ADVERTISEMENT

‘കുമ്പളങ്ങി നൈറ്റ്സി’ന്റെ വിജയത്തിനു ശേഷം ഷെയ്ൻ നിഗം നായകനായി എത്തുന്ന ‘ഇഷ്കി’ലെ ആദ്യഗാനത്തിന് വൻവരവേൽപ്. സിദ് ശ്രീറാമിന്റെ പ്രണയം തുളുമ്പുന്ന ശബ്ദത്തിലെത്തിയ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആസ്വാദകർ ഏറ്റെടുത്തു. സിദിന്റെ ആദ്യമലയാളം ഗാനമാണ് ‘ഇഷ്കി’ലേത്. 

'പറയുവാൻ ഇതാദ്യമായ് വരികൾ,' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. സിദ് ശ്രീറാമിനൊപ്പം നേഹ എസ്. നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോപോളിന്റെ വരികൾക്ക് ജെയ്ക്ക് ബിജോയിന്റെതാണു സംഗീതം. 

‘പ്രണയം നിറയുന്ന മെലഡി’ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ‘ഇഷ്കി’ലെ ആദ്യഗാനം. കലൈമാമണി എംബാർ കണ്ണന്റെ അതിമനോഹരമായ വയലിനും പ്രശസ്ത ഫ്ലൂട് ആർടിസ്റ്റായ കമലകറിന്റെ ഓടക്കുഴലും ഗാനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. മികച്ച സംഗീതജ്ഞരാണ് ജെയ്ക്ക്സ് ബിജോയിക്കൊപ്പം ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. 

യൂട്യൂബിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഗാനം ട്രൻഡിങ്ങിലും ഇടം നേടി. പല്ലിൽ കമ്പിയിട്ട് എത്തുന്ന ഷെയ്നിന്റെ ലുക്കും ആരാധാകർ ഏറ്റെടുത്തു കഴിഞ്ഞു. ഷെയ്ൻ എന്തുഭാവിച്ചാണെന്നാണ് അവരുടെ സ്നേഹചോദ്യം. ‘അച്ഛൻ അബിക്ക് എത്താൻ കഴിയാതിരുന്ന ഉയരങ്ങളിൽ ഷെയ്നിനെ എത്താൻ സാധിക്കട്ടെ’ എന്നും അവർ ആശംസിക്കുന്നു. സിദിന്റെ ആലാപനം മാത്രം കേട്ട് ഈ ഗാനം നിരവധി തവണ കണ്ടെന്നു പറയുന്നവരും ഉണ്ട്. 

‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്ക്’ എന്ന ചിത്രം പ്രേക്ഷരിലേക്കെത്തുന്നത്. അനുരാജ് മനോഹറാണ് സംവിധാനം. ആന്‍ ശീതള്‍ നായിക. രതീഷ് രവിയാണ് തിരക്കഥാകൃത്ത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com