ADVERTISEMENT

നാഗ് അശ്വിന്‍-പ്രഭാസ് ടീമിന്റെ 'കല്‍ക്കി 2898 എ.ഡി' എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളം ഉൾപ്പടെ നിരവധി ഭാഷകളിലായി തിയറ്ററുകൾ കീഴടക്കുകയാണ്. കൽക്കി വിജയം കൊയ്യുമ്പോൾ ആ സിനിമയുടെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡബ്ബ് ചെയ്യിച്ച 'വോക്‌സ്കോം' എന്ന പ്രൊഡക്ഷൻ ഹൗസും ശ്രദ്ധ നേടുകയാണ്. പൊന്നിയൻ സെൽവൻ, സലാർ തുടങ്ങി നിരവധി തെന്നിന്ത്യൻ സിനിമകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ശബ്ദം പകർന്നിട്ടുള്ളത് 'വോക്‌സ്‌കോം' ആണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളായ അജിത് കുമാറും അരുൺ സി എമ്മുമാണ് വോക്‌സ്കോമിന്റെ അമരക്കാർ. കൽക്കിയിലെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കോഴിക്കോടുകാരി നീരജ അരുൺ ആണ്. ദുൽഖർ സൽമാൻ, ശോഭന, അന്ന ബെൻ തുടങ്ങിയ താരങ്ങൾ അവരുടെ സംഭാഷണങ്ങൾ മലയാളത്തിലും ഡബ് ചെയ്തു. സിനിമയിലെ കൃഷ്ണന് അജിത് ശബ്ദമായപ്പോൾ, പ്രഭാസിനായി അരുൺ സി.എം. മലയാളം പറഞ്ഞു. പ്രഭാസിന്റെ മലയാള ശബ്ദമായി കയ്യടി നേടിയ താരമാണ് അരുൺ. കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി മലയാളത്തിൽ സംസാരിച്ച താരങ്ങളെ മനോരമ ഓൺലൈനിനു പരിചയപ്പെടുത്തുകയാണ് വോക്‌സ്കോം പ്രൊഡക്‌ഷൻ ഹൗസിൽ നിന്ന് അജിത് കുമാർ. 

മൊഴിമാറ്റത്തിന് ലഭിച്ചത് 10 ദിവസം 

വോക്സ്കോം എന്ന ഞങ്ങളുടെ കമ്പനി ആണ് കൽക്കി മലയാളം വേർഷൻ ഡബ്ബ് ചെയ്തത്. ഞാനും അരുൺ സി.എമ്മും ആയിരുന്നു ഡബ്ബിങ് ഡയറക്ടേഴ്സ്. സംഭാഷണം പരിഭാഷ ചെയ്തത് നീരജ അരുൺ. മുൻപ് ഞങ്ങൾ പൊന്നിയൻ സെൽവൻ, സലാർ പോലെയുള്ള സിനിമകൾ ചെയ്തിട്ടുള്ളതുകൊണ്ട് ആ റഫറൻസ് വച്ചാണ് കൽക്കിയുടെ ഡബ്ബിങ്ങിന് ഞങ്ങളെ സമീപിച്ചത്. നിർമാതാക്കളോട് സംസാരിച്ചപ്പോൾ ഞങ്ങൾ തീരുമാനിച്ചത് മലയാളത്തിൽ നിന്ന് സിനിമയിൽ അഭിനയിച്ച താരങ്ങൾക്കു വേണ്ടി അവർ തന്നെ ശബ്ദം കൊടുക്കട്ടെ, അതിനുള്ള എല്ലാ സഹായവും അവർ ചെയ്യാം എന്നായിരുന്നു. അങ്ങനെ ദുൽഖർ സൽമാൻ, ശോഭന തുടങ്ങി എല്ലാവരെയും അവർ തന്നെ അറേഞ്ച് ചെയ്തു തന്നു. പത്തു ദിവസം മാത്രമെ ഞങ്ങൾക്ക് കിട്ടിയുള്ളൂ. അങ്ങനെ പെട്ടെന്ന് തന്നെ അത്യാവശ്യം കഴിവുള്ള താരങ്ങളെ പെട്ടെന്ന് കണ്ടുപിടിച്ച് ചെയ്യുകയായിരുന്നു.

