കഴമ്പുള്ള ഗാനങ്ങള്‍ ലഭിക്കുക എന്നത് ഭാഗ്യമാണ്: ജ്യോത്സ്ന
Mail This Article
‘എന്തു സുഖമാണീ നിലാവ്’, ‘കറുപ്പിനഴക്’, ‘മെല്ലെയൊന്നു പാടി നിന്നെ’ തുടങ്ങിയ ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ശബ്ദമാധുരിയാണ് പിന്നണി ഗായിക ജ്യോത്സ്നയുടേത്. അടുത്ത കാലത്ത് ജ്യോത്സ്ന പുറത്തിറക്കിയ ‘പറന്നേ’ എന്ന മ്യൂസിക് ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവരവരുടെ ഉള്ളിലുള്ള കഴിവുകൾ സ്വയം തിരിച്ചറിയുക എന്ന ആശയത്തിലാണ് ഗാനം ഒരുക്കിയത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രചോദനം നൽകാനുതകുന്ന ഒരു ഗാനം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെന്നും അതിനാലാണ് പറന്നേ എന്ന ഗാനത്തിന് ഇത്തരത്തിലൊരു പ്രമേയം തിരഞ്ഞെടുത്തത് എന്നും ജ്യോത്സ്ന പറയുന്നു.
മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗായിക തന്റെ സംഗീത ജീവിതത്തെക്കുറിച്ച് വാചാലയായത്. സംഗീത ജീവിതത്തിൽ അർഹമായ അംഗീകാരം ലഭിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ജ്യോത്സ്നയുടെ മറുപടി ഇങ്ങനെ– ‘ഗായകർ പാടാൻ സ്റ്റുഡിയോയിൽ എത്തുമ്പോഴേ ഏത് ഗാനമാണെന്ന് അറിയുകയുള്ളു. അവിടെ ഗായകർക്കു പാട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. അതുകൊണ്ടുതന്നെ നല്ല കഴമ്പുള്ള ഗാനങ്ങൾ ലഭിക്കുക എന്നത് ഭാഗ്യമാണ്. എത്ര ശ്രമിച്ചാലും നമുക്ക് വിധിച്ചിട്ടില്ലെങ്കിൽ അതു ലഭിക്കില്ല. ഭാഗ്യമുണ്ടെങ്കിൽ നല്ല പാട്ടുകൾ ലഭിക്കും.’
2016–ൽ ‘ഇനി വരുമോ’ എന്ന പേരിൽ ജ്യോത്സ്ന സ്വന്തമായി ഒരു ഗാനം ചെയ്തിരുന്നു. തമിഴ് തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും മലയാളത്തിന്റെ ഈ പ്രിയ ഗായിക പാടിയിട്ടുണ്ട്. ലൂസിഫർ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ആലാപനത്തിന്റെ മറ്റൊരു തലം പ്രേക്ഷകർക്ക് സമ്മാനിക്കാനും ജ്യോത്സ്നയ്ക്ക് സാധിച്ചു.