‘ഞാനൊരു രോഗിയായി’ എന്ന് ഇന്നസന്റ് ചേട്ടൻ ആദ്യമായി എന്നോടു പറഞ്ഞു: മനസ്സുതുറന്ന് ഇടവേളബാബു
Mail This Article
വ്യക്തിപരമായി തനിക്കും ‘അമ്മ’ സംഘടനയ്ക്കും തീരാ നഷ്ടമാണ് ഇന്നസന്റിന്റെ വിയോഗമെന്ന് ഇടവേള ബാബു. മകനായോ സഹോദരനായോ ആണ് തന്നെ അദ്ദേഹം കണ്ടിരുന്നതെന്നും നാൽപത് വർഷമായി ഈ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഇടവേള ബാബു പറയുന്നു. യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
‘‘നിർജീവമായ മനസ്സാണ് ഇപ്പോൾ എന്റേത്. സങ്കടമെന്ന അവസ്ഥയൊക്കെ പോയി. മരണം പ്രതീക്ഷിച്ചിരുന്നു. ഇന്നസന്റ് ചേട്ടൻ നമ്മളില്‍ നിന്നും അകന്നുപോകുന്നുവെന്ന് ആദ്യം മനസ്സിലാക്കുന്നത് ഒരുപക്ഷേ ഞാനായിരിക്കും. കഴിഞ്ഞ ആറ് മാസത്തോളമായി നാല് ദിവസം ആശുപത്രിയിൽ മൂന്ന് ദിവസം വീട്ടിൽ എന്നതായിരുന്നു ഇന്നസന്റ് ചേട്ടന്റെ ജീവിതം. ഇതിന്റെ ഇടയ്ക്ക് മൂന്നാഴ്ച മുമ്പ്, ഇന്നസന്റ് ചേട്ടൻ എന്നെ വിളിച്ചു. ‘ഞാനൊരു രോഗിയായി’ എന്ന് ഇന്നസന്റ് ചേട്ടന്‍ പറയുന്നത് ആദ്യമായി എന്നോടു പറയുന്നത് അപ്പോഴാണ്. അന്ന് അദ്ദേഹം കുറേ കാര്യങ്ങൾ എന്നോടു പറഞ്ഞു. മരണത്തിലേക്ക് അദ്ദേഹം പോകുന്നുവെന്ന് അപ്പോൾ എനിക്കു തോന്നി.
ഇതിനിടയ്ക്ക് ഇന്നസന്റ് ചേട്ടൻ ഒരു വിദേശ യാത്ര നടത്തിയിരുന്നു. ‘അമ്മ’ ഷോയുടെ തുടർച്ചയായിട്ടായിരുന്നു ആ യാത്ര. അങ്ങനെയൊരു യാത്ര ആ അവസരത്തിൽ നടത്തുന്നതിനോട് ആർക്കും അത്ര താൽപര്യമില്ലായിരുന്നു. വീട്ടുകാര്‍ക്കും അത് ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനും ഇക്കാര്യം ഇന്നസന്റ് ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചൂടായി. തനിക്കൊരു കുഴപ്പവുമില്ലെന്ന ആത്മവിശ്വാസത്തോടെ എന്നോട് സംസാരിച്ചു. അതിനു ശേഷം നാല് ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ യാത്ര. ഈ മൂന്ന് ദിവസവും എന്നെ ഫോണിൽ വിളിച്ചിരുന്നു. തനിക്ക് നല്ല ആരോഗ്യം ഉണ്ടെന്ന് കാണിക്കുവാനായിരുന്നു ആ വിളി.
