പത്താം വയസ്സിലെഴുതിയ പാട്ട് വിൽപനയ്ക്ക്! അപൂർവ നേട്ടവുമായി ഗൗരി ലക്ഷ്മി
Mail This Article
വ്യത്യസ്തമാണ് ഗൗരി ലക്ഷ്മി എന്ന ഗായികയുടെ മുഖമുദ്ര. ഗൗരിയുടെ വേറിട്ട ശബ്ദത്തിനും ആലാപനത്തിനും നിരവധി ആരാധകരുമുണ്ട്. ഗായിക പുറത്തിറക്കുന്ന ഓരോ സംഗീത ആൽബവും സമൂഹമാധ്യമങ്ങളിൽ അത്രയേറെ പ്രചരിക്കാറുണ്ട്. ഇപ്പോൾ എൻഎഫ്ടി എന്ന ലോകത്തിലെ ഏറ്റവും വില കൂടിയ ആർട് ബിഡിങ് പ്ലാറ്റ്ഫോമിൽ ഫീച്ചർ ചെയ്യപ്പെടുന്ന ആദ്യ മലയാളി ഗായിക ആയി മാറി ശ്രദ്ധ നേടുകയാണ് ഗൗരി. ഈ അപൂർവ നേട്ടത്തെക്കുറിച്ചും സംഗീതജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഗൗരി ലക്ഷ്മി മനോരമ ഓൺലൈനോടു പങ്കുവച്ചപ്പോൾ.
പരിചിതമല്ലാത്ത എൻഎഫ്ടി
നോൺ ഫഞ്ചിബിൾ ടോക്കൺസ് എന്നാണ് എൻഎഫ്ടിയുടെ മുഴുവൻ പേര്. പൂർണമായും ഡിജിറ്റലിൽ കലാരൂപങ്ങൾ ലേലം ചെയ്യുന്ന രീതിയാണിത്. പിന്നീട് ഫൗണ്ടേഷൻ പോലുള്ള മാർക്കറ്റിങ്ങിലൂടെ ഇത് വില്പനക്ക് വയ്ക്കും.
മികച്ച നേട്ടം
എൻഎഫ്ടിയിൽ ഫീച്ചർ ചെയ്യപ്പെടുക എന്നത് വലിയ നേട്ടം തന്നെയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. അതിലുപരി ഇത്തരമൊരു മാധ്യമത്തിന്റെ സാധ്യതകൾ എന്നിലൂടെ കൂടുതൽ പേരിലേക്ക് എത്തുമെങ്കിൽ അത് അതിലും വലിയ സന്തോഷം ആണ്. കലയ്ക്കു വേണ്ടിയുള്ള ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വളരെ കുറവാണ്.
നേട്ടം പത്താം വയസ്സിലെ പാട്ടിന്
പത്ത് വയസ്സ് മുതലാണ് ഞാൻ ചെറിയ കവിതകൾ എഴുതാനും ചിട്ടപ്പെടുത്താനും തുടങ്ങിയത്. ആ കാലത്ത് എഴുതിയ ഒരു പാട്ടാണ് ഇപ്പോൾ ഈ പ്ലാറ്റ്ഫോമിൽ ഫീച്ചർ ചെയ്യപ്പെടുന്നത്. അതു നൽകുന്ന സന്തോഷം വേറെ തന്നെയാണ്.
എൻഎഫ്ടി കലക്ക് നൽകുന്ന സാധ്യതകൾ
കലാകാരന്മാർക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും ഇടയിൽ ഒരുപാട് ഇടനിലക്കാരുണ്ട്. യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലും വലിയൊരു ലാഭത്തിന്റെ ചെറിയ വിഹിതമേ കലാകാരന്മാർക്കു ലഭിക്കുന്നുള്ളു. അത് ശരിക്കും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് വലിയൊരു വെല്ലുവിളിയാണ്. ഇത്തരം മധ്യസ്ഥരുടെ സാന്നിധ്യം ഇല്ലാതെ കലാകാരന്മാർക്ക് മുഴുവൻ ലാഭ വിഹിതവും നൽകുന്നു എന്നതാണ് എൻഎഫ്ടി പോലുള്ള പ്ലാറ്റ്ഫോമിന്റെ ഗുണം. അത് കലാ ലോകത്തിനു തുറന്നു തരുന്നത് വലിയൊരു സാധ്യത തന്നെയാണ്. പൂർണമായും ഡിജിറ്റൽ രൂപത്തിൽ ഒരു കലാരൂപം സ്വന്തമാക്കാൻ കഴിയുക എന്നതും വലിയ സാധ്യത തന്നെ. കലാകാരനും ആസ്വാദകനും ഒരുപോലെ പുതിയ ലോകം തുറക്കുകയാണിവിടെ.
എൻഎഫ്ടിയിലേക്ക്
കുറച്ചു കാലം മുൻപ് എന്റെ സുഹൃത്ത് മെൽവിൻ എൻഎഫ്ടിയെക്കുറിച്ചു പറയുമായിരുന്നു. പക്ഷേ ആദ്യമൊന്നും ഞാൻ അതിനെ ഗൗരവമായി എടുത്തില്ല. പിന്നീട് മെൽവിന്റെ ഭാര്യ നിമ്മിയുടെ പെയിന്റിങ് എൻഎഫ്ടിയിൽ ഫീച്ചർ ചെയ്യപ്പെട്ടതായി അറിഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം ആ പ്ലാറ്റ്ഫോമിന്റെ സാധ്യതയെക്കുറിച്ചു ഞാനും ആലോചിച്ചു തുടങ്ങി. ഈ വർക്കിൽ നിമ്മിയും എനിക്കൊപ്പം ഉണ്ട്. നിമ്മി ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയ ചിത്രകാരിയാണ്. നിമ്മിയുടെ പെയിന്റിങ്ങും എന്റെ പാട്ടും ചേർന്നാണ് ഫീച്ചർ ചെയ്യപ്പെടുന്നത്. അത് വ്യത്യസ്തമായ ഒരു പരീക്ഷണം തന്നെയാണ്.
കോവിഡ് കാലവും സംഗീതവും
കോവിഡ് കാലത്തെ കരിയറിനും ജീവിതത്തിനും രണ്ടു വശങ്ങൾ ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും നഷ്ടപ്പെട്ടതിന്റെ വിഷമം ഒരുപാടുണ്ട്. അത് എല്ലാ കലാകാരന്മാരെ പല തരത്തിൽ ബാധിക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തിന് ഒരു ഇടവേളയാണ് കോവിഡ് കാലം എന്നതാണ് മറ്റൊരു വശം. ഭാവിയിൽ എന്ത് ചെയ്യാം എന്നതിനെക്കുറിച്ചു ചിന്തിക്കാൻ സമയം കിട്ടി. അത് വലിയൊരു കാര്യം ആയി തോന്നുന്നു.
ഭാവി പദ്ധതികൾ
ഞാൻ ആദ്യമായി ചെയ്ത ആൽബം പുറത്തിറങ്ങാനൊരുങ്ങുകയാണ്. കൂടാതെ ചെയ്തു വച്ച പന്ത്രണ്ടോളം കവർ ഗാനങ്ങളും റിലീസ് ചെയ്യാനിരിക്കുന്നു.