ADVERTISEMENT

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വലിയ താരമായി വളര്‍ന്നവരുടെ കഥകൾക്ക് ഇപ്പോൾ പുതുമയില്ല. പലരും വളര്‍ന്നത് താരമായാണെങ്കിലും ജോജു ജോർജിന്റെ കാര്യം വ്യത്യസ്തമാണ്. ജോജു വിപണിമൂല്യമുളള താരം മാത്രമല്ല ഒന്നാം കിട നടനാണെന്നും ഒന്നല്ല പലകുറി തെളിയിച്ചു. ചാര്‍ലി, ഉദാഹരണം സുജാത, ജോസഫ് എന്നിങ്ങനെ ആറോളം ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് നിർമാതാവ് എന്ന നിലയിലും മികവ് അറിയിച്ചു. അതേ ജോജു സംവിധായകന്റെ ക്യാപ്പ് തലയില്‍ ചൂടിയപ്പോള്‍ പലരും ഒന്ന് നെറ്റി ചുളിച്ചു. നെടുമുടി വേണു അടക്കം പല വലിയ പ്രതിഭകളും പാളിപ്പോയ മേഖലയിലാണ് ജോജു കൈവയ്ക്കുന്നത്. പക്ഷേ ‘പണി’ ജോജുവിന് പണി കൊടുത്തില്ലെന്ന് മാത്രമല്ല സിനിമയിലെ സൽപ്പേര് നിലനിർത്തുന്നതുമായി.  

വിദേശസിനിമകളോട് കിട പിടിക്കുന്ന കിടുക്കാച്ചി സിനിമയെന്ന് പണിയെ വിശേഷിപ്പിച്ചവരില്‍ എല്ലാ തരക്കാരുമുണ്ട്. സാക്ഷാല്‍ മണിരത്‌നവും കമലഹാസനും രജനീകാന്തുമൊക്കെ ജോജുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. ആള്‍ക്കൂട്ടത്തിലൊരാളായി സിനിമയുടെ കാണാപ്പാട് അകലങ്ങളില്‍ നില്‍ക്കെ പ്രേക്ഷകര്‍ തിരിച്ചറിയും വിധത്തില്‍ ഒരു ക്ലോസ് ഷോട്ട്, പറ്റുമെങ്കില്‍ പേരിന് ഒരു ഡയലോഗ്..ഇത്രയൊക്കെ കൊതിച്ച ഒരു മനുഷ്യന്‍ ഇന്ന് മലയാള സിനിമയിലെ വിലപിടിപ്പുളള താരമാണ്, തിലകനെ പോലുളളവരുടെ ജനുസില്‍ നില്‍ക്കാന്‍ യോഗ്യന്‍ എന്ന് പ്രശംസിക്കപ്പെടുന്ന തരത്തില്‍ റേഞ്ചുളള നടനാണ്. ഇപ്പോള്‍ ഒന്നാം തരം സംവിധായകനുമാണ്. ‌തളരാത്ത പ്രയത്‌നത്തിനൊപ്പം കറതീര്‍ന്ന പ്രതിഭ കൊണ്ട് കൂടി വെട്ടിപ്പിടിച്ചതാണ് ഈ നേട്ടങ്ങളത്രയും. എന്നാലും മനസ് മടുപ്പിക്കുന്ന അനുഭവങ്ങളെ ആത്മവിശ്വാസക്കരുത്തു കൊണ്ട് നേരിട്ട ഒരു ഭൂതകാലം ഈ മനുഷ്യനുണ്ട്. ആ ജീവിതയാത്രയിലുടെ ഒന്ന് കണ്ണോടിക്കാം..

സിനിമയെ മാത്രം പ്രണയിച്ച്...

തൃശൂരിലെ മാള സ്വദേശിയായ ജോജു പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ല. ചെറുപ്പം മുതലേ അഭിനയഭ്രാന്ത് തലയ്ക്ക് പിടിച്ച ജോജുവിന്റെ മനസില്‍ പ്ലാന്‍ ബി ഉണ്ടായിരുന്നില്ല. ഇതല്ലെങ്കില്‍ മറ്റൊന്ന് എന്ന് അയാൾ ചിന്തിച്ചില്ല. എത്ര കഷ്ടപ്പെട്ടാണെങ്കിലും സിനിമാ നടനാകണം. ആയേ തീരു. ഈ ദൃഢനിശ്ചയം കൊണ്ടാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് കാലെടുത്തു വച്ചത്. അക്കാലത്തെ സങ്കല്‍പ്പം അനുസരിച്ച് ഒരു നായകനടന് വേണ്ട രൂപസൗകുമാര്യമൊന്നും തനിക്കില്ലെന്ന തിരിച്ചറിവ് മറ്റാരേക്കാള്‍ ജോജുവിനുണ്ടായിരുന്നു. പക്ഷെ അഭിനയമികവ് കൊണ്ട് അതിനെ മറികടക്കാനാവുമെന്ന ഉത്തമബോധ്യം കൂട്ടിനുണ്ടായി.

