അസ്ഥിക്കു പിടിച്ച ഈണക്കൂട്ട്, പാട്ടിലാക്കിയ നാൽവർപട; ലോകം ഹൃദയം കൊണ്ടു കേട്ടു അവരെ, അന്നുമിന്നും ഒരേയൊരു ബീറ്റിൽസ്!
Mail This Article
മനുഷ്യനാണ്. ലഹരി അവന്റെ അടിവേരുകളിലുള്ളതുമാണ്. ആവര്‍ത്തനങ്ങളില്ലാത്ത കലയായി, എഴുത്തായി, ചലച്ചിത്രമായി, വരകളായി ആ ലഹരിയങ്ങനെ ഒഴുകിപ്പരക്കുകയാണ്. അതില്‍ നിന്നൊരു വിടുതല്‍, അടര്‍ത്തിമാറല്‍ ഒരിക്കലും സാധ്യമല്ല. അങ്ങനെയൊരു ലഹരിയാണ് ബീറ്റില്‍സ്. നാലക്ഷരങ്ങളുള്ള ഈ സംഗീത സംഘത്തിന്റെ പേരും അവരെ കുറിച്ചുള്ള കഥകളും ഉപകഥകളും അതിനേക്കാളുപരി അവര്‍ തീര്‍ത്ത ഈണങ്ങളും ഈ ഭൂമിയുള്ളിടത്തോളം, അവിടെ മനുഷ്യനുള്ളിടത്തോളം അവന്റെ അനുഭൂതികളിലൊന്നായി നിലനില്‍ക്കുമെന്നുറപ്പ്. മനുഷ്യന്റെ ഭൂതകാലങ്ങളിലേക്ക്, പറയാനാകാതെ പോയ പ്രണയങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ച വിപ്ലവങ്ങളിലേക്ക് ഈണങ്ങള്‍ തീര്‍ത്ത ബീറ്റില്‍സ് എന്നെന്നും ലോകത്തിന്റെ വര്‍ത്തമാനങ്ങളിലൊന്നാണ്.
ഏറ്റവും പുതിയത് ബീറ്റില്‍സിന്റെ ഹൃദയഗായകന്‍ ജോണ്‍ ലെനന്റെ അവസാന റെക്കോഡുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു പുറത്തിറക്കാനൊരുങ്ങുന്നുവെന്നതാണ്. ലെനന്‍ പാടാതെ ബാക്കിവച്ചു പോയ ഈണങ്ങളുടെ പുനരാവിഷ്‌കാരം. ശൂന്യതകളെ നികത്താനാകില്ലെങ്കിലും ലോകം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ലെനന്‍ ഒരു ഭ്രാന്തന്‍ ബുള്ളറ്റു തുളച്ചുകയറി മരണം പേറുന്നതിനു മുന്‍പ് മനസ്സില്‍ തീര്‍ത്ത സൃഷ്ടികള്‍ കേള്‍ക്കാന്‍. അതും അദ്ദേഹത്തിന്റെ ശബ്ദത്തില്‍. ലെനന്റെ പ്രിയതമ ബീറ്റില്‍സിലെ ഗായകരിലൊരാളായ പോള്‍ മക്കാർട്നിക്ക് 1994ല്‍ കൈമാറിയ ടേപ്പുകളിലുണ്ടായിരുന്ന പാട്ടുകള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തന്നെ പുറത്തിറക്കാന്‍ അന്നു ശ്രമം നടത്തിയെങ്കിലും റെക്കോഡിങ്ങിലെ പിഴവുകള്‍ മൂലം നടന്നിരുന്നില്ല. അതാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ കാലത്തിന്റെ സാങ്കേതികമികവില്‍ സാധ്യമാകുക. ആ സാധ്യമാകല്‍ ബീറ്റില്‍സിന്റെ സംഭവബഹുലമായ സംഗീത സംവത്സരങ്ങളുടെ ഓര്‍മകളിലേക്കു കൂടി ഓരോ പാട്ടു പ്രേമിയേയും കൈപിടിക്കുകയാണ്.