അവിടെ ചെന്ന് രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം ഒന്നു വീഴുകയുണ്ടായി. വലിയ കാര്യമായുള്ള വീഴ്ചയായിരുന്നില്ല. പക്ഷേ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിനു തിരിച്ചുപോകണമെന്നായി. ഇന്നസന്റ് ചേട്ടന്റെ ചേട്ടന്റെ മകന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ചേട്ടന്റെ മകൻ ഡോക്ടറുമാണ്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. അവിടെയുള്ള ആശുപത്രിയിൽ കാണിക്കാമെന്നൊക്കെ പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ തിരിച്ചു മടങ്ങി. ആ നാല് ദിവസത്തിനുള്ളിൽ 38 മണിക്കൂർ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് വന്ന് നേരെ ആശുപത്രിയിൽ പോയി. അതിനുേശഷം കോവിഡ് ബാധിച്ചു. ഇത് മൂന്ന് നാല് മാസം മുമ്പ് സംഭവിച്ചതാണ്. അവിടെ നിന്നുമാണ് മൂന്ന് ദിവസം ആശുപത്രി, നാല് ദിവസം വീട്ടിൽ എന്ന അവസ്ഥ വന്നത്.
പിന്നെ ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് വന്നു. കൃത്രിമശ്വാസം കുറേ ദിവസങ്ങള്‍ കൊടുക്കേണ്ട അവസ്ഥ വന്നു. ഒന്നര മണിക്കൂർ കൃത്രിമശ്വാസം നല്‍കിയ ശേഷം അരമണിക്കൂർ ഒരു ഇടവേളയുണ്ട്. ആ അരമണിക്കൂർ അദ്ദേഹം ഒരു പത്തുപേരെയെങ്കിലും ഫോൺ ചെയ്യും. സ്ഥിരം സത്യേട്ടനെ, പ്രിയേട്ടനെ, എന്നെ അങ്ങനെ ഏറ്റവും അടുത്തുള്ള പല ആളുകളുടെയും വിളിച്ചിട്ടുണ്ട്. അത് സിനിമാ രാഷ്ട്രീയ മേഖലയിലെ ഒട്ടുമിക്ക ആളുകളെയുമാണ് വിളിക്കുന്നത്. ‘‘ഞാൻ രോഗിയായി ആശുപത്രിയിൽ കിടക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞ് അറിയണ്ടടാ, അത് ഞാൻ പറഞ്ഞ് അറിയെട്ടടാ’’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ഞാൻ തന്നെ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് മൂന്ന് നാല് മാസമായിരുന്നു. എന്റെ അടുത്ത് അദ്ദേഹം പറഞ്ഞു, ‘ നീ കാണണ്ട എന്ന്്, നിന്റെ മനസ്സിൽ എന്റെ പഴയരൂപം മതിയെന്ന് പറഞ്ഞു’’. അതുകൊണ്ട് തന്നെ ഇത്രയും ട്യൂബ് ഇട്ടിട്ടും ഞാൻ കണ്ടില്ല, ട്യൂബ് എടുത്തതിനു ശേഷമാണ് അദ്ദേഹത്തെ കണ്ടത്. ഭയങ്കര പേഴ്സനാലിറ്റിയിൽ ജീവിച്ചിരുന്ന മനുഷ്യനാണ് ഇന്നസന്റ്. ജുബ്ബ ഒന്നു ചുളിഞ്ഞാൽ അടുത്ത ജുബ്ബ എടുത്തിടും. പിന്നെ ഗോൾഡൻ കണ്ണട. ജീവിതത്തിൽ വളരെ വ്യത്യസ്ത പുലർത്തിയ താരമായിരുന്നു ഇന്നസന്റ് ചേട്ടന്‍.
അവസാന നാളുകളിൽ ശബ്ദം കുഴഞ്ഞിരുന്നു. എന്നെ മകനായാണോ അനിയനായാണോ കണ്ടതെന്ന് എനിക്കറിയില്ല. അത് ആലീസ് ചേച്ചിക്കും അറിയാം. എന്റെ കുറ്റം മറ്റുള്ളവര്‍ അദ്ദേഹത്തോട് പോയി പറഞ്ഞാൽ അക്കാര്യം അപ്പോൾ തന്നെ എന്നോട് പറയും. നാൽപത് വർഷമായി ഞങ്ങൾ തമ്മിലുള്ള ബന്ധം. ഇടവേള എന്ന സിനിമ തുടങ്ങുന്നതിനു മുമ്പ് എന്റെ പേര് നിർദേശിക്കുന്നത് ഇന്നസന്റ് ചേട്ടനാണ്.
