ADVERTISEMENT

എം.സി. ചാക്കോയിൽനിന്ന് എം.സി. കട്ടപ്പനയിലേക്കുള്ള കൂടുമാറ്റം ജയിലിൽ വച്ചായിരുന്നു. നാലു ചുമരുകൾക്കുള്ളിലെ ഏകാന്തവാസമാണ് ചാക്കോയുടെ ഉള്ളിൽ ഒളിഞ്ഞുകിടന്ന അഭിനയവാസന പുറത്തെടുത്തത്. എന്നിട്ടും അംഗീകാരം മലകയറി എത്താൻ കാലങ്ങൾ എടുത്തു. മികച്ച നാടകനടനുള്ള ഈ വർഷത്തെ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച എം.സി. കട്ടപ്പന സർക്കാർ സർവീസിൽ സേവനമനുഷ്‌ഠിക്കുമ്പോൾ എൻജിഒ യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

അടിയന്തരാവസ്‌ഥക്കാലത്ത് അനുഭവിച്ച ജയിൽവാസമാണ് എം.സി. കട്ടപ്പനയെ നാടകലോകത്തേക്കു നയിച്ചത്. യൂണിയൻ സമരങ്ങളുമായി ബന്ധപ്പെട്ട് അറസ്‌റ്റ് വരിച്ച് മൂവാറ്റുപുഴ സബ്‌ജയിലിൽ തടവിൽ കഴിഞ്ഞ നാളുകളിലാണ് ഉള്ളിലെ അഭിനയചാതുരി ജയിൽവാസത്തിന്റെ വിരസത അകറ്റാൻ അദ്ദേഹം പുറത്തെടുത്തത്. 

സഹപ്രവർത്തകരുടെയും സഹതടവുകാരുടെയും പ്രോത്സാഹനം പിന്നീട് മൂന്നു പതിറ്റാണ്ടു നീണ്ട നാടകസപര്യയിലേക്കുള്ള വഴിതുറന്നു. നടനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം എംസി കട്ടപ്പനയെന്ന നാടകനടന്റെ പിറവിയും കുറിച്ചു.

അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പിൽ ക്ലാർക്കായി ഉദ്യോഗം ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും ഒരു കുടക്കീഴിൽ എന്നപോലെ കൊണ്ടുപോകാനായി, ഈ കലാകാരന്. പിതാവും സഹോദരങ്ങളും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലായിരുന്നതിനാൽ മണിമലയിൽനിന്നു തന്റെ ജീവിതവും അവിടേക്കു പറിച്ചുനടുകയായിരുന്നു എംസി കട്ടപ്പന. സർക്കാർ സർവീസിൽ ജോലി ചെയ്യുമ്പോൾ നാടകത്തിൽ അഭിനയിക്കുന്നവർ അതിന്റെ പരസ്യപ്രചാരണങ്ങൾക്കായി തന്റെ പേര് നോട്ടീസിലോ പോസ്‌റ്ററുകളിലോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിനാൽ സ്വന്തം പേരായ എംസി ചാക്കോയിൽനിന്നു ചാക്കോയെ ഒഴിവാക്കി സ്വന്തം സ്‌ഥലമായ കട്ടപ്പനയെ പേരിനോടൊപ്പം കൂട്ടി. 

മണ്ണിന്റെ മനസ്സും കർഷകന്റെ ദുരിതങ്ങളും നേരിട്ടറിയാവുന്നതിനാൽ ഇത്തവണ അവാർഡ് നേടിത്തന്ന കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണി’ലെ കുഞ്ഞുപിള്ളയെന്ന കർഷകന്റെ ദീനത അതിന്റെ പൂർണരൂപത്തിൽ അവതരിപ്പിക്കാൻ എംസിക്കു കഴിഞ്ഞു. മലയോര ജില്ലയിൽ താമസക്കാരനായി എന്ന കാരണത്താൽമാത്രം സിനിമയുടെയും സീരിയലിന്റെയും വെള്ളിവെളിച്ചത്തേക്ക് കൂടുതൽ കടന്നെത്താൻ കഴിയാതിരുന്ന കലാകാരനാണ് എം.സി.  കാഴ്‌ച, പളുങ്ക്, അമൃതം, പകൽ എന്നീ സിനിമകളിലും ഏതാനും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിരുന്നു

