ADVERTISEMENT

മലയാളത്തിലെ ഒരു സിനിമയും നൂറ് കോടി രൂപ കലക്ട് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി നിർമാതാവ് സുരേഷ് കുമാർ. നൂറ് കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കലക്‌ഷനാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിർമിക്കാൻ തുടങ്ങിയ കാലത്ത് പരാജയങ്ങൾ ഉണ്ടായാലും താങ്ങാൻ കഴിയുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാൽ താരങ്ങൾ കോടികളാണ് വർധിപ്പിക്കുന്നത്. ഇന്ന് നിർമാണം ഒരു ൈകവിട്ട കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മ‍ൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.

‘‘ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല, കലക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കലക്‌ഷന്റെ കാര്യത്തിലാണ്.’’–സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിർപ്പെന്നും അദ്ദേഹം പറയുകയുണ്ടായി. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. 

suresh-kumar-kamal-maniyanpilla
'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ കമൽ, ജി സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍

മുൻപു തിയേറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു. കഥ, സംവിധാനം, സാങ്കേതികത എന്നീ മേഖലകളിൽ മലയാള സിനിമ മികച്ചു നിന്ന കാലഘട്ടമായിരുന്നു എൺപതുകളെന്ന് മണിയൻപിള്ള രാജു പറഞ്ഞു.

maniyanpilla
'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ മണിയന്‍പിള്ള രാജു

ഇന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മലയാള സിനിമ മികച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഒട്ടേറെ സിനിമകളാണ് എൺപതുകളിൽ മലയാളത്തിൽ ഇറങ്ങിയതെന്നു കമൽ പറഞ്ഞു. 

suresh-kumar-kamal
'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ കമൽ, ജി സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍

ഓരോ കാൽനൂറ്റാണ്ടു കൂടുമ്പോഴും മലയാള സിനിമയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെ സംഭാവന ചെയ്ത കാലമായിരുന്നു എൺപതുകളെന്നും കമൽ ചൂണ്ടിക്കാട്ടി.

kamal
'എണ്‍പതുകളിലെ മലയാള സിനിമ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ കമൽ

പത്മരാജൻ, ഭരതൻ, കെ.ജി ജോർജ് എന്നിവരുടെ സിനിമകളിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തെ മാറ്റങ്ങൾക്ക് തുടക്കമായത്. പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രം തമാശ ചിത്രങ്ങൾക്ക് ഒരു പുതിയ പാത തന്നെ തുറന്നു നൽകിയതായി സുരേഷ് കുമാർ വ്യക്തമാക്കി.

English Summary:

Suresh Kumar reveals the real truth behind box office collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com