ഞാനും ഇന്നസന്റ് ചേട്ടനും ഒപ്പമാണ് ‘അമ്മ’ സംഘടനയിൽ എത്തുന്നത്. ഇന്നസന്റ് ചേട്ടൻ ആറ് ടേം ‘അമ്മ’യിൽ ഇരുന്നു. ഒരു ടേം മൂന്ന് കൊല്ലമാണ്. ഇന്നസന്റ് ചേട്ടൻ എന്നിൽ ഭയങ്കര ആത്മവിശ്വാസമുണ്ടായിരുന്നു. ഇത്രയും കോടി രൂപ മൂല്യമുള്ള സ്ഥാപനത്തിന്റെ ചെക്ക് അദ്ദേഹം ഒപ്പിട്ടു തരുമായിരുന്നു. ഒരു രൂപയ്ക്കും ഞാൻ കണയ്ക്കു വയ്ക്കും എന്ന് അദ്ദേഹത്തിനറിയാം. ആരുമറിയാത്ത സ്നേഹവും കരുണയും ഇന്നസന്റ് ചേട്ടന് എന്നോട് ഉണ്ടായിരുന്നു.
ഇന്നസന്റ് ചേട്ടന് നമ്മൾ കാണാത്ത ഒരു മുഖമുണ്ട്. വളരെ ചുരുക്കം സമയത്തെ അങ്ങനെ സംഭവിക്കൂ. അതും ഞാൻ കണ്ടിട്ടുണ്ട്. പറഞ്ഞാൽ ഒന്നൊന്നര ചീത്തയാകും. ഒരാളെ അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിൽ പിന്നെ ഇഷ്ടമല്ല. അയാളോട് പെരുമാറുമ്പോൾ ഒന്നും കാണിക്കില്ല. പക്ഷേ അദ്ദേഹത്തിന് ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. അവരുടെ കുടുംബക്കാരെയടക്കം കാണാ പാഠമായിരുന്നു.
മലയാള സിനിമയില്‍ കുടുംബമായി യാത്ര ചെയ്ത് തുടങ്ങിയ നടൻ ഇന്നസന്റ് ആയിരിക്കും. പക്ഷേ ഇരിങ്ങാലക്കുട പെരുന്നാളിന് എന്ത് ഷൂട്ടുണ്ടെങ്കിലും അദ്ദേഹം വീട്ടിൽ എത്തിയിരിക്കും. അതുപോലെ ക്രിസ്മസ്, ഈസ്റ്റർ ഈ വിശേഷ ദിവസങ്ങളിലൊക്കെ വീട്ടിൽ ചെല്ലും. അദ്ദേഹത്തോട് ആർക്കും പരാതിയില്ലായിരുന്നു. അങ്ങനെയൊരു സ്ഥാനമാണ് മലയാള സിനിമ ഇന്നസന്റ് ചേട്ടന് നൽകിയത്.
തിലകൻ ചേട്ടനെ പുറത്താക്കുന്നത് ഇന്നസന്റ് ചേട്ടനെ സംബന്ധിച്ചടത്തോളം വലിയ വേദനാജനകമായിരുന്നു. അത് അല്ലാതാക്കിയെടുക്കാൻ ഒരുപാട് ശ്രമിച്ചു, പക്ഷേ തിലകൻ ചേട്ടൻ നിന്നു തന്നില്ല. തന്റെ കാലയളവിൽ അദ്ദേഹത്തെ പുറത്താക്കി എന്നത് ഇന്നസന്റ് ചേട്ടന് വലിയ ദുഃഖം ഉണ്ടാക്കിയിരുന്നു. ചില തീരുമാനങ്ങൾ നമുക്ക് കൂട്ടായി എടുക്കേണ്ട തീരുമാനങ്ങളാണ്. അതുകൊണ്ട് മാത്രമാണ് അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്.
