ADVERTISEMENT

വയലിനിൽ ഇന്ദ്രജാലം സൃഷ്ടിച്ച് രൂപ രേവതി. ആരാധകർ ആവശ്യപ്പെട്ട പാട്ടുകൾക്ക് ലൈവായി വയലിൻ വായിച്ചാണ് രൂപ ആസ്വാദകരെ വിസ്മയിപ്പിച്ചത്. ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ കഴിയുന്ന രൂപ, ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സമൂഹമാധ്യമലോക ശ്രദ്ധ പിടിച്ചു പറ്റിയത്. ഓരോരുത്തരും ആവശ്യപ്പെട്ട പ്രകാരം ഉടനടി വയലിനിൽ ഈണം പകർന്ന രൂപയുടെ പ്രകടനം കണ്ട് വിസ്മയിച്ചിരിക്കുകയാണ് സമൂഹമാധ്യമലോകം. 

 

അല്ലിയിളം പൂവോ, തുമ്പീ വാ, ആയിരം കണ്ണുമായ്, കണ്ണീർ പൂവിന്റെ, മൗനം സ്വരമായ് തുടങ്ങി ആസ്വാദകർ ആവശ്യപ്പെട്ട പ്രകാരം പഴയതും പുതിയതുമായ ഗാനങ്ങൾ രൂപ വയലിനിൽ വായിച്ചു. രൂപയുടെ അസാമാന്യമായ കഴിവിനെ നിരവധി പേർ പ്രശംസിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെ രൂപ സുഹൃത്തുക്കളോടു സംവദിക്കുകയും ചെയ്തു.   

 

അകാലത്തിൽ പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിനെക്കുറിച്ചും രൂപ സംസാരിച്ചു. വർഷങ്ങൾക്കു മുൻപ് താൻ കർണാട്ടിക് വയലിൻ അഭ്യസിക്കാൻ തുടങ്ങിയെങ്കിലും ചലച്ചിത്ര ഗാനങ്ങൾ വായിക്കുന്നതിനോട് താത്പര്യം തോന്നിത്തുടങ്ങിയത് ബാലഭാസ്കർ വയലിൻ വായിക്കുന്നതു കണ്ടതിനു ശേഷമാണെന്ന് രൂപ പറഞ്ഞു. വയലിൻ വായിക്കുന്നവർ ആരും അദ്ദേഹത്തെ മറക്കില്ല. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് വിസ്മയിച്ചു നിന്നിട്ടുണ്ട്. വയലിൻ വാങ്ങുന്ന സമയത്ത് ബാലഭാസ്കറിന്റെ അഭിപ്രായം തേടിയിട്ടുണ്ട്– രൂപ പറഞ്ഞു. 

 

രൂപ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. എന്നാൽ ആസ്വാദകർ പറഞ്ഞതിൽ ചില ഗാനങ്ങൾ തനിക്ക് വായിക്കാൻ സാധിച്ചില്ലെന്നും അടുത്ത തവണ ലൈവ് വരുമ്പോൾ അതെല്ലാം വായിച്ചു കേൾപ്പിക്കുമെന്നും രൂപ പറഞ്ഞു. എല്ലാവരും സര്‍ക്കാർ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയണമെന്നും പറഞ്ഞു കൊണ്ടാണ് രൂപ രേവതി വിഡിയോ അവസാനിപ്പിച്ചത്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com