arun-ajith
അരുൺ സി.എമ്മും അജിത് കുമാറും

ഹൈദരാബാദിൽ നിന്നാണ് ദുൽഖർ ഡബ്ബ് ചെയ്തത്. ദുൽഖറിന് സ്ക്രിപ്റ്റ് ഇവിടെ നിന്ന് അയച്ചു കൊടുത്തു. അന്നാ ബെൻ കേരളത്തിൽ തന്നെയാണ് ചെയ്തത്. അന്ന ആദ്യമായിട്ടാണ് ഒരു അന്യഭാഷാ ചിത്രത്തിന് വേണ്ടി മലയാളം ഡബ്ബ് ചെയ്യുന്നത്. അതുകൊണ്ട് അന്നയ്ക്ക് ഞങ്ങളുടെ സഹായം വേണമായിരുന്നു.  

എല്ലാ ഭാഷയിലും ബുജിയായി കീർത്തി സുരേഷ് 

ബുജി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് നടി കീർത്തി സുരേഷ് ആയിരുന്നു. എല്ലാ ഭാഷയിലും കീർത്തി ആണ് ചെയ്‌തത്‌.  കീർത്തി എല്ലാ ഭാഷയും ഒഴുക്കോടെ സംസാരിക്കും. കൽക്കിയുടെ സംവിധായകൻ ചെയ്ത ആദ്യ സിനിമയായ മഹാനടിയിൽ കീർത്തി ആയിരുന്നു നായിക. കീർത്തി തെലുങ്ക് സിനിമകൾ ഒക്കെ ചെയ്തിട്ടുള്ളതുകൊണ്ടു സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കീർത്തിക്ക് മനസിലാകും. പ്രഭാസിന്റെ കഥാപത്രവും ബുജിയും തമ്മിൽ കോമഡി പറയുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് കുറച്ച് രസകരമായി വേണം ആ കഥാപാത്രം ചെയ്യാൻ! കീർത്തി അവരുടേതായ രീതിയിൽ അൽപം ഫ്രീഡം എടുത്താണ് ഡബ് ചെയ്തത്. അതു വളരെ ഭംഗിയായി വരികയും ചെയ്തു. ആ കഥാപാത്രത്തെക്കൊണ്ട് ഉദേശിച്ചത് വളരെ ക്യൂട്ട് ആയി കീർത്തി ചെയ്‌തു.

ദീപിക സംസാരിച്ചത് ഏഞ്ചൽ കിഷോറിലൂടെ  

ദീപിക പദുക്കോണിന്റെ കഥാപാത്രത്തിനായി ശബ്ദം കൊടുത്തത് ഏഞ്ചൽ കിഷോർ എന്ന ഡബ്ബിങ് ആർടിസ്റ്റാണ്. കഥാപാത്രത്തിന്റെ ശരീര ഭാഷയ്ക്കും സ്വഭാവത്തിനും ചേരുന്ന ശബ്ദമുള്ള ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്. സിനിമയിൽ അർബൻ ആയ കഥാപാത്രങ്ങളാണ് കൂടുതൽ ഉള്ളത്. അങ്ങനെയുള്ളവർക്ക് അത്തരത്തിൽ ഇംഗ്ലിഷും മലയാളവും മിക്സ് ആയി പറയുന്നവരെ സിലക്ട് ചെയ്തു. 

