സാഹചര്യങ്ങൾ കലാകാരിയാക്കി; നല്ലപാതിയായി ശ്രീകാന്ത്; സംഗീതയുടെ സംഗീതജീവിതം
Mail This Article
ചില പാട്ടുകളുണ്ട്, ആദ്യ കേൾവിയിൽത്തന്നെ ഒരു പുലർമഞ്ഞുപാട പോലെ നമ്മെ പൊതിയും. ചില പാട്ടുകാരുണ്ട്, മുൻപെവിടെയോ കേട്ട, എത്രയോ പ്രിയമുള്ള സ്വരമെന്നു തോന്നും, അതിനിത്ര ഭംഗിയുണ്ടെന്നറിഞ്ഞില്ലല്ലോ എന്നു മനസ്സു പറയും. അങ്ങനെയൊരു പാട്ടാണ് ശുഭരാത്രി എന്ന ചിത്രത്തിലെ അനുരാഗ കിളിവാതില്‍; അങ്ങനെയൊരു പാട്ടുകാരിയാണ് സംഗീത ശ്രീകാന്ത്.
പാട്ടു പ്രേമികളുടെ ഇഷ്ടപ്പട്ടികയിൽ ഇതിനകം ഇടംനേടിക്കഴിഞ്ഞു അനുരാഗ കിളിവാതില്‍. മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലഴകും’ എബിയിലെ ‘പാറിപ്പറക്കൂ കിളി’, തുടങ്ങിയ പാട്ടുകളിലൂടെ മലയാളിക്ക് പരിചിതമായ സ്വരമാണ് സംഗീതയുടേത്. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയുടെ ഭാര്യ എന്നതിനൊപ്പം പ്രതിഭയുള്ള ഗായിക എന്ന നിലയിലാണ് സംഗീതയെ മലയാളിക്കു പരിചയം. പാട്ടിനെപ്പറ്റി, അതിനോടുള്ള പ്രണയത്തെപ്പറ്റി, പാട്ടുജീവിതത്തെപ്പറ്റി സംഗീത സംസാരിക്കുന്നു.
തുടക്കം അമ്മയിലൂടെ
എന്നെ കലാകാരിയാക്കിയത് സാഹചര്യങ്ങളാണ്. പിന്നെ ഞാന്‍ ആ വഴിയിലൂടെ സന്തോഷത്തോടെ സഞ്ചരിക്കുകയായിരുന്നു. എനിക്കു മൂന്നു വയസ്സുള്ളപ്പോള്‍ കലാമണ്ഡലം ചന്ദ്രിക ടീച്ചറിനു കീഴില്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാന്‍ അമ്മ എന്നെ അയച്ചു. അമ്മയ്ക്ക് ഞാന്‍ ഡാന്‍സ് പഠിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. പിന്നെ ആര്‍എല്‍വി സരസ്വതി ടീച്ചറിനു കീഴില്‍ ശാസ്ത്രീയ സംഗീതം പഠിക്കാൻ വിട്ടു. ആ രണ്ടു ക്ലാസുകളും പിന്നീടു പഠിച്ച സ്കൂളും കോളജുമൊക്കെ കലാകാരി എന്ന നിലയിൽ എനിക്കേറെ പരിഗണനയും പ്രോത്സാഹനവും തന്നിരുന്നു. ഏലൂരിലെ സെന്റ് ആന്‍സ് സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു പഠനം. ഇംഗ്ലിഷ് സാഹിത്യത്തിലായിരുന്നു ബിരുദ പഠനം. പാട്ടോ നൃത്തമോ വരയോ കയ്യിലുണ്ടെങ്കിൽ പിന്നെ നമുക്കൊപ്പം നിൽക്കും തെരേസാസ്. ആ അന്തരീക്ഷമൊക്കെയാണ് എന്നെ കലാകാരിയാക്കിയത്.
പാഷന്‍ തന്നെ പ്രഫഷനായി
സംഗീതമാണ് ജീവിതമാര്‍ഗം എന്നു തീരുമാനിക്കുമ്പോള്‍ അനിശ്ചിതത്വം എന്ന സത്യവും നമുക്കു മുന്‍പിലുണ്ട്. പക്ഷേ കലയെ അത്രമേല്‍ ഇഷ്ടപ്പെടുകയും അതിനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്താൽ ആ അനിശ്ചിതത്വം നമ്മളറിയാതെതന്നെ മാറിപ്പോകുമെന്നാണ് എന്റെ അനുഭവം. വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും അന്നും ഇന്നും തരുന്ന പിന്തുണ ഏറെ വലുതാണ്. അതാണ് മ്യൂസിക് കരിയറായി തിരഞ്ഞെടുക്കാനുള്ള പ്രധാന പ്രചോദനം. വിവാഹം കഴിച്ചത് ഈ പ്രഫഷനെ അത്രയേറെ പവിത്രമായി കാണുന്നയാളെയും. ശ്രീകാന്തേട്ടന്‍ പറയുന്നത് ‘പാടാന്‍ കഴിയുക എന്നത് ഏറെ വിദൂരമായ കാര്യമാണ്, പാട്ട് ആസ്വദിക്കാന്‍ സാധിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും പുണ്യമായ കാര്യം’ എന്നാണ്. അവരുടെ പിന്തുണയാണ് എന്നെ കൂടുതല്‍ കരുത്തയാക്കിയത്.
