‘രാക്കുളിപ്പെരുന്നാൾ കണ്ടിട്ടും കേട്ടിട്ടുമില്ല, പാട്ടിനു വേണ്ടി പഠിച്ചു ഒടുവിൽ എഴുതി’; പാട്ടുവിശേഷം പങ്കിട്ട് സന്തോഷ് വർമ
Mail This Article
കേള്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് നേരിട്ട് പാട്ട് എഴുതിച്ചേർക്കാനാകുന്ന എഴുത്തുകാരിൽ ഒരാളാണ് സന്തോഷ് വർമ്മ. അങ്ങനെ എഴുതിയ നാനൂറിലധികം ചലചിത്രഗാനങ്ങളിൽ ഏറെക്കുറേ അത്രതന്നെ ഹിറ്റുകളുമാണ്. ‘ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ’ എന്ന വാചകത്തെ കവിതയാക്കാമെന്ന് തോന്നുന്ന കവി നിസാരനല്ലല്ലോ. ഏറ്റവും പുതിയ ഷാജി കൈലാസ് സിനിമ കടുവയിലെ പാട്ടുകളാണ് സന്തോഷ് വർമയുടെ പുതിയ വിശേഷം.
സംഗീത അധ്യാപകനായിരുന്ന പാട്ടെഴുത്തുകാരൻ
പാട്ടുമായി ചേർന്നുനിൽക്കുന്നതെല്ലാം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. കുട്ടിക്കാലം മുതൽ സംഗീതം പഠിച്ചുതുടങ്ങി. അമ്മ സംഗീത അധ്യാപികയായിരുന്നു. അതേ പാത പിന്തുടര്‍ന്ന് എളമക്കര ഭവൻസ് സ്കൂളിൽ പതിനൊന്ന് വർഷത്തോളം സംഗീതോപകരണങ്ങള്‍ പഠിപ്പിച്ചു. ഏതു തരം സംഗീതവും താളവുമായാലും യാതൊരു കല്ലുകടിയുമില്ലാതെ വരികളെഴുതാൻ പറ്റാറുണ്ട്. അതുകൊണ്ടുതന്നെ എത്തരം പാട്ടുകള്‍ ഉണ്ടാക്കാനും ഭയം തോന്നിയിട്ടില്ല.
കടുവയിലെ പാട്ടുകൾ
തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കടുവയിലെ പാട്ടുകൾ എഴുതാൻ ക്ഷണിച്ചത്. മലയാളസിനിമയിലെ മാസ്–സംഗീത സംവിധായകനായ ജേക്സ് ബിജോയുടെകൂടെ ആദ്യമായാണ് പാട്ട് ചെയ്യുന്നത്. അതിന്റെ കൗതുകവും സന്തോഷവും ഉണ്ട്. കടുവയുടെ സ്ക്രിപ്റ്റ് ജിനു തന്നിരുന്നു. അത് മുഴുവനും വായിച്ചാണ് പാട്ടിന്റെ സന്ദർഭങ്ങളിലേക്ക് എത്തിയത്. എത്രത്തോളം ജനകീയമാക്കാനാകുമോ എന്ന് അണിയറപ്രവർത്തകർ ഒന്നിച്ചിരുന്ന് സംസാരിച്ചും കേട്ടുമാണ് ഓരോ പാട്ടും തയ്യാറാക്കിയത്. ജനങ്ങൾ അത് സ്വീകരിച്ചതുകണ്ടപ്പോൾ സന്തോഷം തോന്നി.
പാലാപ്പള്ളി തിരുപ്പള്ളി എന്ന പാട്ട്
കടുവയുടെ ക്ലൈമാക്സ് സംഭവിക്കുന്നത് പാലാ രാക്കുളിപ്പെരുന്നാളിന്റെ ദിവസമാണെന്ന് ജിനു എബ്രഹാം പറഞ്ഞിരുന്നു. അതിനു മുൻപ് പാലാ രാക്കുളിപ്പെരുന്നാൾ എന്താണെന്ന് ഞാൻ കേട്ടിരുന്നില്ല. കണ്ടിട്ടുമില്ലായിരുന്നു. പാട്ടിനായി ആ പെരുന്നാളിനെക്കുറിച്ചു പഠിച്ചു. ശേഷം എഴുതിയ വരികൾ, സോൾ ഓഫ് ഫോക്സ് എന്ന ബാൻഡുകാർ മുൻപ് തയ്യാറാക്കിയിരുന്ന ഒരു നാടൻപാട്ടിനോടു ചേർത്തു. ശ്രീഹരി തറയിൽ എന്ന എഴുത്തുകാരനും ആ പാട്ടിൽ വരികൾ ചേർത്തു. പാലാപ്പള്ളി രാക്കുളിയുടെ മുഴുവൻ പാട്ടാക്കാനായില്ല എന്നൊരു ദുഃഖം ഉണ്ടെങ്കിലും ആളുകൾക്ക് ആ പാട്ട് ഇഷ്ടമായി എന്നതിൽ വലിയ സന്തോഷം ഉണ്ട്.
രചന എന്ന സ്നേഹക്കൂട്ടം
മലയാള സിനിമയിലെ പാട്ടെഴുത്തുകാരുടെ കൂട്ടമാണ് രചന. എഴുത്തുകാരൻ റഫീഖ് അഹമ്മദാണ് ഈ സംഘം ഉണ്ടാക്കിയത്. പുതിയ സിനിമകളിൽ പാട്ടെഴുതുന്നവർ വരെ അതിൽ അംഗങ്ങളാണ്. വെറുതെ പരിചയം മാത്രമല്ല, അതിലെ അംഗങ്ങൾക്ക് എന്തൊരു പ്രതിസന്ധി വന്നാലും ഓടിയെത്താനും കൈത്താങ്ങാകാനും ഇപ്പോൾ സാധിക്കുന്നുണ്ട്. അതാണ് ആ കൂട്ടത്തിന്റെ സന്തോഷം.