ADVERTISEMENT

കുരുക്ഷേത്രഭൂമിയിൽ ധർമ്മയുദ്ധങ്ങളുടെ സന്ദേശ വാഹകരായെത്തുന്ന മൂർത്തികൾക്കു ഉലയിൽ ഊതിക്കാച്ചിയ പൊന്നിന്റെ ശോഭ പോലെ, അഗ്നിയുടെ വിശുദ്ധി പോലെ സൗഗന്ധികത്തിന്റെ സുഗന്ധം പോലെ അനുഭവവേദ്യമാകുന്ന ഗാനങ്ങൾ പകരുകയെന്നത് അത്രയും ശുദ്ധമനസ്സിന്റെ ഉടമകൾക്കെ സാധിക്കൂ.. ലളിതമായ സംഭാഷണ രീതിയും ലാളിത്യമാർന്ന സ്നേഹസമ്പത്തും കൈവശമുള്ള സാധാരണക്കാരിലെ സംഗീതസാധാകനാണ് എം.കെ.അർജുനൻ എന്ന അർജുനൻ മാസ്റ്റർ. 

 

ശ്രീകുമാരൻ തമ്പിയാണ് അർജ്ജുനൻ മാഷിനെ പരിചയപെടുത്തുന്നതും അദ്ദേഹത്തിന്റെ ഫോൺ നമ്പർ തന്നതുമെല്ലാം. ഞാൻ ബഹറൈനിൽ ജോലി നോക്കിയിരുന്ന സമയത്ത് ആഴ്ചയിലൊരു ദിവസം അദ്ദേഹത്തെ വിളിക്കുമായിരുന്നു. മോനേ… എന്നു തികച്ചു വിളിക്കുകയില്ല അത്രയും ലളിതമാണ് അദ്ദേഹത്തിലെ സംസാരം. അവധിയ്ക്കു നാട്ടിൽ വന്നശേഷം മാഷിനെ കാണുവാനും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞു നിന്ന ഗായിക എസ്.ജാനകിയുടെ ഗാനവിശേഷങ്ങളും പാട്ടനുഭവങ്ങളും നേരിട്ടറിയുവാനും തോപ്പുംപടിയിലെ വീട്ടിലേയ്ക്കു പുറപെട്ടു, ഒപ്പം എന്റെ എല്ലാമായ പെരിയമ്മ (അമ്മയുടെ ചേച്ചി-രാജമ്മ)യും അനുജൻ അരുണും. 

 

തോപ്പുംപടി ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോയിൽ ഞങ്ങൾ യാത്ര തിരിച്ചു. പോകും വഴിയ്ക്കു ഇടയ്ക്കു അദ്ദേഹത്തെ വിളിച്ച് വഴി ചോദിച്ചിരുന്നു. ഇനി ഒരു ഇടവഴിയാണ് ഓട്ടോ പോകില്ല. ഞങ്ങൾ പതുക്കെ നടന്നു തുടങ്ങി ദൂരേ അതാ മാസ്റ്റർ ഞങ്ങളെ കാത്ത് വഴിയിൽ തന്നെ ഇറങ്ങി നിൽക്കുന്നു. വെള്ള ഷർട്ടും കാവിമുണ്ടും നന്മ നിറഞ്ഞ പുഞ്ചിരിയുമായി. അദ്ദേഹത്തിന്റെ കൈയും പിടിച്ച് ആ കൊച്ചു വീടിന്റെ പടി കയറുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെത്തിയ അനുഭൂതിയായിരുന്നു.

 

മഞ്ഞ നിറമുള്ള പെയിന്റ് പൂശിയ കൊച്ചു വീട്.. നടുമുറിയിലെ ചുവരുകൾ നിറയെ പ്രശസ്തി പത്രങ്ങളും ശില്പങ്ങളും കൂടുതലും നാടകസംബന്ധമായ പുരസ്ക്കാരങ്ങൾ അതിലൊന്നു പോലും നമ്മുടെ കേരള സംസ്ഥാന അവാർഡായി കണ്ടില്ല. അദ്ദേഹത്തിന്റെ പത്നിയേയും, മകൻ, മരുമകൻ അങ്ങനെ അവിടെയുള്ളവരെയൊക്കെ മാഷ് പരിചയപെടുത്തി. അതിനിടയിൽ ലാപ്ടോപ് തുറന്ന് കുറച്ച് ജാനകി ഗാനങ്ങൾ പാടിച്ചു.

ചായയും പലഹാരങ്ങളുമൊക്കെ എത്തി. മനസ്സ് നിറയെ സന്തോഷമുള്ള സന്ദർഭം. മാഷിന്റെ ആരോഗ്യവിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നേരിട്ടു കാണുന്നതിലുള്ള സന്തോഷം എനിക്കു അടക്കുവാനായില്ല. ഞങ്ങളെല്ലാരും ചേർന്ന് ശാന്തമായി കുറച്ച് ഗാനങ്ങൾ കേട്ടിരുന്നു.