പത്ത്-പതിനൊന്ന് വയസ്സൊക്കെയാകുമ്പോൾ എല്ലാവരും നേരിടുന്ന ചോദ്യമാണ് ‘ആരാകാനാണ് ആഗ്രഹം?’ എന്നത്. എനിക്ക് അന്നു മുതലേ കലയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലേക്ക് പോകണം എന്നായിരുന്നു. പിന്നണി ഗായിക എന്നൊന്നും മനസ്സിലില്ല. പക്ഷേ പാട്ട്, ഡാന്‍സ് ഇവയല്ലാതെ വേറൊന്നും മനസ്സില്‍ വരുന്നുണ്ടായിരുന്നില്ല.
പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് വഴിത്തിരിവുണ്ടായത്. സീ ടീവിയിലെ സരിഗമ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനിടയായി. അതു വലിയൊരു തിരിച്ചറിവായിരുന്നു. നമ്മുടെ നാട്ടിലെ കലാപാരമ്പര്യമല്ല ഉത്തരേന്ത്യയില്‍. കലയെ അവര്‍ സമീപിക്കുന്ന രീതി എത്രയോ വ്യത്യസ്തവും ഉന്നതവുമാണ്. അവിടെ നിന്നുള്ള കുട്ടികളുമായി മൽസരിച്ചപ്പോഴാണ്, ഞാന്‍ എവിടെയാണു നില്‍ക്കുന്നത്, എന്താണു പഠിക്കേണ്ടത് എങ്ങനെയാണു പോകേണ്ടത് എന്നൊക്കെ മനസ്സിലായത്. അന്നു മുതലാണ് ഞാന്‍ എന്നിലെ പാട്ടുകാരിയെ ഗൗരവത്തോടെ പരുവപ്പെടുത്താന്‍ തുടങ്ങിയത്. അത് ഇന്നും തുടരുന്നു. പാട്ടുകാരിയായി ജീവിക്കുന്നതിലെ അനിശ്ചിതത്വം മാറിയത് അന്നുമുതലാണ്. കുട്ടികളെ പാട്ടു പഠിപ്പിച്ചിട്ടായാലും ജീവിക്കും എന്ന് അന്നു മനസ്സില്‍ ഉറപ്പിച്ചു.
സിനിമാസംഗീതത്തില്‍ സംഗീത സംവിധായകന്റെ ടൂള്‍ ആണ് പാട്ടുകാർ. അവിടെ നമുക്ക് നമ്മളെ നന്നായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. അവസരങ്ങള്‍ കിട്ടുക എന്നതല്ല, പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ സംതൃപ്തി തോന്നുംവിധം പാടാനാകണം എന്നേ മനസ്സിലുള്ളൂ. അതിനുവേണ്ടി നന്നായി പഠിക്കണം, പ്രാക്ടീസ് ചെയ്യണം എന്നതാണ് എപ്പോഴും മനസ്സില്‍.
ഇന്‍സെക്യൂരിറ്റി വലിയ ഘടകമാണ്. പക്ഷേ നമ്മുടെ പാഷന്‍ നമ്മുടെ പ്രഫഷന്‍ തന്നെയാകുമ്പോള്‍ അത്തരം പേടികളൊക്കെ മാറിപ്പോകും. കാരണം ഓരോ കലാകാരന്റെയും ജീവിതത്തിലെ ഓരോ ദിവസവും അത്രമേല്‍ മനോഹരമായാണ് കടന്നുപോകുന്നത്.
