ADVERTISEMENT

പൂവേണോ പൂവേണോ.... പൂത്തുലയുന്ന പെൺ മനം നിറഞ്ഞ് തുളുമ്പുന്നു ഒഎൻവിയുടെ, അഴകൊഴുകുന്ന വരികളിൽ. പ്രണയത്തിൽ മുങ്ങി ആത്മാവിൻപൂത്താലം നീട്ടി നിൽക്കുന്ന ആ പെൺകുട്ടിയെ കാണാൻ എന്ത് ഭംഗിയാണ്. ഏതു വേഷത്തിനും ചാരുത പകർന്ന കാർത്തിക. ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലെ നിർമ്മലെയെന്ന നിമ്മി.

സാരിയുടെ ഞൊറികളലസമുലച്ച് , നടക്കുകയും ഓടുകയുമല്ലാത്തൊരു മട്ടില്‍ തിടുക്കപ്പെട്ട് വരുന്ന കാര്‍ത്തിക. സ്ക്രീനില്‍ എത്ര കണ്ടാലും മടുക്കാത്ത  കാഴ്ചയാണത്. ആകൃതിയൊത്ത വട്ടപ്പൊട്ടിന് ഭംഗി കൂട്ടുന്ന നുണക്കവിള്‍ ചിരി. അതിലൊളിപ്പിച്ച നാണം. കുറുമ്പും കുസൃതിയും തെളിയുന്ന കണ്ണുകളിൽ പതുങ്ങിയിരിക്കുന്ന പ്രണയ പരിഭവങ്ങൾ. ഒരു ടെലഫോൺ മണിയൊച്ചക്കായി കാത്തിരിക്കുന്ന അവളുടെ വെപ്രാളം കാണുമ്പോൾ കണ്ടു മതിയാവാത്ത ആ നോട്ടം. പ്രണയാർദ്രമായ വരികൾക്കായി അത്രയും മനോഹരമായി തന്നെ ദൃശ്യഭംഗി ഒരുക്കിയിരിക്കുന്നു സംവിധായകനായ പത്മരാജൻ .

പിന്നെയും പിന്നെയും കാണാന്‍ പിടിച്ചിരുത്തുന്ന നിറങ്ങളുണ്ട് ചില ജീവിതങ്ങൾക്ക്. കഥാപാത്രങ്ങളായ നിമ്മിയുടെയും സാലിയുടെയും  പോലെ. നിമ്മിയിൽ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ  പ്രണയം നിറയ്ക്കുന്ന ഹരിശങ്കർ എന്ന മോഹൻലാൽ കഥാപാത്രം പോലെ. ഇമ്പമുള്ള ഒരു പാട്ട് പോലെ മോഹിപ്പിക്കുന്നു നിമ്മിയുടെ പ്രണയം. അതിൽ നിറഞ്ഞാടുന്നു കാർത്തികെയെന്ന നടി.

കഥയിലെ നായികമാരായ പെണ്‍കുട്ടികളുടെ ദേശാടനത്തിനിടയിലേക്ക് ഒളിഞ്ഞു വരുന്നൊരു പ്രണയത്തിന്‍റെ നനുത്ത സുഗന്ധംപാട്ടിൽ പരക്കുന്നു. എത്രയൊളിപ്പിച്ചിട്ടും നിമ്മിക്കുള്ളിൽ ആ മണം കവിഞ്ഞൊഴുകുകുയാണ്..

പൂവേണോ പൂ വേണോ..

തേനോലും നിന്‍ ഈണം.. 

കാതോര്‍ത്തു ഞാന്‍ 

കൈനീട്ടി ഞാന്‍... 

ഏതോ പൂവും തേടി...

കൗമാരത്തിന്‍റെ തീരാകൗതുകങ്ങളും ഉത്സവങ്ങളും ആഘോഷമായൊരു കാഴ്ചയുടെ സുഖം പകർന്നു ഈ പാട്ട്. പിരിയാത്ത സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് കണ്ണു നനയിച്ചു പത്മരാജന്‍റെ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം. മലയാളിക്ക്  എന്നെന്നും പ്രിയങ്കരികളായി ആ കൂട്ടുകാരികള്‍. ദേശാടനക്കിളികളായ നിമ്മിയും സാലിയും. യഥാർത്ഥ ജീവിതത്തിെല സൗഹൃദവും പ്രണയവും അതിന്റെ ഒഴുക്കും പിടച്ചിലുമെല്ലാം സ്ക്രീനിൽ അനുഭവിപ്പിച്ചു നടികളായ ശാരിയും കാർത്തികയും. ഒരു കൗമാരക്കാരിയുടെ ഉള്ളിലെ ഇളക്കങ്ങള്‍ക്കൊത്ത് ഒഴുകുന്നു ഒ എന്‍വിയുടെ വരികള്‍. 

ആകാശം.. നീലാകാശം .

നീ പാടുമ്പോള്‍ പൂ ചൂടുന്നു...

ഇതിലപ്പുറം എങ്ങനെ  അവള്‍ക്കത് പറയാന്‍ കഴിയും. സ്നേഹത്തിന്‍ പൂ മാത്രം ചോദിക്കുമെന്‍ മൗനത്തിന്‍ സംഗീതം നീ കേട്ടുവോ... എന്ന് നിറഞ്ഞൊഴുകുന്ന പ്രണയിനിക്കൊപ്പം ആരും ഒന്നു മൂളിപ്പോവില്ലേ. പത്മരാജന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.1986ൽ ഇറങ്ങിയ ചിത്രത്തിന് ഇന്നും ആസ്വാദകേരേറെയാണ് .

മോഹൻലാൽ, കാര്‍ത്തിക, ശാരി, ഉര്‍വ്വശി എന്നിവരാണ് പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നത്. സ്വവര്‍ഗപ്രണയമായി വ്യാഖ്യാനങ്ങളുണ്ടെങ്കിലും ഉലയാത്ത പെണ്‍ സൗഹൃദത്തിന്‍റെ സുഗന്ധം പരത്തുന്ന രണ്ട് ആത്മാക്കൾ ആണവർ. നമുക്കിടയിലെ രണ്ട് പേരെന്ന പോലെ നമുക്കെത്രയോ പരിചിതര്‍, എത്രയോ പ്രിയപ്പെട്ടവര്‍.  

നായികയുടെ ആത്മാവിൽ നിന്നും  പെയ്തിറങ്ങുന്നു  ഒ.എന്‍.വി.കുറുപ്പിന്‍റെ തൂലിക അതിലലിഞ്ഞൊഴുകുന്ന രവീന്ദ്രന്‍റെ ഈണം..

കാണാതെ നീ കാണാതെ 

എന്‍ മാണിക്യ പൂത്താലത്തില്‍ 

എന്‍ സ്നേഹത്തിന്‍ പൊന്‍ നാണ്യം വെച്ചു ഞാന്‍. എന്ന് നിഷ്കളങ്കമായ അവളുടെ ഇഷ്ടം... അയാളത് അവസാനം വരെയും കണ്ടിരുന്നില്ലല്ലോ. പക്ഷേ.. മൗനങ്ങള്‍ മന്ത്രങ്ങളായതും മന്ത്രങ്ങള്‍ സംഗീതമായതും അവള്‍ക്കുള്ളില്‍ മാത്രമായിരുന്നല്ലോ.

ബോര്‍ഡിങ്ങ് വിദ്യാര്‍തഥിനികളായ കൂട്ടുകാരികളാണ് കുസൃതിയായ സാലിയും പാവമായ നിമ്മിയും. അധ്യാപികയോടുള്ള ദേഷ്യത്തില്‍ വിനോദയാത്രക്കിടെ ഒളിച്ചോടുന്നു അവര്‍. കൂടു തുറന്ന് വിട്ട രണ്ട് പക്ഷികളെപ്പോലെ പാറിപ്പറന്ന അവരുടെ ജീവിതം. നിമ്മിയുടെ പ്രണയവും പ്രണയ നഷ്ടവും. പിന്നെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന തോന്നലിൽ അവര്‍ ഒരുമിച്ച്  ഈ ലോകത്തോട് വിട പറയുന്നതുമാണ് പ്രമേയം. പ്രേക്ഷകരെ ഏറെ മധുരിപ്പിച്ച് ഒടുവിൽ തീർത്തും നിസ്സഹായരാക്കുന്നുണ്ട് കഥ. എങ്കിലും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഇഷ്ടമുണ്ട് മലയാളിക്ക് ഈ കൂട്ടുകാരികളോടും. ഈ പാട്ടിനോടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com