സമ്മാനം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്‌ത എം.സി. കാഴ്‌ചയിലെ വക്കീൽ വേഷത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധേയനായത്. ഇന്നസന്റ് അവതരിപ്പിച്ച വികാരിയച്ചന്റെ വേഷമായിരുന്നു എം.സിക്ക് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇനിയും പുറത്തിറങ്ങാനുള്ള, നേരത്തേ ചിത്രീകരണം തുടങ്ങിവച്ച പാസ് പാസ് എന്ന ചിത്രത്തിൽ ഹോസ്‌റ്റൽ വാർഡനായ വികാരിയുടെ വേഷമായതിനാൽ ബ്ലെസ്സി വക്കീൽ വേഷം നൽകി. തുടർന്ന് സിബി മലയിലിന്റെ അമൃതത്തിൽ നായികയുടെ അച്‌ഛൻ ഹാജിയാരായി എം.സി. ശരിക്കു തിളങ്ങി. 

ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിലൂടെയായിരുന്നു എം.സി. നാടകവേദിയിലെത്തിയത്. മൂന്നൂറിലധികം വേദി പിന്നിട്ട പുനർജനിക്കുന്ന പെരുന്തച്ചനിലെ പെരുന്തച്ചൻ അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുത്തു. പിന്നീട് തിരുവനന്തപുരം താസ്‌കിന്റെ ഓടയിൽ നിന്നിലെ പപ്പുവും വാഴ്വേ മായത്തിലെ സുധീന്ദ്രനും എം.സി. ഏറ്റെടുത്തു വിജയിപ്പിച്ച വെല്ലുവിളികളായിരുന്നു. 

പെരുന്തച്ചൻ തിലകന്റെ രൂപത്തിലും പപ്പുവും സുധീന്ദ്രനും സത്യന്റെ രൂപത്തിലും മലയാളത്തിലെ സിനിമ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് നാടകവേദിക്കു വേണ്ടി എം.സി. ഈ കഥാപാത്രങ്ങളെ അനശ്വരരാക്കിയത്. പല കഥാപാത്രങ്ങളും നാടകത്തിനു ശേഷം സിനിമയിലെത്തുമ്പോൾ എം.സിയുടെ കഥാപാത്രങ്ങൾ സിനിമക്കു ശേഷമാണു നാടകത്തിലെത്തിയത്. ഇതിനിടയിൽ സംവിധായക കുപ്പായമിട്ട എം.സിയാണ് ചങ്ങനാശ്ശേരി അണിയറയുടെ ആദ്യകാല ഹിറ്റുകളെല്ലാം അണിയിച്ചൊരുക്കിയത്.

ഓടയിൽനിന്നിലെ എം.സിയുടെ അഭിനയം കണ്ട ബ്ലെസിയാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. സമ്മാനത്തിൽ ഒരു പ്രമുഖ കഥാപാത്രത്തെ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അന്നു നാടകം ഉപേക്ഷിക്കാൻ എം.സി. തയാറായില്ല.  തന്റെ കൂടെ വേദികളിൽ ആടിത്തിമിർത്തവർ പലരും സിനിമയിലും സീരിയലുകളിലും സജീവമായിട്ടും എം.സി. പിൻമാറി നിന്നിരുന്നതിന്റെ കാരണം നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. 

കൊച്ചു പ്രേമനും, കെ.ടി.എസ്.പടന്നയിലും, റിസബാവയും, പറവൂർ രാമചന്ദ്രനും, ടി.എസ്.രാജുവും എല്ലാം എം.സിയോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നവരാണ്. നാടകം നൽകിയിരുന്ന തൊഴിൽഉറപ്പ് സിനിമയും സീരിയലുമൊന്നും നൽകുന്നില്ലെങ്കിലും ഈ മേഖലയിൽ തുടരാനായിരുന്നു എം.സിയുടെ തീരുമാനം. 

ശാരീരികാസ്വാസ്‌ഥ്യം നാടകവേദികളിലൂടെയുള്ള അലച്ചിലിനു വിഘാതമാകുന്നതിനാലാണ് അവസാനകാലത്ത് മനസില്ലാ മനസ്സോടെ നാടകത്തിൽ നിന്നു പിൻമാറുന്നത്.

English Summary:

MC Kattappana Actor Special Article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com