ജീവിതത്തിലെ പാട്ടുകള്‍
പിന്നണി ഗായിക എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല. പക്ഷേ മനസ്സില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. അത് എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ. സംഗീതം നന്നായി പഠിക്കുക മാത്രമായിരുന്നു ചിന്ത. അതുകൊണ്ടാകണം എണ്ണത്തില്‍ ഒരുപാടില്ലെങ്കിലും കുറേ നല്ല ഗാനങ്ങള്‍ പാടാനായത്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ‘പൂനിലാവോ’ ആണ് ആദ്യ സിനിമാ ഗാനം. ആദ്യമായി കിട്ടുന്നതെന്തും സ്‌പെഷല്‍ ആണല്ലോ. ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു റെക്കോർഡിങ്ങിനു തലേന്നത്തെ ആകാംക്ഷയും ടെന്‍ഷനും. അതേ അനുഭവം തന്നെയാണ് ഇന്നു പാടാന്‍ നില്‍ക്കുമ്പോഴും. ഈ പാട്ടിനു മുന്‍പേ രാഹുലിന്റെ ഒരുപാടു ജിംഗിളുകള്‍ പാടിയിട്ടുണ്ട്. സിനിമയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് അധികവും പാടിയിട്ടുള്ളത്. ‘ഓമല്‍ക്കണ്‍മണി’ എന്ന ഗാനമായിരുന്നു ആദ്യം അദ്ദേഹത്തിന്റേതായി പാടിയ സിനിമാഗാനം. രാജമ്മ അറ്റ് യാഹൂവിലെ ‘ഉള്ളതു ചൊന്നാല്‍’, കരിയര്‍ ബെസ്റ്റ് ഗാനമായി മാറിയ മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലഴകും’ പിന്നെ എന്റെയും ശ്രീകാന്തേട്ടന്റെയും ഞങ്ങളുടെ മകന്റെയും സ്വപ്‌നമായ എബി എന്ന ചിത്രത്തിലെ ‘പാറിപ്പറക്കൂ കിളി’, പിന്നെ ശുഭരാത്രിയിലെ ഈ പാട്ട് അങ്ങനെ കുറേ നല്ല ഗാനങ്ങള്‍ പാടാനായി. അതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍.
സംഗീത പഠനം, പിന്നെയാ മന്ത്രവും
ഉസ്താദ് ഫയാസ് ഖാനു കീഴിലാണ് ഇപ്പോള്‍ സംഗീതപഠനം. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ഗുരുക്കന്‍മാരിലൊരാളാണ് അദ്ദേഹം. സംഗീതത്തിൽ മാത്രമല്ല എന്റെ ആത്മീയ ഗുരുവും അദ്ദേഹം തന്നെയാണ്.
ലവ് യുവർസെൽഫ്, കംപാഷനേറ്റ് ടു യുവര്‍ സെല്‍ഫ് എന്നു പറയാറില്ലേ. അതിലൂന്നി ജീവിക്കുന്നയാളാണ് ഞാന്‍. സ്വയം സ്‌നേഹിക്കുക, നമ്മളായി ജീവിക്കുക ആദ്യം. വിജയം എന്നതിലുപരി പകരംവയ്ക്കാനില്ലാത്ത സന്തോഷവും സംതൃപ്തിയും തനിയെ വന്നുകൊള്ളും. ഞാന്‍ ഇപ്പോള്‍ കഥക് അഭ്യസിക്കുന്നുണ്ട്. പ്രോഗ്രാം ചെയ്യാന്‍ വേണ്ടിയല്ല. എനിക്ക് എന്നെ കുറച്ചുകൂടി അച്ചടക്കമുള്ള, ക്ഷമയുള്ള ഒരാളായി മാറ്റിയെടുക്കണം എന്നു തോന്നിയിട്ടാണ്. വലിയ സന്തോഷമാണ് കഥക് ചെയ്യുമ്പോള്‍.
ജീവിതത്തില്‍ സുഹൃത്തുക്കളായും അധ്യാപകരായും ഒരുപാടുപേര്‍ വന്നു നില്‍പ്പുണ്ട്. എങ്കിലും എനിക്കേറ്റവും പ്രചോദനം എന്റെ നല്ലപാതി ശ്രീകാന്ത് മുരളി തന്നെയാണ്. സംവിധായകനും അഭിനേതാവുമാണ് അദ്ദേഹം. കലാവാസനയുള്ള രണ്ടുപേര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ അങ്ങേയറ്റം മനസ്സിലാക്കി ജീവിക്കാനാകും. ഞങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിച്ചും പോസിറ്റിവിറ്റി പകർന്നും അപ്‌ഡേറ്റ് ചെയ്യണം എന്ന് ഓര്‍മിപ്പിച്ചും അതിനു വേണ്ടി പരിശ്രമിച്ചുമാണ് മുന്നോട്ടു പോകുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ കരുത്ത്.
ഇനി
ക്ഷണം എന്ന സിനിമയിലാണ് പുതിയതായി പാടിയത്. പ്രഗത്ഭ സംഗീതജ്ഞന്‍ സോമശേഖരന്‍ സാറിന്റേതാണ് സംഗീതം. ജാതകം എന്ന സിനിമയിലുള്‍പ്പെടെ പ്രശസ്തമായ ഒരുപാട് ഗാനങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ ഈണത്തിൽ പാടാനായത് വലിയ ഭാഗ്യമാണ്. വേറേ കുറച്ചു പ്രോജക്ടുകളുമുണ്ട്. ഞങ്ങള്‍ക്ക് ഒരു പ്രൊഡക്‌ഷന്‍ ഹൗസുണ്ട്. അതിന്റെ ചില ജോലികളുമുണ്ട്. പിന്നെ കുറച്ച് കവര്‍ സോങ്ങുകള്‍ ചെയ്യണം. അങ്ങനെ സംഗീതം മാത്രമാണ് മുന്‍പിൽ