ADVERTISEMENT

ശരിതെറ്റുകൾക്കിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന രണ്ടു സ്ത്രീകൾ. തിക്താനുഭവങ്ങളുടെ കയ്പുനീർ അമാന്തമില്ലാതെ ആവോളം കുടിച്ചവർ. ജീവിതം തങ്ങളോട് പലയാവർത്തി നീതികേട് കാണിച്ചിട്ടും ദു:ഖത്തിന്റെ അഗാധഗർത്തത്തിലിരുന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കിരണങ്ങൾക്കായി പ്രതീക്ഷയുടെ കാത്തിരിക്കുന്നവർ. നിലയില്ലാക്കയത്തിൽ പെട്ട അവരുടെ മനസ്സുകളാണ് ഉള്ളൊഴുക്കിന്റെ കഥാതന്തു. പ്രവചനാതീതമായ അവരുടെ ജീവിതമാണ് ഉള്ളൊഴുക്കിനെ മുന്നോട്ട് നയിക്കുന്നത്. 

കുട്ടനാട്ടിലെ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബം. അവിടെ സ്നേഹനിധിയായ ഒരമ്മ. ആ വീട്ടിലേക്ക് മനസ്സോടെ അല്ലെങ്കിലും മരുമകളായ വരേണ്ടി വന്ന ഒരു യുവതി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ രോഗാതുരനായി കിടപ്പിലായ ഭർത്താവിനെ അവൾ നിറ‍ഞ്ഞ മനസ്സോടെ പരിപാലിക്കുന്നു. പക്ഷേ അയാൾ മരണത്തിലേക്ക് നടന്നടുക്കും മുമ്പ് തന്നെ അവൾ ചിലതൊക്കെ കരുതി വച്ചിരുന്നു. പക്ഷേ അവൾ മനസ്സിലുറപ്പിച്ച പ്രകാരമല്ല കാര്യങ്ങൾ മുന്നോട്ടു പോയത്. കാറും കോളും നിറഞ്ഞ ആകാശവും പെയ്ത്തു വെള്ളം നിറ‍ഞ്ഞ ഭൂമിയും പോലെ അസ്വസ്ഥമായി അവളുടെ മനസ്സും. ആദ്യമൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും കര കവിഞ്ഞൊഴുകിയ പുഴ പോലെ ആ അസ്വസ്ഥതകൾ മറ്റുള്ളവരുടെ ഉള്ളിലേക്കുമെത്തി. 

ശരിയും തെറ്റും പലപ്പോഴും ആപേക്ഷികമാണ്. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായി അനുഭവപ്പെടാം, നേരെ തിരിച്ചും സംഭവിക്കാം. വീക്ഷണകോണുകൾ മാറുന്നതിനനുസരിച്ച് ശരി തെറ്റാകാം, തെറ്റ് ശരിയും. ഉള്ളൊഴുക്ക് കണ്ട് മുന്നോട്ടു പോകുമ്പോൾ ശരിതെറ്റുകൾക്കിടയിലെ അന്തരം എത്ര ചെറുതാണെന്ന്, അത്തരത്തിലൊരു നിർണയം എത്രയോ ദുഷ്്ക്കരമാണെന്ന് കാഴ്ചക്കാരന് മനസ്സിലാകും. ഇൗ രണ്ടു കഥാപാത്രങ്ങൾക്കിടയിലൂടെ ഒരു ട്രപ്പീസിലെന്ന പോലെ ശരിതെറ്റുകൾ ചാഞ്ചാടിക്കളിക്കും. 

അത്രയൊന്നും നീളാൻ സാധ്യതയില്ലാത്ത മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഉറപ്പായും സ്ഥാനം പിടിക്കുന്ന ഉർവശി എന്ന അഭിനേത്രിയുടെ പകരം വയ്ക്കാനില്ലാത്ത പ്രകടനമാണ് ഉള്ളൊഴുക്കിലേത്. കുറച്ച് ലൗ‍ഡ് ആയ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും സുപരിചിതയായ അവരുടെ നിശബ്ദതയിലൂന്നിയ പാത്രാവതരണമാണ് ഇൗ സിനിമയിലേത്. ഒരമ്മയുടെ ആത്മസംഘർഷം അതേ തീവ്രതയോടെ എന്നാൽ അതിവൈകാരികമല്ലാതെ അവതരിപ്പിക്കാൻ അവർക്കായി. പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതി ഉർവശിക്കൊപ്പം പിടിച്ചു നിൽക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രശാന്ത് മുരളി, അലൻസിയർ, അർജുൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. 

പ്രമൊ വിഡിയോയിൽ നിന്നും
പ്രമൊ വിഡിയോയിൽ നിന്നും

കറി ആൻഡ് സയനൈഡിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ സംവിധായകനെന്ന നിലയിലുള്ള ക്രാഫ്റ്റ് അടയാളപ്പെടുത്തുന്ന സിനിമയാണ് ഉള്ളൊഴുക്ക്. അതിവൈകാരിക കഥാപരിസരത്തേക്ക് തന്റെ കഥാപാത്രങ്ങളെ അഴിച്ചു വിടാതെ തന്നെ അവരുടെ ആത്മസംഘർഷങ്ങളെ ക്രിസ്റ്റോ വെള്ളിത്തിരയിലെത്തിച്ചു. സിനിമയുമായി പ്രേക്ഷകനെ കണക്റ്റ് ചെയ്യാൻ പലപ്പോഴും മഴയും നിശബ്ദതയുമാണ് ഉപയോഗപ്പെടുത്തിയതെങ്കിൽ അല്ലാത്ത സമയത്ത് ആ ജോലി ഭംഗിയായി നിർവഹിച്ചത് സുഷിനും അദ്ദേഹത്തിന്റെ സംഗീതവുമാണ്. 

ullozhukku-trailer

‘ഉള്ളൊഴുക്ക്’ ആ പേരു അന്വർഥമാക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ഒരു ചിത്രമാണ്. പുറമേ ശാന്തവും എന്നാൽ അകമേ വൈകാരിക സംഘർഷങ്ങളുടെ വേലിയേറ്റവുമുള്ള ഒരു സിനിമ. ആർക്കൊപ്പം നിൽക്കണം എന്ന് പ്രേക്ഷകനെ അനുനിമിഷം കുഴയ്ക്കുന്ന ചിത്രം. അനിശ്ചിതത്വത്തിന്റെ പാരമ്യത്തിലൂടെ സഞ്ചരിച്ച് ഇൗ സിനിമയിലെ കഥാപാത്രങ്ങൾ ഒടുവിൽ ശാന്തതയുടെ തീരത്തടുക്കുമ്പോഴും പ്രേക്ഷകർ, ചത്തിട്ടും കരയ്ക്കടിയാത്ത ജഡം പോലെ ഉത്തരം കിട്ടാതെ അലയുന്നുണ്ടാകും. 

English Summary:

Ullozhukku Movie Review And Rating

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com