അദ്ദേഹത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ താഴെ വന്ന് അന്വേഷിച്ചുപോയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ കാണാനോ മുറിയിലേക്കു പോകുവാനോ ശ്രമിക്കാറില്ല. ഡോക്ടർമാരെയും പിആർഒ മാരെയും വിളിച്ച് സുഖവിവരം അന്വേഷിക്കും. 12 കൊല്ലമായി അദ്ദേഹത്തിന്റെ ചികിത്സ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ എനിക്കും ആ ആശുപത്രിയിൽ ബന്ധങ്ങളുണ്ട്. മാത്രമല്ല ഇൻഷുറൻസ് സംബന്ധമായ ബില്ലുകൾ വരാറുണ്ട്.
അവസാന നിമിഷങ്ങളിൽ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കാൻ പറ്റി. അവിടെയും പല തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. പല പ്രതിസന്ധികൾ അവിടെയും വന്നു. വെള്ളിയാഴ്ച വരെ ഞങ്ങൾക്കു പ്രതീക്ഷ ഉണ്ടായിരുന്നു. അദ്ഭുതം സംഭവിച്ചേക്കാം, അത് ഇന്നസന്റ് ചേട്ടനാണ്. പല ഘട്ടങ്ങളിൽ നിന്നും അദ്ദേഹം തിരിച്ചു വന്നിട്ടുണ്ട്. ഇത്തവണയും അത് സംഭവിക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ വെള്ളിയാഴ്ച വൈകിട്ട് തോന്നി, ഇനി മുന്നോട്ടു പോകില്ലെന്ന്. അവസാന തീരുമാനം എടുക്കുന്ന ബോർഡിൽ ഞാനുമുണ്ടായിരുന്നു.
സജി ചെറിയാൻ അടക്കമുള്ള മന്ത്രിമാർ അവിടെ ഉണ്ടായിരുന്നു. ഗംഗാധരൻ ഡോക്ടർ എല്ലാ കാര്യങ്ങളും കൃത്യമായി വിവരിച്ചു തന്നു. ഏഴോളം ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ അവിടെ ഉണ്ടായിരുന്നു. അതിനുശേഷം അവരെല്ലാം ഒരേ തീരുമാനത്തിലെത്തി. അങ്ങനെ മന്ത്രി രാജീവ് മുഖ്യമന്ത്രിയുമായി സംസാരിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
സത്യേട്ടൻ (സത്യന്‍ അന്തിക്കാട്) വന്ന് ആലീസ് ചേച്ചിയോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഞാൻ സോനുവിനോടും കാര്യങ്ങൾ സംസാരിച്ചിരുന്നു. യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ അവരും മാനസികമായി തയാറെടുത്തു. മരണം നേരിടുന്ന സമയത്ത് എവിടുന്നോ ഒരു ശക്തി നമ്മളിലുണ്ടാകും. ഈ രണ്ട് ദിവസം ആലീസ് ചേച്ചിയെയും സോനുവിനെയും മുന്നോട്ടുകൊണ്ടുപോയത് ആ ശക്തിയാണ്. ചേച്ചി ഇപ്പോൾ പൊരുത്തപ്പെട്ട് വരുകയാണ്.
ഇപ്പോഴും നിർജീവമായ അവസ്ഥയിലാണ് ഞാൻ. മരിച്ചുകിടക്കുമ്പോൾ കുറച്ച് നിമിഷം മാത്രമേ ഞാൻ ആ മുഖത്ത് നോക്കിയുള്ളൂ. അവസാന നിമിഷം അദ്ദേഹത്തിന്റെ ഛായ പോലും ഉണ്ടായിരുന്നില്ല. കണ്ണട വച്ചപ്പോഴാണ് ആ പഴയ ഇന്നസന്റ് ചേട്ടനിലേക്കുള്ള ഛായയില്‍ എത്തിയത്. മാത്രമല്ല വേറൊരു ജുബ്ബയാണ് അപ്പോൾ ധരിച്ചിരുന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും ഗോൾഡൻ ജുബ്ബയും മുണ്ടും വരുത്തിച്ച് അത് ധരിപ്പിച്ചശേഷമാണ് പുറത്തേക്കെടുത്തത്.