joju-old

30 വര്‍ഷം മുന്‍പ് മഴവില്‍ക്കൂടാരം എന്ന റഹ്‌മാന്‍ ചിത്രത്തിലുടെയാണ് ആദ്യമായി അദ്ദേഹം മൂവിക്യാമറയെ അഭിമുഖീകരിക്കുന്നത്. പിന്നീട് വര്‍ഷങ്ങളോളം ചെറുവേഷങ്ങളില്‍ ഒതുങ്ങിക്കൂടുമ്പോഴൂം തന്റെ ദിവസം വരും എന്ന ഉറച്ച പ്രതീക്ഷ ജോജുവിനെ നയിച്ചു. 2010 മുതല്‍ ജോജുവിന്റെ ശുക്രന്‍ തെളിഞ്ഞു തുടങ്ങി. ആളുകള്‍ തിരിച്ചറിയുന്ന കഥാപാത്രങ്ങളില്‍ നിന്ന് മെല്ലെ വളര്‍ന്ന് സഹനടനായി അരങ്ങേറി. വിവിധ ചിത്രങ്ങളിലെ അഭിനയമികവ് പരിഗണിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 2018 ആയിരുന്നു ജോജുവിന്റെ ഭാഗ്യവര്‍ഷം. ജോസഫ് എന്ന സിനിമയിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച് കയ്യടി നേടിയ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. സംസ്ഥാന തലത്തില്‍ മികച്ച സ്വഭാവ നടനുമായി. 

നായാട്ട് എന്ന സിനിമയിലെ പ്രകടനത്തിന് ഡിയോറമ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരം. നായാട്ട്, മധുരം എന്നീ സിനിമകളിലുടെ വീണ്ടും മികച്ച നടനുളള സംസ്ഥാന അവാര്‍ഡ്. 

ഇതിനിടയില്‍ ഒരു രണ്ടാം ക്ലാസ് യാത്ര, ലുക്കാചുപ്പി എന്നീ പടങ്ങളിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് കമ്മറ്റിയുടെ പ്രത്യേക പരാമര്‍ശം.പുരസ്‌കാരങ്ങള്‍ ലഭിച്ചു എന്നതു കൊണ്ട് മാത്രം ഏതൊരു നടനും ജനപ്രിയനാകുന്നില്ല. അതിന് ഹിറ്റ് സിനിമകളിലെ മുഖ്യ സാന്നിധ്യം വേണം. ജോസഫ് മുതല്‍ ആ അനുഗ്രഹം കാലം ജോജുവിന് മേല്‍ ചൊരിഞ്ഞുകൊണ്ടേയിരുന്നു. ടേക്ക് ഓഫ്, ജൂണ്‍, നായാട്ട്, മാലിക്, ട്രാന്‍സ്, പൊറിഞ്ചു മറിയം ജോസ് അടക്കമുളള സൂപ്പര്‍ഹിറ്റ് സിനിമകളിലുടെ താരപദവി ഒന്നിനൊന്ന് ഉയര്‍ന്നു. ധനുഷ് നായകനായ ജഗമേ തന്ധിരം എന്ന ചിത്രത്തിലുടെ  തമിഴിലും അരങ്ങേറ്റം കുറിച്ചു. ആറോളം സിനിമകള്‍ ഈ കാലയളവിനുളളില്‍ അദ്ദേഹം സ്വന്തമായി നിര്‍മിച്ചു. ജോസഫിലൂടെ പിന്നണി ഗാനരംഗത്തും അരക്കൈ പയറ്റി. 

നടനായും സംവിധായകനായും തിളങ്ങി..

നടനായി രംഗത്ത് എത്തി 30 വര്‍ഷം തികയുമ്പോള്‍ സംവിധായകന്റെയും നടന്റെയും വേഷങ്ങളില്‍ ഒന്നിച്ച് മുന്നേറാന്‍ നിയതി അവസരമൊരുക്കി. ജോജു തന്നെ പല അഭിമുഖങ്ങളിലും ആവര്‍ത്തിച്ചതു പോലെ തന്റെ ആദ്യ സിനിമയില്‍ മറ്റൊരു നായകനടനെ അഭിനയിപ്പിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനായി അദ്ദേഹം പലരെയും സമീപിച്ചെങ്കിലും ജോജു എന്ന സംവിധായകനില്‍ ആരും അത്ര വിശ്വാസം കാണിച്ചില്ല. ചിലര്‍ തിരക്കുകളുടെ പേര്  പറഞ്ഞ് ഒഴിഞ്ഞുമാറി. ഇപ്പോള്‍ പ്രേക്ഷക ലക്ഷങ്ങള്‍ സംവിധാനം: ജോജു ജോര്‍ജ് എന്ന ടൈറ്റില്‍ കാര്‍ഡില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ജാള്യത കൊണ്ട് ചുളിയുന്ന മുഖങ്ങളോര്‍ത്ത് ഒരുപക്ഷേ ജോജു മനസില്‍ ചിരിക്കുന്നുണ്ടാവാം. എന്തായാലും ജോജു പൊളിച്ചടുക്കി എന്നതാണ് വാസ്തവം.

joju-pani

നടന്‍ എന്ന നിലയിലോ സംവിധായകന്‍ എന്ന നിലയിലോ യാതൊരു അവകാശവാദങ്ങളുമില്ലാത്ത വ്യക്തിയാണ് ജോജു. അദ്ദേഹത്തിന്റെ വ്യക്തിത്വഗുണം അറിയാന്‍ ജോജുവിന്റെ വാക്കുകളിലേക്ക് തന്നെ പോകാം.