ബീറ്റില്‍സിന്റെ കഥ തുടങ്ങുന്നതും അതു ലോകമെങ്ങും പരന്നു കേള്‍ക്കപ്പെടുന്നതും 1960കളിലാണ്. അന്നോളം നിലനിന്ന പരമ്പരാഗത വിശ്വാസ സംഗീതങ്ങളോടും മനുഷ്യ ബന്ധങ്ങളിലെ അസഹനീയമായ കാപട്യ പ്രകടനങ്ങളോടും കലഹിച്ച ബീറ്റില്‍സ്, ജീവിതമെന്നത് സ്‌നേഹപൂര്‍ണവും സുതാര്യവും പുരോഗമന മൂല്യങ്ങളും ചേര്‍ത്തുനിര്‍ത്തുന്നതാകണമെന്ന് അനശ്വരങ്ങളായ ഈണങ്ങളിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അവരിത്രമാത്രം കാലതീതമാകുന്നതും അതുകൊണ്ടു മാത്രമാണ്. പോപ് സംഗീത വിപ്ലവം എന്നതിനുപരി അത് ലോകത്തിന്റെ മൊത്തം സംഗീത പ്രേമികളുടെ എന്നത്തെയും മഹത്തായ വികാരവും വിചാരവുമായി തീര്‍ന്നതും അതുകൊണ്ടാണ്. പ്രഹസനമെന്നത് സംഗീതത്തിലും ആ നാലു ചെറുപ്പക്കാരുടെ വാക്കുകളിലും എങ്ങുമേ ഉണ്ടായിരുന്നില്ല.
1960ല്‍ ബ്രിട്ടനിലെ ലിവര്‍പൂളില്‍ ജോണ്‍ ലെനന്‍, പോള്‍ മക്കാർട്നി, റിംഗോ സ്റ്റര്‍, ജോര്‍ജ് ഹാരിസൻ എന്നീ നാലു പേര്‍ ചേര്‍ന്നാണ് ബീറ്റില്‍സിനു രൂപം കൊടുക്കുന്നത്. ലോകത്തെ എക്കാലത്തേയും സ്വാധീനിച്ച സംഗീത സംഘമായി അതുമാറണമെന്നവര്‍ കരുതിയിരിക്കില്ലെങ്കിലും അന്നോളം ലോകം ചെവിക്കൊണ്ടുപോന്ന സാമൂഹ്യചിന്തകളിലും ചെവിയോര്‍ത്ത പാട്ടീണങ്ങളിലും ഒരു പുനരെഴുത്തു നടത്തണമെന്നും അവര്‍ ചിന്തിച്ചിരുന്നു. ബീറ്റില്‍സ് മനുഷ്യരുടെ കാല്‍പനിക ചിന്തകളുടെ പ്രതീകമാകുമ്പോഴും അവരുടെ പാട്ടിലെ രാഷ്ട്രീയം അങ്ങനെയായിരുന്നില്ല. മറിച്ച് വിചാരങ്ങളേയും വിശ്വാസങ്ങളേയും വികാരങ്ങളേയും അത്രമേല്‍ സത്യസന്ധമായി സമീപിക്കുന്ന നവശബ്ദമായിരുന്നു.
എല്ലാവരും അടിസ്ഥാനപരമായി പച്ചയായ മനുഷ്യരായതിനാലും കാലം അവരില്‍ സ്വാഭാവികമായും മാറ്റങ്ങള്‍ തീര്‍ക്കുമെന്നതിനാലും കലാകാരന്‍മാരായതിനാല്‍ അതിന്റെ തീവ്രത ഏറുമെന്നതിനാലും വേര്‍പിരിയല്‍ ഒരു അനിവാര്യതയായി ബീറ്റില്‍സിലുമെത്തി. അവിശ്വസനീയതോടെയും തീവ്ര വേദനയോടെയും അതിനേക്കാളുപരി അവരങ്ങനെയാകില്ല എന്ന (പാഴ്) ചിന്തയോടെയും ലോകം അത് കേട്ടു. പോള്‍ മക്കാർട്നി ഒഴികെ മറ്റാരും അത് പരസ്യമായി അംഗീകരിച്ചിരുന്നില്ലെങ്കില്‍ കൂടി.
എ ഡേ ഇന്‍ ദി ലൈഫ്
ഐ വാണ്ട് റ്റു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്
സ്‌ട്രോബറി ഫീല്‍ഡ്‌സ് ഫോര്‍ എവര്‍
യെസ്റ്റര്‍ഡേ
ഇന്‍ മൈ ലൈഫ്
സംതിങ്ങ്
ഹെയ് ജ്യൂഡ്
ലെറ്റ് ഇറ്റ് ബീ
കം റ്റുഗെദര്‍
വൈല്‍ മൈ ഗിറ്റാര്‍ ജന്റ്‌ലി വീപ്‌സ്.. എന്നിവ ലോകം അന്നുമിന്നും ഒരേ ഇഷ്ടത്തോടെ തീവ്രതയോടെ കേട്ടുകൊണ്ടേയിരിക്കുന്നു. ആ അഭൗമ സംഗീതം കാലത്തിന്റെ എല്ലാ തലങ്ങളിലുമിരുന്നു സംഗീത പ്രേമികളിലേക്കൊഴുകുന്നു...