angel-deepika
ഏയ്ഞ്ചൽ കിഷോർ, ദീപിക പദുക്കോൺ

അമിതാഭ് ബച്ചന്റെ അശ്വത്ഥാമാ 

അമിതാഭ് ബച്ചന്റെ അശ്വത്ഥാമാ എന്ന കഥാപാത്രത്തിന് വേണ്ടി ആളെ കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അദേഹത്തിനു വേണ്ടി മിമിക്രി ചെയ്യുക എന്നത് ബോറാണ്. അദ്ദേഹം പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അതു മലയാളത്തിൽ ആക്കാൻ സ്ഥിരമായി ചെയ്യുന്ന മിമിക്രി താരങ്ങളുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ശബ്ദം പോലെ ഘനഗാംഭീര്യം ഉള്ള ഒരു ശബ്ദത്തിനുടമയെ കണ്ടെത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. ഒടുവിൽ തിരുവനന്തപുരത്തുള്ള ആദർശ് എന്ന താരത്തെ കണ്ടെത്തി. ആദർശ് ചെറുപ്പക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദത്തെ കുറച്ചു പ്രായം കൂട്ടി എടുത്തു.

പ്രഭാസിന്റെ സ്ഥിരം മലയാള ശബ്ദം

പ്രഭാസിനു വേണ്ടി സ്ഥിരമായി മലയാളത്തിൽ ശബ്ദം കൊടുക്കുന്നത് വോക്‌സ്കോമിലെ അരുൺ സി എം ആണ്. അതുകൊണ്ട് പ്രഭാസിന്റെ കാര്യം എളുപ്പമായിരുന്നു. ബാഹുബലി തൊട്ട് ഇങ്ങോട്ട് അരുൺ തന്നെയാണ് പ്രഭാസിന് വേണ്ടി ചെയ്യന്നത്. കെജിഎഫിലെ യാഷിനു ശബ്ദം കൊടുത്തതും അരുൺ ആണ്. പ്രഭാസിനു വേണ്ടി കുറച്ചു കോമഡി ആയിട്ടാണ് ഇത്തവണ ചെയ്തിരിക്കുന്നത്.

arun-prabhas
അരുൺ സി.എമ്മും പ്രഭാസും

കമൽഹാസന് പ്രവീൺ ഹരിശ്രീ

കമൽഹാസന് സ്ഥിരമായി ശബ്ദം പകരുന്നത് പ്രവീൺ ഹരിശ്രീയാണ്. എന്നാൽ, മലയാളത്തിൽ അദ്ദേഹം തന്നെ ഡബ് ചെയ്യാമെന്നൊരു പ്ലാൻ ആദ്യമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സമയക്കുറവ് കാരണം കഴിഞ്ഞില്ല. അതിനാൽ, ഡബ് ചെയ്യാനുള്ള ഉത്തരവാദിത്തം പ്രവീൺ ഹരിശ്രീയിലേക്കു തന്നെയെത്തി. ദശാവതാരം, വിശ്വരൂപം, വിക്രം തുടങ്ങി മിക്ക സിനിമകളിലും കമൽഹാസന് ശബ്ദമായത് പ്രവീൺ ആണ്. അദ്ദേഹം മിമിക്രി ആർട്ടിസ്റ്റും ഒരു പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. 

praveen-harisree-kamal
പ്രവീൺ ഹരിശ്രീ, കമൽഹാസൻ

പരിഭാഷയ്‌ക്കൊപ്പം ഡബിങ്ങും  

കൽക്കി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നീരജ അരുൺ ഈ സിനിമയിൽ ഡബ് ചെയ്തിട്ടുമുണ്ട്. മൃണാൾ താക്കൂറിനു വേണ്ടി ശബ്ദം കൊടുത്തത് നീരജയാണ്. ഞങ്ങൾക്കൊപ്പം കന്നഡ, തെലുങ്ക് സിനിമകൾ തുടങ്ങി ഒരുപാട് സിനിമകളിൽ നീരജ വർക്ക് ചെയ്തിട്ടുണ്ട്.