'എന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന പലരും പുറത്ത് നില്‍പ്പുണ്ട്. അവര്‍ ഇന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. അന്ന് 50 രൂപ വാങ്ങിയ സ്ഥാനത്ത് ഇന്ന് 1500 വാങ്ങുന്നുണ്ടാവാം. ഞാന്‍ രക്ഷപ്പെട്ടെങ്കില്‍ അതില്‍ ഭാഗ്യത്തിന്റെ എലമെന്റ് കുടിയുണ്ട്. മണികണ്ഠന്‍ പട്ടാമ്പിയൊക്കെ എന്നേക്കാള്‍ റേഞ്ചുളള നടനാണ്. ഞാന്‍ ചെയ്ത ഏത് റോളും എന്നേക്കാള്‍ നന്നായി ചെയ്യാന്‍ കഴിവുളളയാളാണ് മണികണ്ഠന്‍'. വാസ്തവം അതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ തുറന്നടിക്കാന്‍ തക്ക ഹൃദയവിശാലതയുളള ഒരു നടനും ഇന്ന് മലയാള സിനിമയില്‍ ഇല്ല. കാരണം അവനവന്‍ കേന്ദ്രീകൃതമാണ് പലപ്പോഴും അഭിനേതാക്കളുടെ മനസ്.  ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പറയും പോലെ, എന്റെ തല, എന്റെ മുഖം...ജോജു അഭിനയത്തിലെന്ന പോലെ വ്യക്തി എന്ന നിലയിലും ഒറ്റപീസാണ്. സമാനതകളുളള അധികം പേരില്ല. ജോജുവിനെ സിനിമയില്‍ ഇത്രമേല്‍ സ്വീകാര്യനാക്കുന്നതും ഈ വേറിട്ട സമീപനമാണ്. 

സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഒരു യാത്ര

എല്ലാ വിധ അനിശ്ചിതത്വങ്ങള്‍ക്കിടയിലും തന്റെ സ്വപ്നങ്ങളെ പിന്‍തുടരാന്‍ കാണിച്ച ധൈര്യവൂം അതിലേറെ ആഗ്രഹത്തിന്റെ വ്യാപ്തിയുമാണ് ജോജുവിനെ ഇന്ന് കാണുന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. അക്കാലത്തെക്കുറിച്ച് ജോജു പറയുന്നതിങ്ങനെയാണ്. 'കോളജില്‍ പരീക്ഷാക്കാലത്താണ് മഴവില്‍ക്കൂടാരം എന്ന പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഞാന്‍ എക്‌സാം എഴുതാന്‍ പോയില്ല. അതുപോലെ ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കാന്‍ വീട്ടുകാര്‍ പണം മുടക്കി അയച്ചിട്ട്  ക്ലാസില്‍ കയറാതെ ചാന്‍സ് ചോദിച്ച് നടന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ 6 മാസത്തെ ട്രെയിനിംഗിന് അറ്റന്‍ഡ് ചെയ്യണം. അതിനായി ഗോവയില്‍ പോകാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് നമ്പര്‍ 20 മദ്രാസ് മെയില്‍ കണ്ടത്. പെട്ടെന്ന് മനസില്‍ തോന്നി. ഈ ട്രെയിനിലാണ് മലയാളത്തിലെ പ്രധാനപ്പെട്ട നടന്‍മാരൊക്കെ സഞ്ചരിച്ചത്. അന്ന് സിനിമയില്‍ കരകയറണമെങ്കില്‍ മദ്രാസില്‍ പോകണം. കയ്യില്‍ ആകെയുളളത് 6000 രൂപ. അതുമായി തീവണ്ടി കയറി. ബാഗ് നിറയെ വസ്ത്രങ്ങളുണ്ട്. മറ്റൊന്നും നോക്കിയില്ല. ട്രെയിന്‍ നീങ്ങുന്ന സമയത്താണ് ഞാന്‍ തീരുമാനമെടുക്കുന്നത്. ടിക്കറ്റ് പോലുമെടുക്കാതെ നേരെ അതിലേക്ക് കയറി. അവിടെ ചെന്നിട്ട് ഒന്നുമാകാന്‍ കഴിയാതെ തിരിച്ച് നാട്ടിലേക്ക് പോന്നു. ചെന്നെയില്‍ പോയതു കൊണ്ട് ആകെ കിട്ടിയ ഗുണം പഠിത്തം പാതിവഴിയിലായി എന്നത് മാത്രമാണ്. 10 വര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. 8 വര്‍ഷം ചെറിയ വേഷങ്ങള്‍ ചെയ്തു. ഇത്രയും കാലം തളളിനീക്കുമ്പോഴും നാളെ നാളെ എന്ന പ്രതീക്ഷയായിരുന്നു മനസില്‍.

പുളളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന പടത്തിലാണ് ആദ്യമായി ഒരു വലിയ വേഷം കിട്ടുന്നത്. അതോടെ രക്ഷപ്പെട്ടെന്ന് ഉറപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. വീണ്ടും ചെറിയ വേഷങ്ങളില്‍ ഒതുങ്ങി. ആ സമയത്ത് കല്യാണം കഴിഞ്ഞ് കുട്ടികളായി. ഭാര്യ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കും. കുട്ടികള്‍ വളര്‍ന്നു വരികയാണ്. എല്ലാം ശരിയാകും എന്ന ഒറ്റമറുപടിയിലാണ് ഞാന്‍ പിടിച്ചു നിന്നത്. പലയിടങ്ങളില്‍ നിന്ന് കടം വാങ്ങി റോള്‍ ചെയ്ത് ചെയ്ത് കാലം തളളിനീക്കി. ആ ഘട്ടത്തില്‍ സിനിമ ഇവിടെ അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചു. ഹോട്ടല്‍ മാനേജ്‌മെന്റിന്റെ കോഴ്‌സ് കംപ്ലീറ്റഡ് സര്‍ട്ടിഫിക്കറ്റ് പൊടിതട്ടിയെടുത്ത് കാനഡയിലേക്ക് ചേക്കേറാം എന്ന് കരുതിയിരിക്കുമ്പോഴാണ് രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ അയ്യപ്പന്‍ എന്ന വേഷം വരുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 

100 ദിവസം ഷൂട്ട്, പ്രതിഫലം 1000 രൂപ

പിന്നാലെ വരുന്നവരുടെ ശ്രദ്ധയിലേക്കായി ജോജു ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 

‘സിനിമയില്‍ അഭിനയിക്കുക എന്നത് ഇക്കാലത്ത് അത്ര വല്യ പ്രശ്‌നമല്ല. അത്രയധികം പടങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അതില്‍ നിലനില്‍ക്കുക എന്നതും ജീവിക്കാനുളള പണം കിട്ടുക എന്നതും ഒട്ടും എളുപ്പമല്ല. വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് മാത്രമാണ് വലിയ തുക ലഭിക്കുന്നത്. 100 ദിവസം ഒരു പടത്തില്‍ ജോലി ചെയ്തിട്ട് 1000 രൂപ പ്രതിഫലം വാങ്ങിയ കാലവും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അന്നും എനിക്കതില്‍ പരാതി തോന്നിയിട്ടില്ല. അപ്പോഴൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഞാന്‍ ഉള്‍പ്പെടുന്ന ഷോട്ടുകള്‍ എഡിറ്റിങിൽ കട്ട് ചെയ്തു പോകാതെ സ്‌ക്രീനില്‍ വരണേ എന്ന് മാത്രമാണ്. അന്ന് 150 രൂപ ദിവസക്കൂലി വാങ്ങുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ 100 ദിവസം ജോലി ചെയ്താല്‍ 15,000 രൂപ കിട്ടും. കാരണം അവര്‍ക്ക് സംഘടനയുണ്ട്. അതേ സമയം ഒരു ഡയലോഗ് പറയാനായി കാത്തു നിന്ന എനിക്ക് ആകെ കിട്ടിയത് 1000 രൂപയും. അതില്‍ ദുഃഖമൊന്നുമില്ല. കാരണം നമ്മള്‍ കഴിവ് തെളിയിക്കുകയും അഭിനയിച്ച പടം സൂപ്പര്‍ഹിറ്റാകുമ്പോഴുമാണ് നല്ല പ്രതിഫലം കിട്ടുന്ന നടനാകുന്നത്. അതുവരെ ക്ഷമയോടെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനം. 

ഫ്‌ളെക്‌സില്‍ എന്റെ പടം ആദ്യമായി വരുന്നത് കിളി പോയി എന്ന സിനിമയിലാണ്. ആരോ പറഞ്ഞു കേട്ട് ഞാന്‍ മാളയില്‍ നിന്ന് കൊച്ചിയില്‍ വരുമ്പോള്‍ മാമംഗലം പളളിയുടെ മുന്നില്‍ ആ ഫ്‌ളക്‌സ് ഇരിക്കുന്നു. നോക്കുമ്പോള്‍ കാര്‍ഡ് സൈസില്‍ ഒരു ചെറിയ കളളിയില്‍ എന്റെ ഫോട്ടോ. ഒരുപക്ഷെ ആരും അത് ശ്രദ്ധിച്ചിട്ട് കൂടിയുണ്ടാവില്ല. പക്ഷെ ഞാന്‍ അതുകണ്ട് സന്തോഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വഴി പോകുമ്പോള്‍ ഫ്‌ളെക്‌സ് ഇരുന്നയിടത്തേക്ക്  നോക്കും. പിന്നീട് ഒരിക്കല്‍ അവിടെ കാണുന്നത് ജോസഫ് എന്ന സിനിമയുടെ എന്റെ തനിച്ചുളള ഫോട്ടോ പതിച്ച ഫ്‌ളെക്‌സാണ്. 

