ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്. പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു. നിർമാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി.

‘‘പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. അന്ന് റജിസ്ട്രേഷനെക്കുറിച്ച് വലിയ തോന്നൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല റജിസ്റ്ററും ചെയ്തു.

റെക്കോർഡിക്കൽ ആയി നമുക്കൊരു േരഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കില്‍ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ ഇതു ചെയ്യാൻ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണ്. കുട്ടികൾക്കും വലിയ സന്തോഷമായി.

വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെൺകുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയിൽ വന്നു നിന്നപ്പോൾ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്നു നടന്നു.

അന്ന് ഞങ്ങളുടെ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

ഒരു വർഷത്തോളാണ് ഇവളുടെ വീട്ടുകാർ അകന്നു നിന്നത്. പിന്നീട് കുട്ടികളൊക്കെ ആയി കഴിഞ്ഞപ്പോൾ അതൊക്കെ മാറി, സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവാഹം നടക്കുമ്പോഴും വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. എന്നാൽ തന്നെയും അധികം ആളുകളെ അറിയിക്കാതെയാണ് ഇതൊക്കെ പ്ലാൻ ചെയ്തത്. സാക്ഷി ഒപ്പിടാൻ പറ്റിയ ആളുകളെ മാത്രം വിളിച്ച് നടത്തിയ പരിപാടിയാണ്.

രാവിലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഭാര്യ വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ എന്നു പറഞ്ഞ്. കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകൻ ബോബൻ സാമുവൽ ആണ്. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ‘‘നീ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ലേ, ചത്തുപോയാൽ അവൾക്ക് ഇൻഷുറൻസ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതിൽ ബാധകമാണ്.

ഇങ്ങനെയുള്ള രേഖ വയ്ക്കുന്നത് നല്ലതാണ്. ഈ വിവാഹം മറ്റുള്ളവർക്കും പ്രചോദനമാകണമെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും എല്ലാവരും വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യണം. എന്റെ ചില കൂട്ടുകാരൊക്കെ ഇപ്പോഴും ചെയ്തിട്ടില്ല. അവരോടൊക്കെ പറയാനുള്ളത്, എത്രയും വേഗം ചെയ്യണം എന്നതാണ്.’’–ധർമജന്റെ വാക്കുകൾ.

English Summary:

Actor Dharmajan and Wife Celebrate Anniversary with a Legal Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com