ADVERTISEMENT

താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയ‌ുമെന്ന് ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുമെന്നും അധികാരദുര്‍വിനിയോഗം ചെയ്യാത്തയാള്‍തന്നെയാകും പുതിയ ജനറല്‍ സെക്രട്ടറിയെന്നും ഇടവേള ബാബു വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ അമ്മയുടെ ഒൗദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘ഇനി ചിലപ്പോൾ ജോലിയായി കരുതേണ്ടി വരും, അതിനു മുമ്പ് മാറുക. മാത്രമല്ല പുതിയ ആളുകൾ വരേണ്ട സമയമായി. ഒരു ട്രാൻസ്പോർട്ട് വണ്ടി രാവിലെ ഗാരേജിൽ നിന്നും എടുത്തു പോകുന്നതുപോലെയാണ്. അവർ വന്ന് സ്റ്റാർട്ട് ആക്കും പോകും, അതിൽ ഓയിൽ ഒഴിക്കില്ല, കഴുകില്ല. അങ്ങനെ പൊയ്ക്കോണ്ടിരിക്കുകയാണ് സംഘടനയും. അതിന് മാറ്റം വേണമെങ്കിൽ ഞാൻ മാറുക, അപ്പോൾ പുതിയ ചിന്ത വരും.’’–ഇടവേള ബാബു പറഞ്ഞു.

സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ‘‘അമ്മയില്‍ ജനറല്‍ സെക്രട്ടറിക്കാണ് അധികാരം. ആ അധികാരം ദുരുപയോഗം ചെയ്യാത്തയാളാകണം പുതിയ ജനറല്‍ സെക്രട്ടറി. ഞാൻ ഇല്ലെങ്കില്‍ ലാലേട്ടൻ പിന്മാറുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അതുണ്ടാകില്ല. അദ്ദേഹം മാറില്ല.’’

തന്റെ നല്ല കാലയളവാണ് ‘അമ്മ’യില്‍ ചെലവഴിച്ചത്. വിവാഹം ഉണ്ടാകില്ല. തന്നെ മനസിലാക്കുന്നയാളുമായി കൂട്ടുകെട്ടുണ്ടാകാം. ‘‘ഭാവിയിൽ എന്റെ കൂടെ ഒരു കംപാനിയൻ ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണമൊന്നും ഉണ്ടാകില്ല. ഈ ജീവിതമാണ് സുഖം. കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാം എന്നു വിചാരിച്ചിരുന്ന ആളാണ്. ഇപ്പോൾ അതിലേറെ ബാധ്യതകൾ. കല്യാണം കഴിച്ചാൽ ഇത്രയേറെ ബാധ്യത വരില്ലായിരുന്നുവെന്ന് തോന്നുന്നു.

‘അമ്മ’യിലെ ആളുകള്‍ക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് സംഘടനയ്ക്ക് കാലിടറിയത്. മുമ്പ് ആർക്കും രാഷ്ട്രീയമില്ലായിരുന്നു. പൊതുജനങ്ങൾക്കും അതറിയില്ലായിരുന്നു. ജനങ്ങൾക്ക് ഇപ്പോൾ ആരൊക്കെ ഏത് പാർട്ടിയിൽ എന്നറിയാം. അവിടുന്നാണ് ‘അമ്മ’യ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിയതും. 

ഇന്‍ഷുറന്‍സും  അംഗങ്ങള്‍ക്കുള്ള കൈനീട്ടവും അടക്കം പ്രതിവര്‍ഷം മൂന്നുകോടിരൂപ ‘അമ്മ’യുടെ നടത്തിപ്പിനായി വേണ്ടിടത്ത് കൂട്ടുത്തരവാദിത്തം ഉണ്ടായേ മതിയാകൂ. അല്ലാത്ത പക്ഷം ഈ വണ്ടി എവിടെയെങ്കിലും നിൽക്കും. ’’–ഇടവേള ബാബു പറഞ്ഞുയ

അമ്മ രൂപീകരിച്ച 94മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെ കൂടുതല്‍ യുവാക്കളും നേതൃനിരയില്‍ എത്തിയേക്കും. അമ്മയുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ വലിയ കാലയളവ് തന്റെ ആത്മകഥയില്‍ പ്രതീക്ഷിക്കാമെന്ന് ഇടവേള പറയുന്നു.

English Summary:

Edavela Babu About AMMA Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com