്തിലേക്കു കടന്നു. അപ്പോഴേക്കും ഒരു കസേര എത്തി, പുറകെ ലൈം ടീയും.