ADVERTISEMENT

‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന തന്റെ സിനിമയ്ക്ക് ലൊക്കേഷൻ കാണിച്ചു തരാൻ വന്ന സഹായിയായിരുന്നു മാമുക്കോയ എന്ന് സംവിധായകൻ സിബി മലയിൽ. പിന്നീട് ആ സിനിമയിൽ പപ്പു അഭിനയിക്കേണ്ട വേഷം അദ്ദേഹത്തിന്റെ അഭാവത്തിൽ മാമുക്കോയ അഭിനയിക്കുകയായിരുന്നു. ഇന്നസന്റും മാമുക്കോയയും ചേർന്ന് മലയാള സിനിമയ്ക്ക് പുതിയൊരു ഹാസ്യ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇന്നസന്റിന്റെ വിയോഗം സംഭവിച്ച് അധിക നാളാകുന്നതിനു മുൻപ് മാമുക്കോയയും വിടപറയുന്നത് വലിയ വേദനയാണ് നൽകുന്നതെന്ന് സിബി മലയിൽ പറയുന്നു. 

 

‘‘1987 ൽ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കാണാൻ കോഴിക്കോട് എത്തുമ്പോഴാണ് മാമുക്കോയയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാനും ശ്രീനിവാസനും അവിടെ താമസിച്ച് ലൊക്കേഷൻ നോക്കുമ്പോൾ ഞങ്ങളെ സഹായിക്കാനായി വന്ന ആളാണ് മാമുക്കോയ. അന്ന് അദ്ദേഹം നാടകരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നും രാവിലെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ വന്നിരിക്കുകയും ഞങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്നു സ്ഥലങ്ങൾ കാണിച്ചു തരികയും ചെയ്ത അദ്ദേഹം ഒരാഴ്ചയോളം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.  

 

ഷൂട്ടിങ്ങിന്റെ തലേന്ന് കുതിരവട്ടം പപ്പു ചേട്ടൻ അഭിനയിക്കേണ്ട വേഷം ചെയ്യാൻ അദ്ദേഹം ഉണ്ടാകില്ല എന്ന സാഹചര്യം ഉണ്ടായപ്പോൾ പെട്ടെന്ന് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നു.  പപ്പുവേട്ടൻ ഇല്ലാത്ത സ്ഥിതിക്ക് ആരെയാണ് ഒരാളെ കണ്ടെത്തുക എന്ന് ഞാൻ ശ്രീനിവാസനോട് ചോദിച്ചു.  അപ്പോൾ ശ്രീനിയാണ് പറഞ്ഞത് നമുക്ക് മാമുവിനെ അഭിനയിപ്പിച്ചാലോ എന്ന്. മാമു കോഴിക്കോട് ഒക്കെ അറിയപ്പെടുന്ന നാടക നടനാണ്, ഒരുപാട് നാടകങ്ങൾ ചെയ്തിട്ടുണ്ട്. എനിക്ക് പൂർണമായ വിശ്വാസം ഇല്ലെങ്കിലും ശ്രീനിയുടെ അഭിപ്രായത്തിന്റെ ബലത്തിൽ ആണ് അദ്ദേഹത്തെ അഭിനയിപ്പിച്ചത്. 

 

അടുത്ത ദിവസം മാമുക്കോയ മുണ്ടും ഷർട്ടുമിട്ട് കഥാപാത്രമായി നിൽക്കുന്നതാണ് കണ്ടത്. കാഴ്ച്ചയിൽ ആ കഥാപാത്രം തന്നെയായിരുന്നു, എന്നെ അമ്പരപ്പിച്ചുകൊണ്ട് മാമുക്കോയ ഗംഭീരമായി ആ കഥാപാത്രം ചെയ്തു.  ഒരുപക്ഷേ പപ്പുവേട്ടൻ ചെയ്തെങ്കിൽ ആ കഥാപാത്രവും ഭാഷയും ഇത്രയും ഒറിജിനാലിറ്റി തോന്നില്ലായിരുന്നു. അതാണ് അദ്ദേഹത്തിന്റെ മുഖ്യധാരാ സിനിമ എന്ന് തോന്നുന്നു. പിന്നീട് മലയാള സിനിമയുടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാമുക്കോയ മാറുകയായിരുന്നു. എന്റെ ഒരുപാട് സിനിമകളിൽ മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.  എന്റെ സിനിമയിലെ "മാണ്ട" എന്ന ഡയലോഗ് പിൽക്കാലത്ത് ട്രോളിലായി പ്രശസ്തമായി.  

 

‘കാണാക്കിനാവ്’ ഷൂട്ട് ചെയ്തത് കല്ലായിയിൽ ആണ്.  മാമുക്കോയ കല്ലായിയിൽ തടി അളക്കുന്ന ജോലി ചെയ്യുന്ന ആളായിരുന്നു. അദ്ദേഹത്തിന് പരിചിതമായ കഥാപാത്രമായിരുന്നു കാണാക്കിനാവിലേത്.  ആ സമയത്ത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തിൽ വളരെ സാധാരണക്കാരനായ, സിനിമയെയും സാഹിത്യത്തെയും നാടകത്തെയും വളരെ അടുത്തറിഞ്ഞ ആളായിരുന്നു അദ്ദേഹം. ബഷീറിന്റെ വീട്ടിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം വലിയ രീതിയിൽ വായന ശീലമാക്കിയിരുന്നു.  നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നിരുന്ന നല്ലൊരു മനുഷ്യ സ്‌നേഹി ആയിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ ഇന്നസന്റ് ചേട്ടനും മാമുക്കോയയും ഒരു ടീമായി കോമഡി ചെയ്യുന്ന സിനിമകൾ ഉണ്ടായിരുന്നു. ഇന്നസന്റ് ചേട്ടൻ വിടവാങ്ങി ദിവസങ്ങൾക്കുള്ളിൽ മാമുക്കോയയും വിടവാങ്ങുന്നതാണ് ഏറ്റവുമധികം വേദനിപ്പിക്കുന്നത്. ഒരു ടീമായി അഭിനയിച്ചിരുന്ന രണ്ടു പ്രമുഖരായ നടന്മാരെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നു.’’– സിബി മലയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com