ഞാൻ കരഞ്ഞു, ആരും കാണാതെ എന്റെ ബെഡ് റൂമിൽ വന്നു കരഞ്ഞു തീർത്തു. ഞാൻ സോനുവിനോട് പറഞ്ഞു, മനസ്സിലുള്ള വിഷമം കരഞ്ഞു തീർക്കാൻ. പക്ഷേ ഞാൻ അവിടെ വച്ചുകരഞ്ഞാൽ എല്ലാവരും തളർന്നു പോകും എന്ന് അറിയാമായിരുന്നു. പ്രത്യേകിച്ചും പേരകുട്ടികളൊക്കെ നെഞ്ചു പൊട്ടിയാണ് കരഞ്ഞുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണം രണ്ടുദിവസം മുൻപേ ഞാൻ വിഷ്വലൈസ് ചെയ്തിരുന്നു. എങ്ങനെ കൊണ്ടുപോകണം എങ്ങനെ ചെയ്യണം എന്നൊക്കെ മനസ്സിൽ കണ്ടു. ചിലർ പറയില്ലേ യാഥാർഥ്യങ്ങൾക്ക് മുൻപേ സഞ്ചരിക്കണം എന്ന്.
വലിയ ജനാവലിയാണ് പൊതുദർശനത്തിനു വന്നത്. സിനിമാക്കാർ മുഴുവൻ ഇരിങ്ങാലക്കുടയിൽ എത്തിയാൽ ബുദ്ധിമുട്ടാകും എന്നതിനാലാണ് എറണാകുളത്ത് പൊതുദർശനം വച്ചത്. എല്ലാവർക്കും വന്നു കാണുവാൻ പറ്റി. വരാത്തവരോട് ഒന്നും പറയാനില്ല. ‘അമ്മ’യുടെ സംഘടനയിൽ പതിനെട്ട് വർഷം പ്രവർത്തിച്ച ആളാണ്. നമുക്ക് വേണ്ടി ഓടി നടന്ന ആളാണ്. പൈസ വാങ്ങിച്ചല്ല ആരും അമ്മയിൽ പ്രവർത്തിക്കുന്നത്. വരാതിരുന്നത് ശരിയാണോ എന്ന് സ്വയം ആലോചിക്കുക. എവിടെയൊക്കെയോ ഒരു ശരികേട് നമുക്കും തോന്നുന്നു. ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. തിരക്കുകൾ നമുക്കൊക്കെ ഉണ്ടാകും. പക്ഷേ അതിനെയും തരണം ചെയ്യാവുന്ന എത്രയോ മാർഗങ്ങൾ ഉണ്ടാകും. മോഹൻലാൽ തന്നെ ഫ്ലൈറ്റ്ചാർട്ട് ചെയ്താണ് വന്നത്. മമ്മൂക്ക തന്നെ എത്രയോ തവണ ആശുപത്രിയിൽ വന്നു. രോഗാവസ്ഥയിലുള്ള സലിംകുമാർ വരെ വന്നു.
എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാരും ഓടി വന്നിരുന്നു. അതുനോക്കുമ്പോൾ സിനിമാ മേഖല അദ്ദേഹത്തോട് നീതി പുലർത്തിയോ എന്ന് സംശയമാണ്. നാളെ നമ്മുടെ വീട്ടിൽ ഇങ്ങനെ സംഭവിക്കുമ്പോഴാകും ഇത് അവർക്ക് മനസ്സിലാകുക. മരിച്ചു കഴിഞ്ഞാൽ ആരൊക്കെ വരും വരില്ല എന്ന് ഇന്നസന്റ് ചേട്ടൻ തന്നെ എന്നോട് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതു തന്നെ സംഭവിക്കുകയും ചെയ്തു. അതുകൊണ്ട് എനിക്ക് വലിയ അദ്ഭുതമായൊന്നും തോന്നിയില്ല. പക്ഷേ അതിലും വലിയ ജനാവലി അവിടെ കണ്ടു. അങ്ങനെയൊരു നിലയിലേക്ക് ഇന്നസന്റ് ചേട്ടൻ ആയി എന്നത് സന്തോഷം തോന്നുന്ന കാര്യമാണ്.
മരണകാരണം കാൻസർ അല്ല എന്നു തന്നെയാണ് ഡോകർമാർ പറഞ്ഞത്. ലങ്സ് ഒരു വല പോലെ ആയിപ്പോയി എന്നാണ് ഡോക്ടര്‍മാർ പറഞ്ഞത്. മറ്റ് രോഗങ്ങൾ ഒരുപാടുള്ള ആളായിരുന്നു. ശരീരവും തളർന്നുപോയിരുന്നു. എന്നിട്ടും എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അവസാനം വരെ നോക്കി. സാമ്പത്തികം ഒരു പ്രശ്നമേ അല്ലായിരുന്നു. താൻ ബോധമില്ലാതെ കിടന്നാലും പിച്ചച്ചട്ടിയുമായി ഇറങ്ങരുതെന്ന് അദ്ദേഹം പറയുമായിരുന്നു.
സർക്കാർ സഹായമുണ്ട്, ‘അമ്മ’ ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇൻഷുറൻസ് കൃത്യമായി പുതുക്കി എടുത്തിരുന്നു. പ്രധാന നടന്മാരെല്ലാം എന്നെ വിളിച്ച് അദ്ദേഹത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു. ഇന്നത്തെ ഇന്നസെന്റ് ആകുന്നത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടുമാത്രമാണ്. ആദ്യ സമയങ്ങളിൽ ചെന്നൈയിലെ ചേട്ടന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യം പറയുമ്പോൾ ആദ്യമൊക്കെ അതിനെ അദ്ദേഹം എതിർത്തിരുന്നു. എന്നാൽ പിന്നെ എന്നോട് ഒരിക്കൽ വരാൻ പറഞ്ഞപ്പോൾ, ‘‘നീ വന്നോ, പക്ഷേ മനസ്സിനെ പാകപ്പെടുത്തിയിട്ടാകണം വരുന്നതെന്ന് പറഞ്ഞു. ടൗണിൽ നിന്നും കുറെ ദൂരെയാണ് ചേട്ടൻ താമസിച്ചിരുന്നത് അതും ഒരു ചെറിയ വാടകവീട്ടിൽ, ഇരിക്കാൻ ഒരു കസേരപോലും വീട്ടിൽ ഉണ്ടായിരുന്നില്ല. അത്രയും ദുരവസ്ഥയിൽ കഴിഞ്ഞിട്ടുണ്ട്.
അവിടെ നിന്നും ചേട്ടന്റെ വളർച്ച ഒരുപാട് വളരെ വലുതായിരുന്നു. അഭിനയത്തിലൂടെയാണ് ചേട്ടൻ ഇവിടെ വരെ എത്തിയത്. അവസാനം പുതിയ വീട് പണിതപ്പോൾ ഞാൻ ചോദിച്ചു, ഇത് എന്തിനാണ് എന്ന്. ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണം എന്ന് ചേട്ടന് നിർബന്ധം ആയിരുന്നു. പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്നേഹിക്കുന്നവർക്ക് നഷ്ടം തന്നെയാണ്. ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞതിനു ശേഷമാണ് ഇന്നസന്റ് ചേട്ടൻ യാത്രയായത്.’’–ഇടവേള ബാബു പറഞ്ഞു.