ഗോപികയ്ക്കു ജിപിയുടെ സർപ്രൈസ്; പറയാതെ കൊണ്ടുപോയത് മോഹൻലാലിന്റെ വീട്ടിലേക്ക്
Mail This Article
ഭാവിവധു ഗോപികയ്ക്കു സർപ്രൈസ് നൽകി ഗോവിന്ദ് പത്മസൂര്യ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ കാണാനും പരിചയം പുതുക്കാനുമുള്ള അവസരമാണ് ഗോപികയ്ക്ക് ഗോവിന്ദ് സമ്മാനിച്ചത്. ഇരുവരും മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുകയും വിവാഹം ക്ഷണിക്കുകയും ചെയ്തു. ഗോപികയുടെ സഹോദരി കീർത്തനയും ഒപ്പമുണ്ടായിരുന്നു.
‘ബാലേട്ടൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും കീര്‍ത്തനയുമാണ്. അതിനു ശേഷം മോഹൻലാലിനെ കാണാൻ കഴിഞ്ഞിട്ടില്ല. ഗോവിന്ദിനോട് മോഹൻലാലിനെ കാണാനുള്ള ആഗ്രഹം ഗോപികയും കീർത്തനയും പങ്കുവയ്ക്കാറുണ്ടായിരുന്നു.
വിവാഹത്തിന് മോഹൻലാലിനെ കൊണ്ടുവരാനായിരുന്നു ജിപിയുടെ ആഗ്രഹം. എന്നാൽ എമ്പുരാന്റെ ഷൂട്ടിങ് ആയതിനാൽ ഇനിയുള്ള ഏഴെട്ടു മാസം അദ്ദേഹം വിദേശത്ത് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു സര്‍പ്രൈസ് കൂടിക്കാഴ്ച ജിപി ഒരുക്കിയത്.
എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിവാഹ ക്ഷണക്കത്തിനൊപ്പം കസവുമുണ്ടും സമ്മാനിച്ച് ജിപിയും ഗോപികയും മോഹൻലാലിന്റെ അനുഗ്രഹം വാങ്ങി.
ജനുവരി 28 നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23 നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് താരങ്ങള്‍ വാർത്ത പുറത്തുവിട്ടത്. മ്യൂസിക് വിഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ഥാനമുറപ്പിച്ചു. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക.