ADVERTISEMENT

എപ്പോഴും സമ്പർക്കത്തിലുണ്ടെങ്കിലും ഞങ്ങൾക്കിടയിലെ വർത്തമാനങ്ങളിൽ  സിനിമാ പ്രോജക്ടുകൾ വിഷയമായി വരാറില്ല. എങ്കിലും കണ്ടുമുട്ടുമ്പോഴെല്ലാം ജിജ്ഞാസകൊള്ളിക്കുന്ന  പുതിയ കഥാപാത്രങ്ങളെപ്പറ്റി  ലാൽ വാചാലമായി സംസാരിക്കാറുണ്ട്.  അത്തരത്തിൽ വളരെ നേരത്തേ കേട്ടറിയാൻ സാധിച്ച കഥാപാത്രമാണ് 'ബ്രോ ഡാഡി'യിലെ ജോൺ കാറ്റാടി എന്ന ബിസിനസുകാരൻ. 'ഇതിൽ ഒരു പാട്ട് എഴുതണം. ഫണ്ണി സിറ്റുവേഷനാണ്. ദീപക് ദേവ് വിളിക്കും.' ഇതിനപ്പുറമുള്ള  വിശദീകരണങ്ങളൊന്നും ലാൽ  തന്നില്ല. കുറേ ദിവസങ്ങൾ അനക്കമില്ലാതെ കടന്നുപോയി. ഇതിനിടെ 'ബ്രോ ഡാഡി'യുടെ ഷൂട്ടിങ്  പൂർത്തിയായി. ലാൽ മറ്റൊരു  പ്രോജക്ടിലും  പ്രവേശിച്ചു. പാട്ടെഴുതുന്ന കാര്യം  പിന്നീടാരും എന്നോടു പറഞ്ഞതുമില്ല. ഒരുപക്ഷേ മറ്റാരെങ്കിലും എഴുതിയിട്ടുണ്ടാകും. സിനിമയിൽ എന്തും സംഭവിക്കുമല്ലോ! എനിക്കറിവുള്ളതല്ലേ!  സീസറിനുള്ളത് വേറേ വച്ചിട്ടുണ്ടാവും എന്ന തത്ത്വചിന്തയിൽ ഞാൻ സ്വയം സമാധാനപ്പെട്ടു.

 

പെട്ടെന്നൊരു ദിവസം ദീപക് ദേവ് വിളിച്ചു. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലെങ്കിലും സംഭാഷണം ഏറെ സഹാർദപൂർവം  മുന്നോട്ടുപോയി. കുറഞ്ഞ വാക്കുകളിൽ ദീപക് സിനിമയുടെ സ്വഭാവം വ്യക്തമാക്കിത്തന്നു. കഥാസന്ദർഭം പരിചയപ്പെടുത്തി. പുറകേ  വാട്സാപ്പിൽ ട്യൂണും അയച്ചു കിട്ടി. സമയബന്ധനമൊന്നും ഉണ്ടായില്ല, കഴിവതും വേഗം എന്നുമാത്രം ഓർമിപ്പിച്ചു.  കോളേജിൽ അഡ്മിഷൻ നടക്കുന്ന സമയമായതിനാൽ പകൽ മുഴുവൻ വലിയ തിരക്കിൽ പെട്ടുപോയി. രാത്രിയിൽ സ്വസ്ഥതയോടെ ഈണം കേട്ടു. കേട്ടതേ, അതിനുള്ളിലെ മെലഡി ഹൃദയത്തിൽ പതിഞ്ഞു. എപ്പോഴും അങ്ങനെ സംഭവിക്കാറില്ല. സംഗീതസംവിധായകരുടെ ഭാവനയിൽ ജനിക്കുന്ന ചില ഈണങ്ങൾ എന്റെ ഭാവുകത്വത്തിനു വെളിയിൽ നിൽക്കാറുണ്ട്. അവയിൽ സ്വരങ്ങളുടെ പാറ്റേണുകൾ വിചിത്രമായിരിക്കും. അത്തരം ഈണങ്ങളെ  ഉള്ളിൽ കൊണ്ടുവന്നിരുത്താൻ സമയമെടുക്കും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എഴുത്തും  യാന്ത്രികമായി മാറും. എഴുത്തിനെ പ്രൊഫഷണലായി സമീപിക്കാൻ സാധിക്കുന്നവർ ഇതിനെ എളുപ്പത്തിൽ മറികടക്കുന്നുണ്ട്.  എഴുത്തുപോലെ സംഗീതവും പ്രിയപ്പെട്ടതാകയാൽ ഞാനെന്നും ഈണത്താൽ പ്രചോദിതനായിപ്പോകുന്നു. ഈണത്തിൽ ലഭ്യമല്ലാത്ത ഭാവങ്ങളെ വരികളികളിൽ കൊണ്ടുവരാൻ എന്റെ സംഗീതബോധം എളുപ്പത്തിൽ അനുവദിച്ചു തരാറില്ല.

 

മേൽപ്പറഞ്ഞ തരത്തിലുള്ള  വിപരീത ഘടകങ്ങൾ യാതൊന്നും ദീപക് ദേവ് നൽകിയ ട്യൂണിൽ ഉണ്ടായിരുന്നില്ല. പടിഞ്ഞാറൻ സംഗീതത്തിലുള്ള  പരിചയത്തെ മുൻനിർത്തി കേൾക്കുമ്പോൾ, എൺപതുകളിലെ പ്രമുഖ പാശ്ചാത്യ സംഗീതബാൻഡുകൾ നിർമിച്ചുതന്ന നവോന്മേഷങ്ങൾ ഇതിൽ പുനർജനിക്കുന്നതായി എനിക്കു തോന്നി. ചില നിമിഷാർദ്ധങ്ങളിൽ എൽവിസ് പ്രിസ്‌ലി മുതൽ ഡേർട്ടി ഹണിയും ബ്ലാക് ടച്ചും വരെയുള്ളവർ മദംകൊള്ളിച്ച റോക് എൻ റോൾ സംഗീതശൈലിയുടെ മൃദുസ്പർശം ഉണ്ടായെങ്കിലും മൊറേയ്, വിസ്‌കിഡ്, പാറ്റ് ഗ്രീൻ തുടങ്ങിയവർ മുന്നോട്ടുകൊണ്ടുപോകുന്ന  ന്യു എയ്‌ജ്‌ പോപ് സംഗീതവുമായി ഈ ട്യൂൺ പരമാവധി ചേർന്നുനിൽക്കുന്നതായി ഞാൻ മനസിലാക്കി. ഇവിടെ പടിഞ്ഞാറൻ ദേശത്തെ രണ്ടു തലമുറകളുടെ  സംഗീതപ്രവണതകളെ സമന്വയിപ്പിച്ചതിനു പിന്നിലെ സാമാന്യ യുക്തിയെ ഏതു സംഗീതാസ്വാദകനും എളുപ്പത്തിൽ പിടിച്ചെടുക്കാവുതേയുള്ളൂ. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന ലാലിനെയും  പൃഥ്വിയെയും പാട്ടിൽ ഒരുമിപ്പിക്കുവാനുള്ള തീരുമാനം  സംഗീതസംവിധായകൻ  ഭാവനയിൽ കണ്ടതിനെ  യാഥാർഥ്യമാക്കാൻ സഹായകമായി. 

 

ദിവസവുമുള്ള മെട്രോ യാത്രകൾ ഈണം ആവർത്തിച്ചുകേൾക്കാനുള്ള സന്ദർഭം വേണ്ടത്ര നൽകി. ഓരോ കേൾവിയിലും പുതിയ പദനിരകൾ  മനസിലേക്കു  പ്രവേശിച്ചുകൊണ്ടിരുന്നു. എല്ലാം സ്വീകരിച്ചില്ല, കുറേക്കൂടി മെച്ചപ്പെട്ടതെന്തെങ്കിലും വന്നുചേരാനുണ്ടോ എന്നു  ഞാൻ കാത്തിരുന്നു. ഇതൊരു പഴയ  എഴുത്തുശീലമാണ്, സദാ  പാലിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കവിതയാകട്ടെ, ഗദ്യമാകട്ടെ എന്തെഴുതിയാലും ഏഴെട്ടു  തവണയെങ്കിലും പൂർണമായും തിരുത്തിനോക്കും. 'ബ്രോ ഡാഡി'യുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ഏകദേശം പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ  ദീപക് ഓർമപ്പെടുത്തി. വൈകുന്നേരം പല്ലവി അയച്ചുകൊടുത്തു. സൗണ്ടിങ്  ഉൾപ്പെടെ വരികൾ ട്യൂണുമായി  പൊരുത്തപ്പെട്ടുപോകുന്നതായും  ഇനി സംവിധായകൻ  ഇതിൽ തൃപ്തിപ്പെടേണ്ടതുണ്ടെന്നും  ദീപക്ക് അറിയിച്ചു.  സിനിമയുടെ എല്ലാ ഘടകങ്ങളിലും സൂക്ഷ്മത പുലർത്തുന്നയാളാണ് പൃഥ്വിരാജ്. കഥകൾ ഞാനും കേട്ടിട്ടുണ്ട്. 

പാടിക്കേട്ടത്തിനുശേഷം വരികളെ  വിലയിരുത്തന്നതാണ് പൃഥ്വിയുടെ രീതി. അതിനാൽ പ്രതികരണത്തിനുവേണ്ടി പിന്നെയും കാത്തിരിക്കേണ്ടിവന്നു.  ഈ ഇടവേളയിൽ ദീപക് കഥയുടെ  മുഴുവൻ വിശദാംശങ്ങളും പറഞ്ഞുതന്നു. അച്ഛൻ - മകൻ ബന്ധത്തിനപ്പുറം വളർന്ന സാഹോദര്യഭാവങ്ങൾ  വെളിപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ഉദാഹരിച്ചു. അവരെ ചേർത്തുകെട്ടുന്ന വർണനൂലുകളുടെ  ഇഴയടുപ്പവും തിളക്കവും കാണിച്ചുതന്നു. ഇത്രയേറേ  വിശദാംശങ്ങൾ ഏതൊരു ഗാനരചയിതാവിനെയും കുഴപ്പത്തിലാക്കും. കാരണം, ഇപ്പറഞ്ഞതെല്ലാം ഏതാനും വരികൾ എങ്ങനെ ഉൾക്കൊള്ളിക്കും എന്ന ചിന്ത എഴുത്തിനെ ആശങ്കയിൽ നിർത്തും. ഈ പശ്ചാത്തലത്തിൽ ചരണങ്ങളിൽ സ്വീകരിക്കേണ്ട ക്രാഫ്ടിനെപ്പറ്റി  ഞാൻ പലതരത്തിൽ ചിന്തിച്ചുതുടങ്ങി.

 

പാട്ടുകളിൽ ദൃശ്യസൗന്ദര്യം കൊണ്ടുവരുന്ന പ്രധാന ഘടകമായി ഗാനരചനയെ റോക് ഗായകർ ബഹുമാനിക്കുന്നു. റോബർട് പ്ലാന്റും ടോം വെയ്റ്റ്സും റോജർ വാട്ടേഴ്‌സും ഇതിൽ ഏറെ ശ്രദ്ധചെലുത്തിയിരുന്നു. തീർച്ചയായും, ഏതു പാട്ടിനും വേണം ഉറപ്പുള്ള രൂപകൽപന. പുതിയതൊന്നുമല്ലെങ്കിലും ചോദ്യോത്തരങ്ങളുടെ ഘടന 'ബ്രോ ഡാഡി'യിലെ  ഗാനത്തിനു ചേരുന്നതായി എനിക്കും തോന്നി. നേരിട്ടുള്ള സംഭാഷണങ്ങൾ കുറഞ്ഞുവരികയും വെർച്വൽ സംവാദങ്ങൾ വർധിക്കുകയുംചെയ്യുന്ന സാമൂഹിക സാഹചര്യത്തിൽ, മനുഷ്യർക്കിടയിലെ സംവാദശീലത്തെ വളർത്തണമെന്ന തോന്നൽ എന്നിലും സജീവമായിരുന്നല്ലോ. ആന്തരികമായി നമ്മെ ബലപ്പെടുത്തുവാൻ ഏറ്റവും യോജിച്ചതായി സെൻ മാസ്റ്റർ ജിനൻ, തിച് നാറ്റ് ഹാൻ, യൊൻഗേയ് മൊൻഗേയ് റിമ്പോഛേ തുടങ്ങിയവർ   ഓർമപ്പെടുത്തുന്നതരം  മനസുതുറന്നുള്ള വർത്തമാനങ്ങൾക്കു മാതൃകയാകാൻപോന്ന വരികൾ പിറന്നുകിട്ടാൻ ഞാനും പ്രാർഥിച്ചു. അതുവഴി അച്ഛനും മകനും  തമ്മിൽ പറയാനും പങ്കിടാനുമുള്ള കാര്യങ്ങൾ സുതാര്യമായി വന്നു.

 

എഴുതുന്നതിലെല്ലാം ഏതെങ്കിലും ഒരു  ജീവിതസന്ദർഭം  എപ്പോഴും എനിക്കും വീണുകിട്ടാറുണ്ട്. വേറൊരാളുടെ  ജീവിതപശ്ചാത്തലത്തിൽ എഴുതുന്ന ചലച്ചിത്രഗാനങ്ങളിലും വ്യക്തിപരമെന്നു പറയാവുന്ന  അനുഭവങ്ങൾ ഞാൻ പ്രയോഗിച്ചിട്ടുണ്ട്. ഇങ്ങനെയൊരെണ്ണം 'ബ്രോ ഡാഡി'യുടെ ഗാനസന്ദർഭത്തിലും തിരിച്ചറിഞ്ഞു. എന്നിൽ  സർഗാത്മകചിന്തകൾ വിത്തിട്ടുതന്ന അച്ഛനും ഞാനും  തമ്മിലുള്ള ബന്ധത്തിൽ സൗഹൃദഭാവങ്ങൾ അത്രയൊന്നും പ്രകടമായിരുന്നില്ല. അതൊരു പഴയ കാലം. പക്ഷേ  അച്ഛനെ വീരപുരുഷനായിമാത്രം കാണാൻ സാധിച്ച കാഴ്ച പരിമിതിയിൽനിന്നും ഇപ്പോൾ ഞാൻ പുറത്തുവന്നിരിക്കുന്നു. ഒരേസമയം ഉറ്റമിത്രവും ഉടപ്പിറപ്പുമായി മക്കൾ മാറിത്തീരുന്ന  പുതിയ സംസ്കാരം എന്നെയും ചില നല്ല പാഠങ്ങൾ പഠിപ്പിച്ചു.

 

ഇങ്ങനെ ചിന്തിച്ചുതുടങ്ങിയതിൽപ്പിന്നെ ഗാനരചന ഇത്തിരികൂടി എളുപ്പമായി. മിക്കവാറും രാത്രികളിൽ അച്ഛനെ റോയൽ എൻഫീൽഡിൽ  നഗരപ്രദക്ഷിണത്തിനു  കൊണ്ടുപോകുമായിരുന്നു മകൻ എനിക്കുതന്ന ത്രില്ലുകൾ ഓരോന്നായി ഓർത്തെടുത്തു. ഉണ്ണിയോടൊപ്പമുള്ള ചിൽ ഔട്ടുകൾ, ഉറക്കമിളച്ച കഫെകൾ, ബ്രണ്ണൻ ഹോസ്റ്റലിൽ ഒരുമിച്ചു  താമസിച്ച ദിനരാത്രങ്ങൾ, ആത്മവിശ്വാസം കുറഞ്ഞയിടങ്ങളിൽ താങ്ങിനിർത്തിയ കരുതൽ, കൊടിയ കൃതഘ്നതയാൽ  ഹൃദയം മുറിപ്പെട്ട സന്ദർഭത്തിൽ 'അച്ഛന്  ഞാനില്ലേ' എന്നു  ചോദിച്ച സാന്ത്വനം  എന്നിങ്ങനെ ഞാൻ ആഘോഷിച്ചതും അനുഭവിച്ചതുമായ ജീവിതസന്ദർഭങ്ങൾ മനസിൽ മിന്നിത്തെളിഞ്ഞു. ഈ തന്മയീഭാവം സ്ഥാപിക്കപ്പെട്ടതിനുശേഷം എഴുതി പൂർത്തിയാക്കിയ ഗാനത്തിൽ ഒരു എഴുത്തുകാരനെ ഞാൻ കണ്ടില്ല. അവിടെ വന്നുനിന്നത് ഒരു അച്ഛനായിരുന്നു.

 

സംവിധായകനും സംഗീതസംവിധായകനും നൽകിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള  വ്യത്യാസങ്ങൾ വരുത്തിയ  ഗാനം പൊതുവേ സ്വീകാര്യമായി.  പക്ഷേ അടുത്ത ഘട്ടത്തിലേക്കു കടന്നില്ല. അപ്പോഴേക്കും പൃഥ്വിയും  ദീപക്കും വേറേ വേറേ പ്രോജക്ടുകളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.  ഓപ്പണിങ് വരി ഒന്നു മാറ്റിപ്പിടിക്കണം എന്നൊരാശയം  റെക്കോർഡിങ് ദിവസം രാവിലെ പൃഥ്വി മുന്നോട്ടുവച്ചു. ഞാൻ പ്രതിസന്ധിയിലായി. കോളേജിൽ ഏറ്റവും തിരക്കുപിടിച്ച ദിവസം. കൗൺസിൽ മീറ്റിങ്ങിൽ പങ്കെടുക്കണം. അതിൽ ഹാജരാക്കേണ്ട രേഖകൾ തയ്യാറായിട്ടില്ല. പരീക്ഷാവിഭാഗത്തിനു നൽകേണ്ട പാനലുകൾ പുറമേ. വളരെ ദൂരെനിന്നെത്തിയ രണ്ടു മാതാപിതാക്കൾ മുന്നിൽ ഇരിക്കുന്നുണ്ട്. ഈ  സ്ഥിതിയിൽ  എന്തുചെയ്യണം എന്നു ഞാൻ വിഷമിച്ചു. എനിക്കറിയാം, വ്യക്തിപരമായ  കാരണങ്ങളൊന്നും പ്രൊഫഷണൽ ജോലിയിൽ തടസമാകാൻ പാടില്ല. എന്റെ ഉത്തരവാദിത്തം പാലിക്കപ്പെടണം.