ക്യാമറയ്ക്ക് മുന്നിലും പിന്നിലും പച്ച മനുഷ്യന്‍

വച്ചുകെട്ടലുകളില്ലാത്ത തനി പച്ച മനുഷ്യരാണ് ജോജുവിന്റെ മിക്ക കഥാപാത്രങ്ങളും. വ്യക്തി ജീവിതത്തിലും ഏറെക്കുറെ അങ്ങനെ തന്നെ. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലും നന്നായി അഭിനയിക്കുകയും മുഖത്ത് ചായം തേയ്ക്കാത്തപ്പോള്‍ മനസില്‍ ചായം തേയ്ക്കുന്ന കാപട്യക്കാര്‍ എന്നൊക്കെ സിനിമാ നടന്‍മാരെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാല്‍ കാപട്യം എന്ന വാക്ക് ജോജുവിന്റെ നിഘണ്ടുവില്‍ ഇല്ല. മനസിലൊന്ന് വച്ച് പുറത്ത് വേറൊരു രീതിയില്‍ പെരുമാറുന്ന ശീലമില്ല. എല്ലാവരെക്കൊണ്ടും നല്ലത് പറയിക്കാനല്ല കഴിയുന്നത്ര നല്ല മനുഷ്യനായി ജീവിക്കാനാണ് ഈ മാളക്കാരന്റെ ശ്രമം. 

വിജയം പ്രതീക്ഷിക്കാത്ത തലത്തിലെത്തുമ്പോള്‍ വന്ന വഴികളിലെ പല ഏടുകളും സൗകര്യപൂര്‍വം മറന്നു കളയുന്നവര്‍ക്കിടയിലും ജോജു വേറിട്ട് നില്‍ക്കുന്നു. ഒരു ചാനലില്‍ കുഞ്ചാക്കോ ബോബന്റെ അഭിമുഖത്തിനിടയില്‍ ഗസ്റ്റായി വന്ന ജോജു പറഞ്ഞു. ‘ചാക്കോച്ചന്റെ പടങ്ങള്‍ ഓടുമ്പോള്‍ വ്യക്തിപരമായി സന്തോഷിക്കുന്ന ഒരുപാട് പേരില്‍ ഒരാളാണ് ഞാന്‍. സിനിമയില്‍ ഞാന്‍ കഷ്ടപ്പെടുന്ന ആദ്യകാലങ്ങളില്‍ ചാക്കോച്ചന്‍ പലരോടും എനിക്കു വേണ്ടി റെക്കമെന്‍ഡ് ചെയ്തിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്റെ കുട്ടിക്ക് ആദ്യമായി വിലപിടിപ്പുളള ഒരു ഗിഫ്റ്റ് വാങ്ങിത്തരുന്നത് ചാക്കോച്ചനാണ്’ ഇത്തരം തുറന്നു പറച്ചിലുകള്‍ സിനിമാക്കാര്‍ക്ക് പതിവില്ല. എല്ലാം എന്റെ മാത്രം കഴിവും സാമര്‍ത്ഥ്യവും കൊണ്ട് നേടിയത് എന്ന പതിവ്പല്ലവിക്കാര്‍ക്ക് ജോജു എന്നും ഒരു അത്ഭുതമാണ്. മറച്ചു വയ്ക്കാനും മറിച്ചു വില്‍ക്കാനും ഒന്നുമില്ലാത്ത  പച്ചയായ മനുഷ്യന്‍.

വഴിതടയല്‍ സമരത്തെ എതിര്‍ത്തതിന്റെ പേരില്‍ തെരുവില്‍ രാഷ്ട്രീയക്കാരുമായി ഏറ്റമുട്ടിയപ്പോള്‍ കാശിന്റെ തളളലല്ലേ നിങ്ങള്‍ കാണിക്കുന്നത് എന്ന ചോദ്യത്തിന് സിനിമയില്‍ പോലും കേള്‍ക്കാത്ത മാസ് പഞ്ച് ഡയലോഗ് കൊണ്ട് വായടപ്പിച്ച ചങ്കൂറ്റവും ജോജുവിനുണ്ട്. ‘അതേടാ..ഞാന്‍ കാശുകാരനാടാ..നന്നായി പണിയെടുത്തിട്ട് തന്നെയാ കാശുണ്ടായത്’. പെട്ടെന്ന് ദേഷ്യം വരുന്നതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ജോജു മറുപടി നല്‍കിയിട്ടുണ്ട്. ‘പരമാവധി ആരെയും പിണക്കാതെ കൊണ്ടുപോകാന്‍ ദേഷ്യം പിടിച്ചു വയ്ക്കാറുണ്ട്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ പിടിവിട്ട് പോയിട്ടുമുണ്ട്. പക്ഷെ ദേഷ്യപ്പെടുന്ന സമയം കൊണ്ട് തീരുന്നതാണ് എന്റെ വിദ്വേഷം. അതൊരു ശത്രുതയായി മനസില്‍ കൊണ്ടു നടക്കാറില്ല. ആരോടും വെറുപ്പ് സൂക്ഷിക്കാറുമില്ല. വേദനിപ്പിച്ചവരെ പോലും സ്‌നേഹത്തോടെ ഓര്‍ക്കാന്‍ കഴിയാറുണ്ട്’.

