ADVERTISEMENT

ഗോവയിലെ ഒരു വൈൻ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വിഡിയോ ഒരുകാലത്ത് വലിയ വൈറലായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായെടുത്തതാകും ആ രംഗമെന്നും അബദ്ധവശാൽ ലീക്ക് ആയതാകാം എന്നുമായിരുന്നു അന്നു വന്ന വാർത്തകൾ. സത്യത്തില്‍ അത് അല്ലുവിന്റെ യഥാർഥ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. സ്വന്തം കൂട്ടുകാരനു വേണ്ടിയാണ് സൂപ്പർതാര പരിവേഷം പോലും നോക്കാതെ അല്ലു അർജുൻ മദ്യം വാങ്ങാൻ ഇറങ്ങിത്തിരിച്ചത്.

നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ താരം തുറന്നു പറഞ്ഞത്. 2017 നാ പേരു സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴാണ് ഈ സംഭവം. 

അല്ലുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്കു വേണ്ടിയായിരുന്നു ഈ സാഹസം. മദ്യത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് ആണ് മേടിക്കാൻ പറ‍ഞ്ഞത്, എന്നാൽ ആദ്യം ചെന്നയാൾ അതിന്റെ പേരു മറന്നു. ഉടനെ അല്ലു തന്നെ കൂട്ടുകാരനു വേണ്ടി ഇറങ്ങിത്തിരിച്ചു. അവിടെ താൻ സിനിമാ താരമല്ലെന്നും ഒരു കൂട്ടുകാരൻ മാത്രമാണെന്നും അല്ലു പറയുന്നു. 

നന്ദമൂരിയുടെ കടുത്ത ആരാധകനാണ് ഈ സന്ദീപിനെന്നും ഇവനെപ്പോലൊരു കൂട്ടുകാരൻ സാറിനുണ്ടായാല്‍ ദിവസവും ഇതുപോലുള്ള വാർത്തകൾ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും അല്ലു പറയുകയുണ്ടായി. ഇതേ ഷോയിൽ തന്നെ സന്ദീപ് രാമിനേനിയെ പ്രേക്ഷകർക്കായി അല്ലു പരിചയപ്പെടുത്തുന്നുണ്ട്.

അതേസമയം, ‘പുഷ്പ 2’ ആണ് അല്ലു അര്‍ജുന്റെതായി റിലീസിന് ഒരുങ്ങുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ ‘പുഷ്പ: ദ് റൂള്‍’ എന്ന രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

English Summary:

Allu Arjun Admits Buying Alcohol In Goa Seven Years After Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com