 

ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഈണം  ഒരിക്കൽകൂടി കേട്ടുനോക്കി. പല വരികളും രൂപപ്പെട്ടുവന്നു. അവയൊന്നും ആദ്യമെഴുതിയ വരിയോളം ചേരുന്നതായി ബോധ്യപ്പെട്ടില്ല. അതിനെത്തന്നെ  പുതിയ വരികളുമായി യോജിച്ചുപോകുന്നതരത്തിൽ ചെറുതായൊന്നു മിനുക്കി. ഉടനെ അയച്ചും കൊടുത്തു. പുതിയ ഓപ്പണിങ് വരി  ലഭിച്ചമാത്രയിൽ  ദീപക്  മറുപടി തന്നു, 'പൃഥ്വി ഓക്കേ!' അതിങ്ങനെ ശുഭമായി വന്നതിൽ എനിക്കും സന്തോഷം തോന്നി. സ്റ്റുഡിയോയിൽ പാട്ടുരംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോൾ ഉള്ളിലെ  നന്ദി അറിയിക്കുവാനായി  ഞാൻ ലാലിനെ വിളിച്ചുനോക്കി. ലഭ്യമായില്ല. വൈകുന്നേരം മെസേജ് എത്തി- 'പാട്ട്  നന്നായി വന്നിട്ടുണ്ട്. ഇനി സിനിമയും  നന്നായി വരട്ടെ, അല്ലേ.'

 

ലാൽ പ്രതീക്ഷിച്ചതുപോലെ, പൃഥ്വി  ആഗ്രഹിച്ചതുപോലെ  സിനിമയും സ്വീകരിക്കപ്പെട്ടു. 'വന്നുപോകും മഞ്ഞും തണുപ്പും' ഹിറ്റായി. 'ബ്രോ ഡാഡി'യിലെ ഗാനം  വളരെ അഭിമാനത്തോടെ ഉണ്ണി സുഹൃത്തുക്കളെ കേൾപ്പിച്ചുകൊടുത്തു അവർ ചോദിച്ചുപോലും, 'എടാ, ഈ പാട്ട് നിന്നെപ്പറ്റിയാണോ ?'  ഇതേ ചോദ്യം വേറേ ചിലരും എന്നോടു  ചോദിച്ചു.  തീർച്ചയായും ഇതിൽ അവനുണ്ട്, ഞാനുമുണ്ട്. എങ്കിൽപോലും  ഈ ഗാനത്തെ  വ്യക്തിപരമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഒരു കലാസൃഷ്ടിയും അങ്ങനെയാകാൻ പാടില്ല. അതിലുപരി, ഇല്ലാത്ത മഹിമ നൽകി ഈ ഗാനത്തെ സ്വയം 'സംഭവ'മാക്കി അവതരിപ്പിക്കാനുള്ള യാതൊരുവിധ അൽപത്തരത്തിനും ഇവിടെ ഞാൻ മുതിരുന്നില്ല. ഒന്നു മാത്രമേ ഇതിൽ പറയുന്നുള്ളൂ- നമ്മുടെയൊക്കെ ജീവിതത്തിൽ മഞ്ഞും തണുപ്പും  വേനലും വെയിലും മാറിമാറി വരുന്നത് സ്വാഭാവികമാണ്. അപ്പോഴെല്ലാം  സാന്ത്വനവും ധൈര്യവും കരുത്തും തുണയുമായി  ഒപ്പം നിൽക്കുന്ന എല്ലാ മക്കൾക്കും അവരുടെ അച്ഛന്മാർക്കുംവേണ്ടിയുള്ള വിനീത പ്രണാമമായി ഈ ഗാനം കുറച്ചു കാലമെങ്കിലും നിലനിന്നോട്ടെ. ഇതൊരു ആഗ്രഹം മാത്രമാണ്. ബാക്കിയെല്ലാം ആസ്വാദകർ തീരുമാനിച്ചുകൊള്ളും.

 

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com