ഇത്രയൊക്കെ വിശാലമായി ചിന്തിക്കുന്ന ജോജു ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പളളി വികാരിയാകാന്‍ ആലോചിച്ചിരുന്നതിനെക്കുറിച്ചുളള ചോദ്യത്തിനും അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി.

‘അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതൊരു പരാജയമാകുമായിരുന്നു. അതിനുളള കഴിവും യോഗ്യതയും എനിക്കില്ല’. ആദ്യകാലത്ത് സുഹൃത്തുക്കളാല്‍ നിരന്തരം ചതിക്കപ്പെട്ട കഥ ആവര്‍ത്തിച്ച് പറഞ്ഞ ജോജുവിനോട് ഒരു മാധ്യമ മേധാവിയുടെ ചോദ്യം രസകരമായിരുന്നു. ‘അങ്ങനെ സ്ഥിരമായി ചതിക്കപ്പെടാനായി നിന്നുകൊടുക്കാന്‍ ജോജു എന്താ പൊട്ടനാണോ?’ ദീര്‍ഘനേരം നീണ്ടു നിന്ന നിഷ്‌കളങ്കമായ ചിരിയായിരുന്നു മറുപടി.

‘അക്കാര്യത്തില്‍ ഞാന്‍ പൊട്ടനാണെന്ന് തന്നെ പറയാം’ എന്ന് കൂട്ടിച്ചേര്‍ക്കാനും ജോജു മടിച്ചില്ല.

സൗഹൃദങ്ങളെ അത്രമാത്രം വിലമതിക്കുന്ന ജോജുവിന്റെ നിലപാടില്‍ ഇന്നും കാര്യമായ മാറ്റങ്ങളില്ല. ‘എനിക്ക് കുടുംബം പോലെ തന്നെ ഫ്രണ്ട്ഷിപ്പും പ്രധാനമാണ്’ അദ്ദേഹം ഏറ്റു പറയുന്നു. ഉദയനാണ് താരത്തിലെ തെങ്ങുംമൂട് രാജപ്പനെ പോലെ സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വല്ല ഡോക്ടറോ കലക്ടറോ മറ്റോ ആവുമായിരുന്നു എന്ന് തളളുന്ന നായകന്‍മാരുടെ ഗണത്തിലും ജോജു ഇല്ല. താനൊരു കോളജ് ഡ്രോപ്പ് ഔട്ടാണെന്നും സിനിമയിലെ സ്ട്ര ിംഗ് പീര്യഡില്‍ ബസിലും ബസ് സ്റ്റാന്‍ഡിലും കിടന്നുറങ്ങിയിട്ടുണ്ട് എന്നുമൊക്കെ അഭിമുഖങ്ങളില്‍ പരസ്യമായി തുറന്നടിക്കാനും മടിയില്ല. ഒരാളോട് കടം വാങ്ങി അടുത്തയാളുടെ കടം വീട്ടിയ കഥയും അദ്ദേഹം പല കുറി തുറന്ന് പറഞ്ഞു.

ഇടത്തരം സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ജോജുവിന്റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ കലാപരമായ പശ്ചാത്തലമുണ്ടായിരുന്നില്ല. സിനിമയുമായി ആകെയുളള ബന്ധം മാള ശ്രീമുരുകന്‍ ടാക്കീസില്‍ സിനിമ കണ്ടുളള അടുപ്പം മാത്രം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നെങ്കിലും ക്ലാസ് അറ്റന്‍ഡ് ചെയ്തിരുന്നത് സമീപത്തുളള തീയറ്ററുകളിലായിരുന്നു. ക്ലാസ് കട്ട് ചെയ്യുന്ന ശീലമുളള പലര്‍ക്കുമിടയില്‍ ക്ലാസിലേ കയറുന്ന ശീലം കുറവുളള കുട്ടിയായിരുന്നു ജോജു. ഉഴപ്പനായിരുന്നില്ല ജോജു. സിനിമ അത്ര കണ്ട് ഭ്രാന്തമായ അഭിനിവേശമായിരുന്നു. എവിടെ ഷൂട്ടിങ് ഉണ്ടെങ്കിലും അവിടെയെല്ലാം ജോജുവും ഉണ്ടെന്ന സ്ഥിതിയായി. സിനിമയുമായി ബന്ധപ്പെട്ട ആരെ കണ്ടാലും ഓടി പോയി ചാന്‍സ് ചോദിക്കും. 