നീരജ അരുൺ
നീരജ അരുൺ

മലയാളത്തിലെ കൃഷ്ണൻ

കൃഷ്ണന് വേണ്ടി മലയാളത്തിൽ ശബ്ദം കൊടുത്തത് ഞാൻ തന്നെയാണ്. കൃഷ്ണന്റെ ബാക്കി ഭാഷകളിലെ ശബ്ദം അർജുൻ ദാസ് എന്ന നടന്റേതാണ്.  സിനിമയിൽ കൃഷ്‌ണന്റെ മുഖം കാണിക്കുന്നില്ല. ശബ്ദം കൊണ്ട് കൃഷ്ണനെ പരിചയപ്പെടുത്തുക എന്നതാണ് സംവിധായകൻ ഉദേശിച്ചത്.

ajith
അജിത് കുമാർ

പശുപതിക്ക് വേണ്ടി ദിനേശ് പ്രഭാകർ

നടൻ ദിനേശ് പ്രഭാകർ ആണ് തമിഴ് താരം പശുപതിക്ക് ശബ്ദം കൊടുത്ത്. ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജൂഡിത്ത് ആൻ, നടി ദിഷാ പഠാനിക്ക് ശബ്ദം കൊടുത്തു. അമ്പൂട്ടി എന്ന ഡബ്ബിങ് താരമാണ് ബ്രഹ്മനാഥൻ എന്ന കഥാപാത്രത്തിന്റെ ശബ്ദമായത്.  

dinesh
ദിനേശ് പ്രഭാകർ, പശുപതി

സസ്വത ചാറ്റർജി അവതരിപ്പിച്ച മാനസ് എന്ന വില്ലൻ കഥാപാത്രത്തിന് അർബൻ ലുക്ക് ആണ്. അദ്ദേഹത്തിന് വേണ്ടി അതുപോലെ തന്നെ തന്നെ സംസാരിക്കുന്ന ഒരാളെ കണ്ടെത്തി. ഹെബിൻസ് ചെറിയാൻ എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് 

judit-ann
ജൂഡിത്ത് ആൻ, ദിഷാ പഠാനി

കൽക്കി എന്ന കീറാമുട്ടി 

കൽക്കിയുടെ മലയാളം പതിപ്പിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ഒരുപാട് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്തിട്ടുള്ള സിനിമയാണ് കൽക്കി. എല്ലാ ഷോട്ടിലും ഗ്രാഫിക്സ് ഉണ്ട്. ബാഹുബലി പോലെയുള്ള സിനിമയിൽ, സെറ്റിട്ടിട്ട് അതിനുള്ളിൽ ആണ് ഗ്രാഫിക്സ് ചെയ്യുന്നത്. പക്ഷേ, ഇതിൽ വളരെ കുറച്ച് സെറ്റിട്ടിട്ട് ബാക്കി എല്ലാം ഗ്രാഫിക്സ് ആണ്. ഒരു ആക്ഷൻ കാണിക്കുമ്പോൾ അവിടെ എന്താണ് വരിക എന്ന് നമുക്ക് മനസ്സിലാകില്ല. ശബ്ദം കൊടുത്താലും അതിന്റെ ഔട്ട് എങ്ങനെ വരുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. 

manas-kalki
ഹെബിൻസ് ചെറിയാൻ, സസ്വത ചാറ്റർജി

സിനിമയിൽ ഒരു രംഗത്ത് ഭാവി പറയുന്ന ഒരു കഥാപാത്രം തത്തയോടു ചീട്ട് എടുത്ത് ഫലം പറയാൻ ആവശ്യപ്പെടുന്നുണ്ട്. ഡബ് ചെയ്യുമ്പോൾ ആ ചീട്ടൊന്നും കാണാൻ കഴിയില്ല. പക്ഷേ, അതിന് അനുസരിച്ച് ശബ്ദം കൊടുക്കണം. പടം ഇപ്പോൾ തിയറ്ററിൽ വന്നു കഴിഞ്ഞപ്പോഴാണ് നമ്മൾ ചെയ്തത് എത്രത്തോളം നന്നായി വന്നു എന്ന് മനസിലായത്. കൽക്കി ഹിറ്റ് ചിത്രമാണ്. ആ ചിത്രം ആഘോഷിക്കപ്പെടുന്നതിനൊപ്പം ഞങ്ങളുടെ വർക്കും ശ്രദ്ധ നേടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

English Summary:

Nag Ashwin-Prabhas Team's 'Kalki 2898 AD' Triumphs Theaters Across Languages – Meet the Malayalam Dubbing Heroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com