 

എസ്.ജാനകിയുടെ ഉച്ചാരണത്തെ മാഷിനു വലിയകാര്യമാണ്, ഒരോ പാട്ടും കേൾക്കുമ്പോൾ അദ്ദേഹം പറയും കറക്ടാണ് നല്ല ഉച്ചാരണമെന്നും. അദ്ദേഹത്തിന്റെ പാട്ടുകൾ പാടിയ ജാനകിയമ്മയെ കുറിച്ച് മാഷ് വാചാലനായി. ആ മുഖത്തെ പ്രസാദം ഒന്ന് വെറെ തന്നെയായിരുന്നു. ജാനകിയമ്മ എന്റെ കൂറെ ഗാനങ്ങൾ പാടി. പലപ്പോഴും നല്ല പാട്ടുകൾ കരുതിവച്ചാലും തിരക്കുള്ള ഗായികയായതിനാൽ പാടിക്കുവാനായിട്ടില്ല. അങ്ങനെ മറ്റു ഗായികമാരെ വിളിച്ചു പാടിക്കുവാൻ നിർബന്ധീതനാകും. എന്നാലും ഞങ്ങളൊന്നിച്ച് കുറച്ച് നല്ല പാട്ടുകൾക്കൊപ്പം പ്രവർത്തിക്കുവാനായി. 

 

അതിനിടയിൽ കന്നഡ ഗാനമായ(ശിവ ശിവയെന്നതെ യേകേ…) പാടിക്കുകയുണ്ടായി. മാഷ് കണ്ണുമടച്ച് ഗാനം ആസ്വദിക്കുകയാണ്. താളം പിടിക്കുന്നുണ്ട്, പാട്ടിന്റെ സ്വരങ്ങൾക്കു അനുസരിച്ച് നെറ്റി ചുളിക്കുന്നു. പാട്ട് കഴിഞ്ഞതും മാഷ് കൈയ്യടിച്ച് സന്തോഷിച്ചതും മറക്കാനാകില്ല. മോൻ ഇതു കൂടി എഴുതിക്കോ.. എസ്.ജാനകി പാട്ടു പഠിച്ചിട്ടുണ്ട്, അല്ലാതെ എങ്ങനെ പാടുവാനാണിത്.. ഒരിക്കലും സാധിക്കില്ല…’. മാഷ് പറഞ്ഞ ഈ വാക്കുകൾ കേട്ട് മനസ്സിൽ ഒന്ന് ചിരിച്ചുപോയി, കാരണം ഞാൻ എന്നോട് തന്നെ എത്രയോ ആവർത്തി ചോദിച്ചതാണ്. അതാണ് ദൈവത്തിന്റെ മായാജാലങ്ങൾ അവ ജാനകിയമ്മയുടെ സ്വരത്തിലാണെന്ന് മാത്രം.

 

പാട്ടനുഭവങ്ങൾ പകർത്തിയെടുക്കുന്ന തിരക്കിനിടയിൽ മാഷിന്റെ സംഗീതത്തിൽ എസ്.ജാനകി പാടിയ ഗാനങ്ങൾ ഒരു സിഡിയിൽ പകർത്തി നൽകി. മാഷിനു വലിയ സന്തോഷമായെന്നു പറഞ്ഞ് ഞങ്ങളെ അനുഗ്രഹിച്ചു.  രണ്ട് മണിക്കുറിലധികം സമയം ഞങ്ങൾ ചിലവിട്ടു. ഊണു കഴിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചിരുന്നുവെങ്കിലും പെരിയമ്മയ്ക്കു ഡോക്ടറെ കാണൂവാനുള്ളതു കൊണ്ട് ഞങ്ങൾ തൽകാലം അവിടെ നിന്നുമിറങ്ങി. ആ ഇടവഴിയിലൂടെ ഞങ്ങൾ നടന്നു പോകുമ്പോളൂം കണ്മറയുന്നതു വരെ കൈയ്യും വീശി ആ വലിയ മനുഷ്യൻ മതിലിനോട് ചേർന്നു നിന്നിരുന്നു….അർജ്ജുനൻ മാഷ് അങ്ങനെയാണ് സ്നേഹിക്കുവാനേ ആ വലിയ സംഗീത്ഞ്ജനു അറിയു.

 

തേനും വയമ്പും പ്രകാശനത്തിന് മുഖ്യാത്ഥി മാഷായിരുന്നു, അന്ന് മാഷിന് വെറെ ഒരു പാരിപാടി ഉണ്ടാ‍യിരുന്നുവെങ്കിലും മാഷ് വിളിച്ച് പറഞ്ഞു “മോനേ ഇത് അർജ്ജുനനാ.. ഞാൻ വരും കേട്ടോ..ഒരു പരിപാടിക്ക് പെട്ടെന്ന് വരേണ്ടി വന്നു.. ഞാൻ വരും” അങ്ങനെ കുറച്ച് സമയത്തിനു ശേഷം അദ്ദേഹം വന്നു, ജാനകിയമ്മയെ കുറിച്ചുള്ള “ആലാപനത്തിലെ തേനും വയമ്പും” എന്ന എന്റെ പുസ്തകം പ്രകാശിതമാക്കി, അനുഗ്രഹിച്ചു. പിന്നീട് എത്രയോ തവണ അദ്ദേഹവുമായി ഇടപഴുകുവാൻ സാധിച്ചു എന്നത് ഭാഗ്യമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വലിയ വേദനയാണ്.  മാഷിനു പ്രണാമം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com