മമ്മൂട്ടി എന്ന പിന്‍ബലം

ആരോടാണ് കടപ്പാട് എന്ന ചോദ്യത്തിന് പേര് പറഞ്ഞാല്‍ തീരാത്ത വിധം ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന സൗമനസ്യത്തിന് ഉടമയാണ് ജോജു. ജോജുവിന് വഴിത്തിരിവായ സിനിമകളിലെല്ലാം അറിഞ്ഞോ അറിയാതെയോ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. മമ്മൂട്ടി നായകനായ ദാദാ സാഹിബിലായിരുന്നു  ആദ്യമായി ഒരു ഡയലോഗ് പറയുന്നത്. ശ്രദ്ധേയമായ ആദ്യകഥാപാത്രങ്ങളിലൊന്ന് ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ആദ്യത്തെ മുഴുനീള വേഷം  പട്ടാളത്തിലും. വജ്രം, ബ്ലാക്ക് എന്നീ സിനിമകളിലും സുപ്രധാന കഥാപാത്രങ്ങള്‍ ലഭിച്ചു. 

പുളളിപ്പുലിയും ആട്ടിന്‍കുട്ടിയില്‍ നര്‍മ്മരസപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച് കസറിയിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചില്ല. അവിടെയും തുണയ്‌ക്കെത്തിയത് മമ്മൂട്ടി ചിത്രമായ രാജാധിരാജ. ജോജു ഈ കഥാപാത്രം ചെയ്താല്‍ ശരിയാവുമോയെന്ന് സഹസംവിധായകന്‍ ആശങ്ക പ്രകടിപ്പിച്ചതോടെ തന്റെ പരിമിതികളെക്കുറിച്ച് ബോധ്യമുളള ജോജു ഒന്ന് പതറി. എത്ര ശ്രമിച്ചിട്ടും ഡയലോഗ് ശരിയാകുന്നില്ല. അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്ന ജോജുവിന് മുന്നില്‍ മമ്മൂട്ടി രക്ഷകനായി. സംഭാഷണം പറയേണ്ട രീതിയൊക്കെ പറഞ്ഞു കൊടുത്ത് അദ്ദേഹം മനസിലെ പിരിമുറുക്കം അകറ്റി. കുറച്ചു ദിവസത്തേക്ക് അഭിനയിക്കാന്‍ വന്ന ജോജു 40 ദിവസം അഭിനയിച്ചു. 

ജോസഫ് എന്ന സിനിമയിലെ നായക കഥാപാത്രം ജോജുവിന്റെ തലവര മാറ്റിക്കുറിച്ചു. പിന്നീടങ്ങോട്ട് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സിനിമാക്കാര്‍ ആദ്യം അന്വേഷിക്കുന്ന ചുരുക്കം ചില പേരുകളില്‍ ഒന്നായി ജോജു മാറി. ജോസഫ് കരിയര്‍ മാറ്റിമറിച്ചെന്ന് ജോജു അടക്കം തിരിച്ചറിയും മുന്‍പ് അത് മുന്‍കൂട്ടി കണ്ടയാളാണ് മമ്മൂട്ടി. പടം കണ്ടിട്ട് മമ്മൂക്ക ജോജുവിന് മെസേജ് അയച്ചു. ‘കൊളളാം..പടവും നടിപ്പും..’ ആ രണ്ട് വരിയില്‍ എല്ലാമുണ്ടായിരുന്നു. ‌പല നടന്‍മാരും സ്വയം അനുകരിക്കുമ്പോള്‍ ഒരു കഥാപാത്രത്തിന്റെ നിഴല്‍ മറ്റൊന്നില്‍ വീഴാതെ ശ്രദ്ധിക്കാറുണ്ട് ജോജു. രാമന്റെ ഏദന്‍തോട്ടത്തിലും വൈറസിലും ആക്ഷന്‍ഹീറോ ബിജുവിലുമെല്ലാം  പുതിയ ജോജുവിനെ കണ്ട് നാം അമ്പരന്നു. 

വൈവിധ്യമാണ് ഈ നടന്റെ മുതല്‍ക്കൂട്ട്. അമിതാഭിനയവും അതിഭാവുകത്വവും കൃത്രിമത്വവും ലവലേശം തൊട്ടുതീണ്ടാത്ത സ്വാഭാവിക അഭിനയ രീതി. ഹാസ്യരംഗങ്ങളില്‍ ശോഭിക്കുന്ന അതേ ജോജു തന്നെ കൊടും വില്ലനായും തകര്‍ക്കും. ജൂണിലെ വാത്സല്യനിധിയായ പിതാവായും ജോജു തന്റെ കയ്യൊപ്പ് ചാര്‍ത്തി. സമകാലികരായ പല നായകന്‍മാരും പരിമിതികളുടെ കൂത്തരങ്ങായി വിലയിരുത്തപ്പെട്ടപ്പോള്‍ പരിധികളും പരിമിതികളുമില്ലാത്ത ഒരു അഭിനേതാവെന്ന് ജോജു  തെളിയിച്ചു. ജോസഫിലും നായാട്ടിലും ജോജു പൊലീസ് ഓഫീസറായിരുന്നു. പക്ഷേ കഥാപാത്ര വ്യാഖ്യാനത്തില്‍ വലിയ അന്തരം കാഴ്ചവച്ച് അദ്ദേഹം ഞെട്ടിച്ചു. 

സിനിമ മോഹിക്കുന്നവര്‍ക്ക് ഒരു മാതൃക

തിരക്കഥയെഴുതി സംവിധാനം ചെയ്യുക എന്നത് പല നടന്‍മാര്‍ക്കും വഴങ്ങാതെ പോയ പണിയാണ്. ചിലരൊക്കെ എട്ടിന്റെ പണി കിട്ടി ഉളള ഇമേജ് കളഞ്ഞു കുളിച്ചു. ജോജുവും സമാന ദുരന്തം നേരിടുമെന്ന് കണക്ക് കൂട്ടിയവരുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി അദ്ദേഹം കരിയറില്‍ അടുത്ത ഘട്ടത്തിലേക്ക് മൂന്നേറി കഴിഞ്ഞു. കൊറിയന്‍ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമെന്നാണ് ജോജുവിന്റെ ആദ്യ സിനിമയെക്കുറിച്ച് അനുരാഗ് കാശ്യപ് പറഞ്ഞത്. വലിയ ആളുകള്‍ക്കൊപ്പം ലക്ഷകണക്കിനായ സാധാരണക്കാരും സിനിമ ഏറ്റെടുക്കുമ്പോള്‍ ജോജുവിന്റെ പണി ശരിക്കും ഏറ്റു എന്ന് തന്നെ പറയേണ്ടി വരും.

കഴിവുളളവരെ താത്കാലികമായി തടഞ്ഞു നിര്‍ത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കാം. ആത്യന്തികമായി കാലം കാത്തു വയ്ക്കുന്ന ഒരു കാവ്യനീതിയുണ്ട്. ജോജുവിന്റെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. 

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

കണ്ടാല്‍ തിരിച്ചറിയുന്ന കഥാപാത്രത്തിനായി രണ്ട് പതിറ്റാണ്ട് കാത്തിരുന്ന ക്ഷമയുടെയും പ്രത്യാശയുടെയും പര്യായമാണ് ഒരര്‍ത്ഥത്തില്‍ ജോജു. ജോജുവിന്റെ ജീവിതദര്‍ശനം പോലെ ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്രരംഗവും പ്രേക്ഷകരും ഇന്ന് അദ്ദേഹത്തെ ഉറ്റുനോക്കുന്നത്. നടന്‍ എന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും ഇനിയും മികച്ച സംഭാവനകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായേക്കാം.  വൈവിധ്യമില്ലെന്ന കാരണം പറഞ്ഞ് ഒരിക്കല്‍ കലാഭവന്‍ തിരസ്‌കരിച്ച ജോജു  വൈവിധ്യമുളള കഥാപാത്രങ്ങള്‍ക്കായി സംവിധായകര്‍ ആദ്യം അന്വേഷിക്കുന്ന പേരുകാരനായി മാറി.

ആദ്യം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍  കൊതിച്ചു. ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്നതില്‍ നിന്നും ആളുകള്‍ തിരിച്ചറിയുന്ന ഒരു മുഖത്തിനായി കാത്തിരിപ്പ്. പിന്നെ ഒരു ഡയലോഗിനായി മോഹിച്ചു. പേരുളള ഒരു കഥാപാത്രമായിരുന്നു അടുത്ത ആഗ്രഹം. ഏതാനും സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം സ്വപ്നം കണ്ടു. ക്യാരക്ടര്‍ വേഷങ്ങള്‍ വന്നു. പിന്നെ നായകനായി. ഒടുവില്‍ നിര്‍മ്മാതാവും സംവിധായകനും നടനും തിരക്കഥാകൃത്തും എല്ലാമായി ഒരു ചിത്രം. പണി..അത് ഒരു ഒന്നൊന്നര പണി തന്നെയായിരുന്നു. ആരും കാലിടറിയേക്കാവുന്ന ഒരു ഉദ്യമത്തില്‍ വണ്‍മാന്‍ഷോ എന്ന് വിമര്‍ശിക്കപ്പെട്ടേക്കാവുന്ന സാഹസികതയില്‍ വിജയം കണ്ടെത്തിയ ജോജു അസാധ്യമായി ഒന്നുമില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും ആയിത്തീരാന്‍ മോഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണ് ഈ ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com